ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പു ചൂടിൽ കേരളം തിളച്ചുമറിയുമ്പോൾ തിയറ്ററുകളിലേക്ക് ഒരു രാഷ്ട്രീയ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നു; വൺ. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി മാസ് ഗെറ്റപ്പിൽ ‘അധികാരമേറ്റു’ കഴിഞ്ഞു. വൺ സിനിമയുടെ സംവിധായകൻ സന്തോഷ് വിശ്വനാഥ് സംസാരിക്കുന്നു.  

 

കേരളം ഭരിച്ച ഏതെങ്കിലും മുഖ്യമന്ത്രിയുമായി കടയ്ക്കൽ ചന്ദ്രനു സാമ്യമുണ്ടോ?

 

അങ്ങനെയൊരു സാമ്യമേയില്ല. ട്രെയ്‌ലർ മാത്രം കണ്ടിട്ടാണ് ആ വിലയിരുത്തൽ. 

 

ഏതു രാഷ്ട്രീയ നേതാവിനെയാണ് കടയ്ക്കൽ ചന്ദ്രനെന്ന കഥാപാത്രത്തിനു മാതൃകയാക്കിയത്?

 

ആരെയും മാതൃകയാക്കിയിട്ടില്ല. നിലവിലെ ഒരു രാഷ്ട്രീയ നേതാവുമായും രാഷ്ട്രീയ പാർട്ടിയുമായും ഒരു സാമ്യവും സിനിമയിലെ വസ്തുതകൾക്ക് ഉണ്ടാകരുതെന്ന് ആദ്യം തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. മമ്മൂട്ടിയും അതിനു പൂർണ പിന്തുണ നൽകി. ചിത്രത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേരോ കൊടിയോ ഒന്നും അതുകൊണ്ടുതന്നെ ഉപയോഗിച്ചിട്ടില്ല.

santhosh-mammootty-3

 

എങ്കിൽ ആരാണ് കടയ്ക്കൽ ചന്ദ്രൻ?

 

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കടയ്ക്കൽ ചന്ദ്രൻ. രാഷ്ട്രീയ ഉള്ളുകളികളല്ല, ജനകീയമായൊരു പ്രശ്‌നമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒരു കാര്യമാണു സിനിമ പറയുന്നത്. ഇതൊക്കെ ഇവിടെ നടക്കുമോ എന്ന് സിനിമ കണ്ടുകഴിഞ്ഞു ചോദ്യമുയരാം. എന്നാൽ, ഒരു 25 വർഷത്തിനിടയ്ക്ക് ഇവിടെ സംഭവിച്ചേക്കാവുന്ന വിഷയമാണിത്. അതിലേക്കുള്ള ചർച്ചയ്ക്കു വേദിയൊരുക്കുകയാണ് വൺ എന്ന ചിത്രം. ഒപ്പം സമീപകാലത്തു ശ്രദ്ധിക്കപ്പെട്ട ചില കാര്യങ്ങൾ ചർച്ചചെയ്തു പോകുന്നുണ്ട്. കഥാപാത്രത്തെ പ്രത്യയശാസ്ത്രപരമായി ഏതെങ്കിലും പക്ഷത്തു നിർത്താനല്ല ശ്രമിച്ചിരിക്കുന്നത്. ഭരണപക്ഷം, പ്രതിപക്ഷം എന്നു മാത്രമാണു വേർതിരിച്ചിരിക്കുന്നത്. പ്രതിപക്ഷത്തെ പ്രധാനിയായ മുരളി ഗോപിയുടെ കഥാപാത്രം മുൻ മുഖ്യമന്ത്രിയാണ്. 

 

തിരഞ്ഞെടുപ്പിനിടെഇറങ്ങിയതിനാൽ ഒരു രാഷ്ട്രീയ അജൻഡ ചിത്രത്തിനുണ്ടോ?

 

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഒരുക്കിയ സിനിമയൊന്നുമല്ല വൺ. റിലീസിങ്, തിരഞ്ഞെടുപ്പു കാലത്തായിപ്പോയതും മനഃപൂർവമല്ല. കോവിഡ് വ്യാപനത്തിനു മുൻപ് ഷൂട്ടിങ് തീർന്നതാണ്. അന്നു തിയറ്ററുകൾ അടച്ചതോടെ റിലീസും നീണ്ടുപോയി എന്നു മാത്രം. രാഷ്ട്രീയമല്ല, കടയ്ക്കൽ ചന്ദ്രൻ എന്ന വ്യക്തിയുടെ ചില തീരുമാനങ്ങളാണ് സിനിമയുടെ കഥാഗതി മുന്നോട്ടു കൊണ്ടുപോകുന്നത്. കേരളത്തിൽ ഇതുവരെയുണ്ടായിട്ടുള്ള രാഷ്ട്രീയ നേതാക്കളെ കുറ്റം പറയുകയോ പുകഴ്ത്തുകയോ അല്ല ചിത്രം ചെയ്യുന്നത്. 

 

മമ്മൂട്ടിയുടെ മുൻ രാഷ്ട്രീയ സിനിമകളിൽനിന്ന് വൺ എത്രത്തോളം വ്യത്യസ്തമാണ്?

 

നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലെ മമ്മൂക്കയുടെ രാഷ്ട്രീയ കഥാപാത്രമാണ് പ്രേക്ഷകർ ഇപ്പോഴും ഓർത്തിരിക്കുന്നത്. എന്നാൽ, അദ്ദേഹം മലയാളത്തിൽ ഒരു മുഖ്യമന്ത്രി വേഷം ചെയ്യുന്നത് ആദ്യമായാണ്. തമിഴിൽ മക്കൾ ആട്ചി, തെലുങ്കിൽ യാത്ര എന്നീ രാഷ്ട്രീയ പശ്ചാത്തല ചിത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. വൺ ചെയ്യാമെന്നേറ്റ ശേഷമാണ് യാത്ര ചെയ്യുന്നത്. യാത്രയ്ക്ക് എന്റെ പ്രോജക്ടുമായി എന്തെങ്കിലും സാമ്യമുണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും അതു മറ്റൊരു ചിത്രമായിരുന്നു. 

 

തിരക്കഥയിലെ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ മൂർത്തരൂപത്തിൽ ഡിസൈൻ ചെയ്തതു മമ്മൂക്ക തന്നെയാണ്. കഥാപാത്രത്തിന്റെ രൂപഭാവാദികൾ എങ്ങനെയൊക്കെ ആയിരിക്കണമെന്ന നിർദേശങ്ങളിൽ ഏറിയ പങ്കും അദ്ദേഹത്തിന്റേതു തന്നെ. മുൻപു ചെയ്ത രാഷ്ട്രീയ കഥാപാത്രങ്ങളുമായി സാമ്യം വരാതിരിക്കാൻ മമ്മൂക്കയെടുത്ത മുൻകരുതലായിരുന്നു ആ പ്ലാനിങ്.

 

താങ്കളുടെ ആദ്യ ചിത്രവും രണ്ടാമത്തെ ചിത്രവും രണ്ടറ്റത്തു നിൽക്കുന്നവയാണല്ലോ?

 

ആദ്യം സംവിധാനം ചെയ്ത ചിറകൊടിഞ്ഞ കിനാവുകൾ ആക്ഷേപഹാസ്യ സിനിമയായിരുന്നു. ഇപ്പോൾ ഒരു രാഷ്ട്രീയ ചിത്രം. വ്യത്യസ്ത സ്വഭാവത്തിലുള്ള ചിത്രങ്ങൾ ഒരുക്കാനാണ് ആഗ്രഹം. ചിറകൊടിഞ്ഞ കിനാവുകൾക്ക് രണ്ടാം ഭാഗം ആലോചനയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com