ADVERTISEMENT

കാരവനിൽ ഊണു കഴിച്ച ശേഷം മേശയിൽ വീണ ഓരോ വറ്റും പെറുക്കിയെടുത്ത് ടിഷ്യു കടലാസുകൊണ്ടു തുടച്ച് താൻ ഭക്ഷണം കഴിച്ചയിടം വൃത്തിയാക്കി. ഊണു കഴിച്ച പ്ലേറ്റുകൾ അടുക്കിയല്ലേ വച്ചതെന്ന‌് ഒന്നുകൂടി ഉറപ്പുവരുത്തിയ ശേഷം മോഹൻലാൽ പറഞ്ഞു:  ‘‘ലോക്ഡൗൺ കാലത്തു ‍ഞാൻ കുറെ പുസ്തകങ്ങൾ വായിക്കുകയും നല്ല സിനിമകൾ കാണുകയും ചെയ്തുവെന്നു പറയാനാകില്ല. അതോടെ എന്റെ ജീവിതത്തോടുള്ള സമീപനമാകെ മാറിയെന്നും പറയാനാകില്ല. അപൂർവം സിനിമകൾ കണ്ടു, അതിലും കുറച്ചു പുസ്തകങ്ങൾ വായിച്ചു. മിക്ക ദിവസവും അടുക്കളയിൽ സുചിക്കും അപ്പുവിനും ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കാൻ നോക്കുകയായിരുന്നു. ചിലതു പാളിപ്പോയി, ചിലതു വിജയിച്ചു. എനിക്കു ധാരാളം ജോലികൾ വീട്ടിലുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി വീട്ടിൽ അവർക്കൊപ്പം ദിവസങ്ങളോളം മറ്റൊന്നുമാലോചിക്കാതെ ചെലവിടുകയായിരുന്നു.’’

 

സിനിമയിൽ തിരക്കായതിനു ശേഷം ഇത്ര നീണ്ട അവധി ഉണ്ടായിട്ടില്ലല്ലോ?

 

മുൻപൊരിക്കലും ഞാൻ വീട്ടിൽ ഇതുപോലെ നിന്നിട്ടില്ല. അവർക്കുവേണ്ടി സമയം കണ്ടെത്തിയിട്ടില്ല. അവരുടെ കാര്യങ്ങൾ നോക്കിയിട്ടില്ല. ഇതൊരു ഭാഗ്യമായും ഞാൻ കരുതുന്നില്ല. ജോലിക്കു പോകുമ്പോൾ സമയം കിട്ടിയില്ലെന്നു മാത്രം. വീടെന്നു പറഞ്ഞാൽ അങ്ങനെയാണല്ലോ. ചിലർ പുറത്തു ജോലി ചെയ്യും, ചിലർ അകത്തു ജോലി ചെയ്യും. ആരുടെയും തിരക്ക് അവസാനിക്കുന്നില്ല.

 

പ്രണവിനും മായയ്ക്കും ഇതുപോലെ അച്ഛനെ കിട്ടുന്നത് ആദ്യമാണോ?

mohanlal-kada

 

മായ വീട്ടിലില്ലായിരുന്നു. പ്രണവ് വലുതായില്ലേ. അവർക്ക് അവരുടെ ലോകമാണ്. ഞാൻ വീട്ടിലുണ്ടായി എന്നതുകൊണ്ട് ആ ലോകം മാറുന്നില്ല. അടുത്തു പിടിച്ചിരുത്താൻ അവർ കുട്ടികളല്ലല്ലോ. എന്റെ ലോകവും മാറിയിരിക്കുന്നു. സുചിക്ക് അവരുടെ ലോകമുണ്ട്. എന്നാലും ഒരുമിച്ചു വീട്ടിലുണ്ടായി എന്നത് എല്ലാവർക്കും സന്തോഷമാണ്.

 

വീട്ടിലിരിക്കുന്നതിന്റെ പിരിമുറുക്കത്തിലാണോ പെട്ടെന്നു ദൃശ്യം 2 ചെയ്യാൻ തീരുമാനിച്ചത് ?

 

എനിക്കു പിരിമുറുക്കം ഉണ്ടായിട്ടില്ല. ജോലിയിൽനിന്നു വിട്ടു നമ്മൾ മാത്രമാകുന്ന ഒരുകാലം ജീവിതത്തിൽ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ വളരെ മുൻപു തന്നെ അതിനു തയാറെടുത്തതുമാണ്. എനിക്കു തനിച്ചിരിക്കാൻ പ്രയാസമില്ല. ഒരു ദിവസം ഞാനും തനിച്ചായിപ്പോയേക്കും. വീട്ടിലിരുന്നുപോകുന്നു എന്നതൊരു ഞെട്ടലല്ല. ഞാൻ എന്റെ കൂടെ ജോലി ചെയ്ത ഒരുപാടുപേരെ വിളിക്കുകയും മനസ്സു നിറയ്ക്കുകയും ചെയ്തു. 

 

kalamandalam-gopi-lal-12

കൂടെയുണ്ടായിരുന്നവരുമായി പങ്കിടുന്നതാണ് എന്റെ സന്തോഷം. ഇനി എന്താകുമെന്ന അസ്വസ്ഥതയെക്കാൾ കൂടെ ജോലി ചെയ്തവരുടെ പ്രയാസങ്ങളായിരുന്നു എനിക്കുണ്ടായിരുന്ന പ്രശ്നം. എവിടെ തുടങ്ങണം എന്നാലോചിച്ചപ്പോഴാണു ദൃശ്യം തുടങ്ങാൻ തീരുമാനിച്ചത്. പെട്ടെന്നു ചെയ്തെടുക്കാൻ പറ്റുന്ന സിനിമയായതുകൊണ്ടാണ് അതു ചെയ്തത്. കോവിഡ് വന്നില്ലായിരുന്നുവെങ്കിൽ ദൃശ്യം 2 ഇത്ര പെട്ടെന്ന് ഉണ്ടാകുമായിരുന്നില്ല.

 

അതൊരു വലിയ റിസ്ക്കായിരുന്നില്ലേ?

 

തീർച്ചയായും. എല്ലാ മുൻകരുതലും എടുത്താണു ഷൂട്ട് തുടങ്ങിയത്. ആദ്യ ദിവസം അവിടെ ചെന്നിറങ്ങുമ്പോൾ കണ്ട മുഖങ്ങളിലെ സന്തോഷമാണ് ഈ കോവിഡ്കാലം എനിക്കു തന്ന ഏറ്റവും വലിയ സമ്മാനം. ഡ്രൈവർമാർ, ൈലറ്റ് ബോയ്സ്, ആർട് ഡിപ്പാർട്മെന്റ്, കോസ്റ്റ്യൂമർമാർ, ഭക്ഷണം നൽകുന്നവർ, ക്യാമറ തയാറാക്കുന്നവർ അങ്ങനെ ഓരോരുത്തരുടെയും മുഖം ഞങ്ങളോടു പറഞ്ഞതു ഭാഷ കൊണ്ടു പറഞ്ഞു തരാനാകാത്ത സന്തോഷമായിരുന്നു.

 

കോവിഡ്കാലം പഠിപ്പിച്ചത് എന്താണ്? 

 

കൂടുതൽ കരുതലോടെ ജീവിക്കണമെന്നു നമ്മെ ഓർമിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിനു മുൻപു ൈക കഴുകണമെന്നു നാം ഓർക്കുന്നു. സാമുഹിക അകലമെന്നതും നമ്മുടെ കീഴ്‌വഴക്കമായി. വൃത്തി കൂടുതൽ തിളക്കത്തോടെ നമ്മുടെ ജീവിത്തിലേക്കു കടന്നുവന്നു. കൂട്ടിവച്ചതിനൊന്നും നമ്മെ രക്ഷിക്കാനാകില്ലെന്നും ഈ കാലം ഓർമിപ്പിച്ചു. നമ്മുടെ ആരോഗ്യമാണു സമ്പാദ്യമെന്നും കോവിഡ് നമ മോടു പറഞ്ഞു. നല്ല വായു, നല്ല വെള്ളം, നല്ല ആകാശം ഇതെല്ലാം ഉണ്ടാകണമെന്നും നമ്മളിൽ പലർക്കും ബോധ്യമായി. അല്ലാതെ കോവിഡ് എന്റെ ജീവിതത്തോടുള്ള സമീപനമൊന്നും മാറ്റിയിട്ടില്ല. വീരവാദങ്ങൾക്ക് ഇടമില്ലെന്നു കോവിഡ് നമ്മെ ബോധ്യപ്പെടുത്തി.

 

ദൃശ്യം 2 തിയറ്ററിലേക്കു വേണ്ടി എടുത്ത സിനിമയായിരുന്നില്ലേ?

 

ആയിരുന്നു. എന്നാൽ, എന്നു തിയറ്റർ തുറക്കുമെന്നു പറയാനാകാത്ത അവസ്ഥയായി. മരക്കാർ എന്ന സിനിമയുടെ ബാധ്യത നിർമാതാവിനുണ്ട്. അതു മറികടന്നില്ലെങ്കിൽ പലരുടെയും ജീവിതം പ്രയാസമാകും. ഏറെ കാത്തിരുന്ന ശേഷമാണു ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ജനം ആഗ്രഹിക്കുകയാണെങ്കിൽ ഈ സിനിമ വീണ്ടും തിയറ്ററിൽ വരും. പണം മുടക്കിയവർ അതതു സമയത്ത് എടുക്കുന്ന തീരുമാനമാണു വ്യവസായത്തെ നിലനിർത്തുന്നത്. ദൃശ്യം ഒടിടിക്കു നൽകിയത് ആ സമയത്തെ ശരിയായ തീരുമാനമാണ്. കുഞ്ഞാലി മരക്കാർ  ലോകം മുഴുവൻ റിലീസ് ചെയ്യേണ്ട സിനിമയാണ്. അതു മാർച്ചിൽ ചെയ്യാനായേക്കും. എന്നാലും എവിടെയെല്ലാമോ അസ്വസ്ഥതയുണ്ട്.

 

കോവിഡ് ഭീതിക്കിടയിൽ ആറാട്ട് എന്ന സിനിമയും ചെയ്തല്ലോ? 

 

അവിടെയും കടുത്ത നിയന്ത്രണങ്ങളായിരുന്നു. ഭാഗ്യം കൊണ്ട് ആർക്കും പ്രശ്നമില്ലാതെ സിനിമ തീർന്നു. ഇതിനിടെ ഞാൻ പലതവണ കോവിഡ് പരിശോധന നടത്തി. കലാമണ്ഡലം ഗോപിയാശാനെപ്പോലും ആറാട്ടിൽ അഭിനയിപ്പിച്ചു. അദ്ദേഹമൊരു പെർഫോമറാണ്. വേദി കിട്ടുക എന്നതാണ് സിനിമയിലായാലും കഥകളിയിലായാലും പാട്ടിലായാലും സ്പോർട്സിലായാലും പെർഫോമറുടെ സ്വപ്നം. ഒരു വർഷമായി അതില്ലാതെ ജീവിക്കുന്ന ഒരു കലാകാരനു ഞങ്ങൾ, ചെറുതാണെങ്കിലും, കൊടുത്ത വേദിയാണ് ആ വേഷം. എത്രയോ ദിവസത്തിനു ശേഷമാണു മനസ്സു നിറയുന്നത് എന്നാണു ഗോപിയാശാൻ പറഞ്ഞത്. ഇതൊരു വലിയ വേഷമല്ല. പക്ഷേ, അദ്ദേഹത്തിനു സന്തോഷം നൽകുന്ന കാര്യത്തെക്കുറിച്ചു ഞങ്ങൾ ആലോചിച്ചുവെന്നു മാത്രം.

 

കോവിഡിനു ശേഷം സിനിമാലോകം മാറുമോ?

 

എല്ലാ ലോകവും മാറുമെന്നല്ലേ പറയുന്നത്. പലരും നമ്മെ വിട്ടുപോയി. അതിൽ വലിയവരും ചെറിയവരുമെല്ലാമുണ്ടായിരുന്നു. ഓരോരുത്തരും മാറിയിട്ടുണ്ടാകും. അങ്ങനെ വരുമ്പോൾ ലോകവും മാറുമായിരിക്കും. അറിയില്ല. 9 മാസത്തോളം വീട്ടിലിരുന്ന ശേഷം ക്യാമറയ്ക്കു മുന്നിൽ ആക്‌ഷൻ എന്ന ശബ്ദം കേട്ടതും ഞാൻ പഴയതെല്ലാം മറന്നുവെന്നതാണു സത്യം. അതല്ലേ, സത്യത്തിൽ ഓരോരുത്തരുടെയും ജീവിതം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com