ഒരേ പോലെ ഇരിക്കുന്നത് എനിക്കും പ്രേക്ഷകർക്കും ബോറടിച്ചു തുടങ്ങി: പ്രയാഗ അഭിമുഖം

SHARE

ചുരുങ്ങിയ കാലം കൊണ്ട് നിരവധി ഹിറ്റ് സിനിമകളിൽ നായികയായെങ്കിലും പ്രയാഗ മാർട്ടിനെന്ന യുവനടിയെ മനസ്സറിഞ്ഞ് അഭിനന്ദിക്കുന്നതിനു പകരം ട്രോളാനും കളിയാക്കാനുമാണ് ചില പ്രേക്ഷകരെങ്കിലും ശ്രമിച്ചിട്ടുള്ളത്. പക്ഷേ ആ ട്രോളുകളെ ചിരിച്ചു കൊണ്ട് സ്വീകരിച്ച പ്രയാഗ തന്നെ കളിയാക്കിവരെ അസൂയാലുക്കളാക്കി മാറ്റിയ അടുത്തിടെ സുവർണാവസരം കൈക്കലാക്കി. മണിരത്നം നിർമിക്കുന്ന ആന്തോളജി വെബ് സീരിസിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സൂര്യയുടെ നായികാപദവി. ഏതൊരു നടിയും കൊതിച്ചു പോകുന്ന റോൾ. കോവിഡ് കാലത്ത് തന്നെ തേടിയെത്തിയ ഭാഗ്യത്തെക്കുറിച്ച് പ്രയാഗ സംസാരിക്കുന്നു. 

കുറച്ചു നാൾ മുമ്പു വരെ കണ്ടിരുന്നു ആളേയല്ല പ്രയാഗ ഇപ്പോൾ, ലുക്ക് ഒക്കെ മാറിയല്ലോ ?

ആറു വർഷമായി സിനിമയിൽ വന്നിട്ട്. ഒരു മാറ്റം അനിവാര്യമാണെന്ന് എനിക്കു തോന്നി. ഒരേ പോലെ ഇരിക്കുന്നത് എനിക്കും പ്രേക്ഷകർക്കും ബോറടിച്ചു തുടങ്ങിയതു കൊണ്ടാണ് ഇൗ മാറ്റം. 

prayaga-martin

മാറ്റം ലുക്കിൽ മാത്രമാണോ അതോ സിനിമകളിലുമുണ്ടോ ?

അത്തരത്തിൽ മാറ്റം ഉണ്ടോ ഇല്ലയോ എന്നു പറയേണ്ടത് പ്രേക്ഷകരാണ്. ലുക്കിലെ മാറ്റം തിരിച്ചറിയാൻ ഒരു ഫോട്ടോഷൂട്ട് മതി. മറ്റുള്ള മാറ്റങ്ങൾ സിനിമയിലൂടെയും പെരുമാറ്റത്തിലൂടെയും വേണം പ്രേക്ഷകരിലേക്കെത്താൻ. അത് വരും കാലങ്ങളിൽ കണ്ടറിയേണ്ടതാണ്. 

മണിരത്നം നിർമിക്കുന്ന ആന്തോളജി വെബ് സീരിസിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സൂര്യയുടെ നായികയാകുന്നുവെന്ന് കേട്ടപ്പോൾ അസൂയപ്പെട്ടവരുണ്ട്. ആ സ്വപ്ന റോളിനെക്കുറിച്ച് ? 

ലളിതമായി പറഞ്ഞാൽ‌ ആദ്യ സിനിമയിൽ അഭിനയിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. കരിയറിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുന്ന കഥാപാത്രങ്ങൾ ലഭിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. അത്തരത്തിലൊരു ആഗ്രഹം എനിക്കുമുണ്ടായിരുന്നു. അതിനായി ഒരുപാട് പരിശ്രമിച്ചു. അതിന്റെയൊക്കെ സഫലീകരണമെന്നോണമാണ് ഒരുപാട് ആളുകൾ സ്വപ്നം കാണുന്ന ഇൗ അവസരം തേടിയെത്തിയത്. 

Surya-navarasa-song

ഇത്രയും വലിയ പ്രതിഭാധനർക്കൊപ്പം അഭിനയിക്കുമ്പോൾ‌ പേടി തോന്നിയിരുന്നോ ?

നമ്മളെ ആരെയും ഒരു തരത്തിലും പേടിപ്പിക്കുന്ന ആളുകളല്ല ഇവരാരും. എന്നെ കംഫർട്ടബിൾ ആക്കിയതിനു ശേഷം മാത്രമാണ് അവർ മുന്നോട്ടു പോയത്. മറ്റെന്തിങ്കെലും കാരണം കൊണ്ടാണെങ്കിലും ഞാൻ ഒക്കെ അല്ലെങ്കിൽ, എന്നെ ഒക്കെ ആക്കി എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമേ അവർ ചിത്രീകരണവുമായി മുന്നോട്ടു പോയിരുന്നുള്ളൂ. അതു കൊണ്ട് തന്നെ പേടിയെക്കാൾ കൂടുതൽ ഉത്തരവാദിത്തമായിരുന്നു എനിക്കുണ്ടായിരുന്നത്. ഇന്നേ വരെ ഞാൻ ചെയ്ത സിനിമകളിൽ വച്ച് എനിക്ക് ഏറ്റവുമധികം അങ്ങനെ ഒരു തോന്നലുണ്ടായതും ഇൗ സിനിമ കമ്മിറ്റ് ചെയ്തപ്പോഴാണ്. അഞ്ചോ ആറോ വർഷത്തെ അഭിനയപരിചയം മാത്രമുള്ള എനിക്ക് ഇത്രയും വലിയ ആളുകൾക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതു തന്നെ അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ്. അതുൾക്കൊണ്ട് നാളെ എന്നെ ഇൗ റോളിലേക്ക് തിരഞ്ഞെടുത്തതിന്റെ പേരിൽ ആരും ദുഖിക്കേണ്ടി വരരുതെന്ന ഉറച്ച ബോധ്യത്തോടെ എന്റെ നൂറു ശതമാനം കഴിവും പുറത്തെടുത്താണ് അഭിനയിച്ചത്. 

സൂര്യ എന്ന നായകനെക്കുറിച്ച് ?

കരിയറിൽ വളരെ നല്ല കോസ്റ്റാർസിനെ കിട്ടിയിട്ടുള്ളയാളാണ് ഞാൻ. അത്തരത്തിൽ ഒരു ഭാഗ്യം ഒരുപാട് എനിക്കുണ്ടെന്ന് ഏറ്റവുമധികം മനസ്സിലായത് ഇൗ സിനിമയിൽ സൂര്യ സാറിനൊപ്പം അഭിനയിച്ചപ്പോഴാണ്. ഇത്രയും വലിയ താരമായിട്ടും വിനയത്തോടെയും സമാധാനത്തോടെയും സോഫ്റ്റ് ആയിട്ടാണ് അദ്ദേഹം ഇടപെട്ടിരുന്നത്. എല്ലാവരോടും അദ്ദേഹം അങ്ങനെയാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് കമൽ എന്നാണ്. എന്റെ കഥാപാത്രം നേത്ര. ‍‍സൂര്യ സാറിന്റെ വ്യക്തിത്വവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കഥാപാത്രമാണ് കമൽ. അതു കൊണ്ട് അദ്ദേഹം സാധാരണ പെരുമാറുന്നതു പോലെ അഭിനയിച്ചു. അതിനൊത്ത റിയാക്‌ഷൻ കൊടുക്കുക മാത്രമായിരുന്നു എന്റെ ജോലി. 

navarasa-teaser-netflix

മറ്റുള്ള ഗൗതം മേനോൻ സിനിമകളിലെ പോലെ നവരസയിലെ പാട്ടും ശ്രദ്ധിക്കപ്പെട്ടല്ലോ ? 

കാർത്തിക് എന്ന മാന്ത്രികന്റെ സൃഷ്ടിയാണ് ആ ഗാനം. ഇതിലെ പാട്ടുകളും സിനിമയുമായി ഇഴുകിച്ചേർന്നാണ് കിടക്കുന്നത്. ഗൗതം സാറും കാർത്തിക്കും തമ്മിൽ എപ്പോഴും ചർച്ചയായിരുന്നു. ഷൂട്ടിങ് സമയത്തൊക്കെ ഒന്നുകിൽ ഫോണിലൂടെ അല്ലെങ്കിൽ നേരിട്ടെത്തി ഇരുവരും തമ്മിൽ ചർച്ച നടത്തും. ഇവരുടെ കെമിസ്ട്രിയാണ് ആ പാട്ട്. ‌

prayaga-martin-2

ട്രോളന്മാരുടെ ഇഷ്ടതാരമാണ് പ്രയാഗ. നവരസയിലെ ചില രംഗങ്ങൾ വച്ചും പ്രയാഗയെ ആളുകൾ കളിയാക്കുന്നുണ്ട്. ?

ഇത്തവണ ട്രോളുകൾ കുറവാണെന്നാണ് എനിക്കു തോന്നുന്നത്. ട്രോളുന്നവരോട് എനിക്ക് സത്യം പറഞ്ഞാൽ ഒന്നും പറയാനില്ല. ചില ട്രോളുകളൊക്കെ കാണുമ്പോൾ ചിരിക്കാറുണ്ട്. പൊതുജനത്തിനു വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നത്. അവർക്ക് എന്തും പറയാം. അവർക്ക് വിമർശിക്കാനുള്ള അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 

prayaga-martin-manorama

പ്രയാഗയുടെ ലുക്ക് മാത്രമല്ല സംസാരവും മാറിയിരിക്കുന്നു. കൂടുതൽ പക്വത കൈവന്നോ ?

എന്നെ അധികം സംസാരിക്കാൻ ഇതു വരെ ആരും അനുവദിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. സംസാരിച്ചപ്പോഴൊക്കെ നേരത്തെ പറഞ്ഞ ട്രോളന്മാരുടെയൊക്കെ പ്രതികരണം അത്ര നല്ലതായിരുന്നുമില്ല. പിന്നെ ആറു വർഷത്തെ ഒരു അനുഭവപരിചയമെന്നത് ചെറുതല്ലല്ലോ. ഇക്കാലയളവിൽ ഒരുപാട് വലിയ ആളുകളെ കണ്ടു, പരിചയപ്പെട്ടു, ഒപ്പം ജോലി ചെയ്തു. ഞാനെന്നല്ല ആരായാലും കുറച്ചു പക്വത കൈവരിക്കും. അത് അറിയാതെ സംഭവിച്ചു പോകുന്നതാണ്. ഒരു വ്യക്തിയെന്ന നിലയിലും അഭിനേതാവെന്ന നിലയിലും ഇനിയും ഒരുപാട് മാറാനുണ്ട്, മുന്നോട്ടു പോകാനുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA