‘പ്രേമം സെൻസർ കോപ്പി കാമുകിക്കു കൊടുത്ത അഖിലേഷേട്ടൻ’ ഇവിടുണ്ട്

unni-raj
ഉണ്ണി രാജ
SHARE

‘എല്ലാം ഒരു മാറിമായമാണപ്പാ’  സ്വതസിദ്ധമായ കാസർകോട് ഭാഷയിൽ ‘അഖിലേഷേട്ടൻ’ പറയുന്നു.  സിനിമ  സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഉണ്ണിരാജ എന്ന നിഷ്കളങ്കനായ ഈ നാട്ടിൻപുറത്തുകാരൻ ഇന്ന് മലയാളികളുടെ അഖിലേഷേട്ടനാണ്.  ഒടിടിയിൽ വീണ്ടും റിലീസ് ചെയ്ത "ഓപ്പറേഷൻ ജാവ" എന്ന ഹിറ്റ് ചിത്രത്തിൽ തലകാണിച്ച എല്ലാവരും തന്നെ ഇന്നിപ്പോൾ അറിയപ്പെടുന്ന താരങ്ങളാണ്.  സ്വന്തം ജോലിക്ക് പോലും ഭീഷണിയായേക്കാവുന്ന ഒരു സൈബർ കുറ്റകൃത്യം കാമുകിക്കു വേണ്ടി ചെയ്ത് അഖിലേഷേട്ടൻ എന്ന കഥാപാത്രം ‘മാതൃക’യാകുമ്പോൾ ഉണ്ണിരാജ എന്ന നടൻ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുകയായിരുന്നു.  മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയൽ തന്നതാണ് ഈ സന്തോഷമെല്ലാം എന്ന് ഉണ്ണിരാജ മനോരമ ഓൺലൈനിനോട് പറയുന്നു....

ഒരു നടന്റെ ഉദയം

  

ഇരുപത്തിയഞ്ചു വർഷമായി കലോൽസവ വേദികളിൽ  നാടകം, മൈം, സ്കിറ്റ് ഒക്കെ പരിശീലിപ്പിക്കുന്നു.  ഇരുപതു വർഷമായി തുടർച്ചയായി കുട്ടികൾക്ക് ഒന്നാം സമ്മാനം നേടാൻ സഹായിക്കുന്നുണ്ട്.  മഴവിൽ മനോരമ, മറിമായം ആണ് ആദ്യമായി അഭിനയിച്ച സീരിയൽ.  മഴവിൽ മനോരമയിൽ ജോലി ചെയ്യുന്ന സുഹൃത്ത് പ്രദീപ്  വഴിയാണ് ഒരു ചെറിയ വേഷം ചെയ്യാൻ മറിമായത്തിൽ വന്നത്.  ആ വേഷം ചെയ്തപ്പോൾ എന്റെ കാസർകോട് ഭാഷ കേൾക്കാൻ രസമുണ്ട്, മാറ്റണ്ട എന്ന് എല്ലാവരും പറഞ്ഞു.  

കാസർകോട് ഭാഷയിൽ  സംസാരിക്കുന്ന ആരും അപ്പോൾ ഫീൽഡിൽ ഇല്ലായിരുന്നു. കുറച്ചു എപ്പിസോഡുകൾ ചെയ്തു കഴിഞ്ഞപ്പോൾ റേഷൻ കട, ജിം അങ്ങനെ ചില ചെറിയ ചെറിയ ബിറ്റുകൾ ഒക്കെ ഹിറ്റ് ആയി.  നമ്മുടെ ഭാഷ എല്ലാവരും അംഗീകരിച്ചു. മറിമായത്തിൽ കൂടുതൽ പ്രാധാന്യം കിട്ടി. മനോരമ ഒരു ഇൻസ്റ്റിറ്റ്യൂട്ട് പോലെ ആയിരുന്നു എനിക്ക്. ഇതിനിടയിൽ രഞ്ജിത്ത് സാറിന്റെ ‘ഞാൻ’ എന്ന സിനിമയിൽ ഒന്നുരണ്ടു സ്ഥലത്ത് വരുന്നുണ്ട്.  അതാണ് സിനിമയിൽ ആദ്യമായി മുഖം കാണിച്ച പടം.    അതിനു ശേഷമാണു തൊണ്ടിമുതലും ദൃക്‌സാക്ഷിയും കിട്ടിയത്.  

unni-raj-actor

അതിലെ അസ്സോസിയേറ്റ് വിളിച്ചിട്ടു ജൂനിയർ ആർട്ടിസ്റ്റ് ആയി പോയതാണ്.  സിനിമ എനിക്ക് പറ്റുമെന്ന് ഞാൻ വിചാരിച്ചതല്ല.  തൊണ്ടിമുതലിലെ കവി രാജേഷ് അമ്പലത്തറ എന്ന കഥാപാത്രം ഒരു പേര് നേടിത്തന്നു.  മറിമായം കൊണ്ടുവന്ന ഒരു പ്രശസ്തിയുണ്ട്.  എവിടെപ്പോയാലും "മറിമായം ഉണ്ണി അല്ലെ" എന്ന് ചോദിക്കും. ചായക്കടയിൽ ഒക്കെ പോയാൽ നിങ്ങൾക്ക് ഏലക്ക ഇട്ട ചായ അല്ലെ ഇഷ്ടം എന്ന് ചോദിക്കും.  കലോത്സവത്തിനു പരിശീലിപ്പിക്കാൻ പോകുമ്പോൾ മുൻപോക്കെ ഒരു സൗകര്യവും കിട്ടില്ല, വല്ല ബെഞ്ചും പിടിച്ചിട്ടാണ് കിടന്നുറങ്ങുക.  മറിമായത്തിൽ വന്നതിനു ശേഷം കുറേകൂടി പരിഗണന ലഭിക്കുന്നുണ്ട്.  താമസിക്കാൻ റൂം ഒക്കെ അറേഞ്ച് ചെയ്യാറുണ്ട്.     

ഓപ്പറേഷൻ ജാവ

ഓപ്പറേഷൻ ജാവയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ കലോത്സവത്തിന്റെ തിരക്കിലായിരുന്നു.  പിറ്റേന്ന് ഞാൻ ബസിൽ കയറി തരുൺ മൂർത്തി സാറിന്റെ അടുത്തെത്തി.  തരുൺ സർ പറഞ്ഞു ഒരു ചെറിയ വേഷമാണ് കേട്ടോ എന്ന്.  ഞാൻ പറഞ്ഞു "ആയിക്കോട്ടപ്പാ നമുക്ക് ചെറുതും വലുതും വ്യത്യാസമില്ല ഏതും ചെയ്യും".  പക്ഷേ ആ ചെറിയ വേഷത്തിനു തിയറ്ററിൽ നല്ല കയ്യടി കിട്ടി.  ഇപ്പൊ ഓൺലൈനിൽ വന്നതിനു ശേഷം ഒരുപാട് പേര് കാണുകയും  വിളിക്കുകയും മെസ്സേജ്  അയക്കുകയും ചെയ്തു.  ബിനു പപ്പു ചേട്ടൻ വിളിച്ചു അഭിനന്ദിച്ചു.  അത് വലിയ സന്തോഷമായി.   ഇപ്പോൾ ട്രോള് മുഴുവൻ ഞാൻ ആണ്.  അഖിലേഷേട്ടൻ എന്നാണു ഇപ്പൊ എല്ലാവരും എന്നെ വിളിക്കുന്നത്.

ജീവിതാനുഭവങ്ങൾ മുതൽക്കൂട്ടാകുന്നു 

സിനിമാനടൻ ആകുമെന്ന് ഒരിക്കലും കരുതിയിട്ടില്ല.  ചെറുപ്പത്തിലേ സിനിമകൾ കാണുമായിരുന്നു.  പണിക്കു പോയിട്ട് ഫസ്റ്റ് ഷോയും  സെക്കൻഡ് ഷോയും ഒക്കെ പോയി കാണും.  അതൊക്കെ ഒരു കാലം.  പിന്നെ ജീവിതത്തിലെ പ്രാരാബ്ദം കൂടിയപ്പോൾ സിനിമ കാണൽ കുറഞ്ഞു.  സിനിമാ നടൻ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.   ജോലി ചെയ്തു ജീവിതം പുലർത്തിയിരുന്ന ആളാണ്.  എന്റെ സംസാരവും ചിരിയും നിഷ്കളങ്കമായി തോന്നും എന്നാണ് എല്ലാവരും പറയാറ്.  മറിമായം കണ്ടിട്ട് അങ്ങനെയാണ് അഭിപ്രായം വരുന്നത്.  ഒരുപക്ഷേ ഓപ്പറേഷൻ ജാവയിൽ  എന്നെ വിളിച്ചത് അതുകൊണ്ടാകും.  

unni-raj-2

ശരിക്കും ഞാൻ അഭിനയിക്കാറില്ല, പെരുമാറുകയാണ് ചെയ്യാറ്.  എന്റെ ജീവിത ചുറ്റുപാടുകൾ കൊണ്ട് ഒരുപാട് അനുഭവങ്ങൾ ഉണ്ട്.  അതുതന്നെ പലതരം കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സഹായിക്കാറുണ്ട്‌.  ആരെയും കണ്ടു പഠിക്കേണ്ട ആവശ്യമില്ല.  അവർ പറയുന്നത് ചെയ്തു കാണിക്കുമ്പോഴേ ഓക്കേ പറയും.  ഓപ്പറേഷൻ ജാവ കണ്ടപ്പോൾ ഒരു വല്ലായ്മ തോന്നി,  മകളുടെ പ്രായമുള്ള കുട്ടിയുടെ കാമുകൻ ആയി അഭിനയിക്കുക എന്നൊക്കെ പറയുമ്പോൾ ഒരുവിഷമം.  എനിക്കും ആ കുട്ടിക്കും ഒരുമിച്ച് സീൻ ഇല്ലായിരുന്നു.  ഞാൻ ആ കുട്ടിയെ വിളിച്ചിരുന്നു, അവൾക്ക് വലിയ സന്തോഷമായി, ഒരിക്കൽ കാണാം ചേട്ടാ എന്ന് പറഞ്ഞു.   

കുടുംബത്തിന്റെ പിന്തുണ

കാസർകോട് ജില്ലയിൽ ചെറുവത്തൂർ ആണ് എന്റെ വീട്.  ഭാര്യയും പത്താംക്ലാസിൽ പഠിക്കുന്നതും നാലാം ക്ലാസ്സിൽ പഠിക്കുന്നതുമായ രണ്ടു കുട്ടികളും ഉണ്ട്.  അടുത്ത് തന്നെ അമ്മയും സഹോദരങ്ങളും ഉണ്ട്.  എന്റെ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.  ഭാര്യക്ക് ഞാൻ പണിക്കുപോകുന്നതാണ് ഇഷ്ടം.  വൈകുന്നേരം വീട്ടിൽ വരുമല്ലോ, കൈയിൽ കാശും കാണും.  പരിപാടിയുമായി നടന്നാൽ പോരാ വീട്ടിലെ കാര്യങ്ങൾ നടക്കണ്ടേ എന്ന് പറയും.  

unni-raj-family

കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരാൾ ആണ് ഞാൻ.  കുട്ടികളെ പരിശീലിപ്പിച്ച് കളിപ്പിച്ച് സമ്മാനം വാങ്ങിയേ മടങ്ങാറുള്ളൂ.  ഫീസ് ഒന്നും നോക്കാറില്ല.  കലയോടുള്ള താല്പര്യം കൊണ്ട് ചെയ്യുന്നതാണ്.   മറിമായം വന്നപ്പോൾ ആണ് ഒന്ന് പിടിച്ചു നിന്നത്.  കൊറോണ ആയതോടെ അതും നിന്നു.  ഇപ്പോൾ സിനിമയും ഇല്ല മറിമായവും ഇല്ല കലോത്സവവും ഇല്ല, വല്ലാത്ത ബുദ്ധിമുട്ടിലാണ്.  എനിക്ക് മാത്രമല്ല എന്നെപോലെ ഒരുപാടു ചെറിയ കലാകാരന്മാർ നന്നായി ബുദ്ധിമുട്ടുന്നുണ്ട് 

ട്രോളന്മാരുടെ താരം 

ട്രോള്‍ ഞാൻ ആസ്വദിക്കാറുണ്ട്.  വലിയ സന്തോഷം തോന്നും.  മറ്റുള്ള നടന്മാരുടെ ട്രോള്‍ ഒക്കെ അല്ലെ കണ്ടിട്ടുള്ളു.  ഇപ്പോൾ മുറയ്ക്ക് എന്നെ വച്ചുള്ള ട്രോള്‍ വരുന്നുണ്ട്.  തരുൺ സർ മിക്ക  ദിവസവും എന്റെ പടം വച്ചുള്ള ട്രോൾ അയച്ചു തരും.  കൂട്ടുകാരൊക്കെ അയക്കും.  എന്റെ കഥാപാത്രങ്ങൾ ആളുകൾ ഏറ്റെടുത്തല്ലോ എന്ന് സന്തോഷം തോന്നും.  കുറച്ചു കൂടുതൽ റോൾ കൊടുത്തുകൂടെ എന്നൊക്കെ കമന്റുകൾ കാണാറുണ്ട്.  എന്നെ ഇഷ്ടമുള്ളതുകൊണ്ടാണല്ലോ ഇങ്ങനെ ഒക്കെ പ്രേക്ഷകർ പറയുന്നത്.  ഒരു സാധാരണക്കാരനായ എനിക്ക് ഇതൊക്കെ അദ്ഭുതമാണ്.

പുതിയ ചിത്രങ്ങൾ 

"മെമ്പർ രമേശൻ ഒൻപതാം വാർഡ്" എന്ന സിനിമ ലോക്ഡൗണിനു മുൻപ് ചെയ്തു തീർത്തു, ചെമ്പൻ വിനോദും അർജുൻ അശോകും ആണ് മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചത്.  ഒരു താത്വിക  അവലോകനത്തിൽ  രണ്ടു വേഷം ചെയ്തിട്ടുണ്ട്.  ഒരു ചെറിയ വേഷം ചെയ്യാൻ വിളിച്ചിട്ട് അത് തീർന്നപ്പോൾ ഒരു പ്രായമായ കഥാപാത്രത്തെക്കൂടി ചെയ്യാൻ പറഞ്ഞു.  വലിയ വലിയ നടന്മാരല്ലേ രണ്ടു റോൾ ഒക്കെ ചെയ്യാറ്.  എനിക്കൊക്കെ രണ്ടു റോൾ തന്നപ്പോ  അതിശയമായി.  ജോജു ജോർജ് ആണ് അതിൽ ലീഡ് റോൾ ചെയ്യുന്നത്. 

"പ്രകാശൻ പരക്കട്ടെ" "വാതിൽ"  എന്നീ സിനിമകളും റിലീസ് ആകാനുണ്ട് . കോവിഡ് ആയി മുടങ്ങിയത് സുരാജ് ചേട്ടന്റെ ഒരു സിനിമയാണ്.  അതിൽ കുറച്ചു സീൻ ചെയ്യാൻ ഉണ്ട് .   ജിജു അശോകിന്റെ പുള്ളി എന്ന സിനിമയിലും ഒരു വേഷം ചെയ്തിട്ടുണ്ട്.  വാതിലിലും കുറച്ചു സീൻസ് ബാക്കി ഉണ്ട്.  കോവിഡൊന്നും വന്നില്ലായിരുന്നെങ്കിൽ നല്ല കഥാപാത്രങ്ങൾ കിട്ടുമായിരുന്നു എന്ന് തോന്നുന്നു.  ലോക്ഡൗൺ ആയതോടെ സിനിമയും ഇല്ല കലോത്സവും ഇല്ലാതായി.   "പക്ഷേ  ഇതൊക്കെ മാറിവരുമെന്നു പ്രതീക്ഷയുണ്ടപ്പാ"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA