ADVERTISEMENT

ജലജ. മലേഷ്യയിൽ ജനിച്ച് 1970കളിലും 80കളിലും മലയാള സിനിമയുടെകണ്ണീർമുഖമായി മാറിയ നായിക. ‘യവനിക’, ‘ഉൾക്കടൽ’, ‘പടയോട്ടം’, ‘ശാലിനി എന്റെ കൂട്ടുകാരി’ തുടങ്ങി ഉൾക്കനമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ 15 വർഷം തിരക്കാഴ്ചയിൽ നിറഞ്ഞുനിന്നു. വിവാഹത്തോടെ പെട്ടെന്ന് സ്ക്രീനിൽനിന്ന് അപ്രത്യക്ഷയായി തുടർന്ന് ഗൾഫിൽ പ്രവാസജീവിതം. 26 വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മണ്ണിലേക്കും സ്ക്രീനിലേക്കും ജലജ മടങ്ങിയെത്തിയിരിക്കുന്നു;  ‘മാലിക്’ എന്ന ചിത്രത്തിലൂടെ.. ജലജയുടെ മകൾ ദേവിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അമ്മയുടെ യൗവനകാലം അവതരിപ്പിച്ചുകൊണ്ട് അമ്മയ്ക്കൊപ്പം തന്നെ ആദ്യ സിനിമ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദേവി.  ഇടവേളയ്ക്കു ശേഷമുള്ള ആദ്യചിത്രം റിലീസായപ്പോൾ കേരളത്തിലേക്കു ജീവിതവും ജലജ പറിച്ചുനട്ടു. തിരുവനന്തപുരത്താണ് പുതിയ താമസം. 

 

എങ്ങനെയാണ് ‘മാലിക്കി’ലേക്കുള്ള വരവ്?

 

ഒരു മടങ്ങിവരവ് ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇത്ര നല്ല ഒരു ഇൻട്രോ ലഭിക്കുമെന്നു കരുതിയില്ല. എന്നെക്കാൾ സിനിമ സ്വപ്നംകണ്ടു ജീവിക്കുന്നവളാണ് എന്റെ മകൾ അമ്മു (ദേവി). തിരുവനന്തപുരം ചലച്ചിത്ര മേളയിൽ യാദൃച്ഛികമായാണ് മഹേഷ് നാരായണനെ പരിചയപ്പെടുന്നത്. പിന്നീട് 2019ൽ മഹേഷ് എന്നെ ഫോണിൽ വിളിച്ച് പുതിയ സിനിമയിൽ ഒരവസരമുണ്ടെന്ന് പറഞ്ഞു. മകൾക്കു വേണ്ടിയായിരിക്കുമെന്നാണ് കരുതിയത്. സ്ക്രിപ്റ്റ് മുഴുവൻ വായിക്കാൻ തന്നു. 

 

സ്ക്രീനിലെ മുൻസുഹൃത്തുക്കൾ... അവരെയൊക്കെ മിസ് ചെയ്യുന്നുണ്ടോ? 

 

തീർച്ചയായും. വേണു നാഗവള്ളി, ഗോപി, ശോഭ അങ്ങനെ അന്നുണ്ടായിരുന്ന പലരും ഇപ്പോഴില്ല. ഓരോരുത്തരായി കളമൊഴിയുന്നു. അത് സ്വാഭാവികമല്ലേ. അവരെയൊക്കെ ഓർമിക്കുമ്പോൾ ഒരു ശൂന്യത തോന്നാറുണ്ട്. ശാന്തികൃഷ്ണയുൾപ്പെടെ ചിലരുമായൊക്കെ ഇപ്പോഴും അടുപ്പം സൂക്ഷിക്കുന്നുണ്ട്. ടിവിയിൽ പഴയ സിനിമകൾ വരുമ്പോൾ ആ പഴയകാലം ഓർമിക്കും. 

 

ഇത്രയും കാലം എവിടെയായിരുന്നു?

 

എം.പി. സുകുമാരൻ നായരുടെ ‘അപരാഹ്നം’ ആണ് ഞാൻ അവസാനം ചെയ്ത ചിത്രം. വിവാഹം കഴിഞ്ഞ് ബഹ്‌റൈനിലേക്കു പോയി. അവിടെവച്ചാണ് മകൾ ജനിക്കുന്നത്. വീട്ടുജോലികളും ഉത്തരവാദിത്തങ്ങളുമൊക്കെയായി തിരക്കിലായി ഞാൻ. സ്ത്രീകളുടെ ഒരു രാജ്യാന്തര കൂട്ടായ്മയുടെ ഭാഗമായിരുന്നു ഞാൻ. ഡച്ച്, ഫ്രഞ്ച് തുടങ്ങി പല രാജ്യക്കാരായ സ്ത്രീകളുടെ പാചകം, ജീവിതരീതി എന്നിവയൊക്കെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്.

 

 ദേവിയുടെ വിശേഷങ്ങൾ?

 

മകൾ ബഹ്റൈനിൽ ബ്രിട്ടിഷ് സ്കൂളിലാണ് പഠിച്ചത്. പിന്നീട് ബിരുദപഠനത്തിനായി യുഎസിലേക്കു പോയി. അതുകഴിഞ്ഞു മടങ്ങിവന്നപ്പോഴാണ് സിനിമയാണ് തന്റെ പാഷൻ എന്ന് അവൾ പറഞ്ഞത്. ഞാനും അവളുടെ അച്ഛനും അതിന് എതിരുനിന്നില്ല. വർഷങ്ങൾക്കു മുൻപ് എനിക്കു സിനിമയിൽ അഭിനയിക്കണം എന്ന് അച്ഛനോട് ഉറപ്പിച്ചുപറഞ്ഞ എന്നെത്തന്നെയാണ് ഞാൻ അവളിൽ കണ്ടത്. അവൾക്കുവേണ്ടി ഞങ്ങൾ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു തിരിച്ചെത്തി, തിരുവനന്തപുരത്ത് സെറ്റിൽ ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com