ADVERTISEMENT

ലൂസിഫർ കണ്ടിറങ്ങിയ ഒാരോ പ്രേക്ഷകനും അദ്ഭുതത്തോടെ ആലോചിച്ച കാര്യമുണ്ട്. ബോളിവുഡ് നടനായ വിവേക് ഒബ്റോയി ഇത്ര മനോഹരമായി, എങ്ങനെയാണ് മലയാളം സംസാരിച്ചത് ? ചുണ്ടുകളുടെ ചലനവും സംഭാഷണവും കിറു കൃത്യം ! മുരളി ഗോപി എഴുതിയ സംഭാഷണങ്ങൾ അവയുടെ തനിമ ചോരാതെ ഹൃദ്യസ്ഥമാക്കി അവതരിപ്പിച്ച് വിവേക് ഒബ്റോയി ഞെട്ടിച്ചപ്പോൾ, ശബ്ദമായി ബോബിയിലേക്കു പരകായ പ്രവേശം നടത്തിയത് നടൻ വിനീതാണ്. ആദ്യ ശ്രമത്തിന് സംസ്ഥാന പുരസ്കാരം കൂടി ലഭിച്ചതോടെ വിനീതിന് ഇരട്ടി സന്തോഷം. ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലെ ഡബ്ബിങിനാണ് പുരസ്കാര നേട്ടം. മരക്കാറിൽ അർജുൻ ചെയ്ത അനന്തൻ എന്ന കഥാപാത്രത്തിനാണ് വിനീത് ശബ്ദം നൽകിയത്. 

 

ലൂസിഫർ റിലീസ് ചെയ്തതിനു പിന്നാലെ വിനീതുമായി മനോരമ ഓൺലൈൻ നടത്തിയ അഭിമുഖം ചുവടെ:

 

‘പല കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വേറൊരു താരത്തിന് ശബ്ദം നൽകുന്നത് ഇതാദ്യമായാണെന്നു വിനീത് പറയുന്നു. "അതു നന്നായെങ്കിൽ മുഴുവൻ ക്രെഡിറ്റും സംവിധായകൻ പൃഥ്വിരാജിനു തന്നെ.’– വിനീത് പറഞ്ഞു തുടങ്ങുന്നു.

 

പൃഥ്വിരാജ് എന്ന മാജിക്

 

ഒരു കഥാപാത്രത്തിനു ശബ്ദം നൽകിയത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നിൽ ഒരൊറ്റ മാജിക്കേ ഉള്ളൂ. അതു പൃഥ്വിരാജ് എന്ന മാജിക്കാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ദൃഢനിശ്ചയവും വൈദഗ്ധ്യവും ലൂസിഫർ എന്ന സിനിമയിൽ കാണാം. സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിനു ഓരോ കഥാപാത്രത്തെക്കുറിച്ചും വ്യക്തതയുണ്ട്. ശരീരഭാഷ മുതൽ ശബ്ദവും മോഡുലേഷനുംവരെ അദ്ദേഹത്തിനു അറിയാം. 

lucife-team

 

ഡബ്ബിങ്ങിൽ പൃഥ്വി ഞെട്ടിച്ചു

 

ഏകദേശം ഒന്നര ദിവസമാണ് ഡബ്ബിങ്ങിനു വേണ്ടി ചെലവഴിക്കേണ്ടി വന്നത്. വിവേക് ഒബ്റോയിയുടെ സംഭാഷണങ്ങളെല്ലാം പൃഥ്വിരാജ് തന്നെ നേരത്തെ ഡബ്ബ് ചെയ്തു വച്ചിരുന്നു. കൃത്യമായ മോഡുലേഷനിലുള്ള പൃഥ്വിയുടെ ശബ്ദമാണ് എനിക്ക് പൈലറ്റ് ഓഡിയോ ആയി ലഭിച്ചത്. എനിക്കു റെഫറൻസിനായി അദ്ദേഹം അതു മുഴുവനും ശബ്ദം നൽകി വച്ചിരുന്നു. ഞാൻ അദ്ഭുതപ്പെട്ടുപോയി. സാധാരണ ഷൂട്ടിങ് സമയത്തെ പൈലറ്റ് ഓഡിയോ ആണ് ഡബ്ബ് ചെയ്യാൻ പോകുമ്പോൾ ലഭിക്കുക.

lucifer-vivek-oberoi-1

 

പക്ഷേ, പൃഥ്വിരാജ് എന്ന സംവിധായകൻ ലൂസിഫർ എന്ന സിനിമയ്ക്കു വേണ്ടി എത്രത്തോളം മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന അനുഭവമായിരുന്നു ഇത്. 'ഏട്ടാ, ഈ മോഡുലേഷൻ, റഫറൻസ് ആയി ഉപയോഗിച്ചോളൂ,' എന്നു മാത്രമാണ് പൃഥ്വി പറഞ്ഞത്. പൃഥ്വിരാജ് ചെയ്തു വച്ചിരുന്ന ഓഡിയോ ട്രാക്കിൽ എല്ലാമുണ്ടായിരുന്നു. അതുകൊണ്ട്, എനിക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഏതു മോഡുലേഷൻ കൊടുക്കണമെന്നോ, എങ്ങനെ പറയണമെന്നോ എന്ന യാതൊരു ആശങ്കളും ആശയക്കുഴപ്പങ്ങളും അതുകൊണ്ടു എനിക്കുണ്ടായില്ല.    

 

വിവേക് ഒബ്റോയിയുടെ അധ്വാനം

 

വിവേക് ഒബ്റോയ് എന്ന താരം എടുത്തൊരു അധ്വാനമുണ്ട്. അദ്ദേഹം വളർന്നത് ചെന്നൈയിൽ ആണെന്നു ഞാനെവിടെയോ വായിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകൾ അദ്ദേഹത്തിനു പരിചിതമാണ്. അതു, തീർച്ചയായും സംഭാഷണങ്ങൾ കൃത്യതയോടെ അവതരിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചിരിക്കും. എങ്കിലും, ബുദ്ധിമുട്ടേറിയ പരിപാടിയാണ്. പലർക്കും ബോബി എന്ന കഥാപാത്രത്തിന്റെ ശബ്ദം പരിചിതമായി തോന്നിയെങ്കിലും അതു ആരുടെയാണ് എന്നൊന്നും ചിന്തിക്കാനുള്ള ഒരു സാഹചര്യം വിവേക് ഒബ്റോയി നൽകിയില്ല. അദ്ദേഹം ആ കഥാപാത്രത്തെ അതിസമർത്ഥമായി അവതരിപ്പിച്ചു. എന്റെ ശബ്ദം ബോബിയുടേതു തന്നെയെന്നു തോന്നിപ്പിക്കാൻ അദ്ദേഹത്തിന്റെ അഭിനയത്തിനു സാധിച്ചു. നിരവധി ലെയറുകളുള്ള വില്ലൻ കഥാപാത്രമാണ് ബോബി.  

 

ലൂസിഫർ ടീം ഗംഭീരം!

 

ഡബ്ബിങ്ങിന് എത്തിയ ദിവസം പൃഥ്വിരാജിന് ഷൂട്ടിനായി ജോർദ്ദാനിലേക്ക് പോകേണ്ടതുണ്ടായിരുന്നു. എങ്കിലും ഞങ്ങൾ ഒരുമിച്ചിരുന്നു, ആ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചു. എനിക്കു വേണ്ട നിർദേശങ്ങൾ നൽകി. അസോസിയറ്റ് ഡയറക്ടർ വാവയാണ് പിന്നീട് ഡബ്ബിങ്ങിൽ കൂടെയുണ്ടായിരുന്നത്. അദ്ദേഹത്തോടുള്ള നന്ദി പറഞ്ഞറിയിക്കാൻ ആവില്ല. അത്രയും പിന്തുണ വാവ നൽകി. ഗംഭീരൻ ടീമായിരുന്നു, ലൂസിഫറിന്റേത്! അവർക്കാർക്കും ഒരു ടെൻഷനുമില്ലായിരുന്നു. 

 

വെല്ലുവിളി ഉയർത്തിയ രംഗങ്ങൾ

 

ഡബ്ബിങ്ങിനിടയിൽ മുരളി ഗോപി വന്നിരുന്നു. പ്രിയദർശിനിയും ബോബിയും തമ്മിലുള്ള തീപ്പൊരി സംഭാഷണങ്ങൾ ചെയ്യുമ്പോഴായിരുന്നു മുരളി ഗോപി യാദൃച്ഛികമായി സ്റ്റുഡിയോയിൽ എത്തിയത്. ആ രംഗത്തിന്റെ പ്രാധാന്യവും ഗൗരവും മുരളി വിശദീകരിച്ചു തന്നു. 

 

പൃഥ്വിയുടെ ശബ്ദവും വിവേക് ഒബ്റോയിയുടെ ശബ്ദവും റഫറൻസ് ആയി സ്വീകരിച്ചാണ് അതു ചെയ്തത്. തിയറ്ററിൽ ഇരുന്നു ആ രംഗം കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. ഏറെ വെല്ലുവിളിയായി തോന്നിയ രംഗമായിരുന്നു അത്. കൂടാതെ, മുഖ്യമന്ത്രി രാംദാസിന്റെ മരണശേഷം പാർട്ടി നേതാക്കളും ബോബിയും പ്രിയദർശിനിയും ചർച്ചയ്ക്കായി ഇരിക്കുന്ന രംഗവും ഏറെ വെല്ലുവിളി ഉയർത്തുന്നതായിരുന്നു. കടുകട്ടി ഭാഷയിലാണ് സംഭാഷണങ്ങൾ. പ്രത്യേകിച്ചും സായികുമാറിന്റെ വർമ സാർ എന്ന കഥാപാത്രത്തോടുള്ള സംഭാഷണങ്ങൾ! വെല്ലുവിളിയായ അത്തരം സന്ദർഭങ്ങളിലൊക്കെ നല്ല പിന്തുണ നൽകി ലൂസിഫർ ടീം ഒപ്പമുണ്ടായിരുന്നു.

 

ലാലേട്ടനൊപ്പം 

 

മോഹൻലാൽ എന്ന അതുല്യ നടനൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിക്കുന്നതു തന്നെ വലിയൊരു ബഹുമതിയാണ്. അദ്ദേഹത്തിന്റെ പല സിനിമകളിലും ഒരുമിച്ചു അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ചതു വളരെ കുറവാണ്. പക്ഷേ, അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിലുള്ള ഒരു സിനിമയുടെ ഭാഗമാകുന്നത് എനിക്ക് എന്റെ തറവാട്ടിലേക്ക് പോകുന്നതു പോലെയാണ്. 

 

അപ്രതീക്ഷിതമായ അഭിനന്ദനങ്ങൾ

 

സമൂഹമാധ്യമങ്ങളിലൊക്കെ പലരും ഡബ്ബിങ്ങിനെ പരാമർശിച്ച് അഭിനന്ദനം അറിയിക്കുമ്പോൾ വലിയ സന്തോഷമാണ്. ഇത്രയും പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതു ഭാഗ്യമാണ്. അതിനു വഴിയൊരുക്കിയ എല്ലാവർക്കും പ്രണാമം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com