ADVERTISEMENT

കൊല്ലം ∙ നടിയും മോഡലുമായ കനി കുസൃതിയുമായി കിടപ്പറ രംഗങ്ങളിൽ അഭിനയിച്ച നാടക- ടെലിവിഷൻ താരത്തിന് എന്തു സംഭവിച്ചു ? സിനിമയിലെ കിടപ്പറ രംഗങ്ങൾ ഏതോ അശ്ലീല സിനിമയിലെ രംഗങ്ങളാണെന്ന മട്ടിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണു സിനിമയിൽ കനിയുടെ ഭർത്താവ് ആയി അഭിനയിച്ച തോന്നയ്ക്കൽ ജയചന്ദ്രൻ എന്ന നടൻ.

 

വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ‘വിധേയൻ’ എന്ന സിനിമയ്ക്കു ശേഷം മലയാളത്തിലേക്കു ‘ബ്രിക്സ്’ പുരസ്കാരം കൊണ്ടുവന്ന സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ബിരിയാണി’ എന്ന സിനിമയിൽ അഭിനയിച്ച തോന്നയ്ക്കൽ ജയചന്ദ്രനാണു നാട്ടുകാരുടെ ‘അർഥം വച്ചുള്ള നോട്ടത്തിനു’ മുന്നിൽ ചെറുതായെങ്കിലും പെട്ടുപോകുന്നത്. സംസ്ഥാന – ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ, രാജ്യാന്തര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട, ഇരുപതിലേറെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ സിനിമയിലെ പ്രധാന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച നടനാണു തോന്നയ്ക്കൽ ജയചന്ദ്രൻ.

 

കനി വേഷമിട്ട ഖദീജ എന്ന നായികാകഥാപാത്രത്തിന്റെ ഭർത്താവ് നസീറിന്റെ വേഷമായിരുന്നു ബിരിയാണിയിൽ ജയചന്ദ്രന്. ഇന്ത്യൻ സ്ത്രീയുടെ വിവാഹാനന്തര ജീവിതത്തിന്റെ ദുരന്തചിത്രം ഭംഗിയായി ആവിഷ്കരിക്കുന്ന സ്ത്രീപക്ഷ സിനിമയാണു ബിരിയാണിയെന്നു സിനിമയെന്നു പേരു കേട്ടു. സമൂഹത്തിലെ മതപരവും പുരുഷാധിപത്യപരവുമായ വിലക്കുകളെ വെല്ലുവിളിക്കാനുള്ള സ്ത്രീ സ്വത്വത്തിന്റെ അടങ്ങാത്ത ആഗ്രഹങ്ങളെ ഖദീജ എന്ന കഥാപാത്രത്തിലൂടെ കനി കുസൃതി കാഴ്ചവച്ചതായി സിനിമാ നിരൂപകരും എഴുതി. ഖദീജയും നസീറും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ സിനിമയുടെ ഇതിവൃത്തത്തിൽ ഒഴിവാക്കാൻ പറ്റാത്തവയാണ്. സിനിമ തീയറ്ററുകളിൽ എത്തിയപ്പോഴും പലയിടത്തും പ്രദർശന വിലക്ക് നേരിടേണ്ടി വന്നിരുന്നു. മുപ്പതോളം തീയറ്ററുകളിലാണു പ്രദർശിപ്പിക്കാനായത്. പിന്നീട് ഒടിടി വഴി റിലീസ് ചെയ്തു.

 

നഗ്നത പ്രദർശിപ്പിക്കുന്ന ഈ രംഗങ്ങളാണു സിനിമാദൃശ്യങ്ങളിൽ നിന്നു വെട്ടിമാറ്റി ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അതു തോന്നയ്ക്കൽ ജയചന്ദ്രന്റെ നാട്ടിലെ പലരുടെ ഫോണുകളിലുമെത്തി. ഏതോ ‘ ബ്ലൂ ഫിലിമിൽ’ അഭിനയിച്ചുവെന്നു നാട്ടുകാർ പൂച്ചം പൂച്ചം പറഞ്ഞു തുടങ്ങിയതോടെയാണു ജയചന്ദ്രന്‍ ‘അപകടം’ മണത്തത്. 20 വർഷത്തോളമായി പ്രഫഷനൽ നാടകരംഗത്തു നിറഞ്ഞു നിൽക്കുന്ന, അനവധി ടെലിവിഷൻ മിമിക്സ് പ്രോഗ്രാമുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ജയചന്ദ്രൻ രാജ്യാന്തര തലത്തിൽ അംഗീകാരങ്ങൾ വാങ്ങിക്കൂട്ടിയ സിനിമയിൽ പ്രധാനപ്പെട്ട വേഷം ചെയ്തുവെന്നു നാട്ടുകാർ അറിഞ്ഞു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ബിരിയാണി എന്ന സിനിമയിലെ ദൃശ്യങ്ങൾ എന്ന പേരിലല്ലാതെ ഈ ദൃശ്യങ്ങൾ ആരെങ്കിലും പ്രചരിപ്പിച്ചാൽ അവർക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന തീരുമാനത്തിലാണു ജയചന്ദ്രൻ.

 

2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം കനി കുസൃതി നേടിയതു ബിരിയാണി എന്ന സിനിമയിലൂടെയാണ്. ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച സംവിധായകനുള്ള സ്പെഷൽ ജൂറി പുരസ്കാരം സംവിധായകന്‍ സജി ബാബു നേടി.

 

ഇരുപതാമത് ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം, ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരം, ബോസ്റ്റണിൽ നടന്ന കാലിഡോസ്കോപ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം, മോസ്കോ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ളിൽ ബ്രിക്സ് പുരസ്കാരം, സ്പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം, തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം, തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിങ്ങനെ അനേകം സുപ്രധാന അവാർഡുകൾ നേടിയ സിനിമയാണു ബിരിയാണി.

 

തോന്നയ്ക്കൽ ജയചന്ദ്രൻ പറയുന്നു:

 

നാടകരംഗത്തും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും സജീവമായി തുടരുന്ന ആളാണു ഞാൻ. അഞ്ചോളം സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഒടുവിൽ അഭിനയിച്ച സിനിമയാണു ബിരിയാണി. രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടാൻ പോകുന്നുവെന്ന് ഉറപ്പുള്ള സിനിമയാണ് എന്നു എനിക്കു തോന്നിയതിനാലാണു സജിൻ ബാബു സാർ എെന്ന അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ഞാൻ ചെന്നത്. അനേകം വിദേശ ഫെസ്റ്റിവൽ അവാർഡുകളും അതിനു കിട്ടി. ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി. സിനിമയിലെ ചില സീനുകൾ മാത്രം വെട്ടിയെടുത്തു വ്യാപകമായി പ്രചരിപ്പിക്കുന്നു. അതു സിനിമയുടെ ഭാഗമായ സീനുകളാണ്. അതു സിനിമയുടെ ഭാഗമായ സീനുകളാണു എന്നു പറയാതെ വൃത്തികെട്ട കമന്റുകളുമായാണു എങ്ങും പ്രചരിപ്പിക്കുന്നത്. എല്ലാവരുമില്ല. മലയാളികളിൽ കുറച്ചു പേർ. 

 

ഒരു കലാകാരനെന്ന നിലയിൽ എനിക്കു ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തിയാണു നിങ്ങൾ ചെയ്യുന്നത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. സിനിമയിലെ സീൻ എന്നു പറഞ്ഞു പ്രചരിപ്പിക്കാമായിരുന്നു. ഇത്തരത്തിൽ പ്രചരിപ്പിക്കുമ്പോൾ അതു കാണുന്നവർ തെറ്റിദ്ധരിക്കുകയാണു ചെയ്യുന്നത്. സിനിമയാണെന്ന് അവർ ഒരിക്കലും മനസ്സിലാക്കുന്നില്ല. സംവിധായകൻ ആവശ്യപ്പെട്ട ഒരു കഥാപാത്രത്തെയാണു ഞാൻ അവതരിപ്പിച്ചത്. കഥയുടെയും കഥാപാത്രത്തിന്റെയും പൂർണതയ്ക്കു വേണ്ടിയാണു ഞാൻ അതു ചെയ്തത്. അതുകൊണ്ടു ദയവായി ഇത്തരം പ്രചാരണങ്ങൾ ഒഴിവാക്കണം- ജയചന്ദ്രൻ പറയുന്നു.

 

ഇരുപതോളം പ്രഫഷണൽ നാടകങ്ങളിൽ ജയചന്ദ്രൻ ശ്രദ്ധേമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒട്ടുമിക്ക ടെലിവിഷൻ ചാനലുകളിലും കോമഡി പ്രോഗ്രാമുകളിൽ രംഗത്തുവന്നു. കഥ പറയും തെരുവോരം, റോസാപ്പൂവ്, ഇസാക്കിന്റെ ഇതിഹാസം, മൂൺ വോക്ക്, കടൽ പറയാത്തത് (ഇതു രണ്ടും റിലീസ് ആയിട്ടില്ല) എന്നിവയാണു ബിരിയാണിക്കു പുറമെ ജയചന്ദ്രൻ അഭിനയിച്ച സിനിമകൾ. ടിവി പ്രോഗ്രാമുകളുടെ തിരക്കു മൂലം കുറച്ചു നാളായി പ്രഫഷണൽ നാടകങ്ങളിൽ അഭിനയിക്കുന്നില്ല. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ നാടകത്തിൽ തിരിച്ചെത്തും. ഭാര്യയും 2 മക്കളുമടങ്ങുന്ന ജയചന്ദ്രൻ ഇപ്പോൾ കിളിമാനൂരിനടുത്തു കാരേറ്റിലാണു താമസം.

 

സംവിധായൻ സജിൻ ബാബു പറയുന്നുഃ

 

നമ്മുടെ നാട് ഇപ്പോഴും ഈ അവസ്ഥയിലാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളെ ശ്രദ്ധിക്കാതെ അവഗണിക്കുകയാണു വേണ്ടത്. മലയാളികളുടെ പ്രത്യേക തരം മാനസികാവസ്ഥയാണിത്. സിനിമ മൊത്തം കാണുമ്പോൾ ഈ ദൃശ്യങ്ങൾ മോശമാണെന്ന് ആർക്കും തോന്നില്ല. സാംസ്കാരികമായി ഏറെ ഉയർന്നുവെന്നു പറയുന്ന ജനത ഇങ്ങനെ ഇതു പ്രചരിപ്പിക്കാൻ പാടില്ല. വേറൊരു കാര്യമുണ്ട്, ഹോളിവുഡ് സിനിമകളിൽ ഇത്തരം രംഗങ്ങൾ പതിവല്ലേ. അതു കഥയുടെ ആവശ്യമാണ്. അതിനെ അങ്ങനെ കണ്ടാൽ മതി. 

 

ബിരിയാണി ഏറെ പോപ്പുലർ ആയ സിനിമയാണ്. അതിലെ രംഗങ്ങളാണ് എന്നറിഞ്ഞില്ലെന്നു പറഞ്ഞു ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതു അങ്ങേയറ്റം ഖേദകരമാണ്.  - സജിൻ ബാബു പറയുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സജിൻബാബുവിന്റെ മൂന്നാമത്തെ സിനിമയാണു ബിരിയാണി. അയാൾ ശശി, അസ്തമയം വരെ എന്നിവയാണു മറ്റു ചിത്രങ്ങൾ.

 

തിരുവനന്തപുരം, തമിഴ്നാട് എന്നിവിടങ്ങളിലായിരുന്നു ബിരിയാണിയുടെ ഷൂട്ടിങ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സജിൻബാബു ഇപ്പോൾ കൊച്ചിയിലാണു താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com