കോൾഡ് കേസ് രണ്ടാം ഭാഗം; എന്തുകൊണ്ട് ‘പൃഥ്വി’ മാസ്ക് ധരിച്ചില്ല?; തനു ബാലക്‌ അഭിമുഖം

thanu-balak-main
SHARE

പ്രതിഭാധനന്മാരായ സംവിധായകരെക്കൊണ്ട് സമ്പുഷ്ടമാണ് മലയാള സിനിമ.  പുതുനിര സംവിധായകരെല്ലാം തന്നെ തങ്ങളുടെ ആദ്യ സിനിമയിൽ തന്നെ കഴിവ് തെളിയിക്കുന്നതായാണ് കണ്ടു വരുന്നത്.  ആമസോൺ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലൂടെ മറ്റൊരു പ്രതിഭ കൂടി മലയാള സിനിമയ്ക്ക് കരുത്താവുകയാണ്.  തനു ബാലക്‌ എന്ന ഈ സംവിധായകൻ സിനിമാപ്രവർത്തകർക്ക് ഒരു പുതുമുഖമല്ല.  ആയിരത്തിലധികം പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും  ഒട്ടനവധി സിനിമകൾക്ക് ക്യാമറ ചലിപ്പിക്കുകയും ചെയ്ത് വെള്ളിത്തിരയുടെ പിന്നിൽ തന്നെ വർഷങ്ങളായി ചുവടുറപ്പിച്ച വ്യക്തിത്വം.  തന്നെ ഭ്രമിപ്പിച്ച തിരക്കഥ വന്നപ്പോൾ മാത്രമാണ് അദ്ദേഹത്തിന് ഒരു സിനിമ സംവിധാനം ചെയ്യുക എന്ന മോഹമുദിച്ചത്.  കോൾഡ് കേസ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ സംവിധാന രംഗത്തും കയ്യൊപ്പു പതിപ്പിച്ച തനു ബാലക്‌ മനോരമ ഓൺലൈനിനോട് സംവദിക്കുന്നു....

എന്തുകൊണ്ടാണ് ഒരു സിനിമ ചെയ്യാൻ ഇത്രയും കാത്തിരുന്നത്

ഓഫ് ദ് പീപ്പിൾ, ട്രെയിൻ എന്നിങ്ങനെ രണ്ടു പടങ്ങൾക്ക് ഛായാഗ്രഹണം ചെയ്തിട്ടുണ്ട്.   പരസ്യചിത്രങ്ങൾ ആണ് കൂടുതൽ ചെയ്തുകൊണ്ടിരിക്കുന്നത്.  ഇപ്പോഴാണ് എനിക്ക് ഇഷ്ടപ്പെട്ട ഒരു തിരക്കഥ വന്നതെന്ന് പറയാം.  ശ്രീനാഥ് വി. നാഥ്‌ ആണ് തിരക്കഥാകൃത്ത്.  തിരക്കഥ ജോമോനെ (ജോമോൻ ടി.ജോൺ) കാണിച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.  അദ്ദേഹമാണ് ഈ കഥ പൃഥ്വിയുടെ അരികിൽ എത്തിക്കുന്നത്.  അപ്പോൾ തന്നെ പ്രോജക്റ്റ് ഓൺ ആയി.  ആന്റോ ചേട്ടനും സമീറും ജോമോനും ചേർന്ന് നിർമിക്കാം എന്ന് തീരുമാനിച്ചു.  അങ്ങനെയാണ് ഈ സിനിമ ഉണ്ടാകുന്നത്.  എനിക്ക് ചെയ്യാൻ തോന്നിയ ഒരു തിരക്കഥ വന്നപ്പോൾ മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.

thanu-balak-1

ആദ്യ പടം തന്നെ ഹിറ്റ്...എന്താണ് തോന്നുന്നത്?

നമ്മൾ ചെയ്ത വർക്ക് നന്നായി എന്ന് കേൾക്കുന്നത് എല്ലാവർക്കും സന്തോഷം തരുന്ന കാര്യമാണല്ലോ.  250 ഓളം രാജ്യങ്ങളിൽ ഒരുമിച്ച് ഒടിടി റിലീസ് ചെയ്തു, അത്രയും പേര് ഒരുമിച്ചു കാണുകയാണ്.  ഒടിടി റിലീസ് ആയതിനാൽ ആദ്യ ദിവസം തന്നെ നല്ല വിസിബിലിറ്റി കിട്ടി.  ഒരുപാട് പേര് അഭിപ്രായം പറയാൻ വിളിക്കുന്നുണ്ട്.  ഇതെല്ലാം സന്തോഷം തരുന്ന കാര്യമാണ്.  കോവിഡ് വരുത്തിയ പ്രതിസന്ധിക്കിടയിൽ ചെയ്ത പടമാണ്.  ആദ്യ ദിവസം തന്നെ ഇത്രയും പേര് ഒരുമിച്ചു കണ്ടു അഭിപ്രായം പറയുക എന്നൊരു പോസിറ്റീവ് സൈഡ് കൂടി ഒടിടി റിലീസിനുണ്ട്.

എന്തുകൊണ്ട് ത്രില്ലറും ഹൊററും ചേർത്ത് ഒരു തിരക്കഥ?

ത്രില്ലർ സിനിമകൾക്ക് എപ്പോഴും കൂടുതൽ ആസ്വാദകർ ഉണ്ടാകാറുണ്ട്.  ഇത്തരം ചിത്രങ്ങൾ ആളുകളെ പെട്ടെന്ന് ആകർഷിക്കും.  സ്ക്രിപ്റ്റിന്റെ ആദ്യത്തെ ചർച്ച തന്നെ ഹൊറർ ത്രെഡിൽ നിന്നും വന്നതാണ്. പിന്നീടാണ് കുറ്റാന്വേഷണം എന്ന ജോണറിലേക്ക് വരുന്നത്.  സമാന്തരമായി രണ്ടു തരം അന്വേഷണമാണ് നടക്കുന്നത്.  വിശ്വാസം ശരിയാണോ തെറ്റാണോ എന്ന് ഞങ്ങൾ പറയുന്നില്ല.  അവരവരുടെ വിശ്വാസത്തിനനുസരിച്ച് ഓരോരുത്തർക്കും തീരുമാനിക്കാം.  

cold-case-movie

ഒരു ഭാഗത്ത് ശാസ്ത്രത്തിൽ അധിഷ്ഠിതമായി ഉള്ള അന്വേഷണമാണ്.  അത് പൂർണമായും പഴുതടച്ചുള്ള സമീപനമായിരുന്നു, അവിടെ വിശ്വാസം കടന്നുകയറുന്നേ ഇല്ല.  സിനിമയിൽ കാണുന്നതുപോലെയുള്ള പാരാനോർമൽ  അനുഭവങ്ങൾ എനിക്കുണ്ടായാൽ, ഞാൻ ഹൃദയസ്തംഭനം വന്നു മരിക്കും.  പ്രേതാനുഭവം ഓരോരുത്തരുടെയും മനസിന്റെ തോന്നലാണ്.  ഇത് കഥയാണ് അവിടെ ലോജിക്  നോക്കേണ്ട കാര്യമില്ല.  ഒരാളുടെ ഇമാജിനേഷൻ ഏതറ്റം വരെയും പോകാമല്ലോ.  എന്നാൽ  പൃഥ്വിരാജിന്റെ കഥാപാത്രം അവസാനം വരെയും ശാസ്ത്രീയമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.  ഇത് വളരെ ഹോംവർക് ചെയ്ത ഒരു വർക്കാണ്.    

   

കോവിഡ് കാലത്തെ ഷൂട്ടിങ് അനുഭവങ്ങൾ?

കോവിഡ് കാലമായതിനാൽ എല്ലാം വളരെ പ്ലാൻഡ് ആയിരുന്നു.  സിനിമയിൽ പ്രവർത്തിച്ചവരെല്ലാം തന്നെ ഒരു സ്ഥലത്തു തന്നെ താമസിച്ചു.  വീട്ടിലോ പുറത്തോ പോകാതെ ശ്രദ്ധിച്ചു.  പിപിഇ കിറ്റ് ഒക്കെ ഇട്ടു ചില ദിവസങ്ങളിൽ ഷൂട്ട് നടത്തേണ്ടി വന്നു.  ഇൻഡോർ സീൻ എല്ലാം ആദ്യം തീർത്തു.  കൂടുതൽ ആൾക്കൂട്ടമുള്ള സീനുകളും ഔട്ട് ഡോർ സീനുകളും അവസാനത്തേക്ക് ആണ് പ്ലാൻ ചെയ്തത്.  ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു.  കണ്ടെത്തി വച്ച ചില ലൊക്കേഷൻ ചിലപ്പോഴൊക്കെ കണ്ടെയ്ൻമെന്റ് സോൺ ആയി. അപ്പോൾ പുതിയ ലൊക്കേഷൻ കണ്ടുപിടിക്കേണ്ടി വന്നു.  ഇതിനിടെ ഒരാൾക്ക് പോലും ഷൂട്ടിനിടയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല, അതാണ് ഏറ്റവും വലിയ ഭാഗ്യമായത്.  ഓരോരുത്തരും അത്രത്തോളം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിരുന്നു.  

thanu-balak-3

ഒടിടിക്കു വേണ്ടി ഷൂട്ട് ചെയ്ത സിനിമയാണോ കോൾഡ് കേസ്?

കോൾഡ് കേസ് ഒടിടിക്കു വേണ്ടി ഷൂട്ട് ചെയ്ത സിനിമയല്ല, തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ ആണ് ഷൂട്ട് ചെയ്‍തത്.  സൗണ്ട് എഫക്ടിനോക്കെ  വളരെ പ്രാധാന്യം ഉള്ള സിനിമയാണ്.  ഹൊറർ ആയതുകൊണ്ട് തന്നെ സൗണ്ടിന്റെ ഉദ്ദേശിച്ച ഫലം കിട്ടണം എങ്കിൽ തിയറ്ററിൽ തന്നെ കാണണം. പക്ഷേ കൊറോണയുടെ രണ്ടാം തരംഗം ആരും പ്രതീക്ഷച്ചതല്ലല്ലോ.  തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ ഒടിടി റിലീസ് ചെയ്യാൻ തീരുമാനിച്ചു.  ഒടിടിക്കും അതിന്റേതായ ഗുണം ഉണ്ട്. 

കോവിഡ് കാലം ആയതുകൊണ്ട് നിർമ്മാതാക്കളെ കിട്ടാൻ ബുദ്ധിമുട്ടിയോ?

കോൾഡ് കേസ് നല്ല സ്റ്റാർ വാല്യൂ ഉള്ള ചിത്രമാണ് അതുകൊണ്ട് അങ്ങനെ ഒരു ബുദ്ധിമുട്ടു ഉണ്ടായില്ല.  പൃഥ്വിക്ക് തിരക്കഥ ഇഷ്ടപ്പെട്ടപ്പോൾ തന്നെ പ്രോജക്റ്റ് തുടങ്ങിക്കഴിഞ്ഞു .  വലിയ ഒരു സ്റ്റാർ വരുമ്പോൾ തന്നെ  അവിടെ ബിസിനസ്സ് ഉണ്ടല്ലോ, പിന്നെ ഒരുപാട് പുതിയ ആൾക്കാർ ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്.  അതിൽ എനിക്ക് അഭിമാനം ഉണ്ട്.  ഞാൻ ഉൾപ്പടെ ഒരുപാട് പ്രവർത്തകർ പുതുമുഖങ്ങൾ ആയിരുന്നു.  നിർമ്മാതാക്കളായ ആന്റോ ചേട്ടൻ, ജോമോൻ, ഷമീർ എന്നിവർ വളരെയധികം പിന്തുണ തന്നു.  

കോവിഡ് കാലം ആണ് സിനിമയിലും കാണിക്കുന്നത്, എന്നിട്ടും സിനിമയിൽ കോവിഡിന് വേണ്ട പ്രതിരോധം ഒന്നും എടുത്തു കണ്ടില്ലല്ലോ?

വാരണാസിയിലെ സീനിൽ മാസ്ക്, ഗ്ലൗസ് ഒക്കെ ഉപയോഗിക്കുന്നത് കാണിക്കുന്നുണ്ട്.  പക്ഷേ ഈ സിനിമ  മഹാമാരിക്കാലം ഒക്കെ കഴിഞ്ഞുള്ള സമയത്ത് നടക്കുന്ന രീതിലാണ് എടുത്തിട്ടുള്ളത്.  സിനിമ തുടങ്ങുമ്പോൾ തന്നെ "മഹാമാരിയെ അതിജീവിച്ച മാസ്കുകളില്ലാത്ത കാലത്ത് നടക്കുന്ന സാങ്കൽപ്പിക കഥ" എന്ന് എഴുതി കാണിക്കുന്നുണ്ട്.  റിലീസ് ചെയ്യുമ്പോഴേക്കും മാസ്ക് ഒക്കെ മാറ്റി സ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയുന്ന ഒരു കാലം ഉണ്ടാകും എന്നാണ് ഷൂട്ട് ചെയ്യുമ്പോൾ വിചാരിച്ചിരുന്നത്.  പക്ഷേ നിർഭാഗ്യവശാൽ നമ്മൾ ഇപ്പോഴും കോവിഡിനെ അതിജീവിച്ചിട്ടില്ല.  പിന്നെ ഇതൊരു സിനിമയാണല്ലോ.  പൃഥ്വിരാജിനെയും മറ്റു താരങ്ങളെയും മാസ്ക് ധരിപ്പിച്ച് അഭിനയിപ്പിക്കാൻ പറ്റില്ലല്ലോ.

cold-case-3

ഓരോ കഥാപാത്രങ്ങൾക്കും അനുയോജ്യമായ കാസ്റ്റിങ് ആയിരുന്നു, അത് എങ്ങനെയാണ് സംഭവ്യമാക്കിയത്?

അതിഥി ബാലന്റെ അരുവി എന്ന ആദ്യ സിനിമ തന്നെ തമിഴ്  നാട്ടിലും ഇവിടെയും  വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഒരു ജേർണലിസ്റ്റിന് വേണ്ട രൂപഭാവങ്ങൾ അതിഥിക്ക് ഉണ്ടായിരുന്നു.  അതിഥി വളരെ നന്നായി ആ വേഷം കൈകാര്യം ചെയ്തു.  പുതിയ ആർട്ടിസ്റ്റുകളെ ഓഡിഷനും സ്ക്രീൻ ടെസ്റ്റും നടത്തി എടുത്തതാണ്.  അതിന്റെ ഒരു ഫ്രഷ്‌നസ്സ് ഉണ്ട്. 

cold-case-mystical-elements

പൃഥ്വിരാജിന് തിരക്കഥ വായിച്ചപ്പോൾ തന്നെ അതിനെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു.  വളരെ നീളമുള്ള ഡയലോഗ് ഒക്കെ പൃഥ്വി ഒറ്റ സ്ട്രെച്ചിന് പറഞ്ഞു.  അത്രയും വലിയ ഡയലോഗുകൾ മനഃപാഠമാക്കി പറയുന്നതെങ്ങനെ എന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്.  അദ്ദേഹം നല്ല ഒരു അഭിനേതാവ് മാത്രമല്ല കഴിവ് തെളിയിച്ച ഒരു സംവിധായകൻ കൂടിയാണ്.   അദ്ദേഹത്തിന് അധികമൊന്നും പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടില്ല.  

മാത്രമല്ല ആ കഥാപാത്രത്തിന് അമാനുഷിക പരിവേഷം ഒന്നും കൊടുത്തിട്ടില്ല.  തിരക്കഥയ്ക്ക് ആവശ്യമായ കഥാപാത്ര രൂപീകരണമാണ് ചെയ്തിട്ടുള്ളത്.  അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമൊന്നും കാണിച്ചിട്ടില്ല.  വളരെ ബുദ്ധിമാനായ ഒരു പൊലീസുകാരൻ ആണ് സത്യജിത്ത്.  നായികയായ മേധയുടെ കഥാപാത്രം എന്തുകൊണ്ട് തനിയെ താമസിക്കുന്നു എന്ന് വെളിപ്പെടുത്താനാണ് അവരുടെ സ്വകാര്യജീവിതത്തെപ്പറ്റി പറഞ്ഞത്.  എന്നാൽ അവരുടെ ഭർത്താവിനെ കാണിച്ചില്ല, ആവശ്യമില്ലാത്ത ഒരു കഥാപാത്രത്തെയും കുത്തി നിറച്ചിട്ടില്ല.

cold-case-trailer

ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്, ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ?

കോൾഡ് കേസിനു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ എന്നുള്ളത് ഇപ്പൊ പറയാൻ കഴിയില്ല.  ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്, അത് മനഃപൂർവം തന്നെയാണ്.  ഇതൊരു തുടർക്കഥയാകുന്നു എന്നുള്ള രീതിയിൽ ആണ് സിനിമ അവസാനിക്കുന്നത്.  സെക്കൻഡ് പാർട്ട് എന്നുള്ളത് ഇപ്പോൾ ചിന്തയിൽ ഇല്ല അതൊക്കെ ഓരോ സമയത്ത് സംഭവിക്കുന്നതാണ്.  അങ്ങനെ സംഭവിക്കുന്നെങ്കിൽ നല്ലത് എന്നെ ഇപ്പോൾ പറയാൻ കഴിയൂ.

ശ്രീനാഥ്‌ എന്ന തിരക്കഥാകൃത്ത്?

ശ്രീനാഥ്‌ വി. നാഥ്‌ എന്ന തിരക്കഥാകൃത്ത് എന്റെ സഹോദരിയുടെ ഭർത്താവാണ്.  ഇത് അദ്ദേഹത്തിന്റെയും എന്റെയും ആദ്യത്തെ പടമാണ്,  ഞങ്ങൾ രണ്ടും ഒരു വീട്ടിൽ തന്നെയാണ് താമസം.  അതുകൊണ്ടു തന്നെ തിരക്കഥാരചന നടക്കുമ്പോൾ ഞങ്ങൾക്ക് തമ്മിൽ ചർച്ച ചെയ്യാൻ കഴിഞ്ഞു.  സിനിമയിലെ ശാസ്ത്രീയമായ നടപടിക്രമങ്ങൾ മുഴുവൻ ഫോറൻസിക്കിലും മറ്റു ഓഫിസുകളിലും അന്വേഷിച്ച് നല്ല റീസേർച്ച് ചെയ്തു ചെയ്തതാണ്.  പല സ്ഥലത്തു നിന്നും ഡാറ്റ ശേഖരിച്ചു, ചില സ്ഥലത്ത് ഞങ്ങൾ ഒരുമിച്ചു പോയി.  തിരക്കഥ അദ്ദേഹത്തിന്റെ തന്നെയാണ്, പക്ഷെ ഞാൻ സംവിധായകൻ ആയതുകൊണ്ട് അഭിപ്രായങ്ങൾ ചോദിക്കാനും പറയാനും കഴിഞ്ഞു.  ഒരുമിച്ചായതുകൊണ്ടു അങ്ങനെ ഒരു ഭാഗ്യം ഉണ്ടായി.  അദ്ദേഹത്തിന്റെ തിരക്കഥ പൂർണമായിരുന്നു.  ഒന്നും റീവർക് ചെയ്യേണ്ടി വന്നിട്ടില്ല.

cold-case-teaser

കോവിഡ് കാലത്തെ ഷൂട്ടിങ്ങിന് അപ്രതീക്ഷിത ചെലവുണ്ടായോ?

അങ്ങനെ വലുതായി ഉണ്ടായിട്ടില്ല.  ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി.  വാരാണസി ഷൂട്ടിങ്ങിനു പോയപ്പോൾ വളരെ കുറച്ച് ആളുകളെയും കൊണ്ടാണ് പോയത്.  കോവിഡ് കാലത്ത് യാത്രാബുദ്ധിമുട്ടുകൾ ഉണ്ടായി.  അതൊക്കെ ഇങ്ങനെ ഒരു കാലത്ത് പ്രതീക്ഷിക്കാവുന്നതാണല്ലോ.  ഞങ്ങൾ ഷെഡ്യൂൾ ചെയ്ത ദിവസങ്ങൾ കൊണ്ട് തന്നെ ഷൂട്ട് പൂർത്തിയാക്കാൻ കഴിഞ്ഞു.

ഭാവി പരിപാടികൾ?

ഒരു സിനിമ കഴിഞ്ഞ ഉടനെ എടുത്തു ചാടി അടുത്തത് ചെയ്യണം എന്നൊന്നും എനിക്കില്ല.  നല്ല തിരക്കഥ വന്നാൽ ചെയ്യും.  ഇത്രനാളും കാത്തിരുന്നതും അതിനാണ്.  പലരും കഥ പറയുന്നുണ്ട്.  എനിക്ക് സ്വീകാര്യമായ ആശയവും കഥയും വന്നാൽ ചെയ്യാം.  ആദ്യത്തെ സിനിമ റിലീസ് ചെയ്തതിന്റെ ഒരു സന്തോഷമുണ്ട്.  കണ്ടവരൊക്കെ വിളിക്കുന്നുണ്ട്, നല്ല അഭിപ്രായം പറയുന്നുണ്ട്.  ഇപ്പോൾ അതൊക്കെ കേൾക്കലാണ് പ്രധാന ജോലി.  പിന്നെ വിശ്രമം , ഉറക്കം ഇതൊക്കെ തന്നെ.  എല്ലാവരും സിനിമ കാണുക അഭിപ്രായം പറയുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA