ജീവിതത്തിന്റെ നഗ്നതയാണ് സിനിമ കാണിച്ചിരിക്കുന്നത്: സജിൻ ബാബു അഭിമുഖം

sajin-babu
SHARE

കോഴിക്കോട് ∙ ദേശീയ പുരസ്കാരം നേടിയ ബിരിയാണി എന്ന സിനിമയിൽ അശ്ലീലദൃശ്യങ്ങൾ കൂടുതലാണെന്ന ആരോപണവുമായി പ്രദർശനത്തിനു വിസമ്മതിച്ച തീയറ്ററുകൾക്കെതിരെ സംവിധായകൻ സജിൻ ബാബു. സെൻസർബോർഡ് സർടിഫിക്കറ്റുണ്ടായിട്ടും മാറ്റിനിർത്തുന്നതിന്റെ കാരണം മനസിലാവുന്നില്ലെന്നും സജിൻബാബു പറഞ്ഞു. ദേശീയചലച്ചിത്രപുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേകപരാമർശവും സംസ്ഥാന പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയ ബിരിയാണിയുടെ വഴി തടഞ്ഞതിനെക്കുറിച്ച് സജിൻബാബു വേദനയോടെ മനസുതുറക്കുന്നു:

∙ എന്തുകൊണ്ടാണ് ബിരിയാണിക്ക് വിലക്ക്?

മലയാള സിനിമയിലെ തുറന്നു പറച്ചിലുകളെ ചിലർ ഭയക്കുന്നതിനാലാണ് ‘ബിരിയാണി’ സിനിമ പ്രദർശിപ്പിക്കാൻ ചില തിയറ്റർ ഉടമകൾ വിസമ്മതിക്കുന്നത്. മറ്റു ഭാഷകളിലും വിദേശ സിനിമകളിലും ഇത്തരം പ്രമേയങ്ങളും ഇത്തരം രംഗങ്ങളും വരുമ്പോൾ ആവേശത്തോടെ സ്വീകരിക്കുന്ന മലയാളി, മലയാള സിനിമയിൽ ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സദാചാര പ്രശ്നവുമായി വരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

തീരുമാനം സദാചാര പ്രശ്നങ്ങളോ?

കേരളത്തിലെ ചില തിയറ്ററുകൾ ഈ സിനിമ പ്രദർശിപ്പിക്കാൻ വിസമ്മതിക്കുകയാണ്. ഈ സിനിമ പൂർണമായും കാണാതെയും ഇതിന്റെ രാഷ്ട്രീയം മനസിലാക്കാതെയും സിനിമയെ മാറ്റി നിർത്തുന്ന അവസ്ഥയാണുള്ളത്. ഈ സിനിമ കാണിക്കേണ്ടതില്ലെന്ന് ചിലർ ഏകപക്ഷിയമായി തീരുമാനിക്കുകയാണ്. സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റുണ്ടായിട്ടും മാറ്റി നിർത്തുന്നതിന്റെ കാരണം മനസിലാകുന്നില്ല. ആരുടെയെങ്കിലും ഇടപെടലാണോ? അതോ സദാചാര പ്രശ്നമാണോയെന്ന് മനസിലാകുന്നില്ല. ജീവിതത്തിന്റെ നഗ്നതയാണ് സിനിമ കാണിച്ചിരിക്കുന്നത്. 

∙ റീലു മുറിക്കാൻ പറ്റാത്തവർ വഴി തടയുന്നുവോ?

പഴയ കാലത്ത് തിയറ്ററുകാർ അവർക്കിഷ്ടമില്ലാത്ത ഭാഗങ്ങൾ മുറിച്ചു മാറ്റി സിനിമ പ്രദർശിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. എന്നാലിന്ന് യുഎഫ്ഒ, ക്യൂബ് എന്നിവ വഴിയുള്ള പ്രദർശനത്തിൽ തിയറ്റർ എ‍ഡിറ്റിങ് നടത്താനൻ കഴിയാതെ വരുമ്പോൾ സിനിമ തന്നെ പ്രദർശിപ്പിക്കാതിരിക്കുകയും സിനിമ കാണാൻ വരുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് ചില തിയറ്ററുകളിൽ നിന്നുണ്ടാകുന്നത്. 

ഇറ്റലിയിലെ റോം ഫിലിം ഫെസ്റ്റിലിലാണ് ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്. അവിടെ നിന്ന് അംഗീകാരം നേടിയ ശേഷം ലോകത്തെ പ്രമുഖങ്ങളായ 50 ഓളം ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചു. അവിടെയൊന്നും ഇല്ലാത്ത പ്രശ്നമാണ് ഇവിടെ ചിലർ ഉന്നയിക്കുന്നത്. 

ചിലർ ഇസ്‌ലാമിക വിരുദ്ധമാണ് ഈ സിനിമയെന്ന് ആക്ഷേപിക്കുന്നു. എന്നാൽ ഈ സിനിമയിൽ യാതൊരു വിധ ഇസ്‌ലാമിക വിരുദ്ധതയുമില്ല. ഞാൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളും തിരുവനന്തപുരം മഹല്ലുകളിലുള്ള വസ്തുതകളാണ് സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. 

∙ വിലക്ക് ഇതാദ്യമല്ല

ഐഎഫ്എഫ്കെ യും ആദ്യം ഈ സിനിമ നിരസിച്ചിരുന്നു. പിന്നീട് ലോക മേളകളിൽ അംഗീകാരം നേടിയ ശേഷമാണ് ഐഎഫ്ഐഫ്കെ യിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചത്. അതുപോലെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കാതിരുന്ന ഈ സിനിമയ്ക്ക് പിന്നീട് ദേശീയ അവാർഡ് ലഭിച്ചു. എന്റെ മൂന്നാമത്തെ സിനിമയാണിത്.  2014 മുതൽ ചെയ്യാനിരുന്ന സിനിമയാണ് ബിരിയാണി. ഞാൻ ആഗ്രഹിച്ച രീതിയിൽ ചെയ്യാനായത് ഇപ്പോൾ മാത്രമാണ്. സജിൻ ബാബു വ്യക്തമാക്കി. 

∙ ഒടിടി റിലീസ് പരിഹാരമാവുമോ?

സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കണമെന്നതിന്റെ ആഗ്രഹത്തിലാണ് തിയറ്റർ പ്രദർശനത്തിന് തയാറായത്. ഇനി എന്തായാലും ഒടിടി പ്ലാറ്റ്ഫോമും പരിഗണിക്കുകയാണ്. അതു സംബന്ധിച്ച് ചർച്ചകൾ നടന്നു വരികയാണ്. സംവിധായകൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA