എന്നെ ജോമോനാക്കിയത് ദിലീഷും ശ്യാമും; ആ വാച്ച് അധികാരകൈമാറ്റം: ബാബുരാജ് അഭിമുഖം

baburaj-joji
SHARE

മസിൽമാനായ വില്ലൻ വേഷങ്ങൾ മാത്രമല്ല ഹ്യൂമറും തനിക്ക് അനായാസമായി വഴങ്ങും എന്ന് നടൻ ബാബുരാജ് തെളിയിച്ചിട്ട് കൃത്യം പത്തുവർഷം തികയുകയാണ്. വീണ്ടും അതേ കൂട്ടുകെട്ടിലൂടെ അദ്ദേഹം പുതിയൊരു വേഷപ്പകർച്ചയിലേക്കാണ് കാലെടുത്തുവച്ചിരിക്കുന്നത്. ഏൽപ്പിച്ച വേഷങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്ന ബാബുരാജ് ഇക്കുറി ജോജി എന്ന സിനിമയിൽ ജോമോനായി ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷക പക്ഷം. 

പനച്ചേൽ കുടുംബത്തിലെ മൂത്ത ചേട്ടനായ ജോമോനിൽ അപ്പന്റെ കായിക ബലം പൂർണ്ണമായും ചിത്രത്തിൽ അനുസ്മരിപ്പിക്കപെടുന്നു. കാഴ്ചയിലും കായികബലത്തിലും അപ്പനോടു മുട്ടിനിൽക്കാൻ കെൽപുണ്ടെന്നു തോന്നിപ്പിക്കുന്ന മൂത്തമകൻ ജോമോൻ, അപ്പനെന്ന അധികാരപർവത്തിനു മുന്നിൽ നിരായുധനാണ്. കരുത്തും തന്റേടവും സൗമനസ്യവും കരുതലും ഒരുപോലെ സന്നിവേശിപ്പിക്കുന്നുണ്ട് ബാബുരാജിന്റെ ജോമോൻ.  താരം ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളെക്കാൾ ഏറ്റവും മികച്ചത് എന്ന വിശേഷണത്തോടെയാണ് ജോമോനെ പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ബാബുരാജ് മനോരമ ഓൺലൈനിൽ...

വില്ലനിൽ നിന്നും ഹ്യൂമറിലേക്ക്, പിന്നീട് ഇപ്പോൾ മറ്റൊരു തലത്തിലേക്ക്.. എന്തു തോന്നുന്നു..

ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ മികവാണ് ചിത്രത്തിലെ എന്റെ വേഷത്തിലൂടെ പുറത്ത് വരുന്നത്. സിനിമയിൽ വന്നിട്ട് വർഷങ്ങളായെങ്കിലും ഇത്തരത്തിൽ ഒരു വേഷം ഇതാദ്യമായാണ് കിട്ടുന്നത്. അതിൽ വളരെ സന്തോഷമുണ്ട്. ദിലീഷ് പോത്തന്റെ നേതൃത്വത്തിലുള്ള ടീം വർക്കിലൂടെയാണ് എന്നെ മോൾഡ് ചെയ്തെടുത്തത്. ഇതുവരെ ചെയ്ത പടങ്ങളിൽ കരിയർ ബെസ്റ്റാണ് ജോമോൻ. 

ദിലീഷ്‌പോത്തന്റെ ടീമിനെപ്പറ്റി..

28 വർഷത്തെ അഭിനയജീവിതത്തിൽ ആഷിക് അബു സ്കൂളിന്റെ ടീമിലൂടെയാണ് എനിക്ക് സിനിമയിൽ ആദ്യമായൊരു ബ്രേക്ക് കിട്ടുന്നത്. പത്തു വർഷങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ–ശ്യാം പുഷ്കരൻ ടീമിലൂടെ ഇപ്പോൾ വീണ്ടും പുതിയൊരു ബ്രേക്ക് കൂടി കിട്ടിയിരിക്കുകയാണ്. ദിലീഷിന്റെ ടീമിന് വ്യക്തമായ ധാരണ തുടക്കം മുതൽ ജോജിയെപ്പറ്റിയുണ്ടായിരുന്നു. ഷൈജു ഖാലീദും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഒരേ മനസ്സോടെയാണ് ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചത്. സെറ്റിൽ ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നു. 

baburaj-jomon

സിനിമ ചിത്രീകരണത്തിനിടയിൽ ക്യാമറാമാന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ഓരോ ഷോട്ടും ആവിഷ്കരിച്ചത്. മലയാളത്തിൽ പൊതുവെ ഈ രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ കുറവാണ് കാണാറുള്ളത്. പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാകുന്ന ഒരു ടീമാണ് ദിലീഷ് പോത്തനുള്ളത്. ഷോട്ടുകൾ പലതും നിരവധി തവണ ചിത്രീകരിക്കേണ്ടി വന്നിരുന്നു. സിനിമയുടെ പൂർണ്ണത ഉറപ്പു വരുത്താൻ വേണ്ടി വളരെ ശ്രദ്ധയോടെയാണ് ഓരോ ഷോട്ടും ചിത്രീകരിച്ചത്‌.അതുകൊണ്ട് തന്നെ പോത്തേട്ടൻ ബ്രില്യൻസ് സിനിമയിലുടനീളം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നകാര്യം ഉറപ്പാണ്. അഭിനേതാക്കളുടെ അഭിനയം എന്നതിലുപരി സംവിധാന മികവിന്റെയും, തിരക്കഥയുടെയുമാണ് സിനിമ എന്ന് ഒരിക്കൽ കൂടി ഈ സിനിമ തെളിയിക്കുന്നു.

പനച്ചേൽ കുട്ടപ്പന്റെ മൂത്തമകൻ എന്ന നിലയിൽ..

ഒരു ടീം വർക്കിലൂടെ എന്നിൽ മോൾഡ് ചെയ്തെടുത്ത ക്യാരക്ടർ ആണ് ജോമോൻ. ജോമോനെ പോലെ ഒരു കഥാപാത്രത്തെ ഞാൻ ഇതുവരെ നേരിട്ട് കണ്ടറിഞ്ഞിട്ടില്ല. എല്ലാ കുടുംബത്തിലും സ്നേഹമയനായ ഒരു ചേട്ടനുണ്ടാവാറുണ്ട്. പക്ഷേ അയാളൊരിക്കലും ജോമോൻ ആവണമെന്നില്ല. 'അപ്പന്റെ പോളിസി നടപ്പിലാക്കണം' എന്ന് പറയുകയും അതിനു വേണ്ടി സമൂഹത്തിന്റെ വെറുപ്പ് നേടാൻ ഒരു മടിയുമില്ലാത്തയാളാണ് പനച്ചേൽ ജോമോൻ. അച്ഛനെ അനുസരിക്കുകയും അച്ഛനുവേണ്ടി പ്രവർത്തിക്കുകയും അച്ഛനോട് വളരെ സ്നേഹവും ബഹുമാനവും ഉള്ള ഒരു മകനാണ് ജോമോൻ. അപ്പന്റെ മരണശേഷം അപ്പൻ ചെയ്യുന്നതെല്ലാം അതേപോലെ അന്ധമായി അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നയാളാണ് ജോമോൻ.

പക്ഷേ അയാൾ ഒരിക്കൽ പോലും അച്ഛനു മുൻപിൽ പോയി നിന്നു മുഖത്ത് നോക്കി സംസാരിക്കുകയോ, അദ്ദേഹത്തിന്റെ അനുവാദം കൂടാതെ ഒന്നും പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. അയാളുടെ ഉള്ളിലുള്ള അച്ഛൻ സ്നേഹം നേരിട്ട് പ്രകടിപ്പിക്കുന്ന അവസരങ്ങളിൽ പോലും ജോമോൻ സൊസൈറ്റിയെ ചിലയിടങ്ങളിൽ ഭയക്കുന്നു. 

പ്രായപൂർത്തിയായ മക്കളുടെ മുൻപിൽ തളരാത്ത അപ്പൻ...

പനച്ചേൽ കുട്ടപ്പന്റെ ധീരകൃത്യങ്ങളെല്ലാം ജോമോൻ തെല്ലഭിമാനത്തോടെയാണ് കാണുന്നത്. അപ്പൻ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളിലെ ശരിയും തെറ്റും വേർതിരിക്കാതെ അവയെല്ലാം അതേപോലെ അനുസരിക്കുന്ന മകനാണ് ജോമോൻ. 'എന്തൊരു പവർ ആണല്ലേ' എന്നു പ്രായപൂർത്തിയായ ഒരാൾ തന്റെ അച്ഛനെപ്പറ്റി പറയുമ്പോൾ അച്ഛന്റെ ആരോഗ്യവും മനക്കരുത്തുമെല്ലാം അതിശയത്തോടെ വീക്ഷിക്കുന്ന ഒരു കുട്ടിയുടെ പ്രകൃതമാകാം അയാൾക്ക് എന്ന് സമൂഹത്തോട് വിളിച്ചു പറയുകയാണ് ജോമോൻ എന്ന കഥാപാത്രം. ഓരോ തവണ കാണുമ്പോളും വ്യത്യസ്തമായ അർഥങ്ങൾ ആർജിച്ചെടുക്കാവുന്ന സിനിമയാണ് ജോജി എന്നുറപ്പിച്ച് പറയാം.

joji-baburaj-2

' ഒട്ടുപാലിനുണ്ടായവനെ' എന്ന വിളി..

ജോമോൻ കഥാപാത്രത്തെ ഒരിക്കൽ പോലും അപ്പൻ ഒട്ടുപാലിനുണ്ടായവനെ എന്നു വിളിക്കുന്നില്ല. അയാൾ തനിക്കൊപ്പം വളർന്ന തന്റെ മകന്റെ ഡിവോഴ്‌സിനായി പണം ചിലവാക്കുന്നതിൽ പിശുക്ക് കാണിച്ചിട്ടില്ല. ഭാഗം വയ്ക്കുന്നതിനെപ്പറ്റി സംസാരിക്കുമ്പോൾ കുടുംബത്തിലെ മുതിർന്ന കാരണവർ സ്ഥാനം സ്വയം ഏറ്റെടുക്കാൻ അയാൾ മടിക്കുന്നില്ല. ജോമോനാണ് തന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നത് എന്ന് അപ്പൻ കരുതിയിട്ടാവാം തന്റെ വാച്ച് പനച്ചേൽ കുട്ടപ്പൻ മകൻ ജോമോന് കൈമാറുന്നത്. അപ്പനോടുള്ള ആദരസൂചകമായി ആ വാച്ച് അയാൾ കൊണ്ടുനടക്കുന്നു. അധികാരമോഹമില്ലാത്തയാളാണ് താൻ എന്ന് പലപ്പോഴും സമൂഹത്തെ ഓർമിപ്പിക്കുകയാണ് ജോമോൻ.

ജോമോന്റെ ഭാര്യ..

അപ്പനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടോ കള്ളുകുടി കൊണ്ടോ പിരിഞ്ഞുപോയ ഭാര്യ, അയാളുടെ മരണശേഷവും കാണേണ്ട എന്ന് പറയുമ്പോൾ അതിൽ ഒളിച്ചിരിക്കുന്ന വികാരം ജോമോന്റെ ഭാര്യയുടെ വെറുപ്പ് എത്രത്തോളമെന്ന് അടയാളപ്പെടുത്തുകയാണ്. ഓരോ ക്യാരക്ടറിനും അവരവരുടേതായ ഒരു സ്പെയ്സ് ചിത്രത്തിലുടനീളം ദിലീഷ് കരുതിവച്ചിരുന്നു.

joji-fahadh

ഫഹദുമൊത്തുള്ള കെമിസ്ട്രി..

ഫഹദ് എന്റെ കൊച്ചനുജനാണ്. ഈ സിനിമയിലേക്ക് വരുന്നതിനും ഒരുപാട് മുൻപേ തുടങ്ങിയ ബന്ധമാണത്. ജോജി എന്ന കഥാപാത്രത്തെ അനായാസമായി  ഫഹദ് അവതരിപ്പിച്ചു. ജോജിയുടെ സെറ്റിൽ ഒരു മൂത്ത ചേട്ടന്റെ സ്ഥാനമാണ് എല്ലാവരും ചേർന്ന് എനിക്ക് നൽകിയത്. അതുകൊണ്ട് തന്നെ ജോമോൻ കഥാപാത്രം അത്രത്തോളം അനായസമായി ചെയ്യാൻ കഴിഞ്ഞു.

സംവിധായകനായ ദിലീഷിനെപ്പറ്റി

ജോമോനിലൂടെ ദിലീഷ് എന്നിൽ ഏൽപ്പിച്ചിരിക്കുന്നത് വലിയൊരു ദൗത്യമാണെന്ന് കഥ കേട്ടപ്പോൾ തന്നെ മനസ്സിലായിരുന്നു. ഒരേസമയം സംവിധായകനും നടനുമായ  ദിലീഷ് പോത്തന് എന്റെ ക്യാരക്ടറായി എന്നെ മോൾഡ് ചെയ്യുന്നതിൽ വലിയ പങ്കാണുള്ളത്. ഈ കാലഘട്ടത്തിലെ പത്മരാജനാണ് ദിലീഷ് പോത്തൻ എന്ന് ഞാൻ പലപ്പോഴും അദ്ദേഹത്തോട് സെറ്റിൽ വച്ച് പറഞ്ഞിരുന്നു. ജോമോൻ എന്ന കഥാപാത്രം ഡയറക്ടറും എഴുത്തുകാരനും ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ ചെയ്യാൻ കഴിഞ്ഞു എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആക്ടർ എന്ന നിലയിൽ തൃപ്തിപ്പെടുത്തന്നത്. ദിലീഷ് പോത്തൻ ശ്യാം പുഷ്കരൻ ടീമിനൊപ്പം പത്തുവർഷങ്ങൾക്കിപ്പുറം ഒത്തുചേരാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

ശ്യാമിനൊപ്പം..

സിനിമയിൽ ഒരിക്കൽപോലും ജോമോൻ അപ്പനോട് നേരിട്ട് സംസാരിക്കുന്നില്ല. എന്നാൽ എന്ത് വിലകൊടുത്തും അപ്പനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത് അയാൾ തന്നെയാണ്. ജോമോൻ തന്റെ  അപ്പനോട് നേരിട്ട് സംസാരിചിട്ടില്ല എന്ന കാര്യം ഞാൻ ശ്യാമിനോട് സൂചിപ്പിച്ചിരുന്നു. എന്നാൽ അക്കാര്യം പ്രേക്ഷകർക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ളതാണ് എന്നാണ് അദ്ദേഹം അപ്പോൾ പറഞ്ഞത്. 

ക്യാമറാമാന്റെ കയ്യൊപ്പ്...

ഷൈജു ഖാലിദ് എന്ന ക്യാമറാമാന് താൻ വയ്ക്കാൻ പോകുന്ന പുതിയ ഫ്രെയിമിനപ്പുറം ചിത്രത്തെപ്പറ്റി വ്യക്തമായ ധാരണകളുണ്ട്.  സംവിധായകന്റെ കൂടെ നിൽക്കുന്ന എഴുത്തുകാരനും ക്യാമറാമാനുമാണ് ഈ സിനിമയുടെ വിജയം എന്നാണ് എനിക്ക് തോന്നുന്നത്.

കോവിഡ് കാലത്തെ വെല്ലുവിളി നിറഞ്ഞ സിനിമാ ഷൂട്ടിങ്

കോവിഡ് കാലമായത് കൊണ്ട് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ സെറ്റിൽ ഒരുക്കിയിരുന്നു. അതിന്റെ മുഴുവൻ ക്രെഡിറ്റും ഉണ്ണിമായയ്ക്കാണ്. അവരാണ് സെറ്റിലെ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി കൈകാര്യം ചെയ്തതും ഇടയ്ക്കിടക്ക് അപ്ഡേറ്റ് ചെയ്തിരുന്നതും. റൂമിൽ നിന്നും സെറ്റിലേക്കും തിരിച്ചു റൂമിലേക്കും പോകുന്നതിനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കോവിഡ് വ്യാപനം മൂലമുണ്ടായ അടച്ചുപൂട്ടലിന്റെ ദുരിതത്തിൽ നിന്നും കരകയറിയ സമയത്ത് ഇത്രയും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചത് ദൈവാനുഗ്രഹമാണ്.

പ്രേക്ഷകരുടെ പ്രതികരണം

സിനിമ പഠിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളുകളിൽ നിന്നും നിറഞ്ഞ പ്രോത്സാഹനമാണിപ്പോൾ ലഭിക്കുന്നത്. നിരവധി പേർ നേരിട്ടു വിളിക്കുകയും അതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പ്രേക്ഷകർ ഏറ്റെടുത്ത സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA