ADVERTISEMENT

കൈനിറയെ ചിത്രങ്ങളാണ് സിജു വിൽസണ്. കോവിഡ് വ്യാപിച്ചിരുന്നില്ലെങ്കിൽ സിജു ചെയ്തു തീർത്ത നാല് ചിത്രങ്ങൾ ഇതിനോടകം തന്നെ തിയറ്ററുകളിൽ എത്തുമായിരുന്നു.  അതിനിടെയാണ് വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ബ്രഹ്മാണ്ഡസിനിമയിൽ‍ സിജു വിൽസൺ നായകനാകുന്നു എത്തുന്ന വാർത്തകൾ പുറത്തുവരുന്നത്.  സിജുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഇത്.  ചിത്രത്തിനായി കഠിനമായ ശാരീരിക വ്യായാമങ്ങളും ആഹാര നിയന്ത്രണവും ചെയ്യുകയാണ് താരം ഇപ്പോൾ.  ഇതിന്റെ പ്രതിഫലനം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലും കാണാം.  തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തിലേക്കുള്ള യാത്രയെക്കുറിച്ച് സിജു വിൽസൺ മനോരമ ഓൺലൈനിനോട്....

 

ആറാട്ടുപുഴ വേലായുധപണിക്കർ എന്ന ഇതിഹാസ കഥാപാത്രത്തിലേക്കുള്ള യാത്ര 

siju-wilson

 

കോവിഡ് കാലത്ത് ചിത്രങ്ങളുടെ റിലീസ് നടക്കാതെ നല്ല ഭക്ഷണമൊക്കെ അടിച്ച് വീട്ടിലിരിക്കുമ്പോഴാണ്  എ.കെ. സാജൻ ചേട്ടൻ എന്നെ വിളിച്ച് വിനയൻ സർ അന്വേഷിക്കുന്നു എന്ന് പറഞ്ഞത്.  അങ്ങനെയാണ് വിനയൻ സാറിനെ കാണാൻ പോകുന്നത്.  അദ്ദേഹം ഇങ്ങനെ ഒരു സിനിമയുടെ കാര്യം പറഞ്ഞു.  പിന്നെയും കുറച്ചു നാൾ കഴിഞ്ഞു, ജൂലൈയിൽ ആണ് ഔദ്യോഗിക സ്ഥിരീകണം ഉണ്ടായത്.  വിനയൻ സാറിന്റെ ഒരു സിനിമയിൽ അഭിനയിക്കണം എന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു.  ഒരുപാടു നല്ല ചിത്രങ്ങൾ ചെയ്ത സംവിധായകനാണ്.  മണി ചേട്ടൻ, ജയസൂര്യ ഇങ്ങനെയുള്ള നടന്മാരുടെ കഴിവ് പുറത്തുകൊണ്ടു വന്നിട്ടുള്ള സംവിധായകനാണ്.  അദ്ദേഹം ഇങ്ങനെ ഒരു റോൾ തന്നപ്പോൾ ആദ്യം അമ്പരപ്പായിരുന്നു പിന്നെ ആകാംക്ഷ ആയി.  അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റുന്നത് ശരിക്കും ഒരു പരിശീലന കളരി തന്നെയാണ്.  

 

കഥാപാത്രത്തിനുവേണ്ടിയുള്ള തയാറെടുപ്പുകൾ 

 

varayan-movie-first-look

കഴിഞ്ഞ നാലഞ്ചു മാസമായിട്ട് സിനിമയ്ക്കുവേണ്ടിയുള്ള തയാറെടുപ്പായിരുന്നു.  വർക്ക്ഔട്ടും കളരിയും ഒക്കെ ചെയ്യുന്നുണ്ട്. വർക്ക് ഔട്ട് തുടങ്ങി രണ്ടര മാസം കഴിഞ്ഞപ്പോൾ കോവിഡ് ബാധിച്ചു.  അന്നുവരെ ചെയ്തുകൊണ്ട് വന്ന മുറകൾ എല്ലാം തെറ്റി.  പിന്നെ ഒന്നര മാസം കഴിഞ്ഞാണ് എല്ലാം പുനഃരാരംഭിക്കാൻ കഴിഞ്ഞത്.  പക്ഷേ എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടി വന്നു.  സിനിമയ്ക്കായി ഒരു പേർസണൽ ട്രെയിനർ ഉണ്ട്.  കളമശ്ശേരിയിലുള്ള ഒരു സെന്ററിൽ ആണ് ചെയ്യുന്നത്. 

 

പിന്നെ കുതിരയോട്ടം പരിശീലിക്കുന്നുണ്ട്.  അത് അത്ര എളുപ്പമുള്ള പണിയല്ല.  മനുഷ്യനേക്കാൾ പേടിയുള്ള ജീവിയാണ് കുതിര.  അത് പേടിച്ച് പ്രതികരിക്കും.  അതിനോട് ഇണങ്ങിയാൽ മാത്രമേ അതിനെ നിയന്ത്രിക്കാൻ കഴിയൂ.    എങ്കിലേ നമ്മൾ ഉദ്ദേശിക്കുന്ന ഫലം കിട്ടൂ.  മമ്മൂക്ക ഒക്കെ ഈ പ്രായത്തിലും എത്ര നന്നായാണ് കുതിരയെ നിയന്ത്രിക്കുന്നത്.  പള്ളുരുത്തിയിൽ ബ്ലാക്ക് സ്റ്റാലിയൻ എന്നൊരു അക്കാദമിയിലും പറവൂരിനടുത്ത് വിൻഡേജ് ഹോഴ്സ് റൈഡിങ് ക്ലബ് എന്നിവിടങ്ങളിയായിട്ടാണ് ഹോഴ്സ് റൈഡിങ് പഠിക്കുന്നത്.

 

siju-wilson-wife

ഈ ചരിത്ര പുരുഷന്റെ കഥാപാത്രത്തിനായി സമീപിച്ചപ്പോൾ ചെയ്തു ഫലിപ്പിക്കാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നോ?  

 

siju-wilson-2

കഥാപാത്രം ഏറ്റെടുക്കാൻ പേടി ഒന്നും ഇല്ലായിരുന്നു.  ഒന്ന് രണ്ടു സിനിമകളിൽ ഇപ്പോൾ  ലീഡ് റോൾ ചെയ്തു കഴിഞ്ഞതുകൊണ്ട്  ആത്മവിശ്വാസം ഉണ്ട്.  അതിനു മുമ്പായിരുന്നെങ്കിൽ ചിലപ്പോൾ ആശങ്ക ഉണ്ടായിരുന്നേനെ.   ഞാൻ എന്തായാലും അഭിനയിക്കാനായി ഇറങ്ങിതിരിച്ചതാണ്.  എന്റെ ജോലി ആണിത് ഏതു വേഷം കിട്ടിയാലും ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണ്.  ഓരോ മീറ്റിങ്ങിലും വിനയൻ സർ നന്നായി പറഞ്ഞു തരുന്നുണ്ട്.  നല്ല കോൺഫിഡൻസ് തരികയും പ്രചോദനം തരികയും ചെയ്യാറുണ്ട്.   

 

ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന അധികം പ്രകീർത്തിക്കാത്ത ഒരു ഹീറോ ആയി ആണ് ഞാൻ അഭിനയിക്കാൻ പോകുന്നത്.  ഈ ഒരു ചരിത്ര പരുഷനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു, എനിക്ക് തോന്നുന്നത് കേരളത്തിലെ ഒട്ടുമിക്ക ജനങ്ങൾക്കും അദ്ദേഹത്തെ അറിയില്ല എന്നാണ്.  പക്ഷോ അദ്ദേഹം അറിയപ്പെടേണ്ട വ്യക്തിയാണ്.  അദ്ദേഹത്തിന്റെ സമരങ്ങളെക്കുറിച്ചും സമരരീതികളെക്കുറിച്ചും വിനയൻ സാർ പറയുമ്പോഴാണ് അറിയുന്നത്.  പിന്നീട് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു, ഒരുപാടു വായിച്ചു.  എല്ലാവരാലും അറിയപ്പെടേണ്ട ആദരവ് അർഹിക്കുന്ന ഒരു ഹീറോയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ.  അത്തരമൊരു ഇതിഹാസ നായകനെ സ്ക്രീനിൽ കൊണ്ടുവരിക എന്നുള്ളത് വളരെ വലിയ കാര്യം തന്നെയാണ്.  അതിൽ ഒരു പാളിച്ചയും സംഭവിക്കാതെ ഏറ്റവും ഗംഭീരമായി അവതരിപ്പിക്കാൻ കഴിയണം എന്നാണു ആഗ്രഹിക്കുന്നത്.  നമ്മുടെ പ്രേക്ഷകരുടെ നിലവാരം ഒരുപാട് കൂടുതലാണ്.  അവരുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരാൻ കഴിയണം.  വിനയൻ സാർ വളരെ പ്രഗത്ഭനായ ഒരു സംവിധായകനാണ്, ഞാൻ അദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്.

 

സിനിമയുടെ റിലീസ് 

 

ഷൂട്ട് ഫെബ്രുവരി 1 നു തുടങ്ങാനിരിക്കുന്നതെ ഉള്ളൂ.  പാലക്കാട് ചേർത്തല ഒക്കെയാണ് ലൊക്കേഷൻ.   ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്യണം എന്നാണ് വിനയൻ സർ പ്ലാൻ ചെയ്യുന്നത്.  ഇതൊരു പീരീഡ് മൂവി ആയതു കൊണ്ടുതന്നെ ആ ഒരു കാലഘട്ടത്തിലേക്ക് സിനിമയെ എത്തിക്കേണ്ടതുണ്ട് അതുകൊണ്ടു പോസ്റ്റ് പ്രൊഡക്‌ഷൻ വർക്ക് ഒക്കെ വളരെ പ്രധാനമാണ്.  ഏറ്റവും ഭംഗിയായി പ്രേക്ഷകർക്ക് മുന്നിൽ ഈ വീരപുരുഷനെ എത്തിക്കണം എന്നാണു ആഗ്രഹം.

 

കഠിനമായ പരിശീലന നാളുകൾ 

 

അതെ, ആറാട്ടുപുഴ വേലായുധപണിക്കർ ആയി മാറാൻ കഠിനമായ പരിശ്രമം ചെയ്യുന്നുണ്ട്.  വളരെ സിസ്റ്റമാറ്റിക് ആയ വർക്ക് ഔട്ടിനോടൊപ്പം ഡയറ്റ് നോക്കുന്നുണ്ട്.  ശരിക്കും കുതിരയുടെ ജീവിതമാണ് ഇപ്പോൾ.  ഞാൻ ഒരു ആഹാരപ്രിയനാണ്.  പക്ഷേ ഈ സിനിമക്ക് വേണ്ടി എന്റെ എല്ലാ പ്രിയ ഭക്ഷണങ്ങളും ഉപേക്ഷിച്ചു.  ട്രെയിനർ നിർദ്ദേശിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ.  ടേസ്റ്റ് ഒന്നും നോക്കാറില്ല, നോൺവെജ് ഒക്കെ കഴിക്കുന്നുണ്ടെങ്കിലും നാം ഉദ്ദേശിക്കുന്ന ടേസ്റ്റ് ഒന്നും ആയിരിക്കില്ല.    ഇടയ്ക്കു ഒരു ദിവസം ചീറ്റ് ഡേ ഒക്കെ തരാറുണ്ട് പക്ഷേ അപ്പോഴും ഞാൻ എന്നെ തന്നെ നിയന്ത്രിക്കും. കാരണം വലിച്ചു വാരി കഴിച്ചാൽ പിന്നെയും എനിക്ക് തന്നെയാണ് പണി.   ഡയറ്റ് കഠിനം തന്നെയാണ് പക്ഷേ അതൊരു നല്ല കാര്യത്തിന് വേണ്ടിയാണ് എന്നുള്ളതുകൊണ്ടു വിഷമമില്ല.  എന്നെ വിശ്വസിച്ച് ഏൽപ്പിച്ച കഥാപാത്രം ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക എന്നുള്ളതാണ് എന്റെ ദൗത്യം.

 

ടൈറ്റിൽ കഥാപാത്രത്തെ സസ്പെൻസ് ആക്കി വച്ചു

 

ഒരു വീര നായകനെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.  അദ്ദേഹത്തിന്റെ ശരീരഭാഷയുമായി ഒത്തിണങ്ങുന്ന ആർട്ടിസ്റ്റ് ആയിരിക്കണമല്ലോ.  അതുകൊണ്ടു വർക്ക്ഔട്ട് ചെയ്തു ബോഡി ബിൽഡ്അപ്പ് ചെയ്തിട്ട് പ്രഖ്യാപിച്ചാൽ മതി എന്ന് വിനയൻ സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ കഷ്ടപ്പെട്ടതിനു ഫലം ഉണ്ടായി.  പോസ്റ്റർ കണ്ട് എല്ലാവരും ഇത് ഞാൻ തന്നെയാണോ എന്ന് അതിശയിച്ചു പോയി.   ഒരുപാട് മെസ്സേജും കോളുകളും വരുന്നുണ്ട്.   ഇത്രനാളും എന്റെ ലുക്ക് പുറത്തു വിടാതെ അധികം പുറത്തു പോകാതെ കഴിയുകയായിരുന്നു.  

 

മറ്റു പ്രോജക്ടുകൾ

 

വരയൻ, ഇന്നുമുതൽ, ഉപചാരം, വാസന്തി എന്നീ നാലുസിനിമകൾ റിലീസിന് തയാറെടുക്കുന്നു.  ഇവയെല്ലാം കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടതായിരുന്നു, കോവിഡ് കാരണം മുടങ്ങിയതാണ്.  വരയൻ, ഇന്നുമുതൽ എന്നീ ചിത്രങ്ങളിൽ ലീഡ് റോൾ ആണ് ചെയ്തിട്ടുള്ളത്.  പത്തൊൻപതാം നൂറ്റാണ്ട് കമ്മിറ്റ് ചെയ്തതിനു ശേഷം രണ്ടുമൂന്നു സിനിമകൾ വന്നിരുന്നു, പക്ഷേ ഈ സിനിമക്കായി മറ്റെല്ലാം മാറ്റി വച്ചിരിക്കുകയാണ്.  നമ്മുടെ കരിയറിൽ വല്ലപ്പോഴുമൊക്കെയാണ് ഇങ്ങനെ ഒരു സിനിമ.  അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു അവസരം കിട്ടിയപ്പോൾ എന്റെ കഴിവിന്റെ പരമാവധി നന്നാക്കാൻ നോക്കുകയാണ്.  പാൻ ഇന്ത്യ ലെവലിൽ തന്നെ ഓരോ സിനിമക്കും ഓരോ താരങ്ങൾ കൊടുക്കുന്ന സമർപ്പണം നാം കാണുന്നതാണല്ലോ.  ഈ ഒരു കഥാപാത്രം മാത്രമാണ് എന്റെ മനസ്സിൽ ഇപ്പോൾ ഉള്ളത്.  എല്ലാവരുടെയും പ്രോത്സാഹനവും പിന്തുണയും പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com