ADVERTISEMENT

ഇരുപത്തൊന്നാം വയസ്സിൽ ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ മംമ്ത മോഹൻദാസ് എന്ന പെൺകുട്ടിക്ക് തന്റെ കരിയറിനെക്കുറിച്ചോ ചലച്ചിത്ര മേഖലയെക്കുറിച്ചോ  ഒന്നുമറിയില്ലായിരുന്നു. ഇതിനോടൊന്നും വലിയ താല്പര്യം ഇല്ലായിരുന്നതിനാൽ സിനിമയെക്കുറിച്ച് കൂടുതൽ  അറിയാൻ ഒട്ടു ശ്രമിച്ചുമില്ല. എന്നാൽ 15 വർഷങ്ങൾക്കിപ്പുറം മംമ്ത മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അഭിനേതാവായും  ഗായികയായും  തിളങ്ങിയ താരം സ്വന്തമായി ഒരു നിർമാണ കമ്പനിയും ആരംഭിച്ചു കഴിഞ്ഞു. വ്യക്തി ജീവിതത്തിലെ തിരിച്ചടിയും രോഗങ്ങളും അതിജീവിച്ചു മുന്നോട്ടു പോകുമ്പോൾ മംമ്തയുടെ മുഖത്തു വിരിയുന്നത് എന്തെന്നില്ലാത്ത ആത്മവിശ്വാസമാണ്. സിനിമയും ജീവിതവും കഴിഞ്ഞ 15 വർഷങ്ങൾ കൊണ്ടു മാറ്റിയെടുത്ത തന്നെക്കുറിച്ച് മംമത മനസ്സ് തുറക്കുന്നു 

 

മംമ്ത സിനിമയിലെത്തിയിട്ട് 15 വർഷങ്ങൾ പൂർത്തിയാകുന്നു. ഒരു നായികയെ സംബന്ധിച്ച് ഇത്ര വലിയ കരിയർ അപൂർവമല്ലേ?

 

വലിയ സന്തോഷമുണ്ട് സിനിമയിൽ  15 വർഷങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതിൽ.  ഒരുപാട് തകർച്ചകളും അനിശ്ചിതാവസ്ഥകളും വലിയ കടമ്പകളും ഒക്കെ ഉണ്ടായിരുന്നു ഈ കാലത്ത്. ഒട്ടും സുഗമമല്ലാത്ത ഒരു യാത്രയായിരുന്നു. ചിലപ്പോഴൊക്കെ അവിശ്വസനീയമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് തോന്നും. എല്ലാവർക്കും അവരവരുടേതായ ഉയർച്ചകളും താഴ്ചകളും ഉണ്ടാകുമല്ലോ. അതുപോലെ എനിക്കും ഉണ്ടായി. പ്രതിസന്ധികളെ  തരണം ചെയ്യാൻ സാധിച്ചതും 15 കൊല്ലങ്ങൾക്കിപ്പുറവും ലീഡ് ഹീറോയിനായി കഥാപാത്രങ്ങൾ കിട്ടുന്നതും വലിയ അനുഗ്രഹമായിട്ടാണ് കരുതുന്നത്. 

 

സിനിമയും കഥാപാത്രങ്ങളും മാറി, മംമ്ത എത്രത്തോളം മാറി ?

 

mamta-mohan

21–ാം വയസ്സിൽ സിന‌ിമയിലെത്തിയ മംമ്തയല്ല ഇന്നുള്ളത്. അനുഭവങ്ങൾ ഒരുപാട് വസ്തുതകൾ  പഠിപ്പിച്ചു. സിനിമയ്ക്കുപരി ജീവിതവും എന്നെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. ഒരോ താഴ്ചയിലും ജീവിതത്തിലെ ഒാരോ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോയിട്ടുള്ളത്. കഴിഞ്ഞ ആറു വർഷമായി ഞാൻ അമേരിക്കയിലാണ്. ആ രാജ്യം എനിക്ക് തന്നിട്ടുള്ള ഫ്രീഡം ഒാഫ് തോട്ട് ഒരിക്കലും എന്റെ രാജ്യത്ത് എനിക്ക് ലഭിച്ചിട്ടില്ല. ഞാൻ ആരാണ്, എനിക്ക് എന്തൊക്കെ നേടാൻ പറ്റും എന്നൊക്കെ എന്നെ പഠിപ്പിച്ചത് ആ രാജ്യമാണ്. കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് വളർച്ച പ്രാപിക്കാൻ കഴിഞ്ഞതും ആ രാജ്യത്ത് ജീവിക്കാൻ സാധിച്ചതു കൊണ്ടാണ്. ഇങ്ങനെ തുറന്നു പറയുമ്പോൾ പലരും പല രീതിയിൽ വിലയിരുത്തിയേക്കാം. പക്ഷേ തുറന്നു പറയാതെ നിവൃത്തിയില്ല.

 

dileep-mamta

വ്യക്തി ജീവിതത്തിലെ തിരിച്ചടികൾ, രോഗം, പരാജയങ്ങൾ. ഡിപ്രഷൻ വന്നിരുന്നില്ലേ ഒരിക്കലും ?

 

നഷ്ടങ്ങളും പരാജയങ്ങളും താൽക്കാലികമാണ്. അത് ജീവിതത്തിന്റെ അവസാനമല്ല. പിന്നെ എന്തിനാണ് ഡിപ്രഷൻ ? നമ്മുടെ തകർച്ചകളിൽ നിന്ന് ഒരിക്കലും നാം ഒളിച്ചോടരുത്. എന്റെ രോഗം ആദ്യം തിരിച്ചറിഞ്ഞ സമയത്ത്, 2009–2010 കാലഘട്ടത്തിൽ ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. ഒരു തിരിച്ചടി നമുക്ക് ഉണ്ടാകുമ്പോൾ നമ്മെ സ്നേഹിക്കുന്നവരെ ഒാർത്ത് നാം മിണ്ടാതിരിക്കാറുണ്ട്. അവർക്ക് വിഷമം ആകേണ്ട എന്നു കരുതി നാം നമ്മുടെ വിഷമങ്ങൾ പ്രകടിപ്പിക്കാതിരിക്കും. 

 

mamta-cancer

എന്നാൽ അഭിനേതാക്കൾ പലപ്പോഴും ഇത്തരം പ്രതിസന്ധികൾ ജീവിതത്തിലുണ്ടാകുമ്പോൾ കൂടുതൽ തങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കാനാണ് ശ്രമിക്കുക. എന്നാൽ ഞാൻ അങ്ങനെയല്ല. ഞാൻ ഇത്തരം കാര്യങ്ങളിൽ നിന്ന് പൂർണമായും വിട്ടു നിൽക്കും. കാരണം ജീവിതത്തിൽ എനിക്ക് അഭിനയിക്കാൻ ഇഷ്ടമല്ലായിരുന്നു. ആരെങ്കിലും നിങ്ങൾ സന്തോഷവതിയാണോ എന്നു ചോദിച്ചാൽ നുണ പറയേണ്ടി വരുന്നത് ആലോചിക്കാനാവില്ല. ഞാൻ വളരെ വലിയ ഡിപ്രഷനിൽ പോയിട്ടുണ്ട്. നമ്മുടെ തകർച്ചകൾ കൈകാര്യം ചെയ്യാൻ പലപ്പോഴും നമുക്ക് ബുദ്ധിമുട്ടായിരിക്കും. അക്കാലത്തൊക്കെ ഞാൻ സിനിമയിൽ നിന്ന് വിട്ടു നിന്നു. സിനിമയിൽ നന്നായി പെർഫോം ചെയ്യാൻ കഴിയില്ല എന്നതു കൊണ്ടാണ് ഇടവേളകൾ എടുത്തത്. അത്തരം ഇടവേളകൾ തിരിച്ചു വരവിനുള്ള വലിയ ഊർജം പകർന്നു തന്നു. 

 

മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ്, പ്രിഥ്വിരാജ് തുടങ്ങി മിക്ക മുൻനിര നായകന്മാരുടെയും നായികയാകാൻ സാധിച്ചു. അവർക്കൊപ്പമുള്ള അനുഭവങ്ങൾ മമ്തയെ സ്വാധീനിച്ചിട്ടില്ലേ?

 

ഇത്രയും വലിയ അഭിനേതാക്കളുടെ ഒപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്. സ്ക്രീനിൽ നമുക്ക് ഒരാളെ ആരാധിക്കാൻ പറ്റും. പക്ഷേ അതേ ആളെ നേരിൽ കാണുമ്പോൾ വ്യത്യസ്തമായ അനുഭവമാകും നമുക്ക് ഉണ്ടാവുക. നാം പ്രതീക്ഷിക്കുന്ന ഒരു എനർജിയാവില്ല അവരിൽ നിന്ന് ചിലപ്പോൾ ലഭിക്കുക. ചിലരെ സ്കീനിൽ നമുക്ക് ഇഷ്ടമാകും മറ്റു ചിലരെ വ്യക്തിപരമായും. എനിക്ക് മമ്മൂക്കയുമായി വ്യക്തിപരമായി വലിയ അടുപ്പമുണ്ട്.  സ്കീനിൽ അദ്ദേഹത്തെ കാണുന്നത് പോലെയേ അല്ല വ്യക്തി ജീവിതത്തിൽ അദ്ദേഹം. അതു പോലെ തന്നെയാണ് രജനി സാർ. ആകെ കുറച്ചു മണിക്കൂറുകൾ മാത്രമാണ് ഞാൻ കുചേലൻ സിനിമയ്ക്കായി അദ്ദേഹത്തിനൊപ്പം ചിലവഴിച്ചത്. ശരിക്കും വലിയൊരു പാട്ടായിരുന്നു ആദ്യം ആ സിനിമയിൽ ഉണ്ടായിരുന്നത്. പക്ഷേ ചില കാരണങ്ങളാൽ അതു വെട്ടിച്ചുരുക്കി. 

 

mamta

അന്നൊക്കെ ഞാൻ ഞാൻ പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കുന്ന ആളായിരുന്നെങ്കിൽ ചിലപ്പോൾ ആ സിനിമയിൽ‌ ഉണ്ടാകുമായിരുന്നില്ല. ആ സെറ്റിൽ നിന്ന് ഞാൻ‌ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ. പക്ഷേ ഞാനതു ചെയ്തില്ല. ഞാൻ അവിടെ നിന്നു എന്റെ ഭാഗം അഭിനയിച്ചു. ആകെ ഒരു ഷോട്ട് മാത്രമാണ് ആ സിനിമയിൽ എന്റേതായി ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ച് വലിയ വിഷമമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. പക്ഷേ രജനി സാറിനോട് എനിക്കുള്ള  ബഹുമാനം വർധിച്ചത് പിന്നീട് ഉണ്ടായ ചില സംഭവങ്ങൾ‌ മൂലമാണ്. ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഞാൻ വിഷമിച്ചാണ് പോയതെന്ന് അദ്ദേഹത്തോട് എപ്പോഴോ പറഞ്ഞു. അദ്ദേഹം എന്നെ ഫോൺ ചെയ്തു. മംമ്ത എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ക്ഷമിക്കണം എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. സാർ ഒരിക്കലും അറിഞ്ഞു കൊണ്ടാവില്ല ഇങ്ങനെ നടന്നതെന്ന് എനിക്കറിയാം എന്നൊക്കെ ഞാൻ അന്ന് പറഞ്ഞു. അങ്ങനെ ഇവരുടെ കൂടെയൊക്കെ ജോലി ചെയ്തപ്പോൾ ഇത്തരത്തിൽ  ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. 

 

mamta-mohandas-production

കരിയറിന്റെയും പ്രായത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമയം രോഗം മൂലം നഷ്ടമായതായി തോന്നുന്നുണ്ടോ ?

 

ഒരിക്കലുമില്ല. പ്രായത്തിന്റെ കാര്യം നോക്കിയാൽ ഇരുപതുകളുടെ അവസാന കാലം കുറച്ച് നഷ്ടമായി എന്നതൊഴിച്ചാൽ മറ്റൊന്നും എനിക്ക് സംഭവിച്ചില്ല. പക്ഷേ എനിക്കു തിരിച്ചു കിട്ടിയത് അതിനെക്കാളും വലിയ നേട്ടങ്ങളാണ്. അതു കൊണ്ട് അതൊന്നും എനിക്കൊരു നഷ്ടമായി തോന്നുന്നില്ല. ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ തിരിച്ചടി ആരോഗ്യപരമായിട്ടുള്ളതാണ്. എനിക്ക് മികച്ച സിനിമകളിൽ അവസരം ലഭിച്ചെങ്കിലും അനാരോഗ്യം കാരണം അതിലൊന്നും അഭിനയിക്കാൻ സാധിച്ചില്ല. അതെനിക്ക് വിധിച്ചിട്ടില്ല എന്നോർത്ത് സമാധാനിക്കാൻ ഞാൻ നോക്കി. പക്ഷേ എങ്ങനെയാണ് അങ്ങനെ സമാധാനിക്കാൻ കഴിയുക ? അതത്ര എളുപ്പമല്ല. 

 

ആദ്യ ചിത്രമായ മയൂഖം അത്ര വലിയ ഹിറ്റൊന്നും ആയിരുന്നില്ല. ഒരു ഭാഗ്യസിനിമ എന്ന് പറയാൻ എന്റെ കരിയറിൽ ഒന്നും ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ എന്റെ വളർച്ചയും വളരെ പതിയെയായിരുന്നു. വർഷങ്ങൾ എന്നിൽ നിന്ന് എടുക്കപ്പെട്ടെങ്കിൽ പകരം വിലയേറിയ നിരവധി പാഠങ്ങളാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. എത്ര അളുകൾക്ക് അത്തരത്തിൽ ഒരു അനുഭവം ഉണ്ടാകും ? ആ അനുഭവങ്ങളാണ് എന്നെ മുന്നോട്ടു നയിച്ചതും ഇപ്പോൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. ആ അനുഭവങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എവിടെയും എത്തില്ലായിരുന്നുവെന്ന് ഉറച്ചു വിശ്വസിക്കുന്നു. 

 

എങ്ങനെയാണ് പ്രതിസന്ധികളെ മറി കടന്നത് ?

 

ചുറ്റുപാടുകളാണ് എന്നെ ഏറ്റവുമധികം സ്വാധീനിക്കുന്നത്. നാട്ടിൽ വരുമ്പോൾ എനിക്ക് ജോലി മാത്രമാണുള്ളത്. അതും ഇടവേളകളില്ലാതെ. അനാരോഗ്യകരമായ കാരണങ്ങളാൽ അല്ലാതെ ജോലിയിൽ നിന്ന് അവധി എടുക്കാനാകാത്ത അവസ്ഥ. യുഎസ്സിൽ ചെല്ലുമ്പോൾ ഞാൻ വളരെ സ്വതന്ത്രയാണ്. ജോലി ഇല്ല. അവിടുത്തെ ചുറ്റുപാട് വളരെ പോസിറ്റീവാണ്. നാട്ടിലെ ആളുകളും അവിടുത്തെ ആളുകളും തമ്മിൽ വ്യത്യാസമുണ്ട്. ഇവിടെ ആരും ഒട്ടും ചാർജ്ഡ് അല്ല എന്ന് എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്. ആ നാടാണ് എന്നെ വിഷമവസ്ഥകൾ മറികടക്കാൻ ഏറെ സഹായിച്ചത്.  2014–ൽ വർഷം എന്ന സിനിമ ചെയ്യുമ്പോഴായിരുന്നു എന്റെ ആരോഗ്യം ഏറ്റവും മോശമായത്. അപ്പോഴാണ് യുഎസ്സിലേക്ക് പോകാൻ ഞാൻ തീരുമാനിക്കുന്നത്. പക്ഷേ എന്റെ അച്ഛനമ്മമാരോട് കൂടെ വരേണ്ടതില്ല എന്നു ഞാൻ പറഞ്ഞു. കാരണം ആ അവസ്ഥയിലൂടെ ഒറ്റയ്ക്കു പോകാനായിരുന്നു എനിക്ക് ആഗ്രഹം. അവർ എനിക്കു വേണ്ടി വിഷമിക്കുന്നത് കണ്ടു നിൽക്കാനാവുന്നതിലും അപ്പുറമായിരുന്നു. ഇനി എന്നെ കാണുമ്പോൾ ചിരിച്ചെ കാണൂ എന്നു പറഞ്ഞാണ് ഞാൻ യാത്ര തിരിച്ചത്. 

 

രോഗത്തോട് അപ്പോൾ നന്ദി പറയേണ്ടതല്ലേ ?

 

അതെ തീർച്ചായായും. എന്റെ വളർച്ച എന്റെ  രോഗത്തോട് വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. രണ്ടു തവണ രോഗബാധിതയായപ്പോഴും ഞാൻ ഒന്നും പഠിച്ചില്ല. പക്ഷേ യുഎസ്സിൽ പോയി ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന കുറച്ചധികം ആളുകളെ പരിചയപ്പെട്ടപ്പോഴാണ് ഒരുപാടു തിരിച്ചറിവുകൾ എനിക്കുണ്ടാകുന്നത്. എനിക്ക് ഒരു നല്ല കുടുംബം ഉണ്ടായിരുന്നു എന്നുള്ളത് വലിയ കാര്യമായിരുന്നു. അവിടെയുള്ള മറ്റുള്ളവർ ശിഥിലമായ കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നു. അച്ഛനമ്മാരില്ല, പണമില്ല ഒന്നുമില്ല. അവരുമായുള്ള സമ്പർക്കം എന്നെ ഒരുപാടു മാറ്റി. 

 

ഹരിഹരൻ മുതൽ രാജമൗലി വരെ നിരവധി പ്രതിഭാധനരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ചതിനെ കുറിച്ചു?

 

അവരുടെ ഒപ്പം പ്രവർത്തിക്കാനായി എന്നത് വലിയ ഭാഗ്യമാണ്. പക്ഷേ അവരെക്കുറിച്ച് ഒാർക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന ഒന്നുണ്ട്. ഒരിക്കലും ഒരു നന്ദി ഇല്ലാത്ത ആളായിട്ടല്ല ഞാനിതു പറയുന്നത്. പക്ഷേ ഇൗ സംവിധായകർക്കൊപ്പം അവരുടെ ഏറ്റവും മികച്ച സിനിമകളിലാണോ ഞാൻ ജോലി ചെയ്തത് എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്. യമോദോംഗ എന്ന ചിത്രത്തിൽ ഞ​ാൻ അഭിനയിച്ചു. പക്ഷേ ആ സിനിമ രാജമൗലി സാറിന്റെ ഏറ്റവും മികച്ച ചിത്രമാണോ എന്നു ചോദിച്ചാൽ അല്ല. മയൂഖം ഹരിഹരൻ സാറിന്റെ മികച്ച സിനിമകളിൽ ഒന്നല്ല. അതു കൊണ്ടാണ് എന്റെ വളർച്ച അത്ര എളുപ്പമല്ലായിരുന്നു എന്ന് ഞാൻ എപ്പോഴും പറയുന്നത്. വളരെ എളുപ്പത്തിലുള്ള ഒരു വിജയവും എനിക്കുണ്ടായിട്ടില്ല. സിവപ്പതികാരം എന്ന ആദ്യ തമിഴ് ചിത്രം ഹിറ്റാകാതെ പോയപ്പോൾ‌ ഞാൻ വിഷമിച്ചിരുന്നു. വിശാൽ സണ്ടക്കോഴി എന്ന സൂപ്പർഹിറ്റ് ചിത്രം ചെയ്തതിനു ശേഷമാണ് സിവപ്പതികാരം ചെയ്യുന്നത്. ആ ചിത്രം പരാജയപ്പെട്ടപ്പോൾ ഞാനൊരു ഭാഗ്യമില്ലാത്ത നായികയാണെന്ന തരത്തിൽ ഇൻ‌ഡസ്ട്രിയിൽ സംസാരമുണ്ടായി. ആ പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്കായി. ഇങ്ങനെയാണ് ചലച്ചിത്ര മേഖല എന്നു ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. 

 

സിവപ്പതികാരം ചെയ്യുന്നതിന് മുമ്പാണ് അരുന്ധതി എന്ന സിനിമയിലേക്ക് എനിക്ക് ക്ഷണം ലഭിക്കുന്നത്. പക്ഷേ തെലുങ്ക് സിനിമയിൽ‌ അഭിനയിക്കാൻ അന്നു പേടിയായിരുന്നു. ഒരു തെലുങ്ക് ചിത്രം പോലും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. ആ ഭാഷ പോലും ഞാൻ കേട്ടിട്ടില്ലായിരുന്നു. സിനിമയെക്കുറിച്ചുള്ള എന്റെ അറിവ് അത്രമേൽ പരിമിതമായിരുന്നു. അതു കൊണ്ട് തന്നെ ചില മികച്ച സംവിധായകരുടെ മികച്ച സിനിമകളിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചിട്ടില്ല. അരുന്ധതി വലിയ ഹിറ്റായിരുന്നു എന്ന് രാജമൗലി സാർ പറയുമ്പോഴാണ് ഞാൻ അറിയുന്നത്. എന്റെ കരിയറിലെ ഏറ്റവും വലിയ തെറ്റ് ഞാൻ ചെയ്തെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. കരിയിന്റെ ആദ്യ കാലത്ത് ഞാൻ എന്താണ് ചെയ്തിരുന്നതെന്ന് എനിക്കു പോലും അറിയില്ലായിരുന്നു. എന്നെ വിളിച്ചിരുന്ന നിർമാതാവോ സംവിധായകനോ ആരാണെന്ന് അന്വേഷിക്കാനുള്ള ആഗ്രഹം പോലും ഇല്ലായിരുന്നു. അത്രമേൽ നിസ്സംഗമായിരുന്നു ഞാൻ. 

 

ഹരിഹരൻ സാറിന്റെ വിളി വന്നപ്പോൾ അദ്ദേഹത്തെ കാണണം എന്നെനിക്ക് ഉണ്ടായിരുന്നു. കാരണം ഞാൻ കർണാട്ടിക് സംഗീത ക്ലാസ്സിൽ പോയിരുന്നത് സർഗം എന്ന അദ്ദേഹത്തിന്റെ സിനിമയുടെ ആരാധികയായതു കൊണ്ടു മാത്രമായിരുന്നു. ഇത്രയും അഭിനേതാക്കൾക്കൊപ്പം ഇത്രയും സംവിധായകർക്കൊപ്പം ഒക്കെ ജോലി ചെയ്തു. പക്ഷേ അവരുടെ മികച്ച വർക്കിലാണോ എനിക്ക് പങ്കാളിയാകാൻ സാധിച്ചത് എന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത്. 

 

15 വർഷത്തെ സിനിമ അനുഭവമാണോ നിർമാതാവാകാനുള്ള ധൈര്യം തന്നത്?

 

സിനിമ ഒരുപാടു മാറ്റങ്ങൾക്കു വിധേയമായ കാലത്തു അതിന്റെ ഭാഗമാകാൻ എനിക്ക് സാധിച്ചു. ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്ക് ഉള്ള മാറ്റം തുടങ്ങി പല വിപ്ലവകരമായ ചുവടു വയ്പ്പുകളും ഇക്കാലത്തു സംഭവിച്ചു. അതൊക്കെ നേരിൽ കാണാനും മനസ്സിലാക്കാനും സിനിമയെ അടുത്തറിയാനും കഴിഞ്ഞു. ഒരു സിനിമയുമായി നിർമാണരംഗത്തേക്ക് കടന്നു വരാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ കോവിഡ് 19 ആ‌ പ്രതീക്ഷകളെ അട്ടിമറിച്ചു.  അങ്ങനെയിരിക്കുമ്പോഴാണ് ഏകലവ്യൻ എന്നയാളുടെ പാട്ട് കേൾക്കുന്നത്. അങ്ങനെ അദ്ദേഹത്തെ വച്ച് ഒരു മ്യൂസിക്കൽ വിഡിയോ ചെയ്യാമെന്ന് തീരുമാനിച്ചു‌. അതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ലോകമേ' എന്ന വിഡിയോ. ഞാൻ നിർമിക്കുന്ന സിനിമ ഇതിനു പിന്നാലെ എത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com