അപർണയ്ക്ക് അനാവശ്യ മെസേജ് അയച്ചയാളെ ഉടനെ പിരിച്ചുവിട്ടു; എന്റെ സെറ്റിൽ അത് അനുവദിക്കില്ല

SHARE

ആദ്യ ചിത്രം മുതൽ പ്രമേയത്തിലും കഥ പറച്ചിലിലും സ്ത്രീപക്ഷത്തു നിൽക്കുന്ന സിനിമകളാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് പ്രേക്ഷകർക്കു സമ്മാനിച്ചിട്ടുള്ളത്. ചെയ്ത സിനിമകളേക്കാൾ ജൂഡിനെ മലയാളികൾക്കിടയിൽ സജീവമായി നിലനിറുത്തുന്നത് അദ്ദേഹത്തിന്റെ പ്രതികരണങ്ങളും നിലപാടുകളുമാണ്. മുഖം നോക്കാതെ പ്രതികരിക്കുന്ന ശീലം ഈയടുത്തകാലത്ത് നിയന്ത്രിച്ചിട്ടുണ്ടെന്ന് ജൂഡ് ആന്തണി പറയുന്നു. ഭാര്യയുടെ സ്വാധീനമാണ് ഈ മാറ്റത്തിനു പിന്നിൽ. ഒരു വ്യക്തി എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഓം ശാന്തി ഓശാനയ്ക്കു ശേഷം പിന്നിട്ട വഴികളെക്കുറിച്ച് മനോരമ ഓൺലൈന്റെ ക്യാൻഡിഡ് ടോക്കിൽ ജൂഡ് മനസു തുറന്നപ്പോൾ.  

ശീലം മാറിയതിനു പിന്നിൽ ഭാര്യ

എനിക്ക് പക്വതക്കുറവുണ്ടെന്ന് അറിയാം. എനിക്ക് 38 വയസായെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഞാനിപ്പോഴും ആലുവ യുസി കോളജിൽ പഠിക്കുന്ന പതിനെട്ടുകാരൻ പയ്യനാണ്. മനസിൽ തോന്നുന്നത് മുഖത്തു നോക്കി പറയുന്നതാണ് ശീലം. കുറച്ചുകാലങ്ങളായി ആ ശീലം അൽപമൊന്നു കുറച്ചിട്ടുണ്ട്. ആളുകൾക്ക് എല്ലാ കാര്യത്തിനും മറുപടി പറയാൻ പോകുന്നതുകൊണ്ട് കാര്യമായി ഒരു ഗുണവുമില്ല, പ്രത്യേകിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുകൾ. എഴുതിയത് വേണ്ടെന്ന് നമുക്ക് തോന്നിയാലും അതിന്റെ സ്ക്രീൻഷോട്ട് ലോകം മുഴുവൻ കറങ്ങിക്കാണും. പിന്നെ, മാപ്പു പറഞ്ഞു പോസ്റ്റിടുന്നതിലും നല്ലത് അതിന്റെ വരുവരായ്കകൾ ഓർത്ത് ചെയ്യാതിരിക്കുന്നതാണ്. 

ഞാൻ ചെയ്യുന്നത് എല്ലാം ശരിയാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ അതു തെറ്റാണെന്നു പറയാനുള്ള സ്വാതന്ത്ര്യമേ മറ്റുള്ളവർക്കുള്ളൂ. അല്ലാതെ അതിനു താഴെ വന്ന്, എന്റെ അച്ഛനേയും അമ്മയേയും കുടുംബക്കാരേയും പറ്റി പറയാൻ തുടങ്ങിയാൽ തിരിച്ചു കേൾക്കാനുള്ള ബാധ്യത അങ്ങനെ പറയുന്നവർക്കുണ്ട്. അതിനുവേണ്ടി എന്റെ നല്ല സമയം പാഴാക്കാൻ ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് അത്തരം മറുപടികളും പ്രതികരണങ്ങളും കുറച്ചിട്ടുണ്ട്. 

jude-wife

എന്റെ ഭാര്യയ്ക്ക് അതിൽ വലിയ പങ്കുണ്ട്. വിനീത് ശ്രീനിവാസൻ ആദ്യമായി എന്റെ ഭാര്യയെ കണ്ടപ്പോൾ പറഞ്ഞത്, 'ഇവനെ ഇങ്ങനെ ആക്കിയെടുത്തല്ലോ! നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു' എന്നാണ്. ഒരു പരിധി വരെ അതു ശരിയാണ്. അവൾ പറയും, ദൈവം നിങ്ങളെ പൊക്കി വയ്ക്കുന്ന സമയത്ത് നിങ്ങൾ താഴ്ന്നു നിന്നില്ലെങ്കിൽ അതു കയ്യിൽ നിന്നു പോകും എന്ന്. അതുപോലെ ദൈവം ഉയർത്തുമ്പോൾ വിനയത്തോടെ അതു സ്വീകരിക്കാൻ ഞാനും പഠിച്ചുകൊണ്ടിരിക്കുന്നു.  

എന്റെ സെറ്റിൽ ഒരു മീടൂ ഉണ്ടാകില്ല

എന്റെ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരും കംഫർട്ടബിൾ ആകണമെന്നു എനിക്ക് നിർബന്ധമുണ്ട്. ഒരു കുഞ്ഞുള്ള ആർടിസ്റ്റാണ് അല്ലെങ്കിൽ അവർ ഗർഭിണിയാണ് എന്നുണ്ടെങ്കിൽ അവർക്ക് സ്വാഭാവികമായും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കും. അതു ജൈവികമായി തന്നെ സംഭവിക്കും. എന്റെ പടത്തിൽ വർക്ക് ചെയ്യുന്ന ആരും അങ്ങോട്ടും ഇങ്ങോട്ടും പേടിച്ചല്ല അതു ചെയ്യുന്നത്. എന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്ത എന്റെ പടത്തിൽ വർക്ക് ചെയ്യുന്ന സ്ത്രീക്കോ പുരുഷനോ വേണ്ടി വരില്ല. എല്ലാവരും ഒരു ടീമാണ്. അങ്ങനെ ആരെങ്കിലും അതിൽ ഉണ്ടെങ്കിൽ ഉടനെ ആ വ്യക്തിയെ ഒഴിവാക്കും. 

അപർണ ബാലമുരളിക്ക് മെസേജ് അയച്ചയാൾക്ക് സംഭവിച്ചത്

മുത്തശ്ശി ഗദയിൽ ഒരു അസിസ്റ്റന്റ് ഡയറക്ടർ ഉണ്ടായിരുന്നു. കോസ്റ്റ്യൂം കൺടിന്യുവിറ്റി ആണ് ഇയാൾ ചെയ്തുകൊണ്ടിരുന്നത്. ഞാൻ നോക്കുമ്പോൾ ഇയാൾ അപർണയുടെ ഫോട്ടോ എടുക്കുന്നുണ്ട്. എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് ഞാൻ അവനെ വിളിച്ചു ചോദിച്ചു. കൺടിന്യൂവിറ്റി നോക്കാനാണ് സർ എന്ന് അവൻ മറുപടി പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അപർണയുടെ ഫോൺ നമ്പർ വാങ്ങിയതായി കണ്ടു. ചോദിച്ചപ്പോൾ പറഞ്ഞു, കോസ്റ്റ്യൂമിന്റെ കാര്യം പറയാനാണ് എന്ന്. നമ്പർ വാങ്ങിച്ചോളൂ... വേറെ ഏതെങ്കിലും തരത്തിലുള്ള മെസേജ് അയച്ചുവെന്ന് അറിഞ്ഞാൽ അതോടെ ഈ പണി നിർത്തിക്കും എന്ന് അപ്പോഴേ ഞാൻ മുന്നറിയിപ്പ് കൊടുത്തിരുന്നു.

അടുത്ത ദിവസം ഞാൻ ലൊക്കേഷനിലേക്ക് വരുന്ന സമയത്ത് അസോസിയേറ്റ് എന്നെ വിളിച്ചു പറയുന്നത് ഇയാളുടെ കാര്യമാണ്. ആ പയ്യൻ അപർണയ്ക്ക് മെസേജ് അയച്ചിരിക്കുന്നു. 'അപ്പൂ... നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല... ഐ ലവ് യൂ' എന്നാണ് അയാളുടെ മെസേജ്. ഞാൻ ലൊക്കേഷനിൽ എത്തും മുൻപ് തന്നെ അയാളെ പറഞ്ഞുവിടാൻ ഞാൻ ആവശ്യപ്പെട്ടു. ആ ഫോണും വാങ്ങി വച്ചു.  

ജൂഡിന് ആർട് ഡയറക്ടർമാർ വാഴില്ലേ?

nivin-jude

ചെയ്യാവുന്ന കാര്യം ചെയ്യാതിരിക്കുമ്പോഴാണ് ഞാൻ സെറ്റിൽ ചൂടാകാറുള്ളത്. എന്റെ സെറ്റിൽ ആർട് ഡയറക്ടർമാർ വാഴാറില്ല എന്ന ചീത്തപ്പേരുണ്ട്. എന്റെ കഴിഞ്ഞ രണ്ടു സിനിമകളിലും ഞാൻ ആർട് ഡയറക്ടർമാരെ പറഞ്ഞുവിട്ടിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് നൽകിയ തിരക്കഥയിൽ പറഞ്ഞിരിക്കുന്ന സാധനങ്ങൾ ഷൂട്ടിന്റെ സമയത്ത് റെഡിയായില്ലെങ്കിൽ ആർക്കായാലും ദേഷ്യം വരില്ലേ? ഓം ശാന്തി ഓശാനയിൽ സംഭവിച്ച കാര്യം പറയാം. ആ സിനിമയ്ക്കു വേണ്ടി ഒരു ബസ് സ്റ്റോപ്പ് വേണമായിരുന്നു. അതിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ ആ വഴി പോയി. 

വെട്ടിമറ്റം കവലയിലാണ് സെറ്റിടുന്നത്. ആ കവലയിൽ ചെന്നപ്പോൾ അവിടെ ഒരു ബെഞ്ചിൽ ഒരു സ്ക്രിപ്റ്റ് ഇരിക്കുന്നു. ആരുമില്ല അവിടെ. ഏതവനാണ് ഇങ്ങനെ സ്ക്രിപ്റ്റ് ഇട്ടേച്ചു പോയതെന്ന് ആലോചിച്ച് എടുത്തു നോക്കിയപ്പോൾ ഓം ശാന്തി ഓശാനയുടെ സ്ക്രിപ്റ്റ്. സിനിമ തുടങ്ങിയിട്ടു പോലുമില്ല. ആ സിനിമയുടെ സ്ക്രിപ്റ്റാണ് ഒരു കവലയിൽ അനാഥമായി കിടക്കുന്നത്. ആർട് ഡയറക്ടറെ വിളിച്ചു ചോദിച്ചപ്പോൾ പറയുകയാണ്, ബസ് സ്റ്റോപ്പിന്റെ സെറ്റിടുന്ന ആശാരിക്ക് വായിക്കാൻ കൊടുത്തതാണ് എന്ന്! ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ എങ്ങനെയാണ് ചൂടാകാതിരിക്കുക? 

ത്രില്ലർ സിനിമ മനസിലുണ്ട്

ചെറുപ്പം മുതലേ കുറ്റാന്വേഷണം എനിക്ക് വളരെ ഇഷ്ടമുള്ള പരിപാടിയാണ്. ഒരു കുറ്റം നടന്നാൽ അത് ആരായിരിക്കും ചെയ്തിരിക്കുക എന്നു കണ്ടെത്താനുള്ള ആകാംക്ഷ. വളരെ ത്രില്ലിങ് ആണ് ആ പരിപാടി. ഒരു ഒറിജിനൽ കുറ്റാന്വേഷണം നടത്തണമെന്ന് എനിക്ക് എല്ലായ്പ്പോഴും ആഗ്രഹമുള്ള കാര്യമാണ്. അങ്ങനെയൊരു സിനിമ ചെയ്യാനിരുന്നതാണ്. 2403 ഫീറ്റ് വന്നപ്പോൾ ആ സിനിമ മാറ്റി വച്ചു. വൈകാതെ അതു വീണ്ടും തുടങ്ങും. ഇന്ദുഗോപൻ ചേട്ടന്റെ ഒരു മൂന്നു സ്ക്രിപ്റ്റ് പ്ലാനിങ്ങിൽ ഉണ്ടായിരുന്നു. കോവിഡ് വന്നപ്പോൾ എല്ലാ പ്ലാനുകളും തുടച്ചു നീക്കപ്പെട്ടു. 

അഭിനയിച്ച ചില ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്. മിന്നൽ മുരളിയിൽ ഒരു വേഷമുണ്ട്. ഞാൻ അഭിനയിച്ച പല ചിത്രങ്ങളിലും ഞാൻ അങ്ങോട്ടു അവസരം ചോദിച്ച് കിട്ടിയതാണ്. വളരെ കുറച്ചു സംവിധായകരെ എന്നെ ഇങ്ങോട്ട് വിളിച്ച് അവസരം തന്നിട്ടുള്ളൂ. അത്തരത്തിൽ ഒരു വേഷം ഇപ്പോൾ വന്നിട്ടുണ്ട്. വൈകാതെ അതു നടക്കും. 

English Summary: Social media responses will be filtered says director Jude Anthany joseph

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA