15 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ ഡാൻസിങ് റോസ്; ഷബീർ കല്ലറയ്ക്കല്‍ അഭിമുഖം

dancing-rose-shabeer
ഷബീർ കല്ലറയ്ക്കൽ
SHARE

പാ. രഞ്ജിത് സംവിധാനം ചെയ്ത സാർപട്ടാ പരമ്പരൈ കണ്ട പ്രേക്ഷകർ കൗതുകപൂർവം തിരഞ്ഞത് ഒരു നടനെക്കുറിച്ചായിരുന്നു. നായകനും വില്ലനും അല്ലാതിരുന്നിട്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഡാൻസിങ് റോസ് എന്ന ബോക്സിങ് വിസ്മയത്തെ! അസാമാന്യ മെയ്‍വഴക്കത്തോടെ ഇടിക്കൂട്ടിൽ നിറഞ്ഞാടിയ ഡാൻസിങ് റോസിനെ അവിസ്മരണീയമാക്കിയത് ഷബീർ കല്ലറയ്ക്കൽ എന്ന ചെന്നൈ മലയാളിയാണ്. ഡാൻസിങ് റോസ് എന്ന ഏറെ വെല്ലുവിളികളുള്ള കഥാപാത്രത്തെ ഇത്രയും അനായാസമായി അവതരിപ്പിക്കാൻ ഷബീറിനെ സഹായിച്ചത് ഒരു നടനാകാൻ വേണ്ടി അലഞ്ഞ 15 വർഷങ്ങളുടെ അനുഭവപരിചയമാണ്. 

ഷബീറിന്റെ ആദ്യചിത്രമല്ല സാർപട്ടാ പരമ്പരൈ. 2004ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ആയുധമെഴുത്തിൽ ജൂനിയർ ആർടിസ്റ്റായി തുടങ്ങിയ ഷബീർ 2014ൽ നായകനായി. ആദ്യചിത്രം നെറുങ്കി വാ മുത്തമിടാതെ! രണ്ടു വർഷത്തിനു ശേഷം രാഘവേന്ദ്രപ്രസാദ് സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ 54321ലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ സിനിമകളോ കഥാപാത്രങ്ങളോ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മികച്ച കഥാപാത്രങ്ങൾക്കു വേണ്ടിയുള്ള ഷബീറിന്റെ കാത്തിരിപ്പ് അവസാനിച്ചത് ഡാൻസിങ് റോസിലാണ്. സിനിമ സ്വപ്നമായി മനസിൽ കയറിക്കൂടിയപ്പോൾ മുതൽ ഷബീർ പഠിച്ചെടുത്ത ആയോധനകലകളും നൃത്തവും മെയ്‍വഴക്കവും ഡാൻസിങ് റോസ് എന്ന കഥാപാത്രത്തിനു ഗുണകരമായി. പശുപതിയുടെ രംഗൻ വാദ്യാരും, ആര്യയുടെ കബിലനും, ജോൺ കൊക്കന്റെ വെമ്പുലിയും തകർത്താടിയപ്പോൾ അവർക്കൊപ്പം തലയെടുപ്പോടെ തന്നെ ഷബീറിന്റെ ഡാൻസിങ് റോസും കളം നിറഞ്ഞാടി. ആ വേഷപ്പകർച്ചയുടെ അനുഭവങ്ങളുമായി ഷബീർ കല്ലറയ്ക്കൽ മനോരമ ഓൺലൈനിൽ.  

പതിനൊന്നാം മണിക്കൂറിലെ ഓഡിഷൻ

2019 ഡിസംബറിലാണ് കാസ്റ്റിങ് ഡയറക്ടർ നിത്യ എന്നെ ഓഡിഷനു വിളിക്കുന്നത്. ഞാൻ മുമ്പ് അഭിനയിച്ച 'അടങ്ക മാറു' എന്ന ജയം രവി സിനിമയിൽ വച്ച് അവരെ പരിചയമുണ്ട്. എന്റെ അക്രോബാറ്റിക് കഴിവുകളെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു. ഡാൻസിങ് റോസ് എന്ന കഥാപാത്രത്തിനു വേണ്ടി അവർ പലരെയും നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. ഷൂട്ട് തുടങ്ങാൻ കഷ്ടിച്ച് ഒരാഴ്ച ഉള്ളപ്പോഴാണ് എന്റെ ഓഡിഷൻ. അതു ഞാൻ ക്ലിയർ ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ലുക്ക് ടെസ്റ്റ് ചെയ്തു. അങ്ങനെയാണ് ഞാൻ സാർപട്ടാ പരമ്പരെയിൽ എത്തിയത്. 

ആ രംഗം സിനിമയിലില്ല

ഡാൻസിങ് റോസ്, റിങിൽ പരാജയപ്പെട്ടശേഷമുള്ള ഒരു ഇമോഷനൽ രംഗമാണ് ഓഡിഷനു ചെന്നപ്പോൾ എന്നോട് ചെയ്യാൻ ആവശ്യപ്പെട്ടത്. ആ രംഗം ഷൂട്ട് ചെയ്തിരുന്നെങ്കിലും സിനിമയിൽ നിന്നൊഴിവാക്കി. ദുരൈകണ്ണ് വാദ്യാരുമായുള്ള ഒരു കോംപിനേഷൻ സീൻ ആയിരുന്നു. എങ്ങനെയാണ് തോറ്റതെന്ന് അദ്ദേഹം ചോദിക്കുമ്പോൾ ഞാൻ മറുപടി പറയുന്നതാണ് ആ രംഗം. ഡാൻസിങ് റോസിന്റെ വികാരനിർഭരമായ ഒരു രംഗമായിരുന്നു അത്. സിനിമയ്ക്ക് ദൈർഘ്യം കൂടിയതുകൊണ്ടാണോ അതൊഴിവാക്കിയതെന്ന് അറിയില്ല. ആ രംഗം ഇല്ലായിരുന്നിട്ടു പോലും പ്രേക്ഷകർ ഡാൻസിങ് റോസിനെ ഇഷ്ടപ്പെട്ടു. വ്യക്തിപരമായി പറഞ്ഞാൽ, ആ രംഗം ഉണ്ടായിരുന്നെങ്കിൽ പ്രേക്ഷകരിൽ നിന്നും ഇതിൽക്കൂടുതൽ അഭിനന്ദനങ്ങൾ ലഭിക്കുമായിരുന്നു. എങ്കിലും ആ കഥാപാത്രത്തെ പൂർണതയോടെ തന്നെ സംവിധായകൻ സിനിമയിൽ കാണിച്ചിട്ടുണ്ട്. 

shabeer-kallarackal-actor

നന്ദി, പാ. രഞ്ജിത് സർ!

ക്ലൈമാക്സിൽ വെമ്പുലിയോട് പറയുന്ന ഡയലോഗിൽ പോലും ഡാൻസിങ് റോസിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് കൃത്യമായി കാണിക്കുന്നുണ്ട്. ഷബീർ എന്ന അഭിനേതാവ് വെറുമൊരു ഉപകരണം മാത്രമാണ്. എല്ലാവരും ഡാൻസിങ് റോസിനെ പ്രശംസിക്കുന്നതിന് കാരണം ഷബീർ കല്ലറയ്ക്കൽ എന്ന അഭിനേതാവ് അല്ല. അത്ര മനോഹരമായാണ് ആ കഥാപാത്രത്തെ എഴുതി വച്ചിരിക്കുന്നത്. എന്നെക്കാളും മികച്ച അഭിനേതാവിന്റെ കയ്യിലായിരുന്നു ആ കഥാപാത്രമെങ്കിൽ ഇതിലും മികച്ചതായി അവർ ചെയ്യുമായിരുന്നു. അതുകൊണ്ട് ഈ വിജയത്തിൽ ഞാൻ അതിരുകടന്ന് സന്തോഷിക്കുന്നില്ല. ഇത്ര ഗംഭീരമായ കഥാപാത്രം എനിക്ക് തന്നതിൽ‍ പാ. രഞ്ജിത് സാറിനോട് വലിയ നന്ദിയുണ്ട്. സെറ്റിൽ വളരെ കൂളാണ് അദ്ദേഹം. അഭിനേതാക്കൾക്ക് ഒട്ടും സമ്മർദ്ദം ഉണ്ടാക്കില്ല.  

ആ ഫൈറ്റ് റിയലാണ്

അടിസ്ഥാനപരമായി ഞാനൊരു തിയറ്റർ ആർടിസ്റ്റാണ്. ലൈവ് കാണികൾക്കു മുൻപിലാണ് ഞാൻ കൂടുതലും അഭിനയിച്ചിട്ടുള്ളത്. അതിന്റെ ഒരു ഗുണമെന്നു പറയുന്നത് കാണികളുടെ പ്രതികരണം ലൈവായി അറിയാമെന്നതാണ്. അതിന്റെ ഊർജ്ജം പ്രകടനത്തിലും പ്രതിഫലിക്കും. ഡാൻസിങ് റോസിന്റെ നിർണായകമായ ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോൾ ലൈവ് കാണികൾ ഉണ്ടായിരുന്നത് പ്രകടനത്തെ വളരെയധികം സഹായിച്ചു. ഞാനും ആര്യയും ഫൈറ്റ് ചെയ്യുമ്പോൾ സ്വാഭാവികമായി തന്നെ ഷൂട്ടിനുണ്ടായിരുന്ന കാണികൾ കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. 

petta-movie-shabeer
പേട്ട സിനിമയിൽ വിജയ് സേതുപതിക്കൊപ്പം

ആ കഥാപാത്രമായി പരിണമിക്കാൻ ഇതു വളരെയേറെ സഹായിച്ചു. ആര്യയും ഞാനും തമ്മിലുള്ള ബോക്സിങ് സീക്വൻസ് ലൈവ് ആയി തന്നെ ചെയ്തതാണ്. ഇടിയൊക്കെ പരസ്പരം നന്നായി കൊണ്ടിട്ടുണ്ട്. ആ സമയത്ത് improvise ചെയ്ത ചലനങ്ങളും സ്റ്റൈലുകളുമാണ് സിനിമയിൽ കാണുന്നത്. പൂർണമായും കൊറിയോഗ്രഫ് ചെയ്ത രംഗമല്ല അത്. ആര്യ നല്ലൊരു ബോക്സറാണ്. ഞാനും കിക്ക് ബോക്സിങ് പഠിച്ചിട്ടുണ്ട്. ആ രംഗം പൂർണതയോടെ ചെയ്യുന്നതിന് അതു സഹായിച്ചു. 

സെറ്റിൽ ഞാനെപ്പോഴും ഡാൻസിങ് റോസ് 

സെറ്റിൽ വന്നു കോസ്റ്റ്യൂം ഇട്ടു കഴിഞ്ഞാൽ തന്നെ ഞാൻ ഡാൻസിങ് റോസ് ആകും. പിന്നെ അവിടെ ഷബീർ ഇല്ല. മുഴുവൻ സമയവും ഞാൻ ആ കഥാപാത്രമായാണ് അവിടെ ചെലവഴിച്ചത്. കാണുന്നവർക്കും തോന്നും, ഇയാൾക്കെന്താ വട്ടാണോ എന്ന്. കാരണം, എപ്പോഴും ഡാൻസിങ് റോസിന്റെ ശരീരഭാഷയിലായിരുന്നു ഞാൻ. ക്യാമറയ്ക്ക് മുൻപിൽ ആക്ഷൻ പറയുമ്പോൾ പെട്ടെന്ന് ആ കഥാപാത്രമായി മാറുന്ന ആളുകളുണ്ട്. എന്നാൽ എനിക്ക് അതിന് കഴിയുന്നുണ്ടായിരുന്നില്ല. ഷൂട്ടിന്റെ മുഴുവൻ സമയവും ഞാൻ ആ കഥാപാത്രമായിരുന്നു. എനിക്കൊപ്പം പ്രവർത്തിച്ചവരും എന്റെ ആ രീതിയെ പിന്തുണച്ചു. 

shabeer-kallarackal-

എന്റെ ചില ശാരീരിക ചലനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ അവർ തന്നുകൊണ്ടിരുന്നു. ഫൈറ്റ് സീക്വൻസ് എടുത്ത രണ്ടു മൂന്നു ദിവസം ഞാൻ സെറ്റിൽ ഇരുന്നിട്ടേ ഇല്ലെന്നു പറയാം. ഞാൻ എപ്പോഴും മൂവ്മെന്റ്സ് ചെയ്തുകൊണ്ടേയിരുന്നു. എനിക്ക് സിനിമയിൽ അഭിനയിച്ചു വളരെ കുറവ് അനുഭവമേയുള്ളൂ. സിനിമാപശ്ചാത്തലമുള്ള കുടുംബമല്ല എന്റേത്. എനിക്ക് ലഭിക്കുക, ഒരു പക്ഷേ, ഒറ്റ അവസരം ആയിരിക്കും. ആ അവസരം നഷ്ടപ്പെടുത്താൻ പാടില്ലല്ലോ. എനിക്കെന്റെ ഏറ്റവും ബെസ്റ്റ് തന്നെ നൽകണമായിരുന്നു. നാടകത്തിനു വേണ്ടി വേദിയിൽ കയറുമ്പോഴും ഞാൻ ഓർക്കും, ഇത് എന്റെ ഏക അവസരമാണ്... ബെസ്റ്റ് തന്നെ കൊടുക്കണം എന്ന്. 

shabeer-kallarackal-4

ഇടിക്കൂട്ടിലെ 'പ്രിൻസ്' എന്ന റഫറൻസ്

പ്രമുഖ ബോക്സർ പ്രിൻസ് നസീം ഹമീദിന്റെ റഫറൻസാണ് രഞ്ജിത് സർ എനിക്ക് തന്നിരുന്നത്. ആര്യയ്ക്കും ജോണിനും ഇതുപോലെ റഫറൻസ് നൽകിയിരുന്നു. പ്രിൻസ് നസീം ഹമീദിന്റെ ബോക്സിങ് വിഡിയോ ഞാൻ കണ്ടിരുന്നു. അദ്ദേഹത്തെ അതുപോലെ അനുകരിക്കുകയല്ല ഞാൻ ചെയ്തത്. അതിൽ നിന്നു പ്രചോദനമുൾക്കൊണ്ട് എന്റേതായ രീതിയിൽ ഡാൻസിങ് റോസിനെ അവതരിപ്പിക്കുകയായിരുന്നു. റിങ്ങിൽ കരണംമറിയുന്നതൊക്കെ എളുപ്പത്തിൽ ചെയ്യാൻ പറ്റി. പക്ഷേ, റിങ്ങിലേക്ക് ചാടി വരുന്നതു ചെയ്യാൻ കുറച്ചു ദിവസത്തെ പരിശീലനം വേണ്ടി വന്നു. നൃത്തത്തിലും ആയോധനകലകളിലുമുള്ള പരിചയം തീർച്ചയായും ഈ കഥാപാത്രത്തെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ സഹായിച്ചു. 

shabeer-kallarackal-2

എന്റെ മലയാളം അത്ര പോരാ!

സെറ്റിൽ ഞങ്ങൾ മൂന്നു മലയാളികളായിരുന്നു. ഞാനും ആര്യയും ജോണും. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരിക്കുമ്പോൾ മലയാളത്തിലാകും സംസാരം. അപ്പോൾ സെറ്റിലുള്ളവർ പറയും, ഈ സിനിമയിൽ മൊത്തം മലയാളികളാണല്ലോ എന്ന്. ആര്യ നന്നായി മലയാളം സംസാരിക്കുന്ന വ്യക്തിയാണ്. എന്റെ മലയാളം അത്ര പോരാ. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അച്ഛനും അമ്മയും കോഴിക്കോട് വടകരയിൽ നിന്നാണ്. അമ്മ സിനിമ കാണുന്ന വ്യക്തിയല്ല. ഞാൻ നിർബന്ധിക്കാറുമില്ല. 

shabeer-kallarackal4

ഞാൻ സിനിമയിൽ അഭിനയിക്കുന്നതിൽ അമ്മയ്ക്ക് വലിയ താൽപര്യവുമില്ല. അമ്മ ഇതുവരെ എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. അതു അവരുടെ ചോയ്സ് ആണ്. അതിനെ ഞാൻ ആദരിക്കുന്നു. അമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമാണ്. സിനിമയൊഴിച്ചുള്ള എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. സിനിമയെക്കുറിച്ച് ഞങ്ങൾ പരസ്പരം സംസാരിക്കാറില്ല. അച്ഛൻ സിനിമ കണ്ടിരുന്നു. നേരിട്ട് അഭിനന്ദനമൊന്നും പറഞ്ഞില്ലെങ്കിലും സഹപ്രവർത്തകരോട് ഈ സിനിമയെപ്പറ്റി സംസാരിക്കുന്നത് കേട്ടിരുന്നു. അച്ഛന് എന്റെ കഥാപാത്രം ഇഷ്ടമായിട്ടുണ്ട്. അതിൽ സന്തോഷം. മകൻ ഒരു 10–15 വർഷമായി സിനിമയുടെ പിന്നാലെ നടക്കുമ്പോൾ ഏതു മാതാപിതാക്കൾക്കായാലും ആകുലതയുണ്ടാകുമല്ലോ. എന്തായാലും അവർ ഇപ്പോൾ ഹാപ്പിയാണ്. 

ആയുധമെഴുത്തിലെ ജൂനിയർ ആർടിസ്റ്റ്

കൃത്യമായി പറഞ്ഞാൽ 15 വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് ഈ സിനിമയും ഈ കഥാപാത്രവും. എനിക്കൊരു സിനിമാപശ്ചാത്തലമില്ല. ഇൻഡസ്ട്രിയിൽ ആരെയും അറിയില്ല. പഠിക്കുന്ന സമയത്ത് എനിക്കൊരു ക്രിക്കറ്റർ ആകണമെന്നായിരുന്നു ആഗ്രഹം. ചെന്നൈയിൽ ലീഗ് കളിക്കാൻ പോകുമായിരുന്നു. അതിനിടയിലാണ് ആയുധമെഴുത്തിൽ മുഖം കാണിക്കാൻ അവസരം കിട്ടിയത്. അന്ന് ഞാൻ പാർട് ടൈം ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ആ സിനിമയ്ക്കു വേണ്ടി ജൂനിയർ ആർടിസ്റ്റുകളെ നൽകിയിരുന്നത്. അങ്ങനെ ആ സെറ്റിലെത്തി. എന്തുകൊണ്ടോ എന്നെ അവർ മുന്നിൽ നിറുത്തി. ക്ലൈമാക്സിൽ നായികയ്ക്കൊപ്പം ചെറിയൊരു ഷോട്ട്. 

ayudha-ezhutu
ആയുധ എഴുത്തിൽ ഷബീർ (രണ്ടാമത്)

കഷ്ടിച്ച് അഞ്ചു സെക്കൻഡ് പോലും എന്നെ കാണിക്കുന്നില്ല. സിനിമ റിലീസ് ആയപ്പോൾ ചിലർ എന്നെ തിരിച്ചറിഞ്ഞു. ആളുകൾ എന്നെ തിരിച്ചറിയുന്നതും ശ്രദ്ധിക്കുന്നതുമെല്ലാം ഞാൻ ആസ്വദിക്കാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ തിയറ്റർ തിരഞ്ഞെടുത്തത്. പിന്നീട് സിനിമ തന്നെയായി ലക്ഷ്യം. ഒരു ഡാൻസ് ക്ലാസിൽ അഡ്മിഷൻ എടുക്കുകയാണ് ആദ്യം ചെയ്തത്. ഫൈറ്റ് പഠിക്കാൻ പോയി. 2009 മുതൽ തിയറ്റർ ചെയ്യാൻ തുടങ്ങി. 2014ലാണ് ആദ്യചിത്രം ഇറങ്ങുന്നത്, നെറുങ്കി വാ മുത്തമിടാതെ. 2016ൽ അടുത്ത പടം ചെയ്തു. രണ്ടിലും നായകവേഷങ്ങളായിരുന്നു. പക്ഷേ, അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ ചെറിയ വേഷങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങി. വലിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. അടങ്കാ മറു, പേട്ട തുടങ്ങിയ ചിത്രങ്ങൾ അങ്ങനെയാണ് സംഭവിച്ചത്. 

പശുപതി സർ എന്ന ഗുരു

നാടകത്തിൽ എന്റെ ഗുരുവായിരുന്നു പശുപതി സർ. 10 വർഷം മുമ്പെ അറിയാം. കൂത്തുപട്ടരൈ തിയറ്റർ ഗ്രൂപ്പിലെ ജയകുമാർ സാറിന്റെ കീഴിലായിരുന്നു ഞാൻ. പശുപതി സർ ഞങ്ങളുടെ നാടകങ്ങൾ കാണാൻ വരും. അന്നു മുതലുള്ള പരിചയമാണ് ഞങ്ങൾ തമ്മിൽ. പക്ഷേ, ഒരിക്കലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് കരുതിയതേ അല്ല. അദ്ദേഹം ഒരു അസാധ്യ നടനാണ്. ഡയലോഗ് ഒന്നും വേണ്ട, വെറുമൊരു ലുക്കിൽ അദ്ദേഹം ഞെട്ടിച്ചു കളയും. സർപാട്ടയുടെ സെറ്റിലെത്തിയ ആദ്യ ദിവസം എനിക്ക് ആ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോഴൊക്കെ ഞാൻ പശുപതി സാറിനോടു സംസാരിക്കും. സർ പറഞ്ഞു, ഈ ആശയക്കുഴപ്പത്തിന് ഒരു ഉത്തരം കണ്ടെത്തേണ്ടത് നീയാണ്. എനിക്കുറപ്പുണ്ട്, നീയതു കണ്ടെത്തിയിരിക്കും, എന്ന്. രണ്ടു ദിവസം കഴിഞ്ഞ് ഡാൻസിങ് റോസിന്റെ ഫൈറ്റ് സീക്വൻസ് എടുത്തപ്പോൾ അദ്ദേഹം വന്നു പറഞ്ഞു, 'പുടിച്ചിട്ട പോല ഇറ്ക്ക് ക്യാരക്ടർ! സമ്മയാ പൺരാർ... ജോളിയാ എൻജോയ് പണ്ണ്'! അദ്ദേഹത്തിന്റെ ആ വാക്കുകൾ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. 

ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല

ഈ സിനിമയ്ക്കു ശേഷം ഒരുപാടു നല്ല കാര്യങ്ങൾ സംഭവിച്ചു. ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ ഞാൻ സംതൃപ്തനായിരുന്നു. എന്റെ കരിയറിലെ മികച്ചൊൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം. റിലീസിനു മുമ്പെ എനിക്ക് ഈ ഫീൽ ഉണ്ട്. സിനിമ വന്നപ്പോൾ എനിക്ക് എന്റെ ജീവിതത്തെ സിനിമയുമായി റിലേറ്റ് ചെയ്യാൻ പറ്റി. അപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചെ എണീറ്റ് ഞാൻ ബീച്ചിലേക്ക് പോയി. കടലും നോക്കി അവിടെ അങ്ങനെ ഇരുന്നു... കുറെ കാര്യങ്ങൾ മനസിലൂടെ കടന്നുപോയി. രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല. വല്ലാത്തൊരു ഫീലായിരുന്നു. കാണുന്നതിലെല്ലാം സൗന്ദര്യം അനുഭവിക്കാൻ കഴിയുന്ന പോലെ... അതു പറയാൻ എനിക്ക് വാക്കുകളില്ല. 

sarpattai-parambarai-review

ബീച്ചിൽ ജിംനാസ്റ്റിക്സ് പരിശീലിക്കുന്ന കുറച്ചു ചെറുപ്പക്കാർ ഉണ്ടായിരുന്നു. അവരുടെ കുറച്ചു ഫോട്ടോസ് എടുക്കാമോ എന്നു ചോദിച്ച് എന്നെ സമീപിച്ചു. അവർ ഫോൺ എടുത്തിരുന്നില്ല. ഞാൻ അവരുടെ ചിത്രങ്ങൾ എടുത്തു. അത് അവർക്ക് അയച്ചു കൊടുക്കാൻ നമ്പർ വാങ്ങി. ഞാനെന്താണ് ചെയ്യുന്നത് എന്ന് അവർ ചോദിച്ചു. 'ആക്ടറാണ്' എന്നായിരുന്നു എന്റെ മറുപടി. ഇന്നലെ രാത്രി റിലീസ് ചെയ്ത സർപാട്ട പരമ്പരൈയിൽ ഒരു റോൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. വീട്ടിലെത്തി കുറെ കഴിഞ്ഞപ്പോൾ രാവിലെ കണ്ട ആ ചെറുപ്പക്കാർ എന്നെ വിളിക്കുന്നു... സിനിമ കണ്ടു... ഡാൻസിങ് റോസ് സൂപ്പർ ആണെന്നു പറഞ്ഞായിരുന്നു അവരുടെ വിളി. 

ഇതെന്റെ തുറുപ്പുചീട്ട്

പ്രേക്ഷകരുടെ പ്രതികരണങ്ങൾ തീർച്ചയായും വലിയ സന്തോഷം പകരുന്നു. ഈ നിമിഷം ഞാനേറെ ആസ്വദിക്കുന്നു. കരിയറിൽ ഞാനെവിടെയെങ്കിലും എത്തിയതായി പറയാറായിട്ടില്ല. എങ്കിലും ഡാൻസിങ് റോസ് എന്റെ ഐഡന്റിറ്റി കാർഡാണ്. മുന്നോട്ടു പോകാനുള്ള എന്റെ തുറുപ്പു ചീട്ട്. എന്റെ മുൻപോട്ടുള്ള യാത്രയിൽ ഇത് എനിക്കേറെ ഗുണം ചെയ്യും. ഇനിയും ധാരാളം നല്ല വേഷങ്ങൾ ചെയ്യണമെന്നുണ്ട്. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു. ചർച്ചകൾ നടക്കുന്നുണ്ട്. പുതിയ പ്രൊജക്ടുകളൊന്നും തീരുമാനിച്ചിട്ടില്ല.      

English Summary: Meet ‘Sarpatta Parambarai’s’ Dancing Rose, Shabeer Kallarakkal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA