‘ഈ രൂപത്തിന് എങ്ങനെ ഒരു വേഷം കൊടുക്കും ?’ മോഹൻലാലിനെ കണ്ട് അന്ന് അവർ പറഞ്ഞത്

mohanlal-suresh-kumar
SHARE

തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളിലും എംജി കോളജിലും ആര്‍ട്‌സ് കോളജിലും സിനിമ സ്വപ്‌നം കണ്ട് ജീവിതത്തെ അങ്ങേയറ്റം നിറച്ചാര്‍ത്തോടെ ആഘോഷിച്ച് നടന്ന കുറേ കുട്ടികള്‍. അതിലൊരാളുടെ പേര് മോഹന്‍ലാല്‍. തിരുവനന്തപുരമില്ലാതെ മോഹന്‍ലാലിന്റെ ജീവിത കഥ പറയാനില്ല. ആ കഥയിലെ കഥാപാത്രങ്ങളിലൊരാളാണ് സുരേഷ് കുമാര്‍. കൂട്ടുകാരന്‍ അറുപതിന്റെ നിറവിലെത്തുമ്പോള്‍ പ്രൊഡ്യൂസര്‍ കൂടിയായ അദ്ദേഹത്തിന് എന്തൊക്കെ പറയാനുണ്ടാകും.

എവിടെ തുടങ്ങാനാണ്...

മോഹന്‍ലാലിനൊപ്പമുള്ള ഓര്‍മകള്‍ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം ഇതെല്ലാം കൂടി ചേര്‍ത്ത് വച്ച് എങ്ങനെ പറയണം എന്നൊന്നും എനിക്ക് അറിയില്ല. കാരണം അഞ്ചാംക്ലാസില്‍ തുടങ്ങിയ സൗഹൃദമാണ്. പത്തു സിനിമ എടുത്താലും തീരാത്തത്ര കഥകള്‍ പറയാനുണ്ട്. അനുഭവങ്ങളുമുണ്ട്. തിരുവനന്തപുരമാണ് മനസ്സില്‍ നിറയെ. ഞങ്ങള്‍ സൈക്കിളിലും മോട്ടര്‍ സൈക്കിളിലും സ്‌കൂട്ടറിലും ചുറ്റാത്ത വഴികളില്ല, ഇടവഴികളുമില്ല....

അമ്മൂമ്മയാണ് താരം

ലാലിന്റെ വീട്ടിലെ ഏറ്റവും രസം അമ്മൂമ്മയായിരുന്നു. തമാശ പറയാനുള്ള അമ്മൂമ്മയുടെ കഴിവാണ് ലാലുവിന് പകര്‍ന്നു കിട്ടിയത്. അമ്മൂമ്മയും അമ്മയും അമ്മാവന്മാരും അങ്ങനെയായിരുന്നു. അച്ഛന്‍ കുറച്ചു സീരിയസ് ആണെങ്കിലും ബാക്കിയുള്ളവരെല്ലാം രസികരായിരുന്നു. ഒരു അമ്മാവന്‍ ഫാക്ടില്‍ എന്‍ജിനീയറായിരുന്നു. ഒരിക്കൽ ഞാനും ലാലുവിന്റെ കൂടെ ആ  അമ്മാവനൊപ്പം പോയി താമസിച്ചിട്ടുണ്ട്.

എന്റെ അച്ഛനൊഴികെ മറ്റാര്‍ക്കും ഞങ്ങള്‍ സിനിമയുമായി പോകുന്നതിനോട് യോജിപ്പില്ലായിരുന്നു. എന്റെ അച്ഛനൊരു പ്രെഫസറായിരുന്നു. ചേട്ടന്‍ ഐഎഎസുകാരനും ചേച്ചി കോളജ് അധ്യാപികയുമായിരുന്നു. എന്നിട്ടു കൂടി അനിശ്ചിതത്വവും വെല്ലുവിളിയും നിറഞ്ഞ സിനിമ ലോകത്തേക്ക് ഞാന്‍ ചെല്ലുന്നത് അച്ഛന് എതിര്‍പ്പില്ലായിരുന്നു. ഞാന്‍ തിരഞ്ഞെടുത്ത വഴിയേ ഞാന്‍ പോകട്ടെ എന്നായിരുന്നു അച്ഛന്. പഠിക്കുന്ന സമയത്തേ സിനിമ പ്രൊഡ്യൂസ് ചെയ്ത ആളാണ് ഞാന്‍. അത് പൊട്ടി പാളീസായി വീട്ടില്‍ ഇരിപ്പായപ്പോള്‍ അച്ഛനാണ് പറഞ്ഞത്, ‘നീ എന്തിനാ വിഷമിക്കുന്നേ. പൈസ പോയി എന്നല്ലേയുള്ളൂ. ഇതൊക്കെ ഈ രംഗത്ത് സ്വാഭാവികമാണ്. നീ പഠിക്ക് അതു കഴിഞ്ഞ് സിനിമയ്ക്കു പൊക്കോ’. ഇതായിരുന്നു അച്ഛന്റെ ലൈന്‍.

ലാലുവിന്റെ അച്ഛന്‍ സെക്രട്ടേറിയറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. നിയമ സെക്രട്ടറി ആയിട്ടാണ് വിരമിച്ചത്. അച്ഛന് ലാലു ഒരു ബാങ്ക് ഉദ്യേഗസ്ഥന്‍ ആകണമെന്നൊക്കെയായിരുന്നു ആഗ്രഹം. അച്ഛനും അമ്മയും വളരെ സ്നേഹമുള്ളവരായിരുന്നു. അന്നു തൊട്ടെ പിള്ളേര്‍ക്കൊക്കെയുള്ള പരിപാടിയാണല്ലോ കമ്പൈന്‍ഡ് സ്റ്റഡി എന്ന ഉഡായിപ്പ്. ഞങ്ങള്‍ അതിന്റെ ഉസ്താദുമാരായിരുന്നു. ഓരോ ദിവസവും ഓരോ വീട്ടിലാണ് ഒത്തുകൂടല്‍. പഠിത്തം ഒഴികെ ബാക്കിയെല്ലാ അലമ്പുകളും അവിടെ നടക്കും. അമ്മമാര് കട്ടന്‍ ചായയും പലഹാരവും ഉണ്ടാക്കി തന്ന് ഒരു പരുവമാകും. ലാലുവിന്റെ അമ്മ എപ്പോഴും വഴക്കു പറയുമായിരുന്നു. നീയൊക്കെ ഇങ്ങനെ നടന്നോ, ഓരോ പിള്ളേര് പഠിക്കുന്ന കണ്ടില്ലേ. കാള കളിച്ച് സിനിമ സിനിമ എന്ന് പറഞ്ഞ് നടന്നോ എന്നൊക്കെ പറയും. പക്ഷേ അമ്മയ്ക്കു ഞങ്ങളോട് അത്രമേല്‍ സ്നേഹമായിരുന്നു അന്നും ഇന്നും. എന്റെ അമ്മയെ ലാല്‍ വിളിച്ച് വിവരമൊക്കെ ചോദിക്കും, പാവം ലാലുവിന്റെ അമ്മയ്ക്ക് ഇപ്പോള്‍ തീരെ സുഖമില്ല.

mohanlal-mother

ഞങ്ങള്‍ക്കിന്നും പതിനെട്ട് 

ഞങ്ങള്‍ ഒരു വലിയ സംഘം തന്നെ ഉണ്ടായിരുന്നു. സിനിമയിലെത്തിയവരെക്കുറിച്ചാണ് കൂടുതല്‍ എല്ലാവര്‍ക്കും അറിയാവുന്നത്. പക്ഷേ സന്തോഷ്, ഈപ്പന്‍, പ്രസാദ് തുടങ്ങി ഒരു വലിയ കൂട്ടം പിന്നാലെയുണ്ട്. ഞാൻ ഇടയ്ക്ക് പറയും :എനിക്ക് 60 ആയി, എല്ലാരും വയസ്സായി അല്ലേ, പക്ഷേ എന്റെ മനസ്സില്‍ എനിക്ക് 18 വയസ്സ് ആണെന്നാണ് ഇപ്പോഴും ധാരണ എന്ന്. അന്നേരം അവന്‍മാര് പറയും, പതിനെട്ടോ, പതിനാറ് എന്ന്. ഇത്രയും വര്‍ഷമായി സിനിമയും സ്വപ്നം കണ്ട് നടന്നവര്‍ ഓരോ തലത്തിലെത്തി. ബാക്കിയെല്ലാവരും ബിസിനസുമായി പോയി അവരുടേതായ ഇടം കണ്ടെത്തി. എന്നിട്ടും ഇപ്പോഴും ഞങ്ങള്‍ക്കിടയിലെ കളിചിരികളുള്ള സൗഹൃദത്തിന് കോട്ടംവരാത്തത് ഈ മനസ്സു കാരണമാണ്. ഞാന്‍ എന്റെ പിറന്നാളൊന്നും ആഘോഷിക്കാറില്ല. ഇത്രയും വയസ്സ് ആയി എന്ന് എനിക്ക് തോന്നുന്നില്ല; മനസ്സിലെ ചെറുപ്പവും. കൂട്ടുകാരാണെങ്കില്‍ത്തന്നെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഇടപെടാതിരിക്കുക എന്നതാണ് ഞങ്ങള്‍ക്കിടയിലെ ബന്ധം ഇപ്പോഴും ഏറ്റവും മനോഹരമായി മുന്നോട്ടുകൊണ്ടുപോകുന്ന ഘടകം.

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം അടുത്തുനിന്ന് കാണാന്‍ ഭാഗ്യമുണ്ടായവരാണ് ഞാനും മറ്റു കൂട്ടുകാരും. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘കംപ്യൂട്ടര്‍ ബോയ്’ എന്ന ഒരു നാടകം സ്‌കൂളില്‍ യുവജനോത്സവത്തിന് ലാല്‍ ചെയ്തു. അന്ന് കളിയും യുവജനോത്സവുമാണ്് ഞങ്ങളുടെ ലോകം. അന്ന് മണിയന്‍പിള്ള രാജു ആയിരുന്നു മോഹന്‍ലാലിനെ മേക്കപ്പ് ചെയ്തത്. രാജുവിന്റെ വീട് മോഡല്‍ സ്‌കൂളിനു താഴെയായിരുന്നു. രാജു മേക്കപ്പ് ചെയ്തു കൊടുത്തു മോഹന്‍ലാല്‍ തട്ടില്‍ കയറി. 90 വയസ്സുകാരനായിട്ടായിരുന്നു ലാല്‍ അഭിനയിച്ചത്. നിറഞ്ഞ കയ്യടി ആയിരുന്നു. ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു . ഞാനും ചെയ്തു നാടകം. അത് ആളുകള്‍ കൂവി തോല്‍പ്പിച്ചു. നാടകത്തിന്റെ അവസാനം എന്നെ കുത്തി കൊല്ലുന്നതായിട്ടാണ് കാണിക്കുന്നത്. മുട്ടയിൽ ചുവന്ന വെള്ളം നിറച്ച് പോക്കറ്റില്‍ വച്ചിരുന്നു. അവിടെത്തന്നെ കുത്തണമായിരുന്നു. പക്ഷേ പാളിപ്പോയി. മുട്ട തെറിച്ച് വീണു. വേറെ നിവൃത്തിയില്ലാതെ ഞാന്‍ അതിലേക്കു വീണു. ആളുകള്‍ കൂവിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.  അഭിനയത്തിന് അതോടെ കര്‍ട്ടന്‍ വീണു. പക്ഷേ സിനിമ എന്ന സ്വപ്‌നത്തിന് ഒരു കോട്ടവും തട്ടിയില്ല. 

ചോദ്യപേപ്പര്‍ കഥ

കൃത്യമായി എല്ലാം പഠിച്ചില്ലെങ്കിലും പഠനത്തില്‍ അത്ര മോശമൊന്നും ആയിരുന്നില്ല ഞങ്ങള്‍. പരീക്ഷയ്ക്ക് രണ്ടുദിവസം മുന്‍പേ പഠിക്കാനുള്ള ചൂട് വരൂ. ഞങ്ങള്‍ക്ക് എന്നും കമ്പൈന്‍ഡ് സ്റ്റഡി ആയിരുന്നു. ലാലുവും മറ്റുള്ളവരും ചന്ദ്രന്‍ എന്ന ഒരു സാറിന്റെ അടുത്തായിരുന്നു ട്യൂഷന് പോകുന്നത്. ഞാന്‍ മാത്രം വേറൊരിടത്ത് ട്യൂഷന് പോയിരുന്നു  ഒരു ദിവസം ആരോ പറഞ്ഞു അക്കൗണ്ടന്‍സി പരീക്ഷയുടെ ക്വസ്റ്റ്യന്‍ പേപ്പര്‍ പൈസ കൊടുത്താല്‍ ഒരിടത്തു കിട്ടുമെന്ന്. ഒട്ടും വൈകിയില്ല പൈസയുമായി ഞങ്ങളെല്ലാവരുംകൂടി അവിടെപ്പോയി. അന്ന് എന്റെ വീട്ടിലാണ് ഒത്തുകൂടിയത്. 

mohanlal-father

ക്വസ്റ്റ്യന്‍ പേപ്പർ കയ്യിലുണ്ട് ഫുള്‍ മാര്‍ക്ക് കിട്ടും എന്ന രീതിയിലുള്ള പഠിത്തം ആയിരുന്നു. പിറ്റേന്ന് പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് അമളി പറ്റിയത്. ആ പേപ്പറിലെ ഒരൊറ്റ ക്വസ്റ്റ്യന്‍ ഇല്ല. പിന്നെ അറിയാവുന്നത് എഴുതിവച്ച് ഇറങ്ങിപ്പോന്നു. സനലും സന്തോഷും ഇംഗ്ലിഷ് പേപ്പര്‍ രണ്ടാമത് എഴുതുകയാണ്. സംസ്‌കൃത കോളജില്‍ വച്ചാണ് പരീക്ഷ. 25 മാര്‍ക്കിന്റെ ഒരു പേപ്പര്‍ ഉണ്ട്. ഗ്രാമറാണ്. അവർ ക്വസ്റ്റ്യന്‍ പേപ്പര്‍ പുറത്തേക്കിടും. ഞങ്ങളാരെങ്കിലും കൊണ്ടുപോയി പൂരിപ്പിച്ച് തിരിച്ചു കൊടുക്കും. ഗ്രാമറിന് ഫുള്‍ മാര്‍ക്ക് കിട്ടും. പക്ഷേ എസ്സേ പേപ്പറില്‍ മുഴുവന്‍ ഗ്രാമര്‍ തെറ്റുകള്‍. അതൊക്കെയായിരുന്നു പരിപാടി. എന്തായാലും അവസാനം എല്ലാവരും ഡിഗ്രി ജയിച്ചു. 

സിനിമ അനുഗ്രഹിച്ച കുട്ടികള്‍

കോളജില്‍ വച്ചാണ് ഞങ്ങളുടെടെ സിനിമക്കാലം പൂത്തുലഞ്ഞത്. എല്ലാവര്‍ക്കും അങ്ങനെ തന്നെയല്ലേ. നമ്മുടെ സ്വപ്നങ്ങള്‍ ഒന്നുകൂടി തളിര്‍ത്തു വരുന്നത് അന്നേരമാണല്ലോ. ഞാന്‍ ആര്‍ട്‌സ് കോളജിലും ലാലു എംജിയിലും. പക്ഷേ ഞങ്ങളന്നും ഒന്നിച്ചായിരുന്നു. സനല്‍ ആയിരുന്നു എം ജി കോളജിലെ മോഹന്‍ലാലിന്റെ ക്ലാസ്‌മേറ്റ്‌. ലാലു അന്ന് നാടകം ചെയ്യുമായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് നാടകത്തിന് പോകുന്നത്. സന്തോഷിന്റെ അച്ഛന് ബ്രിട്ടാനിയ ബിസ്‌കറ്റ് ഏജന്‍സി ഉണ്ട.് അതിനു വേണ്ടി ഒരു ഗുഡ്‌സ് വണ്ടി വാങ്ങിയിരുന്നു. അതിലാണ് ഞങ്ങളുടെ നാടക യാത്ര.

സിനിമ അനുഗ്രഹിച്ച കുട്ടികള്‍ തന്നെയാണ് ഞങ്ങള്‍. അന്ന്് ഞങ്ങള്‍ക്ക് ഒരു തലതൊട്ടപ്പന്‍ ഉണ്ടായിരുന്നു, ശശി. അദ്ദേഹം ഇന്ന് സന്യാസ ജീവിതം നയിക്കുകയാണ്. തിരുവനന്തപുരത്തു തന്നെയുണ്ട.് തമ്പാനൂരില്‍ ഒരു വലിയ കുടുംബത്തിലെ അംഗമാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ തിരുവനന്തപുരം മേയറായിരുന്നു. ശശി ഞങ്ങളെ ചെങ്കോട്ടുകോണത്തുള്ള ഒരു സ്വാമിയുടെ അടുത്തു കൊണ്ടുപോയി. സിനിമയുടെ കാര്യം പറയാനായിരുന്നു അത്. സ്വാമി പറഞ്ഞു, നിങ്ങള്‍ എല്ലാവരും രക്ഷപ്പെടും മക്കളെ എന്ന്. അതുപോലെ തന്നെ സംഭവിച്ചു. അത് ഒരുനിമിത്തം ആയിട്ടാണ് എനിക്ക് തോന്നുന്നത്. ചെങ്കോട്ടുകോണം സ്വാമി ഇന്നില്ല.

അതുപോലെ തിരുവനന്തപുരത്ത് വന്നിരുന്ന സംവിധായകരുടെയെല്ലാം അടുത്ത് ഞങ്ങള്‍ സുഹൃത്തുക്കള്‍ ലാലിനെ കൊണ്ടുപോവുകയായിരുന്നു. വേഷം ചോദിച്ചുള്ള പോക്കാണ്. അന്ന് റൊമാന്റിക് മുഖമുള്ള ചോക്ലേറ്റ് നായകന്മാരെയാണ് വേണ്ടിയിരുന്നത്.  മോഹന്‍ലാലിനെ കണ്ടിട്ട് അവര്‍ പറയുമായിരുന്നു ഈ രൂപത്തിന് എങ്ങനെ ഒരു വേഷം കൊടുക്കാനാണ് എന്ന്. ആ ആളാണ് ഇന്ത്യയിലെ തന്നെ മികച്ച നടനായി വളര്‍ന്നതെന്ന് ഓര്‍ക്കണം. 

പിന്നീടാണ് നവോദയയുടെ ഒു കാസ്റ്റിങ് കാള്‍ കാണാനിടയായത്. മോഹന്‍ലാലിനെ കൊണ്ടുപോയി ഫോട്ടോ എടുത്തു. ആ  ഫോട്ടോ എന്റെ വീട്ടില്‍ കളഞ്ഞിട്ടുപോയി ലാല്‍. സിനിമ എന്നൊക്കെ പറഞ്ഞ് നടക്കുന്നെങ്കിലും അത്രയ്ക്ക് കാര്യഗൗരവമേയുള്ളൂ. എന്റെ അമ്മയാണ് അത് കണ്ടുപിടിച്ചത്. കാര്യം തിരിക്കിയ അമ്മ അത് അയ്ക്കാനുള്ള കാര്യങ്ങളെല്ലാം ശരിയാക്കിത്തരുന്നു, ഞാന്‍ കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നു, കുറച്ചുദിവസം കഴിഞ്ഞ് ടെലഗ്രാം വരുന്നു. അങ്ങനെയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ സാധ്യമാകുന്നത്. മോഹന്‍ലാല്‍ എന്ന നടനും വരുന്നത്. 

അതിനു മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് തിരനോട്ടം എന്ന സിനിമ എടുത്തു. ഞങ്ങളുടെ ഗ്യാങ്ങിലെ അശോക് ആയിരുന്നു സംവിധാനം. ആ സിനിമയുടെ പ്രൊഡ്യൂസര്‍ക്ക് സിനിമയെപ്പറ്റി ഒന്നും അറിയാത്തതുകൊണ്ട് മാത്രം സംഭവിച്ചതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ ആരെങ്കിലും ഞങ്ങൾ പയ്യന്മാരെ വച്ച്  സിനിമയെടുക്കാന്‍ തയാറാകുമോ. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ ഇറങ്ങിയതിനു ശേഷമാണ് ലാലുവിന്റെ മാത്രമല്ല ഞങ്ങള്‍ എല്ലാവരുടെയും വീട്ടുകാര്‍ക്ക് ഒരു പ്രതീക്ഷ വന്നത്. അതുവരെ ഞങ്ങളെ കുറിച്ച് അവര്‍ക്ക് ടെന്‍ഷനായിരുന്നു.

എന്റെ മകള്‍ക്ക് ദേശീയ പുരസ്‌കാരം കിട്ടിയപ്പോള്‍ ആദ്യം വിളിച്ചത് ലാല്‍ ആണ്. അതുപോലെ ലാലിന്റെ മകന്‍ സിനിമയില്‍ വന്നു. പ്രിയന്റെ മകള്‍ വന്നു. അതുപോലെ എന്റെ മൂത്തമകള്‍ രേവതിയും ലാലിന്റെ മകള്‍ മായയും ലാലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അസിസ്റ്റ് ചെയ്യുന്നു. ഞങ്ങള്‍ മാത്രമല്ല ഞങ്ങളുടെ അടുത്ത തലമുറയും സിനിമയില്‍ വന്നു, നല്ല രീതിയില്‍. അതും അനുഗ്രഹമാണ്.

mg-sreekumar-mohanlal-new

കോഫി ഹൗസും ഞങ്ങളുടെ മദ്രാസും

സിനിമയുടെ ചര്‍ച്ചയ്ക്കും മറ്റുമായി ഞങ്ങള്‍ ഒത്തു കൂടുന്ന സ്ഥലം കോഫിഹൗസ് ആയിരുന്നു. ആദ്യമെത്തുന്ന ആരുടെ കയ്യിലും പത്തുപൈസ കാണില്ല കോഫി ഓര്‍ഡര്‍ ചെയ്തിട്ട് പൈസയുള്ള ഒരാള്‍ വരുന്നത് കാത്തിരിക്കും. പൈസ വന്നു കഴിയുമ്പോഴേക്കും പിന്നെ തീറ്റയായി. അന്ന് നമുക്ക് വാങ്ങാവുന്ന ഏറ്റവും ആഡംബരമായ കാര്യം ഒരു മസാലദോശയും മട്ടന്‍ ഓംലെറ്റും ആയിരുന്നു. അതും കഴിച്ചു കൊണ്ടായിരുന്നു ബാക്കി ചര്‍ച്ചകളും. 

ലാലുവിനൊപ്പം യാത്രകള്‍ ഒരുപാടു നടത്തിയിട്ടുണ്ട്. എങ്കിലും ഇനി ഒരുമിച്ചു പോകണം എന്നാഗ്രഹിക്കുന്നത് മദ്രാസിലേക്കുള്ള ഒരു തീവണ്ടി യാത്രയാണ്. 

ആദ്യമായിട്ട് മദ്രാസിലേക്ക് പോകുന്നത് തിരനോട്ടത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്കുകൾക്കുവേണ്ടിയാണ്. മൂന്നാം ക്ലാസ് ടിക്കറ്റ് എടുത്താണ് പോകുന്നത്. എനിക്ക് ഇന്നും മറക്കാനാകാത്ത യാത്ര. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വീട്ടില്‍നിന്ന് പൊതിച്ചോറ് തന്നിരുന്നു. ഓരോ വീട്ടിലെ രുചിയും അമ്മമാരുടെ സ്‌നേഹവുമുള്ള പൊതിച്ചോര്‍. പത്രം തറയില്‍ വിരിച്ച് ഫുട്‌ബോഡില്‍ ഒരു ബീയര്‍ ഒക്കെയായിട്ട് ഇരുന്നാണ് പോക്ക്. പൊതിച്ചോറും കെട്ടി അങ്ങനെയൊരു യാത്ര പോണം എന്നാണ് ആഗ്രഹം.

മദ്രാസ് അന്ന് ഞങ്ങള്‍ക്കൊരു സ്വപ്നമായിരുന്നു സിനിമകളുടെ ലോകം ആണല്ലോ. ഞങ്ങള്‍ അന്ന് സ്വാമീസ് ലോഡ്ജിലാണ് താമസം. സത്യന്‍ മാഷ്, പ്രേം നസീര്‍, തിക്കുറിശ്ശി അങ്ങനെ പ്രതിഭാധനര്‍ താമസിക്കുന്ന ലോഡ്ജ്. ഞങ്ങള്‍ ഒരു മുറി വാടകയ്ക്ക് എടുത്തു. ഞാനും ലാലും ഒരു കട്ടിലില്‍, പ്രിയനും അശോകും മറ്റൊന്നില്‍. അശോകിന് ഒരു കട്ടില്‍ തികയാത്തതു കൊണ്ട് അടിയും തൊഴിയും കഴിഞ്ഞ് പ്രിയന്‍ ഷീറ്റും വിരിച്ച് താഴെ കിടക്കും. അന്ന് സൈക്കിളിലാണ് യാത്ര. പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ക്ക് പോകും. അവിടെ ഒരുപാട് സിനിമ തിയേറ്ററുകള്‍ ഉണ്ടായിരുന്നു. വര്‍ക്ക് കഴിഞ്ഞ്  വൈകുന്നേരം സിനിമ കാണലാണ് പരിപാടി. പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സ്റ്റുഡിയോകളുടെ ഫ്ലോറുകളിലൊക്കെ ശിവാജി ഗണേശനെ പോലുള്ള വലിയ താരങ്ങളെ കാണാം. അവരുടെ ഷൂട്ടിങ് കാണലാണ് വേറൊരു ഹോബി. പിന്നീട് അവിടെ ഞങ്ങള്‍ ഒരു വീട് വാടകയ്‌ക്കെടുത്തു. ഇപ്പോഴും ഓര്‍മയുണ്ട് ആ വീട്. നമ്പര്‍ 11 ഭരണി സിങ് ലൈന്‍. ഇനി ഒരിക്കലും ആ കാലം വരില്ല എന്ന് ഓര്‍ക്കുമ്പോള്‍ മാത്രമാണ് സങ്കടം.

mohanlal-mt

ചെയ്യണം, ഒരു സിനിമ

ഒരു ഊണ് ഒരിടത്ത് ഉറപ്പാണ് എന്നിരിക്കട്ടെ, സമയമാകുമ്പോള്‍ ഇഷ്ടത്തിനനുസരിച്ച് പോയി ഉണ്ണും. അതുപോലെയാണ് എന്നെ സംബന്ധിച്ച് മോഹന്‍ലാലിന്റെ ഡേറ്റ്. കുറേ നാളായി ലാലിനൊപ്പം ഒരു സിനിമ ചെയ്തിട്ട്. ഒരു നല്ല സിനിമ ചെയ്യാന്‍ സമയമായി എന്നു തോന്നുന്നു.

ഞങ്ങള്‍ പറയുമ്പോഴാണ് അറിയുന്നത്

പലപ്പോഴും വിവാദങ്ങളെ കുറിച്ചും മറ്റും വരുന്ന വാര്‍ത്തകള്‍ ഞങ്ങളാരെങ്കിലും കണ്ട് അയച്ചു കൊടുക്കുമ്പോള്‍ മാത്രമാണ് ലാല്‍ കാണുന്നത്. അതൊന്നും ലാലിനെ തെല്ലും ബാധിക്കാറില്ല. പതിവു ചിരിയോടെ അത് വായിക്കും അത്രതന്നെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA