ADVERTISEMENT

മലയാള സിനിമയിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി നേടി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് സൂഫിയും സുജാതയും. അവിചാരിതമായി കിട്ടിയ ഇൗ അവസരം കോവിഡ് കാലത്ത് നിശ്ചലമായിപ്പോയ ചലച്ചിത്രമേഖലയ്ക്ക് ആകെ ആശ്വാസം പകരുന്നതായി. ഒരുപാട് പ്രതിബന്ധങ്ങളെ അതിജീവിച്ച് നവമാധ്യമത്തിലൂടെ സിനിമ ആളുകളിലേക്കെത്തുമ്പോൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ, മലയാളികളുടെ പ്രിയ നടൻ ജയസൂര്യയും നിറഞ്ഞ സന്തോഷത്തിലാണ്.

ഒടിടി റിലീസിലൂടെ ചരിത്രത്തിന്റെ ഭാഗമായല്ലോ?

ഇത് ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടിയെടുത്ത സിനിമയല്ല. എല്ലാ സിനിമയ്ക്കും ഒരു നിയോഗമുണ്ട്. കോവിഡ് പ്രശ്നം ഇല്ലായിരുന്നുവെങ്കിൽ ഇത് തിയറ്ററിലും ടിവിയിലും ഒടിടിയിലും വരുമായിരുന്നു. പക്ഷേ സാഹചര്യവശാൽ ഇൗ ചിത്രം ഒടിടി റിലീസ് ചെയ്യേണ്ട അവസ്ഥ വന്നു. അത് തീർച്ചയായും മലയാള സിനിമയെ സംബന്ധിച്ച് ഒരു ചരിത്രം തന്നെയാണ്. അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം. വിജയ് ബാബു എന്ന നിർമാതാവ് ധൈര്യപൂർവം എടുത്ത തീരുമാനമാണ് അത്.

വിജയ് ബാബു എന്ന നിർമാതാവാണോ അതോ കഥയാണോ താങ്കളെ ഇൗ സിനിമയിലേക്ക് അടുപ്പിച്ചത് ?

സൗഹൃദം കൊണ്ട് മാത്രം നമ്മൾ സിനിമ കമ്മിറ്റ് ചെയ്യില്ല. സിനിമ നമ്മളിലേക്ക് എത്താനുള്ള ഒരു കാരണമാണ് സൗഹൃദം. വിജയ് ആണ് ഇൗ സിനിമയുടെ കഥ എന്നോടു പറയുന്നത്. നാലു വർഷം മുമ്പ് ഞാനീ കഥ കേൾക്കുമ്പോൾ ഇങ്ങനെയേ അല്ലായിരുന്നു ഇൗ സിനിമ. പിന്നീട് അതിൽ പല മാറ്റങ്ങളും വന്നു. തുടർന്നാണ് ഇൗ സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. ഒരു സിനിമയുടെ ആദ്യം മുതൽ എന്റെ മുഖം കാണണം, സ്ക്രീൻ സ്പേസ് കൂടുതൽ വേണം, പാട്ട് വേണം, ഫൈറ്റ് വേണം എന്നൊന്നും ചിന്തിക്കുന്ന അഭിനേതാവല്ല ഞാൻ. 80 സീനുള്ള സിനിമയിലെ എല്ലാ സീനിലും ചിലപ്പോൾ ഞാൻ കാണും, ചിലപ്പോൾ 8 സീനിൽ മാത്രമായിരിക്കും ഉണ്ടാകുക. ‌പക്ഷേ ആ കഥാപാത്രം എന്നെ എക്സൈറ്റ് ചെയ്യിക്കണം.

ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ അങ്കൂർ റാവുത്തർ ആ‌ സിനിമയിൽ ആകെ എട്ടോ പത്തോ സീനുകളിൽ മാത്രമാണുള്ളത്. പക്ഷേ എന്നും ഒാർത്തിരിക്കുന്ന കഥാപാത്രമാണ് അത്. ഫിലിപ്സ് ആൻഡ് മങ്കിപെൻ ആദ്യം എനിക്കു വന്ന ചിത്രമല്ല. മറ്റു പല നായകന്മാരിലേക്കും എത്തിയ ശേഷമാണ് ആ ചിത്രം എന്നെ ‌തേടി വന്നത്. ആ കഥാപാത്രത്തെ പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റിയതു കൊണ്ടാണ് ഞാൻ അതിൽ അഭിനയിച്ചത്. നല്ല സിനിമയുടെ ഭാഗമാകണം എന്നുള്ളതാണ് എന്റെ ആഗ്രഹം. രാജീവൻ എന്ന എന്റെ കഥാപാത്രത്തെ മാറ്റി നിർത്തിയാൽ സൂഫിയും സുജാതയും എന്ന സിനിമ തന്നെയില്ല. അതുകൊണ്ട് സിനിമയോടും കഥാപാത്രത്തോടുമുള്ള ഇഷ്ടം തന്നെയാണ് പ്രധാനം.

jayasurya-1

എങ്ങനെയാണ് ജയസൂര്യ കരിയറിനെ ഇൗ വിധത്തിൽ രൂപപ്പെടുത്തിയെടുക്കുന്നത്? ആരാണ് അതിന് സഹായിക്കുന്നത് ?

കരിയർ രൂപപ്പെടുത്തുക എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാണെന്ന് സത്യത്തിൽ എനിക്കറിയില്ല. അങ്ങനെയൊക്കെ ചെയ്യാൻ ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോയെന്നും വലിയ ധാരണയില്ല. സിനിമ നമ്മിലേക്ക് വരുന്നതാണ്. ഒരു തിരക്കഥ കിട്ടിക്കഴിഞ്ഞാൽ‌ നമുക്ക് പ്ലാൻ ചെയ്യാം. പക്ഷേ തിരക്കഥ വരാതെ ആർക്ക് എന്തു ചെയ്യാൻ സാധിക്കും. കുറെ സിനിമകൾ ചെയ്യണം എന്നാഗ്രഹമില്ല. നല്ല സിനിമകൾ ചെയ്യണം എന്നു മാത്രമേയുള്ളൂ. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തി ഒരു സിനിമയെടുക്കാൻ ആർക്കുമാവില്ല. ഏതു സൃഷ്ടിയോടും വിയോജിപ്പുള്ളവർ എല്ലായിടത്തും കാണും. യുട്യൂബിലൊക്കെ നോക്കിയാൽ എല്ലാവർക്കും ഇഷ്ടമായ വിഡിയോകൾക്കു പോലും ഡിസ്‌ലൈക്ക് അടിച്ചിട്ടുള്ള ഒരു ന്യൂനപക്ഷം ഉണ്ടാകും. സൂഫിയും സുജാതയും ഒരു എൺപതു ശതമാനം ആളുകളെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും. ബാക്കി ഇരുപതു ശതമാനത്തിന് ചിലപ്പോൾ സിനിമ ഇഷ്ടപ്പെട്ടു കാണില്ല. ഒാരോ ആളും ഒാരോ രീതിയിലാണ് സിനിമ കാണുന്നത്. അതിനെ ആശ്രയിച്ചിരിക്കും ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ. ഒരു കഥ കേൾക്കുമ്പോൾ എനിക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്നതാണ് ഞാൻ നോക്കുന്നത്. ഇഷ്ടപ്പെട്ടാൽ ചെയ്യും. ചിലതു വിജയിക്കും, ചിലതു പരാജയപ്പെടും.

സൗഹൃദങ്ങൾക്ക് വലിയ വില കൽപിക്കുന്ന താങ്കൾ ഒരു കഥ കേട്ടു കഴിഞ്ഞ് ഇഷ്ടമായില്ലെങ്കിൽ അതു തുറന്നു പറയുമോ ?

കഥയുമായി എന്റെയടുത്ത് വരുന്ന ഒരാളോടും അതു മോശമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. കൊണ്ടു വരുന്നയാൾക്ക് അത് നല്ലതായിരിക്കുമ‌ല്ലോ.‍‌ ഒരു തുണിക്കടയിൽ കയറിയാൽ അവിടെ പല ഷർട്ടുകൾ കാണും. എന്നാൽ എല്ലാം നമുക്ക് ചേരില്ല. നമുക്ക് ഇണങ്ങുന്ന, ഇഷ്ടപ്പെടുന്ന ഷർട്ടുകൾ കാണും. അല്ലാത്തവയും കാണും. അതിനർഥം നമുക്ക് ഇഷ്ടപ്പെടാത്തത് മോശമാണ് എന്നാണോ? അല്ല. എനിക്ക് ആ കഥ ചേരില്ല എന്നേ പറയാറുള്ളൂ, കഥ കൊള്ളില്ല എന്നു പറയില്ല. അങ്ങനെ പറയുന്നത് ഒരിക്കലും ശരിയുമല്ല.

jayasurya-12

സൂഫിയും സുജാതയും എന്ന സിനിമയുടെ പ്രമേയത്തെക്കുറിച്ച് പേടിയുണ്ടായിരുന്നോ ?

കല ജാതിക്കും മതത്തിനും മുകളിലാണ്. ജാതിയും മതവും എല്ലാം ഇൗശ്വരനെ തിരിച്ചറിയാനുള്ള ഒരു വഴി മാത്രമാണ്. എല്ലാ പുഴകളും ചെന്നവസാനിക്കുന്നത് കടലിലാണ്. അതു തിരിച്ചറിയുക. ഇൗശ്വരൻ അവനവന്റെ ഉള്ളിലാണ്. എല്ലാ വിഭാഗത്തിലും ചില പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്ന ഒരു ന്യൂനപക്ഷം എപ്പോഴും ഉണ്ടാകും. അവരെ ഒരിക്കലും തൃപ്തിപ്പെടുത്താനാകില്ല.

തിയറ്ററിൽനിന്ന് സിനിമ വീടുകളിലേക്ക് നേരിട്ടു വരുമ്പോൾ താങ്കൾ കാണുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയാണ് ?

sufiyum-sujathayum-review-1

തിയറ്ററിൽ സിനിമ കാണുന്നതും വീട്ടിലിരുന്ന് കാണുന്നതും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. വീട്ടിലാണെങ്കിൽ നമുക്ക് സൗകര്യമുള്ള സമയത്തു കാണാം, ഇഷ്ടമുള്ളപ്പോൾ നിർത്താം എന്നൊക്കെയുള്ള‌ത് ശരി തന്നെ. പക്ഷേ അതിനെക്കാളൊക്കെ ഉപരിയായി ആളുകൾക്ക് സിനിമയോടു നന്നായി പ്രതികരിക്കാൻ കഴിയുമെന്നാണ് എനിക്കു തോന്നുന്നത്. കാരണം തിയറ്ററിലിരുന്ന് റിയാക്ട് ചെയ്യാൻ പലർക്കും മടി കാണും. ഒരുപാട് ചിരിക്കാനോ കരയാനോ ഒന്നും പലർക്കും സാധിക്കാറില്ല. ഞാൻ കരയുന്നത് അപ്പുറത്തിരിക്കുന്ന ആൾ കണ്ടാൽ എന്തു വിചാരിക്കും എന്നൊക്കെ കരുതും. വീട്ടിലാണെങ്കിൽ അത്തരം പ്രശ്നമില്ല. നമുക്ക് ഇഷ്ടമുള്ളതു പോലെ ചിരിക്കാം, കരയാം. എന്നാല്‍ തിയറ്ററിലെ വലിയ സ്ക്രീനിൽ സിനിമ കാണുന്ന പ്രേക്ഷകന് അനുഭവിക്കാനാകുന്ന, സാങ്കേതികവും ദൃശ്യപരവുമായ പൂർണത ഒരിക്കലും ചെറിയ സ്ക്രീനുകളിൽനിന്നു ലഭിക്കുകയുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com