കഥ കേട്ടപ്പോൾ ഭാര്യ ചോദിച്ചു, ഇതു ചെയ്യണോ?: സാറയുടെ കഥയുമായി ജൂഡ് ആന്റണി

jude-anthony-joseph
SHARE

കോവിഡുകാലത്തെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയും സിനിമാചിത്രീകരണവും ജാഗ്രതയുടെ നാലുമുറിച്ചുവരുകളിലേക്കും ഒറ്റ ലൊക്കേഷനിലെ ഇട്ടാവട്ടങ്ങളിലേക്കും ചെറിയ സംഘങ്ങളിലേക്കും ചുരുങ്ങുന്നതിനിടയിൽ പതിവു പോലെ കൂളായി സിനിമയെടുത്ത് അദ്ഭുതപ്പെടുത്തുകയാണ് സംവിധായകൻ ജൂഡ് ആന്റണി. 38 ലൊക്കേഷനിലായി പ്രമുഖ താരങ്ങളും നൂറിലധികം ജൂനിയർ ആർടിസ്റ്റുകളെയും ഉൾപ്പെടുത്തി പൂർത്തിയാക്കിയ ചിത്രം ഒരു കോവിഡ് കാലത്ത് ചിത്രീകരിച്ചതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. 

തിരക്കേറിയ മാർക്കറ്റ്, ഷോപ്പിങ് മാൾ, തിയറ്റർ, കപ്പൽ, മെട്രോ, ആശുപത്രി എന്നു വേണ്ട ഒരു വിധം എല്ലാ സ്ഥലങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ട് നടക്കാത്ത ഒരേയൊരു സ്ഥലം ഒരു പക്ഷേ എയർപോർട്ട് മാത്രമാകുമെന്ന് കുസൃതിച്ചിരിയോടെ സംവിധായകൻ പറയുമ്പോൾ അതിൽ കോവിഡിനോടുള്ള വെല്ലുവിളിയില്ലേ എന്നു ന്യായമായും സംശയിക്കാം. പക്ഷേ, അങ്ങനെയല്ല കാര്യങ്ങൾ. സുരക്ഷാമുൻകരുതലുകൾക്കായി ചെലവഴിച്ച പണമാണ് ഈ കൊച്ചുചിത്രത്തിന്റെ ബജറ്റിനെ റോക്കറ്റ് പോലെ ആകാശത്തേക്ക് ഉയർത്തിയത്. ആ ചിത്രത്തിന്റെ പേരാണ് സാറാസ്! നായിക അന്ന ബെൻ. അമ്മയാകാൻ താൽപര്യമില്ലാത്ത ഒരു പെൺകുട്ടിയുടെ കഥയാണ് സാറാസ്. ഓം ശാന്തി ഓശാനയ്ക്കും ഒരു മുത്തശ്ശി ഗദയ്ക്കും ശേഷം വീണ്ടുമൊരു സ്ത്രീകേന്ദ്രീകൃത കഥയുമായാണ് ജൂഡിന്റെ വരവ്. ഒരു സിനിമ പോലെ ഏറെ സസ്പെൻസും ട്വിസ്റ്റും നിറഞ്ഞതാണ് പുതിയ ചിത്രത്തിന്റെ അണിയറക്കഥകൾ. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ ജൂഡ് ആന്റണി മനോരമ ഓൺലൈനിൽ. 

പറഞ്ഞാൽ വിശ്വസിക്കുമോ?

സാറാസ് എന്ന സിനിമ കോവിഡ് സമയത്ത് ഷൂട്ട് ചെയ്തതാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മിനിമം ഒരു നൂറു പേരെങ്കിലും ജൂനിയർ ആർടിസ്റ്റുകൾ ഉണ്ടായിരുന്നു. എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കി. എല്ലാവർക്കും ഭക്ഷണം പ്രത്യേകം പാക്കറ്റുകളിലാക്കിയാണ് നൽകിയത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചു. ചിത്രീകരണത്തിനു ശേഷവും ആരും കോവിഡ് പോസിറ്റീവ് ആയില്ല. ഈ സമയത്ത് 38 ലൊക്കേഷനിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കി എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

jude-4

പക്ഷേ, എല്ലാം നല്ല രീതിയിൽ നടന്നു. ഡോ. അക്ഷയ് ഹരീഷിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം നിമിഷ് രവി. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റിങ് റിയായ് ബദർ, കലാസംവിധാനം മോഹൻദാസ്. കോസ്റ്റ്യൂംസ് സമീറ സനീഷ്. മേക്കപ്പ് റോണെക്സ് സേവ്യർ. അന്ന ബെൻ, സണ്ണി വെയ്ൻ, വിനീത് ശ്രീനിവാസന്‍, അജു വർഗീസ്, സിജു വിൽസൺ, സ്രിന്ദ തുടങ്ങിയവരെ കൂടാതെ ചില സർപ്രൈസ് താരങ്ങളുമുണ്ട്. 

ആദ്യം ഫ്ലാഷ്ബാക്ക്

jude-2

കോവിഡ് ലോക്ഡൗൺ തുടങ്ങിയ സമയത്ത് സിനിമ ചെയ്യാൻ പറ്റിയ നല്ല കഥകൾ അയയ്ക്കാൻ ആവശ്യപ്പെട്ട് ഞാനൊരു പോസ്റ്റ് സമൂഹമാധ്യമത്തിൽ ഇട്ടിരുന്നു. ആയിരത്തി ഒരുന്നൂറോളം കഥകൾ കിട്ടി. അതിൽ നിന്ന് ഏഴെണ്ണം തിരഞ്ഞെടുത്ത് അതു തിരക്കഥയായി വികസിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. നാലു പേർ തിരക്കഥയാക്കി നൽകി. അതിലൊന്നായിരുന്നു ഡോ. അക്ഷയ് ഹരീഷിന്റെ തിരക്കഥ. എന്നാൽ, അത് ഇപ്പോൾ ചെയ്യാൻ കഴിയുന്ന സബ്ജക്ട് ആയിരുന്നില്ല. വലിയ ബജറ്റ് വേണമായിരുന്നു. വേറെ എന്തെങ്കിലും നോക്കാമോ എന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഡോ. അക്ഷയ് അക്കാര്യം വെളിപ്പെടുത്തിയത്.

jude-anna

അതായത്. ഡോ. അക്ഷയ്, ഞാൻ ഓം ശാന്തി ഓശാന കോഴിക്കോട് മെഡിക്കൽ കോളജിൽ ഷൂട്ട് ചെയ്ത സമയത്ത് അവിടത്തെ വിദ്യാർത്ഥി ആയിരുന്നു. അതിലെ ചില രംഗങ്ങളിൽ ജൂനിയർ ആർടിസ്റ്റായി അഭിനയിച്ചിട്ടുമുണ്ട്. ഓർക്കുന്നുണ്ടോ എന്നു അക്ഷയ് ചോദിച്ചു. എനിക്കത് വലിയ സർപ്രൈസ് ആയിരുന്നു. ആ സിനിമയിലെ തന്നെ ഒരു രംഗത്തിൽ നിന്ന് ഞാനൊരു കഥ പറയട്ടെ എന്നായി അക്ഷയ്. അതിൽ നിന്നാണ് സാറാസ് എന്ന സിനിമ ഉണ്ടാകുന്നത്.  

jude-team

സിനിമയിലെ സർപ്രൈസുകൾ

ഓം ശാന്തി ഓശാനയിലെ രംഗത്തിൽ നസ്രിയയുടെ മുടിയിലെ ക്ലിപ് തൊട്ടടുത്തിരിക്കുന്ന ദമ്പതികളുടെ കയ്യിലെ കുഞ്ഞ് പിടിച്ചുവലിക്കുന്നുണ്ട്. ആ രംഗമാണ് അക്ഷയ്ക്ക് പ്രചോദനമായത്. പ്രസവിക്കാൻ ഇഷ്ടമില്ലാത്ത പെൺകുട്ടി എന്ന ത്രെഡ് എങ്ങനെയിരിക്കും എന്ന് അക്ഷയ് ചോദിച്ചു. അത് എനിക്ക് ഇഷ്ടപ്പെട്ടു. അതു ഡവലപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. എല്ലാ സ്ത്രീകളും മാതൃത്വം ആസ്വദിക്കണമെന്നില്ലല്ലോ. അങ്ങനെയൊരു കഥാപാത്രമാണ് ചിത്രത്തിലെ നായിക. അന്ന ബെൻ ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സംവിധായിക ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടി.അവരുടെ ആദ്യ ചിത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

jude-1

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ചു പാടുന്ന സിനിമയാണ് സാറാസ്. കലക്ടർ ബ്രോ പ്രശാന്ത്, അവതാരക ധന്യ വർമ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പിന്നെ, ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കഥാപാത്രമാണല്ലോ സിനിമയുടെ പ്രചോദനം. അതുകൊണ്ട് നസ്രിയയ്ക്ക് ഒരു സർപ്രൈസും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

കഥ കേട്ടപ്പോൾ ഭാര്യ ചോദിച്ചു, ഇതു ചെയ്യണോ?

ഞാൻ ഈ പടത്തിന്റെ കഥ വീട്ടിൽ പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞത്, ഇതു ചെയ്യരുതെന്നാണ്. കുട്ടികളെ ഇഷ്ടമല്ലാത്ത അമ്മ എന്നു പറയുന്നത് ആർക്കും സ്വീകാര്യമാകില്ലെന്ന് അവൾ പറഞ്ഞു. ഞാൻ പടത്തിന്റെ തിരക്കഥ അവൾക്കു വായിക്കാൻ കൊടുത്തു. വായിച്ചു കഴിഞ്ഞപ്പോൾ അവൾ നിലപാടു മാറ്റി. ഇതുപോലെ തന്നെ ചെയ്യണമെന്നു പറഞ്ഞ് ഒപ്പം നിന്നു. അതായത്, ഒരു സ്ത്രീ എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും ഒരാളുടെ സ്വാതന്ത്യമാണ് അവർ വിവാഹം ചെയ്യണോ, പ്രസവിക്കണോ എന്നൊക്കെയുള്ളത്. ഇപ്പോഴത്തെ കാലഘട്ടത്തിൽ പറയേണ്ട ഒരു വിഷയമാണെന്നു തോന്നി. കല്ല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാവരും ചോദിക്കുന്നത് വിശേഷമായോ എന്നല്ലേ? ഈ ചോദ്യത്തിന്റെ സമ്മർദ്ദം കൊണ്ടു മാത്രം കുട്ടികളെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതർ ആയവരുണ്ട്. കുട്ടികളില്ലാത്ത ദമ്പതികളുടെ അടുത്ത് വളരെ മോശമായാണ് സമൂഹം പെരുമാറുന്നത്. കുട്ടികളെ വേണ്ടെന്നു വച്ചാൽ എന്താണ് തെറ്റ് എന്നു ചോദിക്കുന്ന ഒരു പടമാണ് സാറാസ്. കുട്ടികളെ ഉണ്ടാക്കാൻ മാത്രമല്ലല്ലോ നമ്മൾ ജീവിക്കുന്നത്. അക്കാര്യം സിനിമ സംവദിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. 

sunny-jude

ഇതുവരെ ചെയ്തതിൽ വെല്ലുവിളി നിറഞ്ഞത്

എന്റെ ഓരോ സിനിമ കഴിയുമ്പോഴും ഞാൻ വിചാരിക്കും അടുത്തത് ഒരു നായകനെ വച്ച് സിനിമ എടുക്കണം എന്ന്. നായകനു വേണ്ടി ഒരു സിനിമയെടുക്കണമെന്ന് വിചാരിച്ചാലും ഒടുവിൽ കറങ്ങിത്തിരിഞ്ഞ് സ്ത്രീ കഥാപാത്രത്തിൽ തന്നെ എത്തും. എന്റെ ഭാര്യ ഈ കാര്യം പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. എന്റെ കഴിഞ്ഞ രണ്ടു സിനിമയേക്കാൾ എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ഇത്. കാരണം, നാളെ ഈ സിനിമ എന്റെ മകൾ കാണുകയാണെങ്കിൽ അവർക്ക് എന്നെയോർത്ത് അഭിമാനം തോന്നും. അങ്ങനെയൊരു സിനിമയാണിത്.

എന്നെ സംബന്ധിച്ച് ഈ സിനിമ വലിയൊരു വെല്ലുവിളി ആയിരുന്നു. ഈ സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്ക്  ഇത് ജൂഡ് ആന്റണിയുടെ സിനിമ തന്നെയാണോ എന്ന് സംശയം തോന്നണം. അയാൾ ഇങ്ങനെയും സിനിമ എടുക്കുമോ എന്നു പ്രേക്ഷകരെക്കൊണ്ട് ചോദിപ്പിക്കുന്ന സിനിമയാകണമെന്നു നിർബന്ധമുണ്ടായിരുന്നു. അത്രയും ഈ സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA