ആർക്കറിയാം എന്ന പുതിയ സിനിമയുടെ കഥ കേൾക്കുമ്പോൾ, ബിജു മേനോന്റെ മനസ്സ് 40 വയസ്സുള്ള റോയി എന്ന കഥാപാത്രത്തിനു പിന്നാലെയായിരുന്നു. അതാണ് തനിക്കുള്ള വേഷം എന്നുതന്നെയാണ് ബിജു കരുതിയത്. എന്നാൽ, കഥ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞപ്പോൾ സംവിധായകൻ സാനു ജോൺ വർഗീസിന്റെ അപ്രതീക്ഷിത ചോദ്യം. ‘‘ഇതിൽ ഏതു വേഷമാണ് ചെയ്യാൻ ആഗ്രഹം’’?
‘‘അതെന്താ അങ്ങനെയൊരു ചോദ്യം. റോയി... അതല്ലേ എന്റെ വേഷം.’’
‘‘ മറ്റേ വേഷമായാലോ... ഇട്ടിയവിര’’?
‘‘അയ്യോ! അങ്ങേർക്ക് പത്തെഴുപത്തഞ്ചു വയസ്സില്ലേ... ഞാൻ ചെയ്താൽ ശരിയാകുമോ?’’ ചെറിയൊരു ഞെട്ടലോടെ ബിജു തന്റെ സംശയം പുറത്തെടുത്തു.
‘‘ഞങ്ങൾ അതാണ് ബിജുച്ചേട്ടന് ഉദ്ദേശിച്ചത്.’’ സാനു സ്വന്തം നിലപാട് വ്യക്തമാക്കി.
‘‘എങ്കിൽ എനിക്കൊന്ന് ആലോചിക്കണം.’’
ബിജു രണ്ടു ദിവസത്തെ അവധി പറഞ്ഞു. വീട്ടിലെത്തിയ ബിജു സംയുക്തയോട് കാര്യം പറഞ്ഞു. ‘‘റിസ്ക് എടുക്കണോ, അൽപമൊന്നു പാളിപ്പോയാൽ പ്രശ്നമാകില്ലേ? സംയുക്തയ്ക്കും ധൈര്യം പോരാ.
എങ്കിലും സാനു പറഞ്ഞ കഥയിലെ ഇട്ടിയവിര ബിജുവിനെ വിടാതെ പിന്തുടർന്നു. അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് അച്ഛന്റെ പഴയൊരു ഫോട്ടോ കണ്ണിലുടക്കുന്നത്. 73കാരനായ ഇട്ടിയവിരയുടെ അതേ രൂപം. ഉടൻ ആ ഫോട്ടോ സാനുവിന്റെ ഫോണിലേക്ക് അയച്ചുകൊടുത്തു. സാനു അതിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ഒരു സ്കെച്ച് ഉണ്ടാക്കി തിരിച്ചയച്ചു. ‘‘ഇതാണ് നമ്മുടെ ഇട്ടിയവിര’’ എന്നൊരു അടിക്കുറിപ്പും. ഈ ലോക് ഡൗൺ കാലത്തെ വിരസതയിലും ബിജു മേനോനെ സന്തോഷിപ്പിച്ചുകൊണ്ട് ‘‘ആർക്കറിയാം’’ ടിവിയിലും ഫോണിലും വിജയകരമായി സ്വീകരിക്കപ്പെടുകയാണ്. ഇതുവരെ വിളിക്കാത്തവർ പോലും വിളിക്കുന്നു; അഭിനന്ദിക്കാൻ പിശുക്കുള്ളവർ പോലും അഭിനന്ദിക്കുന്നു.
പടം കണ്ടു കഴിഞ്ഞപ്പോൾ സംയുക്ത എന്തു പറഞ്ഞു?
അച്ഛനെ പറിച്ചുവച്ചതുപോലുണ്ടെന്നു പറഞ്ഞു. സംയുക്ത മാത്രമല്ല, ഏട്ടന്മാരും ഏടത്തിമാരുമൊക്കെ ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. അവരൊക്കെ പറഞ്ഞതു ശരി തന്നെയാണ്. അച്ഛനെയാണ് ഞാൻ ഇതിൽ മാതൃകയാക്കിയിരിക്കുന്നത്. ചക്ക മുറിക്കുന്നതും വീതം വയ്ക്കുന്നതുമൊക്കെ എന്റെ ചെറുപ്പത്തിലെ ഓർമകളുടെ ഭാഗമാണ്. വളരെ ചെറിയ കഥാപാത്രങ്ങൾ ചെയ്തവർ വരെ മനസ്സറിഞ്ഞാണ് അഭിനയിച്ചത്. ആ സത്യസന്ധതയാണ് ചിത്രത്തിന്റെ പ്രത്യേകത.

ഈ കഥാപാത്രം ചെയ്യാൻ എന്തായിരുന്നു മടി?
ഇതൊരു ഞാണിന്മേൽ കളിയായിരുന്നു. ഇട്ടിയവിര എന്ന കഥാപാത്രത്തിന് 72–73 വയസ്സ് വരും. വിരമിച്ച കണക്ക് മാഷാണ്. പാലായിലെ സുറിയാനി ക്രിസ്ത്യാനിയാണ്. അയാളുടെ ശരീര ചലനങ്ങളിലും സംസാരത്തിലുമെല്ലാം ഈ ഘടകങ്ങൾ വ്യക്തമായി കടന്നുവരണം. അതു സിനിമയിൽ ഉടനീളം പാലിക്കുകയും വേണം. ഇത്തരമൊരു കഥാപാത്രത്തെ ഇതിനു മുൻപു ചെയ്ത് പരിചയവുമില്ല. സംഭാഷണങ്ങളിലെ പാലാ രീതി ഡബ്ബിങ്ങിൽ ശരിയാക്കാം എന്നു വച്ചാൽ അതും നടക്കില്ല. കാരണം ചിത്രീകരണം സിങ്ക് സൗണ്ടിലാണ്. അയാളുടെ നെടുവീർപ്പും ചിരിയുമെല്ലാം അവിടെവച്ചുതന്നെ റെക്കോർഡ് ചെയ്യുകയാണ്. പിന്നെ കറക്ട് ചെയ്യാൻ പറ്റില്ല.
എങ്ങനെയാണ് ഈ വെല്ലുവിളികളെ അതിജീവിച്ചത്?
മിടുമിടുക്കനായ ഡയറക്ടറാണ് സാനു ജോൺ വർഗീസ്. എനിക്ക് എല്ലാവിധ സ്വാതന്ത്ര്യവും അദ്ദേഹം തന്നു. സീനുകൾ ചെയ്യുന്നതിനു മുൻപ് ഞങ്ങളെല്ലാവരും ചേർന്ന് ഒരു ചർച്ച നടത്തും. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ പരസ്പരം കറക്ട് ചെയ്യും. അതായിരുന്നു രീതി. പലപ്പോഴും ഞാൻ ലൊക്കേഷനിലേക്കു വരുമ്പോൾ അവിടെ ലൈറ്റപ്പ് ഒക്കെ ചെയ്ത് വളരെ നൊസ്റ്റാൾജിക്കായ ഒരു മൂഡ് ക്രിയേറ്റ് ചെയ്തിരിക്കും. ശരിക്കുംപറഞ്ഞാൽ നമുക്ക് അഭിനയിക്കാൻ കൊതി തോന്നിപ്പോവും.
എന്താണ് ബിജു മേനോന്റെ നൊസ്റ്റാൾജിക്കായ ഓർമകൾ?
എല്ലാർക്കും ഉള്ളതൊക്കെ തന്നെ. തേക്കിന്റെ ഇലയിൽ ഇറച്ചിയൊക്കെ പൊതിഞ്ഞുകെട്ടി വാങ്ങുന്ന ഒരു കാലം ഇന്നും ഓർമയിലുണ്ട്. ഇലയുടെ ഇടയിലൂടെ ഇറച്ചി പുറത്തുകാണും. അന്ന് അതൊന്നും ഒരു കുറച്ചിലല്ല. അത് വീട്ടിൽകൊണ്ടുവന്ന് ഞുറുക്കി തേങ്ങയും കൊത്തിക്കൊടുത്തിട്ടാണ് കുട്ടികൾ കളിക്കാൻ പോകുന്നത്. കത്തി കാലിന്റെ വിരലിനിടയിൽ വച്ച് ഇറച്ചി ഞുറുക്കുന്നതൊക്കെ ആ ഓർമയിൽനിന്ന് പഠിച്ചതാണ്. സിനിമ കണ്ട് വിളിക്കുന്നവരും ഈ നൊസ്റ്റാൾജിക് ഫീലിങ്ങാണ് പറയുന്നത്.

അയ്യപ്പനും കോശിയും കഴിഞ്ഞ് ബിജു മേനോന്റെ സ്റ്റാർ വാല്യു ഉയർന്ന സമയത്തായിരുന്നല്ലോ കോവിഡിന്റെ വരവ്. അതുകൊണ്ട് ഉണ്ടായ നഷ്ടത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
ഇല്ല എന്നു പറഞ്ഞാൽ, അതൊരു നുണയാകും. തിയറ്ററിൽ ഓടാൻ സാധ്യതയുള്ള കുറച്ചു പ്രോജക്ടുകൾ എന്റെ മുന്നിലുണ്ടായിരുന്നു. അവയൊക്കെ ചെയ്യാൻ തയാറെടുക്കുമ്പോഴാണ് കോവിഡ് വന്നത്. വലിയ ബജറ്റ് ആവശ്യപ്പെടുന്ന പടങ്ങൾ ആയതുകൊണ്ടു തിയറ്ററുകൾ പൂർണമായും തുറന്നതിനു ശേഷമേ ഇനി അതൊക്കെ ഷൂട്ട് ചെയ്യാൻ പറ്റൂ. എന്നാൽ, കോവിഡ് എന്ന മഹാമാരി വന്നതുകൊണ്ടുമാത്രം ഉണ്ടായ സിനിമയാണ് ‘ആർക്കറിയാം’.
സുഹൃത്തുക്കളും കൂടിച്ചേരലുകളും ആഘോഷങ്ങളുമായി കഴിഞ്ഞിരുന്ന താങ്കൾ എങ്ങനെയാണ് ഈ കോവിഡ‍് കാലം തള്ളിനീക്കുന്നത്?
വലിയ ബോറടിയുണ്ട്. എങ്കിലും കുടുംബത്തോടൊപ്പം കഴിയുന്നതിന്റെ സന്തോഷവുമുണ്ട്. ഫോണിലൂടെ ചില കഥകൾ കേൾക്കും. ബാക്കി സമയം ഉമ്മറത്തു പോയിരിക്കും. പിന്നെ കുറച്ചു സിനിമ കാണും. വായിക്കാമെന്നു വച്ചാൽ പണ്ടത്തെപ്പോലെ കഴിയുന്നില്ല. ഭക്ഷണം കഴിക്കും; ഉറങ്ങും. ഭാര്യയ്ക്കും മകനും ഞാൻ വീട്ടിലുള്ളതിന്റെ സന്തോഷമുണ്ട്. ഞങ്ങളെ കൂടാതെ സംയുക്തയുടെ അമ്മയും വീട്ടിലുണ്ട്. അതുകൊണ്ട് കോവിഡ് മാനദണ്ഡങ്ങളൊക്കെ കൃത്യമായി പാലിച്ചാണു ജീവിതം.
യോഗയുടെ കുറച്ചു പാഠങ്ങൾ പഠിപ്പിക്കാൻ സംയുക്തയോടു പറയാമായിരുന്നില്ലേ?
അതിന് ഒരുപാടു നിർബന്ധിക്കുന്നുണ്ട്. കുറച്ചു ബ്രീതിങ് എക്സർസൈസൊക്കെ പഠിച്ചെടുത്തു. പക്ഷേ, അതൊക്കെ ചെയ്യാനുള്ളൊരു സുഖം തോന്നുന്നില്ല. എങ്കിലും നിർബന്ധിച്ചു ചെയ്യിക്കുന്നുണ്ട്. രോഗവും ദുരിതവുമെല്ലാം മാറി ലോകം പഴയതുപോലെയാകുമെന്ന പ്രതീക്ഷയിലാണു ഞങ്ങളും.