ADVERTISEMENT

കോവിഡ് മൂലം ആകെയൊരു മടുപ്പാണെങ്കിലും ആമസോൺ പ്രൈമിൽ 'ആർക്കറിയാം' റിലീസ് ചെയ്തതോടെ കോട്ടയം കടുത്തുരുത്തി സ്വദേശി ജേക്കബ് ജോർജിന്റെ ഫോണിന് വിശ്രമമില്ല. 'എടാ... നീയല്ലേ ആ അഗസ്റ്റിൻ?' എന്നു ചോദിച്ചു സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമെല്ലാം സന്ദേശങ്ങൾ കാണുമ്പോൾ ജേക്കബിന്റെ മുഖത്ത് പുഞ്ചിരി വിടരും! കാരണം, കഴിഞ്ഞ എട്ടു വർഷമായി സിനിമയ്ക്കു പിന്നാലെ ജേക്കബ് അലഞ്ഞതിന്റെ ആദ്യ പ്രതിഫലമാണ് 'ആർക്കറിയാം' എന്ന ചിത്രത്തിലെ ആ കഥാപാത്രം. ആദ്യ സിനിമയുടെ അനുഭവങ്ങളുമായി ജേക്കബ് ജോർജ് മനോരമ ഓൺലൈനിൽ.

 

സിനിമയിലേക്ക് വഴി തുറന്നത്

aarkariyam

 

ആർക്കറിയാം എന്ന സിനിമയിൽ എനിക്കൊരു ഓപ്പണിങ് തന്നത് ഇതിന്റെ ചീഫ് അസോസിയറ്റ് വാവ കൊട്ടാരക്കരയാണ്. ലൂസിഫർ ഉൾപ്പടെയുള്ള സിനിമകളുടെ ചീഫ് അസോസിയറ്റ് ആണ് വാവ ചേട്ടൻ. അദ്ദേഹമാണ് എന്നെ സാനു സാറിന് (സംവിധായകൻ സാനു ജോൺ വർഗീസ്) പരിചയപ്പെടുത്തി കൊടുക്കുന്നത്. സിനിമയ്ക്കു വേണ്ടി അത്യാവശ്യം തടി കുറയ്ക്കേണ്ടി വന്നിട്ടുണ്ട്. എന്നെ സിനിമയിൽ കാണിക്കുമ്പോൾ മെലിഞ്ഞിരിക്കുന്നതായി ഫീൽ ചെയ്യിപ്പിക്കണമായിരുന്നു. 

 

jacob-george-1

കല്ല്യാണ ആൽബത്തിൽ കാണുമ്പോൾ അഗസ്റ്റിൻ എന്ന കഥാപാത്രത്തിന് അൽപസ്വൽപം തടിയൊക്കെയുണ്ട്. ഇയാൾ ഒരു റോമിങ് ടൈപ്പ് ക്യാരക്ടർ ആണല്ലോ. വീട്ടിൽ വരുന്നതു തന്നെ അഞ്ചെട്ടു മാസമൊക്കെ കഴിഞ്ഞാണ്. അതുകൊണ്ട് എന്നോട് തടി നന്നായി കുറയ്ക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. അവർ പറഞ്ഞ സമയത്തിൽ തന്നെ ഞാൻ നന്നായി തടി കുറച്ചു. മുടി വളർത്തി. കണ്ടാൽ നല്ലപോലെ മെലിഞ്ഞതായി ഫീൽ ചെയ്യുമായിരുന്നു. സിനിമയിൽ കാണിക്കുന്ന കല്ല്യാണ ആൽബത്തിന്റെ ഫോട്ടോസ് എടുക്കുന്ന സമയത്ത് എനിക്ക് അത്യാവശ്യം തടിയുണ്ട്. അതു കഴിഞ്ഞാണ് ഞാൻ തടി കുറച്ചത്. 

 

jacob-george-actor

കഥാപാത്രത്തിന്റെ ഡീറ്റെയ്‍ലിങ്

 

എനിക്കാകെ രണ്ടു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ദിവസം പാർവതി ചേച്ചിയുടെ ഒപ്പമുള്ള ഫോട്ടോഷൂട്ട് ആയിരുന്നു. എന്റെ രൂപത്തിലും ഭാവത്തിലും ആ കഥാപാത്രത്തിന്റെ അലസതയും കെയർഫ്രീ ആറ്റിറ്റ്യൂഡും കൊണ്ടുവരുന്നതിന് ചെറിയ കാര്യങ്ങളിൽ പോലും സാനു സർ ശ്രദ്ധിച്ചിരുന്നു. എനിക്ക് ഷൂട്ട് ഉള്ള ദിവസത്തേക്കാൾ മുൻപെ ഞാനെങ്ങനെ തയാറെടുക്കണം എന്നു പറഞ്ഞു തരും. ഒരു അഞ്ചു ദിവസം മുൻപ് ഷേവ് ചെയ്ത പരുവത്തിലാണ് ഞാൻ വരേണ്ടത് എന്നൊക്കെ... കാരണം താടി പല അളവിൽ വളർന്നു വരണം. എന്നാലേ ആ കഥാപാത്രത്തെ സ്ക്രീനിൽ കാണുമ്പോൾ അയാളുടെ കറക്കങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് ബോധ്യം വരൂ. കുറച്ചു സമയം മാത്രമുള്ള കഥാപാത്രമാണ് എന്റേതെങ്കിലും അത്രയും ഡീറ്റെയ്‍ലിങ് നടത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 

 

പപ്പ എന്നെ നടനാക്കി

 

എന്റെ വീട്ടിൽ എല്ലാവർക്കും സിനിമ വളരെ ഇഷ്ടമാണ്. വീട് കടുത്തുരുത്തിയാണ്. ഇപ്പോൾ താമസിക്കുന്നത് തലയോലപ്പറമ്പിൽ. എന്റെ പപ്പയ്ക്ക് അഭിനയത്തോട് നല്ല കമ്പമായിരുന്നു. പപ്പ നാടകവും സ്കിറ്റുമൊക്കെ എഴുതും. സംവിധാനം ചെയ്യും. ഞാനും അനിയനുമൊക്കെയാണ് അഭിനേതാക്കൾ. ഞാൻ അഭിനയത്തിലേക്ക് വരണമെന്ന് കൂടുതൽ ആഗ്രഹിച്ചതും പപ്പയാണ്. അതുകൊണ്ട് പഠിക്കുമ്പോഴും എനിക്ക് വേറെ ഒരു ചിന്തയും ഉണ്ടായിരുന്നില്ല. സിനിമ തന്നെയായിരുന്നു മനസിൽ. എട്ടു വർഷത്തോളമായി ഒരു അവസരത്തിനായി ശ്രമിക്കുന്നു. അതിനിടയിൽ കുറെ പരസ്യങ്ങളും ഹ്രസ്വചിത്രങ്ങളും ചെയ്തു. അങ്ങനെ ആദ്യമായി അഭിനയിച്ച സിനിമയാണ് ആർക്കറിയാം. അതു കാണാൻ പപ്പ ഞങ്ങൾക്കൊപ്പമില്ല എന്നൊരു സങ്കടം മാത്രം ബാക്കി. 

 

സന്തോഷം നൽകുന്ന ഫോൺ വിളികൾ

 

ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം സിനിമയിൽ കിട്ടണമെന്നായിരുന്നു ആഗ്രഹം. ആഗ്രഹിച്ച പോലെ തന്നെ അതു നടന്നു. അക്കാര്യത്തിൽ സംവിധായകൻ സാനു സാറിനോടും നിർമാതാക്കളായ സന്തോഷ് സർ, ആഷിക്ക് അബു സർ പിന്നെ എന്നെ ഇവരിലേക്കെത്തിച്ച വാവ ചേട്ടനോടും പറഞ്ഞാൽ തീരാത്ത കടപ്പാടുണ്ട്. ചെറിയൊരു വേഷമാണെങ്കിലും ഒരുപാടു പേർ എന്നെ തിരിച്ചറിയുന്നുണ്ട്. ചിലർക്കു അത് ഞാൻ തന്നെയാണോ എന്ന് സംശയം. കാരണം ഞാനൽപം മെലിഞ്ഞിട്ടാണല്ലോ അതിൽ വരുന്നത്. ക്രെഡിറ്റ്സ് നോക്കി ഞാൻ തന്നെയല്ലേ എന്നു ഉറപ്പിക്കും. 'നിന്നെ കാണുമ്പോൾ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്നു' എന്നു പറഞ്ഞു മെസേജ് അയച്ചവരുമുണ്ട്.  അതു കേൾക്കുമ്പോൾ സന്തോഷം. 

 

പുതിയ സിനിമകളിലേക്ക് ക്ഷണമുണ്ട്. തിരക്കഥാകൃത്ത് നവീൻ ജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ എനിക്കൊരു വേഷമുണ്ട്. ഇര എന്ന സിനിമയും മധുരരാജയ്ക്കു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ന്യൂയോർക്ക് എന്ന സിനിമയുമൊക്കെ എഴുതിയത് നവീൻ ജോൺ ആണ്. ആ സിനിമയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com