ADVERTISEMENT

ഈ കോവിഡ് കാലത്തും  മലയാള ചിത്രത്തിലഭിനയിക്കാൻ കൊൽക്കത്തയിൽ നിന്നും കേരളത്തിലെത്തിയിരിക്കുകയാണ് ബംഗാളി സിനിമാലോകത്തെ തിരക്കേറിയ താരം പായൽ മുഖർജി. സോഹൻലാൽ സംവിധാനം ചെയ്യുന്ന 'ഈവ'എന്ന ഹ്രസ്വചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കാനാണ് പായൽ പറന്നു വന്നത്. ഏറെ ആഘോഷിക്കപ്പെട്ട മാധവിക്കുട്ടിയുടെ 'നീർമാതളത്തിന്റെ പൂക്കളു'ടെ സംവിധായകനായ സോഹൻലാൽ പതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് വീണ്ടുമൊരു ഹ്രസ്വചിത്രം ഒരുക്കുന്നത്. 

payal-mugharjee

 

payal-2

ഹൈവേയോടു ചേർന്ന പബ്ലിക് ടോയ്‌ലെറ്റിൽ വസ്‌ത്രങ്ങൾ നഷ്ടപ്പെട്ട് ഒരു രാവും പകലും കഴിയേണ്ടി വന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവൾ കേൾക്കുന്ന ശബ്ദങ്ങളിലൂടെയാണ്‌ കഥ പറയുന്നത്. ബോൾഡ് ആയ രംഗങ്ങൾ ഏറെയുള്ള ചിത്രം പായലിന്റെ അഭിനയജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാകും.

 

"ഇരുപത്തിനാല് വയസുള്ള ഒരു ട്രാഫിക് പൊലീസുകാരി. ഈവയെകുറിച്ചു ആദ്യം അറിഞ്ഞത് ഇത്രമാത്രമാണ്." ബംഗാളി ചുവയുള്ള ഹിന്ദിയും ഇംഗ്ലിഷും കലർത്തി പായൽ പറഞ്ഞു: ‘ഒരു പ്രോജക്ടിലേക്കു എന്നെ വലിച്ചടുപ്പിക്കുന്നതു അതിന്റെ സബ്‌ജക്‌ടാണ്‌. ഈവയുടെ സബ്‌ജക്‌ട് കേട്ടപ്പോൾ എനിക്ക് പിന്നെ ഇവിടെ വന്നിതു എത്രയും പെട്ടെന്ന് ചെയ്തേ പറ്റൂ എന്നായി.’–പായൽ പറഞ്ഞു തുടങ്ങി.

 

ആദ്യമായാണോ കേരളത്തിൽ ?

 

അതെ. കേരളത്തിലേക്കെന്നല്ല തെന്നിന്ത്യയിലേയ്ക്കു തന്നെ ഇതെന്റെ ആദ്യ വരവാണ്. ആഗ്രഹമുണ്ടെങ്കിലും പുറത്തൊന്നും ഇറങ്ങി സ്ഥലം കണ്ടു നടക്കാൻ പറ്റിയ കാലമല്ലല്ലോ! എങ്കിലും ഷൂട്ടിങിനിടയ്‌ക്കൊരു ബ്രേക്ക് കിട്ടിയപ്പോൾ കോവളത്തു പോയി. 

 

payal-3

മലയാളത്തിലേക്ക് ക്ഷണം ലഭിച്ചത് എങ്ങനെയാണു? 

 

സംവിധായകൻ സോഹൻലാലിന്റ ഒരു സുഹൃത്ത് കൊൽക്കത്തയിലുണ്ട്, റുബിയാ ബാനർജീ. റുബിയാ ദീ ആണ് ഈവയുടെ കഥ എന്നോടാദ്യം പറഞ്ഞത്. കേട്ടപ്പഴേ എനിക്കിഷ്ടമായി. 

 

ഈവയുടെ കഥ എന്താണ് ?

 

ഹൈവേയോടു ചേർന്ന പബ്ലിക് ടോയ്‌ലെറ്റിൽ വസ്‌ത്രങ്ങൾ നഷ്ടപ്പെട്ട് ഒരു രാവും പകലും കഴിയേണ്ടി വന്ന പെൺകുട്ടിയാണ് ഈവ. അവൾ കേൾക്കുന്ന ശബ്ദങ്ങളിലൂടെയാണ്‌ കഥ പറയുന്നത്. 

 

വളരെ ബോൾഡായ ചില സീനുകളൊക്കെയുണ്ട്. ഇത്രയേറെ ബോൾഡായി  ഞാനിതിനു മുൻപ് കാമറയുടെ മുന്നിൽ നിന്നിട്ടുമില്ല.സബ്ജക്ട് ആവശ്യപ്പെടുന്നതാണത്, അതുകൊണ്ടാണ് അത് ചെയ്തത്.

 

പുതിയ പ്രോജക്ടുകൾ ?

 

ഞാൻ ഹീറോയിൻ ആയ 'മേക്ക് അപ്പ്' എന്ന ഒരു ഫിലിം ബംഗ്ലാദേശിൽ ഈ മാസം റിലീസ് ചെയ്യുന്നുണ്ട്. 'വഹ് 3 ദിൻ' എന്ന ഹിന്ദി ഫിലിം അടുത്ത മാസം  ആമസോൺ പ്രൈമിൽ വരും. ഒറിയ ചിത്രം 'മുമ്മ വെഡ്‌സ് പപ്പ', ഇന്ദ്രദീപ് ദാസ് ഗുപ്‌തയുടെ 'ആഗന്തുക്' എന്നിവയാണ് റിലീസ് ആകാനുള്ള മറ്റു ചിത്രങ്ങൾ.

 

രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ മാർക്കറ്റ് മുന്നിൽ കണ്ടുകൊണ്ടു നിർമിക്കുന്ന ഷോർട് ഫിലിം ആണ് ഈവ. ഇതേകഥ കെ. പി. മുരളീധരൻ ചിത്രപുസ്തക രൂപത്തിലും ഒരുക്കുന്നുണ്ട്. ഗ്രിഫിൻ മാർക്ക് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അനോഖ രാജനാണ്‌ നിർമ്മാണം. എഡിറ്റിങ് മനോജ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com