ADVERTISEMENT

താരാധിപത്യം തകർന്നുവീണ ഒടിടി കാഴ്ചകളിൽ ഇന്ത്യയിലെ ട്രെൻഡിങ് സിനിമയാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ഹസീൻ ദിൽ റുബ’. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പല വിദേശരാജ്യങ്ങളിലും ‘ടോപ് 10’ ട്രെൻഡിങ്ങിലേക്കു സിനിമ കയറി. തന്റെ സിനിമകളെ ഒറ്റയ്ക്കു ചുമലിലേറ്റാൻ കരുത്തുള്ള നായിക താപ്സി പന്നുവിന്റെ ‘ഥപടിനു’ ശേഷമുള്ള ഉജ്വല പ്രകടനം. അത്ര പരിചിതനല്ലാത്ത ഈ ബോളിവുഡ് സംവിധായകൻ തൃപ്പൂണിത്തുറ സ്വദേശി വിനിൽ മാത്യു. സിനിമ പഠിച്ചത് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും ജർമനിയിലും. പരസ്യ ചിത്രങ്ങളുടെ കളരിയിൽ കാഡ്ബറിയും നെസ്‍ലെയുമുൾപ്പെടെ മധുരമുള്ള ബ്രാൻഡുകളെ പരിചയപ്പെടുത്തിയ വിനിൽ മാത്യു സംസാരിക്കുന്നു.

 

വിനിൽ  2014ൽ ആണ് ‘ഹസി തോ ഫസി’ എന്ന റൊമാന്റിക് കോമഡി ചിത്രമൊരുക്കുന്നത്. ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ ‘ഹസീൻ ദിൽറുബ’ വരെ 7 വർഷത്തെ ഇടവേള. ആദ്യചിത്രം ഹിറ്റാക്കിയ സംവിധായകൻ എന്തുകൊണ്ട് രണ്ടാം ചിത്രത്തിനായി ഇത്രത്തോളം കാത്തിരുന്നു?

vinil

 

ഞാനൊരു പരസ്യ സംവിധായകനാണ്. അതാണ് ജീവിതമാർഗം. ആസ്വദിച്ചുചെയ്യുന്ന ജോലിയാണത്. അതിൽനിന്നു രണ്ടുമൂന്നു വർഷത്തോളം അവധിയെടുത്താണ് ‘ഹസി തോ ഫസി’ ചെയ്തത്. സിനിമയെടുക്കാൻ ആദ്യമേ താൽപര്യമുണ്ടായിരുന്നു. സുഹൃത്തിനോടൊപ്പമാണ് ‘ഹസി തോ ഫസി’ എടുത്തത്. സിനിമ ഒരു വലിയ ഉത്തരവാദിത്തമാണ്. എഴുത്ത്, സംവിധാനം, പോസ്റ്റ് പ്രൊഡക്ഷൻ. വർഷങ്ങളുടെ അധ്വാനമാണത്. സിനിമയ്ക്കുശേഷം വീണ്ടും പരസ്യമേഖലയിലേക്കു തിരികെപ്പോയി. നല്ല സിനിമ ചെയ്യാൻ നല്ല കഥ വേണം. പിന്നെ ബോളിവുഡിൽ സ്റ്റാർ സിസ്റ്റമാണ്. ഡേറ്റ് കിട്ടണം, പ്രൊഡ്യൂസർ വേണം. എപ്പോഴും അതു നടക്കണമെന്നില്ല. മൂന്നാമതൊരു ചിത്രത്തിന് ഇത്ര ഇടവേള വരില്ലെന്നു കരുതുന്നു.

 

pariniti-vinil
പരിനീതിക്കും സിദ്ധാർഥിനുമൊപ്പം

കാസ്റ്റിങ്ങാണ് ബോളിവുഡിൽ മറ്റൊരു പ്രധാന വെല്ലുവിളി. ഒരുപാടു സമയം വേണം. മലയാള സിനിമ അങ്ങനെയല്ല. ‘ആർക്കറിയാം’ എന്ന ചിത്രത്തിന്റെ സംവിധായകൻ സനു വർഗീസ് അടുത്ത സുഹൃത്താണ്. രാജീവ് രവി, പാർവതി ഒക്കെ സുഹൃത്തുക്കളാണ്. മലയാളത്തിൽ വളരെക്കുറച്ചു സമയംകൊണ്ട് സിനിമ നിർമിക്കുന്നതിനെക്കുറിച്ച് അവർ പറഞ്ഞ് അറിയാം. എന്റെ സിനിമ ലോക്ഡൗണിനു മുൻപുതന്നെ 60% ഷൂട്ട് കഴിഞ്ഞിരുന്നു. സനു ആ സമയത്തു കേരളത്തിലുണ്ട്. ബാക്കി പണികൾ ചെയ്തുകൊണ്ടിരിക്കുമ്പോഴേക്കും സനു സ്വന്തം സിനിമ ചെയ്ത്, അതു റിലീസായി. അതാണ് രണ്ട് ഇൻഡസ്ട്രിയും തമ്മിലുള്ള വ്യത്യാസം. പിന്നെ ഇന്ത്യ മുഴുവനുള്ള പ്രേക്ഷകരെ ആലോചിച്ചുവേണം കഥ തിരഞ്ഞെടുക്കാൻ.

 

നല്ലതെന്നോ ചീത്തയെന്നോ പറയാനാകാത്ത, സ്ഥിരംനായക സ്വഭാവങ്ങളൊന്നുമില്ലാത്തവരാണ് വിനിലിന്റെ കഥാപാത്രങ്ങൾ. പരിനീതി–സിദ്ധാർഥ്, താപ്സി–വിക്രാന്ത് ഇവരെ ഇത്ര മികവുള്ള കഥാപാത്രങ്ങളിലേക്ക് എത്തിക്കാനുള്ള പ്ലാനിങ്?

hazeen-dilruba

 

അഭിനേതാക്കളുടെ സ്റ്റൈൽ ഓഫ് വർക്ക് നോക്കിയാണ് എന്റെ ജോലി. രണ്ടു ചിത്രത്തിലും കഥാപാത്രങ്ങൾ നല്ലതോ ചീത്തയോ അല്ല, എല്ലാം ഗ്രേ ഷേഡുള്ളവരാണ്. അതിനാൽതന്നെ പല ലെയറുകൾ സിനിമയ്ക്കുണ്ട്. തിരക്കഥയിലേക്ക് എന്നെ ആകർഷിച്ചതും ഈ കാര്യമാണ്. ‘ഹസീൻ ദിൽറുബ’ ഒരേസമയം ത്രില്ലറാണ്, പ്രണയമുണ്ട്, കോമഡിയുണ്ട്, കുടുംബകഥയാണ്. എന്റെ മനസ്സിൽ ചിത്രം പ്രധാനമായും ലവ് സ്റ്റോറിയായിരുന്നു. അതിനനുസരിച്ചാണ് ബാക്കി ചിത്രീകരിച്ചത്. അതുകൊണ്ടാകാം ത്രില്ലറായിട്ടും ചിത്രത്തിലെ പ്രണയകഥ അത്ര നന്നായി ആസ്വദിക്കാൻ പറ്റുന്നത്.

 

‘ഹസി തോ ഫസി’യിലെ പരിനീതിയുടെ കഥാപാത്രവും സാധാരണ കഥാപാത്രമല്ല. ഡ്രഗ് അഡിക്ട് അല്ല, മദ്യപയല്ല, മനോരോഗി അല്ല, എന്നാൽ കുറച്ച് ഇതൊക്കെ ഉണ്ടുതാനും. റഫറൻസിന് അങ്ങനൊരു കഥാപാത്രത്തെ വേറെ കണ്ടെത്താനായില്ല. അതുകൊണ്ട് ചിത്രീകരണം ബുദ്ധിമുട്ടായിരുന്നു. നാടകീയത കൂട്ടിയും കുറച്ചും ടേക്കുകൾ എടുക്കും. എഡിറ്റിങ്ങിൽ ഏതാണോ ചേരുക അതു തിരഞ്ഞെടുക്കും. സങ്കീർണമായിരുന്നു ചിത്രീകരണം. സിനിമയ്ക്കായി സിദ്ദാർഥിന്റെ ഭംഗി കുറയ്ക്കുകയാണു ചെയ്തത്. നോർമൽ ലുക്കിലെത്തിക്കാൻ ബുദ്ധിമുട്ടി. താപ്സിയുടെയും വിക്രാന്ത് മാസിയുടെയും കഥാപാത്രങ്ങൾ തമ്മിലും ഒരുപാടു വ്യത്യാസമുണ്ട്.  അവസാന നിമിഷംവരെ ഈ കഥാപാത്രങ്ങൾ എങ്ങനെ സ്വീകരിക്കപ്പെടുമെന്നതിൽ ആശങ്കയുണ്ടായിരുന്നു.

 

ആദ്യചിത്രം തിയറ്റർ ഹിറ്റാണ്. രണ്ടാമത്തേത് ഒടിടിയും. സംവിധായകനെന്ന നിലയിൽ നേരിട്ട പ്രതിസന്ധികൾ?

 

ഹസീൻ ദിൽറുബ 60% ചിത്രീകരണം കഴിഞ്ഞപ്പോഴാണ് ലോക്ഡൗൺ വന്നത്. തിയറ്റർ മൂവി ആയിട്ടാണ് തുടങ്ങിയത്. 5 മാസം ചിത്രീകരണം നിർത്തിവച്ചു. ഒക്ടോബറിൽ വീണ്ടും തുടങ്ങി. എഡിറ്റിങ് സമയത്തും തിയറ്റർ റിലീസായിരുന്നു മനസ്സിൽ. പിന്നീടാണ് ഒടിടി റിലീസ് തീരുമാനിച്ചത്. ആളുകൾ ലാപ്ടോപ്പിലാണ് സിനിമ കാണുക. സൗണ്ട് ലെവലിൽ അതിനനുസരിച്ചു മാറ്റം വരുത്തി പിന്നീട്. ആദ്യമേ ഒടിടി റിലീസായിരുന്നു മനസ്സിലെങ്കിൽ ചിലപ്പോൾ ഇതിനെക്കാൾ മാറ്റം വരുമായിരുന്നു ചിത്രീകരണത്തിൽ. സിനിമയിറങ്ങി 24 മണിക്കൂറിൽ ടോപ് 10ൽ എത്തി. 

 

മലയാള സിനിമകളെക്കുറിച്ച്? 

 

മലയാള സിനിമകൾ ധാരാളം കാണാറുണ്ട്. സിനിമ ചെയ്യാൻ താൽപര്യവുമുണ്ട്. എന്നാൽ, കഥയനുസരിച്ചേ ചെയ്യൂ. സ്റ്റാറിനുവേണ്ടി സിനിമ ചെയ്യില്ല. കഥയ്ക്കു വേണ്ട അഭിനേതാവിനെ തിരഞ്ഞെടുക്കുന്നതാണ് എന്റെ രീതി. മോഹൻലാൽ – ശ്രീനിവാസൻ കോംബോയിൽ വന്ന എല്ലാ ചിത്രങ്ങളും ഇഷ്ടമാണ്. ദിലീഷ് പോത്തനാണ് ഇഷ്ടപ്പെട്ട സംവിധായകൻ. ശ്യാം പുഷ്കരൻ എഴുതുന്ന ചിത്രങ്ങൾ ഇഷ്ടമാണ്. മഹേഷ് നാരായണന്റെ സിനിമകളുടെ ഫാനാണ്.

 

അടുത്ത പ്രോജക്ട്?

 

രണ്ടുമൂന്നു കഥകൾ മനസ്സിലുണ്ട്. ഹസീൻ ദിൽറുബ അവിചാരിതമായി വന്ന സിനിമയാണ്. മറ്റൊരു വർക്കിനിടയിൽ ഒരു പരിപാടിയിൽവച്ചാണ് കനിക ഡിലൻ എന്നോടു കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ടപ്പോൾ ചെയ്യാം എന്നു തീരുമാനിച്ചു. പ്ലാൻ ചെയ്തു ചെയ്തതല്ല. കോവിഡും ലോക്ഡൗണും ഒക്കെ വന്നില്ലേ, ഒന്നും നമ്മുടെ കയ്യിലല്ല.

 

കുടുംബം?

 

കേരളത്തിലാണു ജനിച്ചത്. അച്ഛൻ തൃപ്പൂണിത്തുറ പാലത്തിങ്കൽ പി.ജെ. മാത്യു, മിനിസ്ട്രി ഓഫ് ഡിഫൻസിൽ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു. അമ്മ ചേരാനെല്ലൂർ സ്വദേശിയാണ്, മേഴ്സി മാത്യു. ഭാര്യ ശ്വേതയും തൃശൂർ സ്വദേശിനിയാണ്.

 

ഡൽഹിയിലാണ് വളർന്നതും പഠിച്ചതും. കോളജ് കഴിഞ്ഞ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ചു. പിന്നെ പഠനം ജർമനിയിലായിരുന്നു.  അച്ഛനും അമ്മയും തൃപ്പൂണിത്തുറയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com