ADVERTISEMENT

'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ പട്ടികയിലേക്ക് കുതിച്ചുയർന്ന താരമാണ് അമിത് ചക്കാലക്കൽ.  സിനിമാ നടനാകണം എന്ന സ്വപ്നവുമായി വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി നടന്ന് പിന്നീടു കഴിവുകൊണ്ട് നായക നടനായി മാറിയ അമിതിന്റെ മൂന്നു ചിത്രങ്ങളാണ് റിലീസിംഗിനായി തയ്യാറെടുക്കുന്നത്.  സിനിമ എന്ന സ്വപ്നത്തിലേക്കുള്ള തന്റെ പ്രയാണവും താണ്ടിയ കനൽ വഴികളെക്കുറിച്ചും അമിത് മനോരമ ഓൺലൈനിനോട് സംവദിക്കുന്നു....

 

എങ്ങനെയാണ് അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്?

 

മമ്മൂട്ടി ദ് ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിൽ ആണ് ആദ്യമായി ഞാൻ പങ്കെടുത്തത്.  അതിൽ ഫൈനൽ റൗണ്ടിൽ ഞാൻ പുറത്താക്കപ്പെട്ടു, അതിനു ശേഷം ഒരുപാട്  ഓഡിഷനിൽ പങ്കെടുത്തു. അവസരം ലഭിച്ചില്ല.  താടിയുള്ള മച്ചാന്മാർക്ക് എന്ന പേരിൽ ഹണി ബീ എന്ന സിനിമയുടെ ഒരു ഓഡിഷൻ നടക്കുന്നുവെന്നു കേട്ടു, അങ്ങനെ അതിൽ പങ്കെടുത്തു.  സിദ്ധിക്ക, ലാൽ, അസീം, സുരേഷേട്ടൻ എന്നിവരെ ആയിരുന്നു കഥാപാത്രങ്ങളായി തിരഞ്ഞെടുത്തിരുന്നത്. പക്ഷേ സിദ്ധിക്കയ്ക്ക് വേറെ ഒരു സിനിമയുടെ കണ്ടിന്യൂയിറ്റി പ്രശ്നം വന്നു താടി എടുക്കേണ്ടി വന്നപ്പോൾ അദ്ദേഹം അതിൽ നിന്നും മാറി. അങ്ങനെയാണ് ആ കഥാപാത്രത്തിനായി ഓഡിഷൻ നടന്നത്, ഞാൻ അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

 

താൻ പിന്തുടർന്ന സ്വപ്നം സാക്ഷാൽക്കരിച്ചു എന്ന് തോന്നിയതെപ്പോഴാണ്?

aha

 

ദുൽഖർ സൽമാൻ–ഗ്രിഗറി ടീമിന്റെ എബിസിഡി എന്ന സിനിമയിയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്തു ഞാൻ പോയിരുന്നു.  ആ സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിക്കാൻ കഴിഞ്ഞു. അതുപോലെ ഇന്ദ്രജിത്ത് ചേട്ടന്റെ  മസാല റിപ്പബ്ലിക് എന്ന സിനിമയിലും ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചു.  ഇപ്പോൾ ഒരു ഭാഗ്യമെന്നപോലെ ഞാൻ ലീഡ് റോൾ ചെയ്ത സിനിമയിൽ ഗ്രിഗറി ഉണ്ട് കൂടെ, പിന്നെ ഇന്ദ്രേട്ടന്റെ ഒപ്പം  ആഹാ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു.  ഞാൻ ആരാധിച്ചിരുന്ന ഇവരോടൊപ്പമൊക്കെ അഭിനയിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു,   ഇതൊക്കെ ‘ഡ്രീം കം ട്രൂ’ എന്ന പോലെ ആണ് തോന്നുന്നത്.

 

വീണ്ടും കഥാപാത്രങ്ങൾ താങ്കളെ തേടി എത്തുകയായിരുന്നോ?

 

ലാൽ ബഹദൂർ ശാസ്ത്രിയിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. അങ്ങനെയാണ് റെജീഷ് മിഥില എന്നെ വാരിക്കുഴിയിലെ കൊലപാതകം എന്ന പടത്തിൽ വിളിക്കുന്നത്.  അതാണ് എനിക്കൊരു ബ്രേക്ക് തന്ന മൂവി.  ഇപ്പോ യുവം എന്ന ചിത്രത്തിൽ ലീഡ് റോളിൽ അഭിനയിച്ചു.  ഇന്ദ്രേട്ടനോടൊപ്പം ആഹായിലും തുല്യ പ്രാധാന്യമുള്ള വേഷമാണ്.  ജിബൂട്ടിയിലും ഞാൻ ലീഡ് റോൾ ആണ് ഇത് മൂന്നും റിലീസിന് വേണ്ടി തയ്യാറെടുക്കുന്നു.   ജിബൂട്ടി ആഫ്രിക്കയിൽ ആയിരുന്നു ഷൂട്ടിങ്.  ലോകത്തു എല്ലായിടത്തും ഷൂട്ടിങ് നിർത്തി വച്ച  സമയത്തു അവിടെത്തെ ഗവൺമെന്റ് ഞങ്ങൾക്ക് ഷൂട്ട് ചെയ്യാനുള്ള സൗകര്യം  ഒരുക്കിത്തരികയായിരുന്നു.  പിന്നെ തിരിച്ചു വരാൻ കഴിയാതെ ഞങ്ങൾ അവിടെ പെട്ടുപോയി.  എല്ലാരുടെയും സഹായത്തോടെ തിരികെ എത്തുകയായിരുന്നു.  കൊറോണ സമയത്ത് ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമകളിൽ ഒന്നാണ് ജിബൂട്ടി.

yuvam-3

 

സിനിമയിൽ ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ

 

സിനിമയിൽ ആരുടേയും സഹായമില്ലാതെ എത്തിയ ഒരാളാണ് ഞാൻ.  സിനിമയിൽ സൗഹൃദങ്ങളും കുറവാണ്.  ഓരോ സിനിമയിലും ചെയ്ത ചെറിയ റോളുകൾ കണ്ടു താല്പര്യം തോന്നിയാണ്  സംവിധായകർ എന്നെ തേടി എത്തിയത്.  കോടികൾ മുടക്കി സിനിമ എടുക്കുന്ന ഒരാൾ  ഒരിക്കലും പരീക്ഷണം നടത്താനായി ഒരു നടനെ തെരഞ്ഞെടുക്കില്ല.  വാരിക്കുഴിയിലേക്ക് എന്നെ തെരഞ്ഞെടുക്കാൻ അവർക്ക് തോന്നിയത് എന്റെ ഭാഗ്യം തന്നെയാണ്.  

 

yuvam-movie

വളരെ സീനിയർ ആയ കലാകാരന്മാരോടൊപ്പമാണ് വാരിക്കുഴിയിൽ അഭിനയിച്ചത്. എന്നാൽ അവരെയെല്ലാം നിലക്ക് നിർത്താൻ പോന്ന ഒരു കഥാപാത്രം.  അത് കിട്ടിയപ്പോൾ അത് വളരെ ഭംഗിയാക്കണം എന്ന ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുളൂ, റിസൾട്ട് വന്നപ്പോ അത് നന്നായി.   ഞാൻ ഒരുപാട് ആഗ്രഹിച്ചാണ് ഈ ഫീൽഡിൽ എത്തിയത്.  മെക്കാനിക്കൽ എൻജിനീയർ ആണ് ഞാൻ, പക്ഷേ ഒരു ആക്ടർ ആകണം എന്നുള്ളതായിരുന്നു ആഗ്രഹം.  ഒന്നും എളുപ്പമല്ല എന്ന് അറിയാമായിരുന്നു, പക്ഷേ എനിക്ക് ഒരു ലക്ഷ്യമുണ്ട് അതിനായി ക്ഷമയോടെ കാത്തിരിക്കുക എന്നുള്ളതായിരുന്നു എനിക്ക് ചെയ്യാൻ കഴിയുന്നത്.  

 

എന്റെ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടേയിരിക്കുക.  അതിന്റെ ഫലമാണ് ഇപ്പോൾ കിട്ടുന്നത്.  2011 ൽ ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങിയ എനിക്ക് 2020 ആയപ്പോൾ 3 സിനിമകളിൽ ലീഡ് റോൾ ചെയ്യാൻ പറ്റി.  ഈ ഏഴെട്ടു വർഷം അത്ര എളുപ്പമായിരുന്നില്ല.  ഒരാളുടെ ജീവിതത്തിലെ ഏഴു വർഷങ്ങൾ ഒരു ലക്ഷ്യത്തിനായി മാറ്റി വയ്ക്കുക എന്നുള്ളത് അത്ര എളുപ്പമല്ല, പലതും നഷ്ടപ്പെടുത്തി, പക്ഷേ ഇന്ന് ഞാൻ ഹാപ്പി ആണ്.  ലീഡ് റോൾ ചെയ്യണം എന്നുള്ളതു ഒരു ആഗ്രഹമായിരുന്നു.  അത് സാധിച്ചതിൽ സംതൃപ്തി ഉണ്ട്

 

എന്ത് ധൈര്യത്തിലാണ് ആരുടേയും സഹായം ഇല്ലാതെ സ്വന്തം പ്രഫഷൻ മാറ്റി വച്ച് സിനിമക്ക് വേണ്ടി പ്രവർത്തിക്കാൻ ധൈര്യം ഉണ്ടായത്??

 

എന്നിലുള്ള എന്റെ വിശ്വാസമാണ് എന്റെ ധൈര്യം.  എന്റെ കുടുംബത്തിലുള്ളവരോ സുഹൃത്തുക്കളോ ആരും തന്നെ ഈ മേഖലയിൽ ഇല്ല, ഉപദേശിച്ചു  തരാനും ആരുമില്ല.  മനസ്സിൽ ഉള്ള ആഗ്രഹം ആരോടെങ്കിലും പറയാൻ തന്നെ പേടിയായിരുന്നു.  ആദ്യമൊക്കെ ഒരു കോംപ്ലക്സ് ആയിരുന്നു.  വെളുത്തു തുടുത്ത നായകന്മാരെ കണ്ടു വളർന്നവരാണ് നമ്മൾ അവിടെ എന്നെപ്പോലെ ഒരാളെ അംഗീകരിക്കുമോ എന്നുള്ള പേടി ഉണ്ടായിരുന്നു.  പക്ഷേ നമ്മുടെ സിനിമ വളരെ മാറിപ്പോയി ആൾക്കാർ പുരോഗമനപരമായി ചിന്തിച്ചു തുടങ്ങി.  

 

എന്റെ സീനിയർ ആയി പഠിച്ച ആളാണ് നിവിൻ പോളി, ആസിഫ് അലിയെ ചെറുതിലെ പരിചയമുണ്ട്, നമ്മുടെ ഇടയിലുള്ളവർ സിനിമയിലേക്ക് വന്നത് കണ്ടപ്പോ എനിക്കും ധൈര്യമായി ഒന്ന് ശ്രമിച്ചു നോക്കിയാലോ എന്ന് തോന്നി.  ആഗ്രഹം മനസ്സിൽ വച്ചുകൊണ്ടിരിക്കാതെ ശ്രമിക്കണം എന്ന് തോന്നി അങ്ങനെ ആണ്  ഓഡിഷനുകളിൽ  പോയി തുടങ്ങിയത്.  അവിടെനിന്നും നന്നായിട്ടുണ്ട് എന്ന അഭിപ്രായം കിട്ടി തുടങ്ങിയപ്പോൾ എനിക്ക് തന്നെ ആത്മവിശ്വാസം തോന്നിത്തുടങ്ങി.  അങ്ങനെ ആളുകളിൽ നിന്നും കൊള്ളാമെടാ എന്ന് കേട്ട കുഞ്ഞു കുഞ്ഞു മോട്ടിവേഷൻസ് ആണ് എനിക്ക് ഊർജ്ജം തന്നത്. “ക്യാമ്പ്” എന്ന ഒരു ഫെസ്റ്റിൽ ഞാൻ ആണ് വിൻ ചെയ്തത്.  

 

അങ്ങനെ സ്റ്റേജിൽ നിന്നും കിട്ടിയ കോൺഫിഡൻസ്, പിന്നെ ഹണി ബീ കഴിഞ്ഞപ്പോൾ ഒരുപാടു ആളുകൾ നല്ല അഭിപ്രായം പറഞ്ഞു, ഇതൊക്കെയായിരുന്നു എന്നെ മുന്നോട്ടു നയിച്ചത്.  വാരിക്കുഴി, സൈറ ബാനു ഈ സിനിമകളിൽ ഒക്കെ നല്ല ഫീഡ് ബാക്ക് ആണ് കിട്ടിയത്. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലുത്.  എന്റെ അഭിനയം ഇഷ്ടപ്പെട്ടിട്ടാകണം യുവം, ആഹാ, ജിബൂട്ടി  എന്ന ചിത്രങ്ങൾ എന്നെ ധൈര്യപൂർവം ഏൽപ്പിച്ചത്.  എന്നെ വിശ്വസിച്ച് കഥാപാത്രങ്ങൾ ഏൽപ്പിച്ച സംവിധായകരോട് എനിക്ക് കടപ്പാടുണ്ട്.  

 

സൈറ ബാനു എന്ന സിനിമ കഴിഞ്ഞപ്പോൾ ജയേട്ടൻ (ജയസൂര്യ) അഭിപ്രായം എഴുതിയ കൂട്ടത്തിൽ എന്റെ പേരും പരാമർശിച്ചിരുന്നു അതുപോലെ ചില സംവിധായകരും എഴുതി കണ്ടു.  ആ സിനിമയിലെ കഥാപാത്രം കണ്ടിട്ടാണ് വാരിക്കുഴിയിൽ കാസ്റ്റ് ചെയ്തത്.  ഞാൻ ചെയ്ത കഥാപാത്രങ്ങൾ കണ്ടു ഇഷ്ടപ്പെട്ടാണ് പിന്നീട് വന്ന ഓരോ കഥാപാത്രങ്ങളും എന്നെ തേടി വന്നത്.  ഒരു പിടിവള്ളിയും ഇല്ലാതെ ഞാൻ ഈ പണിക്ക് ഇറങ്ങണമെങ്കിൽ എനിക്ക്  ആത്മവിശ്വാസം ഉള്ളതുകൊണ്ടാണല്ലോ.  ഞാൻ 100% കോൺഫിഡന്റ് ആണ്.

 

കുടുംബത്തിൽ നിന്നുള്ള പ്രോത്സാഹനം?

 

വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ, ഭാര്യ, കുഞ്ഞ് എന്നിവരാണുള്ളത്.  വീട്ടുകാർക്ക് ഞാൻ ഇങ്ങനെയാകുമെന്നൊന്നും ഒരു ഐഡിയയും ഇല്ലായിരുന്നു.  ആദ്യമായി ഞാൻ അഭിനയിക്കുന്നത് പപ്പ കണ്ടത് ക്യാമ്പ് നടത്തിയ ടാലെന്റ് ഹണ്ടിന് ആയിരുന്നു.  അതിൽ ജയിച്ചു കണ്ടപ്പോൾ അദ്ദേഹത്തിന് സന്തോഷമായി, പപ്പ എന്നെ എതിർത്തിട്ടില്ല.  ഹണി ബീ കണ്ടിട്ടാണ് അമ്മയും മറ്റു ബന്ധുക്കളും ഒക്കെ  അറിയുന്നത്.  എല്ലാവരും ‘കൊള്ളാമെടാ നീ നന്നായി ചെയ്തു, ശ്രമിക്കൂ’ എന്ന് പറഞ്ഞു.  പിന്നെ വരിക്കുഴിയിലെ കൊലപാതകം കഴിഞ്ഞപ്പോൾ എല്ലാവർക്കും വിശ്വാസമായി.  നല്ലതാണെന്നു മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നതാണല്ലോ അവർക്കും സമാധാനം.  സിനിമ എന്ന് പറഞ്ഞു നടക്കുന്നത് കാണുമ്പോ  വീട്ടുകാർക്ക്   ആശങ്ക ഉണ്ടായിരുന്നു.  വാരിക്കുഴിയിലെ കൊലപാതകം  ഒരു ചാനലിൽ എല്ലാ മാസവും വരുന്നുണ്ട്, പിന്നെ മൂന്നു വലിയ സിനിമകൾ ചെയ്യാൻ കഴിഞ്ഞതും ഒക്കെ കാണുമ്പോൾ വീട്ടുകാർക്ക് സന്തോഷമാണ്.  വളരെ നാളായി അറിയാവുന്ന കുട്ടിയെ ആണ് ഞാൻ വിവാഹം കഴിച്ചത്.   പക്ഷേ ഞാൻ ഇങ്ങനെയൊക്കെ ആകുമെന്ന് ഭാര്യ പ്രതീക്ഷിച്ചിട്ടില്ല.  മൂത്ത മകൻ ആയിട്ട് കൂടി ഒരു പ്രഷറും തരാത്ത, എന്നെ വിശ്വസിക്കുന്ന കുടുംബമാണ് എന്റെ  ശക്തി.

 

പുതിയ ചിത്രങ്ങൾ?

 

ചില ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്.  പക്ഷേ കോവിഡ് ആയതു കാരണം ഒന്നും നടക്കുന്നില്ല.  ചില ചിത്രങ്ങൾ വിദേശത്തൊക്കെ ചിത്രീകരിക്കേണ്ട ആവശ്യമുണ്ട് അതുകൊണ്ടു എപ്പോഴാണ് ഷൂട്ടിങ് നടക്കുക എന്ന് അറിയില്ല.  പൂർത്തിയായ ചിത്രങ്ങൾ എല്ലാം ഇതിനു മുന്നേ ഇറങ്ങേണ്ടതാണ്.  കോവിഡ് ആണ് എല്ലാം മുടക്കിയത്.  സിനിമയിലേക്ക് വരുന്ന ഏതൊരാളിന്റെയും ആഗ്രഹമാണല്ലോ ഒരു ലീഡ് റോളിൽ അഭിനയിക്കുക എന്നുള്ളത്, അത് സാധിച്ചതിനു ശേഷം സിനിമ പുറത്തിറങ്ങാൻ കഴിയാതെ ഇരിക്കുക എന്നുള്ളത് വിഷമം പിടിച്ച കാര്യമാണ്.  ലോകത്തു ഇന്നുവരെ ഇല്ലാത്ത ഒരു പ്രതിസന്ധി ആണ്, ലോകം മുഴുവൻ തിയറ്ററുകൾ അടച്ചിടേണ്ടി വരുക എന്നുള്ളത്.  ഒരു നടനും ഫേസ് ചെയ്തിട്ടില്ലാത്ത ഒരവസ്ഥ ആണ്, പക്ഷേ ഇവിടെ വരെ എത്തിയില്ലേ  ഇനിയും എന്ത് വന്നാലും ഫേസ് ചെയ്യും, ഫൈറ്റ് ചെയ്യും . ചിത്രങ്ങളുടെ വർക്കുകൾ കഴിഞ്ഞിട്ടേ ഉള്ളൂ, ഇപ്പോൾ ഞാൻ ചെയ്ത സിനിമകൾ തന്നെ എടുത്തു വീണ്ടും കണ്ടു എങ്ങനെ നന്നാക്കാം എന്നൊക്കെ നോക്കുകയാണ്.

 

സിനിമ എന്ന് പറയുന്നത് ലക്ഷങ്ങളും കൊടികളും ചെലവഴിക്കുന്ന ഇൻഡസ്ട്രി ആണ്.  കാണികൾക്ക് ഇതൊരു നേരംപോക്ക് മാത്രമാണ്.  പക്ഷേ സിനിമക്ക് പിറകിൽ വർക് ചെയ്യുന്നവർക്ക് ഇതൊരു തൊഴിലാണ്.  ലക്ഷങ്ങളുടെയും കോടികളുടെയും കണക്കു പറയുന്ന സിനിമകളുടെ പിന്നിൽ അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്നവർ ഒരുപാടുണ്ട്.  ഏതു മേഖലയിൽ ജോലി ചെയ്യുന്നവരെയുംപോലെ സാധാരണ ശമ്പളം പറ്റുന്ന ജോലിക്കാരുണ്ട്.  എല്ലാ തൊഴിൽ മേഖലയെയും പോലെ തന്നെ ഇതും ഒരു തൊഴിൽ മേഖലയാണ്.  ഒരുപാട് പേരുടെ വീടുകളിൽ അടുപ്പു പുകയുന്നില്ല.  എല്ലാ തൊഴിലാളികളെയും പരിഗണിക്കുന്നതുപോലെ ഈ കോവിഡ് കാലത്ത് സിനിമാപ്രവർത്തകരെയും പരിഗണിക്കണം എന്നൊരു അപേക്ഷയുണ്ട്.  എല്ലാ മേഖലയും പഴയപോലെ പ്രവർത്തിച്ചു സാധാരണ നിലയിലേക്ക് വരുന്ന ഒരു കാലത്തിനായി നമുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com