ADVERTISEMENT

കെ.വി. ആനന്ദിന്റെ മരണം വ്യക്തിപരമായ നഷ്ടമാണെന്ന് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ.  ഇന്ത്യൻ സിനിമയ്ക്ക് തന്നെ വളരെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മനോഹരമായ ഒരുപാട് ഫ്രെയിമുകൾ നമുക്ക് സമ്മാനിച്ച മികച്ച ക്യാമറാമാനായിരുന്നു ആനന്ദ് എന്നും കെ.ടി. കുഞ്ഞുമോൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.  

 

‘ഞാൻ നിർമിച്ച കാതൽ ദേശം എന്ന സിനിമയിലൂടെയാണ് ആണ് തമിഴിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.  പ്രശസ്ത ക്യാമറാമാൻ പി.സി. ശ്രീറാമിന്റെ അസ്സിസ്റ്റന്റ്സ് ആണ് ജീവ, കെ.വി. ആനന്ദ്, തിരു എന്നിവർ.  ഇവരെല്ലാം വളരെ പ്രഗത്ഭരായ ക്യാമറാമാൻമാർ ആണ്.  കാതലൻ , ജന്റിൽമാൻ എന്നീ ചിത്രങ്ങളുടെ ക്യാമറ ചെയ്തത് ജീവയാണ്.  ജീവയും മരിച്ചു പോയി’. –കെ.ടി. കുഞ്ഞുമോൻ പറഞ്ഞു.

 

‘കാതൽ ദേശം ചെയ്യാൻ തുടങ്ങുന്ന സമയത്ത് പുതിയൊരു ക്യാമറമാനെ അന്വേഷിച്ചു. അപ്പോഴാണ് കെ.വി. ആനന്ദിനെപ്പറ്റി അറിയുന്നത്.  അദ്ദേഹം ആ സമയത്ത് പ്രിയദർശന്റെ മലയാള സിനിമ ചെയ്തിട്ടുണ്ടായിരുന്നു.  ഞാൻ പ്രിയനോട് അദ്ദേഹത്തെപ്പറ്റി ചോദിച്ചു, വളരെ  ടാലന്റഡ് ആയ ആളാണ് ആനന്ദെന്ന് പ്രിയൻ പറഞ്ഞു.  അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചത്.  സംസാരിച്ചപ്പോൾ തന്നെ ഇദ്ദേഹം വളരെ കഴിവുള്ള കലാകാരനാണ് എന്ന് മനസ്സിലായി.  അങ്ങനെ കാതൽദേശത്തിനു വേണ്ടി അദ്ദേഹം ക്യാമറ ചലിപ്പിച്ചു.’  

 

‘കാതൽ ദേശത്തിൽ മൗണ്ട് റോഡിൽ ഒരു ഫൈറ്റ് സീൻ ഉണ്ട്.  പതിനായിരത്തിൽപരം ആൾക്കാർ ഒരുമിച്ചു അണിനിരന്നാണ് അത് ചെയ്തത്.  കോളജിലെ കുട്ടികൾ തമ്മിലുള്ള അടി ആണെന്ന് വിചാരിച്ച് വണ്ടിയുമായി വന്ന സാധാരണക്കാർ വരെ പേടിച്ചു പോയി.  അത്രക്ക് റിയൽ ആയി അത് ചെയ്തിട്ടുണ്ട്. എന്തിന്   "മുസ്തഫ മുസ്തഫ" എന്ന പാട്ടു കണ്ടാൽ അദ്ദേഹത്തിന്റെ ക്യാമറയുടെ ഇന്ദ്രജാലം കാണാം.   25 വർഷങ്ങൾക്ക് മുൻപാണ് അത് ചെയ്തത് എന്നോർക്കണം.’  

 

‘മികച്ച സംവിധായകനുമാണെന്നു തെളിയിച്ച വ്യക്തിയാണ് കെ.വി. ആനന്ദ്.  എന്റെ ഒരു പടം അദ്ദേഹത്തെക്കൊണ്ട് സംവിധാനം ചെയ്യിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു.  ഞങ്ങൾ അതേപ്പറ്റി ചർച്ച ചെയ്തിരുന്നു അതിനിടയിലാണ് ഈ ഞെട്ടിക്കുന്ന വാർത്ത വരുന്നത്.  ആറുമാസം മുൻപ് ഞങ്ങൾ സംസാരിച്ചിരുന്നു, ഈ പ്രതിസന്ധികൾ കഴിഞ്ഞു വന്നു കാണാം എന്ന് പറഞ്ഞിരുന്നു.  അദ്ദേഹം വളരെ തിരക്കിലും ആയിരുന്നു.  തന്റെ വർക്കുകൾ എത്രയും പെട്ടന്ന് തീർക്കുന്ന ആളാണ് ആനന്ദ്, ജോലിയോട് വളരെ വലിയ ആത്മാർത്ഥതയാണ്.   നമ്മൾ എന്ത് പറഞ്ഞാലും ശ്രദ്ധയോടെ കേൾക്കുകയും ചെയ്യും.  അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എന്റെ ദുഃഖമാണ്.  സിനിമാമേഖലയ്ക്കും ഒരു വലിയ നഷ്ടം തന്നെയാണ്.’ –കെ.ടി. കുഞ്ഞുമോൻ പറയുന്നു.

 

‘പ്രഗത്ഭനായ ഒരു കലാകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. എന്റെ കുടുംബത്തിലെ ഒരാൾ നഷ്ടപ്പെട്ടപോലെ ഒരു വേദനയാണ് എനിക്ക്.  എന്നോടൊപ്പം വർക്ക് ചെയ്യുന്നവരെ എന്റെ കുടുംബാംഗങ്ങളെ പോലെ ആണ് ഞാൻ കരുതുന്നത്.  കഴിയുമെങ്കിൽ അവസാനമായി ഒരു നോക്ക് കാണണം എന്നുണ്ട്.  കഴിയുമോ എന്ന് അറിയില്ല.   അദ്ദേഹത്തിന് കോവിഡ് ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.  അടുത്ത സുഹൃത്തുക്കൾ കാണാൻ ചെന്നിട്ടും കാണിക്കാൻ കഴിയില്ല എന്നാണു ആശുപത്രിയിൽ നിന്നും അറിയിച്ചത്.  അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടുകാർക്ക് കൈമാറാതെ സംസ്കരിക്കും എന്നും അറിയാൻ കഴിഞ്ഞു’.   

 

‘കോവിഡ് ഇതിനോടകം തന്നെ നമ്മുടെ പ്രിയപ്പെട്ട ഒരുപാടു കലാകാരന്മാരെ കവർന്നെടുത്തു.  ഇനിയും ഇതുപോലെയുള്ള ദുഃഖകരമായ വാർത്തകൾ കേൾക്കാൻ ഇടയാക്കല്ലേ എന്നാണു പ്രാർത്ഥന.  എല്ലാവരും ഈ ദുർഘടഘട്ടത്തിൽ  അധികാരികൾ പറയുന്നത് കേട്ട് വീട്ടിൽ തന്നെ ഇരിക്കുകയും എല്ലാ വിധ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുകയും വേണം.  എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ്.’–കെ.ടി. കുഞ്ഞുമോൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com