ADVERTISEMENT

സിനിമാ തറവാടിന്റെ ഉമ്മറത്ത് ചാരുകസേര വലിച്ചിട്ടിരിക്കാൻ അർഹതയുള്ള കാരണവന്മാരിൽ ഒരാളാണ് സിബി മലയിൽ. മലയാള സിനിമയെ ഹിറ്റുകളുടെ ‘കിരീടം’ ചൂടിച്ച ചലച്ചിത്രകാരൻ. 6 വർഷത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം വീണ്ടുമെത്തുകയാണ് പുതുചിത്രവുമായി.  

 

2015-ൽ അവസാന ചിത്രം, 6 വർഷം  വലിയൊരു ഇടവേളയല്ലേ ? 

 

ശരിയാണ്, വലിയ ഗ്യാപ് തന്നെയാണ്. പക്ഷേ, സിനിമ ചെയ്യാൻ വേണ്ടി സിനിമ ചെയ്യുന്ന ആളല്ല ഞാൻ. എന്നെ ത്രസിപ്പിക്കുന്ന ഒരു കഥ വന്നെങ്കിൽ മാത്രമേ ഇനി ഞാൻ സിനിമ ചെയ്യൂ എന്ന തീരുമാനം കാരണമാണ് ഈ ഇടവേള വരുന്നത്. മുൻപു സാഹചര്യങ്ങളുടെ സമ്മർദംമൂലം തെറ്റായ തീരുമാനം എടുത്തു സിനിമ ചെയ്യാനിറങ്ങേണ്ടി വന്നിട്ടുണ്ട്. അതാണു പരാജയങ്ങളുടെ വലിയൊരു കാരണം. ഇനി അങ്ങനെ ചെയ്യേണ്ടതില്ല.

 

തിരികെ എത്തുമ്പോഴേക്ക് സിനിമ ആകെ മാറിയിട്ടുണ്ടാകില്ലേ ? 

 

സിനിമ എല്ലാ കാലത്തും മാറിക്കൊണ്ടിരിക്കുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് മാറണം. അതു പ്രകൃതി നിയമമാണ്. അതിനനുസരിച്ചു നമ്മളും നവീകരിക്കപ്പെടുകയെന്നതാണു പ്രധാനം. സിനിമയുടെ സ്വഭാവത്തിലെ മാറ്റം ആദ്യമായിട്ടൊന്നുമല്ല. പക്ഷേ, മാറ്റം എന്ന പേരിൽ ആഘോഷിക്കപ്പെടാൻ തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷമായിട്ടേയുള്ളൂ. ‘ന്യൂജെൻ’ എന്ന വിശേഷണമൊക്കെ അങ്ങനെ രൂപപ്പെട്ടതാണ്. സത്യത്തിൽ അതിനു മുൻപും സിനിമയിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. 1980കളിലെ ‘മേക്കിങ്’ രീതിയായിരുന്നില്ലല്ലോ തൊണ്ണൂറുകളിൽ. അതെല്ലാം മാറ്റം തന്നെയല്ലേ ? മാറ്റത്തെ പ്രതിരോധിക്കാൻ കഴിയില്ല, അതിന്റെ കൂടെ സഞ്ചരിക്കുക എന്നതാണ് ചെയ്യാനുള്ളത്. സിനിമയുടെ എല്ലാ മേഖലകളിലും ആ മാറ്റം വന്നു. പുതുതലമുറ സിനിമകളുടെ തുടക്കക്കാലത്താണ് ഞാ‍ൻ ‘അപൂർവരാഗം’ ചെയ്തത്. അത് ഇത്തരം ഗണത്തിൽപെട്ടൊരു സിനിമയാണ്. വിഷയം ഉൾപ്പെടെ പുതിയ കാലഘട്ടത്തിന്റേതായിരുന്നു. അത്തരം സിനിമാ രീതികളുമായി ചേർന്നു പോകാൻ എനിക്കു കഴിയുമെന്നതിന് ഉദാഹരണമാണത്.

 

സിനിമ കൂടുതൽ റിയലിസ്റ്റിക്കായോ ? 

 

പഴയ കാലത്തെ അതിഭാവുകത്വമൊന്നും ഇപ്പോഴത്തെ സിനിമകളിലില്ല. അഭിനേതാക്കൾ ക്യാമറയ്ക്കു മുന്നിൽ പെരുമാറുകയാണിപ്പോൾ. അവരുടെ സംഭാഷണങ്ങൾ പോലും കൂടുതൽ റിയലിസ്റ്റിക്കായി. നാടകീയ സംഭാഷണങ്ങളൊന്നുമില്ല. അതാണ് പ്രേക്ഷകനുമായി കൂടുതൽ ചേർന്നു നിൽക്കുന്നത്. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ‘കൊത്ത്’ അത്തരം റിയലിസ്റ്റിക്കായ ഒരു സിനിമയാണ്. കാലഘട്ടത്തിനു ചേരുന്ന സിനിമ. കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിനു പറ്റിയ വിഷയം.

 

മകൻ ജോ ഈ സിനിമയിൽ സഹായിയാണ്, പുതിയ കാലഘട്ടത്തിന്റെ പ്രതിനിധിയായാണോ ? 

 

അതല്ല, അവൻ എന്നിൽനിന്നു സിനിമ പഠിക്കുകയാണ്. അവൻ ജനിക്കും മുൻപു ചെയ്ത കിരീടം പോലുള്ള സിനിമകളാണ് അവന്റെ തലമുറയെയും സ്വാധീനിച്ചിട്ടുള്ളത്. പുതിയ തലമുറ അത്തരം സിനിമകൾ ടിവിയിലും മറ്റും കണ്ട് ഇപ്പോഴും കയ്യടിക്കുന്നു. അവരുടെ സിനിമാ കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. പക്ഷേ, അവരെ പ്രചോദിപ്പിച്ചത് എന്റെ തലമുറയിലെ സംവിധായകരുടെ സിനിമകൾ തന്നെയാണ്. എന്നാലും പുതിയ കാലഘട്ടത്തിന്റെ വക്താക്കൾ എന്ന നിലയിൽ അവരുടെ അഭിപ്രായങ്ങൾക്കും വില കൊടുക്കുന്നുണ്ട്. 

 

35 വർഷം നീണ്ട സിനിമാ യാത്ര, ഒപ്പം വന്നവരിലും ശേഷം വന്നവരിലും പലരും ഇപ്പോൾ സജീവമല്ല ?

 

പണ്ടൊക്കെ വർഷത്തിൽ നാലോ അഞ്ചോ പുതുമുഖ സംവിധായകരാണ് രംഗപ്രവേശം ചെയ്യുന്നത്. 1985ൽ ഞാൻ വന്നപ്പോഴും 5 പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ തിയറ്ററിലെത്തി. ചിലർ ഒന്നോ രണ്ടോ സിനിമകൾ കൊണ്ട് അവസാനിപ്പിച്ചു. മറ്റു ചിലർ കുറച്ചുകാലം കൂടി പിടിച്ചുനിന്നു. ‘സർവൈവ്’ ചെയ്യുന്നതു ചുരുക്കം ചിലരാണ്. ഇപ്പോൾ അൻപതിലധികം സംവിധായകർ ഒരു വർഷം ആദ്യ സിനിമയുമായി എത്തുന്നു. സിനിമാ സംഘടനാ ഭാരവാഹി എന്ന നിലയിൽ ഓരോ വർഷവും അരങ്ങേറ്റം കുറിക്കുന്നവരുടെ കൃത്യം കണക്ക് എനിക്കറിയാം‌ം. അതിൽ എത്രപേർ നിലനിൽക്കുന്നു എന്നതാണു ചോദ്യം. ഒരു സംവിധായകനെ സംബന്ധിച്ച് അയാളുടെ ആദ്യ സിനിമയല്ല, രണ്ടാമത്തെ സിനിമയാണ് പ്രധാനം. വർഷങ്ങളായി മനസ്സിലിട്ടു നടന്ന ആഗ്രഹം സാക്ഷാത്ക്കരിക്കുമ്പോൾ ആദ്യചിത്രം ഗംഭീരമായേക്കാം. പക്ഷേ, അടുത്ത സിനിമ അതിനൊപ്പമോ അതിനും മുകളിലോ എന്നതിലാണ് അയാളുടെ പ്രതിഭയുടെ അടയാളപ്പെടുത്തൽ. 

 

പുതിയ എഴുത്തുകാർ പഴയ സംവിധായകരെ വിശ്വാസത്തിലെടുക്കാത്ത പ്രശ്നമുണ്ടോ ? 

 

അങ്ങനെയല്ല, അവർക്ക് അവരുടെ സൗഹൃദവലയത്തിൽ നിന്നുള്ള സിനിമകൾ ചെയ്യാനാണു താൽപര്യം. അതാണ് അവരുടെ കംഫർട്ട് സോൺ. അപ്പോഴാണ് അവർക്കു മികച്ച റിസൽറ്റ് ഉണ്ടാക്കാൻ പറ്റുന്നത്. സമപ്രായക്കാരാകുമ്പോൾ ആശയവിനിമയം മെച്ചപ്പെടും, അതു സിനിമയ്ക്കു ഗുണം ചെയ്യും. സീനിയർ സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോൾ ആ അന്തരീക്ഷം കിട്ടണമെന്നില്ല. അതാകും പലരും പഴയകാല സംവിധായകരെ സമീപിക്കാൻ മടിക്കുന്നത്. 

 

സ്ഥിരം കൂട്ടുകെട്ടുകൾ എല്ലാക്കാലത്തുമുണ്ടല്ലോ ?

 

അതു സ്വാഭാവികമായി രൂപപ്പെട്ടു വരുന്നതാണ്. കൂട്ടുകെട്ടിന്റെ നിലനിൽപ് സിനിമയുടെ വിജയത്തെ ആശ്രയിച്ചിരിക്കും. വിജയിക്കുന്ന ടീമിനു സ്വീകാര്യതയുണ്ട്. എന്റെ പല സിനിമകളും ലോഹിതദാസ് എന്ന എഴുത്തുകാരന്റെയും മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെയും കൂടി സമ്മേളനമായിരുന്നു. ലോഹിയുടെ എഴുത്തിനൊപ്പം എത്താൻ കഴിയുന്ന ചുരുക്കം ചിലരേ ഇപ്പോൾ വരുന്നുള്ളൂ, ശ്യാം പുഷ്കരനെപ്പോലുള്ള ചിലർ. ശ്യാമും ദിലീഷ് പോത്തനും ഫഹദ് ഫാസിലും ചേർന്ന് ഇപ്പോൾ അങ്ങനെ ഒരു കൂട്ടുകെട്ടുണ്ടായിക്കഴിഞ്ഞു. അതു രൂപപ്പെട്ടത് അവരുടെ സിനിമകൾ ജനത്തിനു സ്വീകാര്യമായതോടെയാണ്. 

 

സിബി – മോഹൻലാൽ സിനിമ ഇനി സാധ്യതയുണ്ടോ ? 

 

സിനിമയിൽ പ്രവചനത്തിനു സ്ഥാനമില്ല. നടന്നേക്കാം, ഇല്ലായിരിക്കാം. ഞങ്ങളൊരുമിക്കുമ്പോൾ ജനങ്ങൾ പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. ആ പ്രതീക്ഷ നിറവേറ്റാൻ കഴിയുന്ന ഒരു പ്രോജക്ട് വന്നാലേ അങ്ങനെയൊന്നു സംഭവിക്കൂ. 

 

പുതിയ സിനിമ ഒടിടി റിലീസാണോ ? 

 

ഒറ്റ ഷെഡ്യൂളേ കഴിഞ്ഞിട്ടുള്ളൂ. അപ്പോഴേക്കും കോവിഡ് രൂക്ഷമായി നിർത്തേണ്ടി വന്നു. ഇൻഡോർ ഷൂട്ട് പൂർത്തിയാക്കി. ഇനി പൊതുസ്ഥലത്ത് ഷൂട്ട് നടത്താൻ അനുമതി ലഭിക്കുന്ന സമയത്തേ പുനരാരംഭിക്കാനാവൂ. അതിനു ശേഷമേ റിലീസ് കാര്യങ്ങൾ ചർച്ച ചെയ്യൂ. ഒടിടിക്ക് ഗുണവും ദോഷവുമുണ്ട്. സിനിമ ശരിക്കും തിയറ്ററിൽ ആഘോഷിക്കപ്പെടേണ്ടതാണെന്നാണ് എന്റെ പക്ഷം. അവിടെ പ്രേക്ഷകനും സിനിമയും മാത്രമാണ് സംവദിക്കുന്നത്. വീട്ടിലോ മൊബൈലിലോ സിനിമ കാണുമ്പോൾ പലതരം തടസ്സങ്ങൾ വരാം, തുടർച്ച നഷ്ടമാകാം. ഗുണം എന്നു പറഞ്ഞത് റീച്ച് വലുതായി എന്നതാണ്. മറ്റു രാജ്യങ്ങളിലിരുന്നും മലയാള സിനിമ കാണുന്നു. അവിടെ ചർച്ചയാകുന്നു. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കൊക്കെ കൂടുതൽ അവസരം ലഭിക്കാൻ അതു സഹായിക്കും.

 

മൂന്നരപ്പതിറ്റാണ്ടു കാലത്തിനിടെ എന്തെങ്കിലും നഷ്ടബോധം ? ‌

 

ലോഹിയുടെ വേർപാടാണ് വലിയ നഷ്ടബോധം. ഞാനും ലോഹിയും ലാലും ചേർന്നുള്ള ഒരു സിനിമ ചർച്ചാഘട്ടത്തിലായിരുന്നു. ആ സമയത്തായിരുന്നു വേർപാട്. അതുതന്നെയാണ് വലിയ നഷ്ടം, എനിക്കും മലയാളികൾക്കും.

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com