എന്റെ വീട്ടില്‍ നിന്നും കിട്ടിയ കഥ: റോജിൻ തോമസ് അഭിമുഖം

rojin-thomas
റോജിൻ തോമസ്
SHARE

ഓണാഘോഷങ്ങളുടെ ഭാഗമായി കുടുംബസമേതം ഒരു സിനിമ കാണുന്ന പതിവ് മലയാളികൾക്കുണ്ട്.  കഴിഞ്ഞവർഷത്തെപ്പോലെ ഇക്കൊല്ലവും "വീട്ടിലിരുന്നോണം" ആഘോഷിക്കുന്ന മലയാളികൾക്ക് മനസ്സു നിറഞ്ഞൊരു സദ്യ വിളമ്പുകയാണ് വിജയ് ബാബുവും റോജിൻ തോമസും.  കുടുംബാംഗങ്ങളെല്ലാം വിർച്വൽ ലോകത്തേക്ക് ചുരുങ്ങുന്ന പുതിയ കാലഘട്ടത്തിൽ അത്യാവശ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രമേയമാണ് റോജിൻ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത #ഹോം പറയുന്നത്.  അഞ്ചുവർഷങ്ങൾക്ക് മുൻപ് സ്മാർട്ട്ഫോണിന്റെ ഉപയോഗം പഠിക്കാനായി അച്ഛൻ തന്റെ അടുത്തെത്തിയപ്പോഴാണ് ഇത്തരമൊരു കഥ മനസ്സിലുടക്കിയതെന്ന് റോജിൻ തോമസ് മനോരമ ഓൺലൈനിനോട് പറഞ്ഞു...

ആദ്യ ഹിറ്റ് സിനിമയ്ക്ക് ശേഷം അടുത്ത സിനിമയുടെ തിരക്കഥ ചെയ്യാനിരിക്കുന്ന സംവിധായകന്റെ ബുദ്ധിമുട്ടുകൾ, ആത്മകഥാപരമാണോ #ഹോമിന്റെ കഥ?

ഒരുപാട് പേര് എന്നോട് ഈ ചോദ്യം ചോദിക്കുന്നുണ്ട്.  ഇങ്ങനെ ഒരു കഥ മനസിലുദിച്ചത് ശരിക്കും എന്റെ വീട്ടിൽ നടന്ന ഒരു സംഭവത്തോടെ  തന്നെയാണ്.  ഏഴുവർഷങ്ങൾക്ക് മുൻപ് ഒരിക്കൽ എന്റെ പപ്പ എന്നെ സമീപിച്ചിട്ട് ഫോണിൽ കൂടി റീചാർജ് ചെയ്യുന്നതെങ്ങനെയാണ് എന്ന് പഠിപ്പിച്ചുകൊടുക്കാൻ പറഞ്ഞു.  കുറേദിവസം ഞാൻ പപ്പയിൽ നിന്നും രക്ഷപ്പെട്ടു നടന്നു.  പിന്നെ ഒരു ദിവസം എന്നെ പിടിച്ചിരുത്തി അച്ഛൻ അത് പഠിച്ചെടുത്തു.  അത് പഠിച്ചു കഴിഞ്ഞപ്പോൾ പപ്പയുടെ മുഖത്തുണ്ടായ ഒരു സന്തോഷമുണ്ട്.  

തിരക്കിനിടയിൽ നമ്മുടെ മാതാപിതാക്കൾക്കായി അഞ്ചുമിനിറ്റ് നമ്മൾ ചെലവഴിക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷമുണ്ടല്ലോ, ആ സന്തോഷമായിരുന്നു എന്റെ പ്രചോദനം.  എന്റെ അച്ഛന്റെ തലമുറ ടിവി റേഡിയോ ഒക്കെ ആദ്യമായി വന്നപ്പോൾ ആ ടെക്നോളജി എല്ലാം പഠിച്ച് അപ്പ് ടു ഡേറ്റ് ആയ തലമുറയാണ്.  പക്ഷേ നമ്മുടെ സമൂഹത്തിൽ ഡിജിറ്റൽ വിപ്ലവം പെട്ടെന്നായപ്പോൾ അതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന ഒരുപാടുപേരുണ്ട്.  നമ്മളെ ക്ഷമയോടെ അക്ഷരം പഠിപ്പിച്ചു ഇത്രത്തോളം ആക്കിയ അച്ഛനമ്മമാർക്ക് വേണ്ടി അൽപ്പം സമയം ചെലവഴിക്കാൻ ഞാൻ ഉൾപ്പെടുന്ന പുതിയ തലമുറയ്ക്ക് ക്ഷമയില്ല.  

home-2

ഒരു വിഡിയോ ബഫർ ചെയ്‌താൽ പോലും അക്ഷമരാകുന്ന ചെറുപ്പക്കാർ കുടുംബത്തിനുള്ളിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും അറിയാതെ പോകുന്നു.  ഫോൺ ഇല്ലാതെ പുറത്തിറങ്ങാത്ത നമ്മൾ ബെഡിൽ തന്നെ ഫോൺ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടാണ് ഉറങ്ങുന്നത്.  ഇങ്ങനെ ഒരവസ്ഥയിലാണ്  ഇത്തരമൊരു കഥ പറയണം എന്ന് തോന്നിയത്.  സ്മാർട്ട്ഫോണിന്റെയും ഇന്റർനെറ്റിന്റെയും നെഗറ്റീവ് കാര്യങ്ങൾ ഒരുപാട് സിനിമയിൽ ചർച്ച ചെയ്തിട്ടുണ്ട്. പക്ഷേ ഇത്തരമൊരു വശം ആരും ചർച്ച ചെയ്തിട്ടില്ലെന്ന് തോന്നുന്നു.  ഇതാണ് ശരി എന്നൊന്നും ഞാൻ പറയുന്നില്ല. എനിക്ക് തോന്നിയ കുറെ കാര്യങ്ങൾ ഈ സിനിമയിലൂടെ കാണിച്ചുകൊടുക്കുകയാണ്.  അത് ശരിയാണോ തെറ്റാണോ എന്നുള്ളത് പ്രേക്ഷകർക്ക് തീരുമാനിക്കാം.

കഥാപാത്രങ്ങൾക്ക് വളരെ അനുയോജ്യരായ താരങ്ങൾ 

ഏഴുവർഷം മുൻപ് മനസ്സിലുടക്കിയ കഥയ്ക്ക് അഞ്ചു വർഷം മുൻപാണ് തിരക്കഥ എഴുതി തീർന്നത്.  ഈ അഞ്ചു വർഷവും കഥാപാത്രങ്ങൾക്ക് അനുയോജ്യരായ താരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.  ഒരുപാട് പ്രാവശ്യം ഈ പ്രോജെക്ട് ചെയ്യാൻ തുടങ്ങി, അന്നൗൺസ് ചെയ്തിട്ടുണ്ട്. പക്ഷേ കഥയ്ക്ക് പറ്റിയ താരങ്ങളെ കിട്ടിയില്ല.  നാല്പത് വർഷമായി സിനിമാരംഗത്തുള്ള ഇന്ദ്രൻസ് ചേട്ടന് ഒരു താരം എന്ന നിലയിൽ അംഗീകാരം കിട്ടിത്തുടങ്ങിയത് ഈ അഞ്ചുവർഷം കൊണ്ടാണ്.  അങ്ങനെയാണ് അദ്ദേഹത്തിൽ എത്തിച്ചേർന്നത്.  ലോക്ഡൗൺ ആയപ്പോൾ ഇന്ദ്രൻസ് ചേട്ടനും ശ്രീനാഥ്‌ ഭാസിയും ഉള്ള ഒരു കോമ്പിനേഷൻ കിട്ടി.  

സിനിമയില്‍ അധികം തിരക്കില്ലാതെ ഇരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് എല്ലാവർക്കും സമയം ഉണ്ടായിരുന്നു.  ചെറിയ ചെറിയ കഥാപാത്രങ്ങൾ പോലും വളരെ സൂക്ഷിച്ചാണ് തിരഞ്ഞെടുത്തത്.  ചാൾസ് എന്ന കഥാപാത്രം ആര് ചെയ്യും എന്നൊരു ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു.  തണ്ണീർമത്തൻ ദിനങ്ങൾ കണ്ട സമയത്ത് നസ്‌ലിനെ കണ്ടപ്പോൾ ചാൾസ് ഇവൻ തന്നെ എന്ന് മനസ്സിൽ കുറിച്ചിരുന്നു.  ആ കഥാപാത്രത്തിന് വേണ്ടി മറ്റാരെയും സമീപിച്ചിട്ടില്ല.  മഞ്ജു പിള്ള ചെയ്ത കുട്ടിയമ്മ എന്ന കഥാപാത്രം ചെയ്യാൻ പലരെയും സമീപിച്ചിരുന്നു.  പക്ഷേ കോവിഡിന്റെ സാഹചര്യത്തിൽ എത്താൻ പലർക്കും പറ്റിയില്ല.  അത് വളരെ നന്നായി എന്നാണ് തോന്നുന്നത്.  മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെ വീട്ടിലെ ഒരംഗത്തെപ്പോലെ  ആണ് മലയാളികൾക്ക് മഞ്ജു പിള്ള.  മഞ്ജു ചേച്ചിയുടെയും ഇന്ദ്രൻസ് ചേട്ടന്റെയും കോമ്പിനേഷൻ സീൻ ഒക്കെ അതിമനോഹരമായിരുന്നു.  കൈനകരി തങ്കച്ചൻ ചേട്ടനെ അപ്പച്ചന്റെ കഥാപാത്രമാകാൻ സജസ്റ്റ് ചെയ്തത് വിജയ് ബാബു സാറാണ്.  വളരെ സീനിയറായ പ്രഗത്ഭനായ ഒരു നാടക നടനാണ് അദ്ദേഹം.

സാങ്കേതിക വിദ്യ ഇത്രയും വളർന്നെങ്കിലും പ്രായോഗിക ബുദ്ധി കൂടുതൽ പഴയ തലമുറയ്ക്കാണ് എന്നാണോ ഇന്ദ്രൻസ് കടയിലെ ചോർച്ചയുടെ കാരണം പറയുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്?

അത് അങ്ങനെയല്ല, ഇന്ദ്രൻസിന്റെ കഥാപാത്രം വർഷങ്ങൾക്ക് മുൻപ് കാസറ്റ് കട നടത്തിയിരുന്ന ഷോപ്പാണ് അത്.  അങ്ങനെയാണ് അവിടെ ഒരു പൈപ്പ് ഉണ്ടെന്ന് അദ്ദേഹത്തിന് അറിയുന്നത്.  തൊട്ടടുത്ത സീൻ തുടങ്ങുന്നത് "അന്നത്തെ കാലത്ത് കാസറ്റ് കട എന്ന് പറയുന്നത് വലിയ സംഭവമായിരുന്നു അല്ലെ" എന്ന് ഒലിവർ സുഹൃത്തിനോട് പറയുന്നതോടെയാണ്.  കടയിലേക്ക് കയറുമ്പോൾ അദ്ദേഹം കടയെ നോക്കുന്ന ഒരു നോട്ടവും കടയിൽ നിന്നിറങ്ങുന്ന സീനിൽ വാതലിൽ ഒന്ന് പിടിക്കുമ്പോഴും ആ കടയോടുള്ള ആത്മബന്ധം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.  പക്ഷേ അത് തെളിച്ച് പറയാൻ ഞാൻ ആഗ്രഹിച്ചില്ല.  മനസ്സിലാകുന്നവർക്ക് മനസ്സിലാക്കട്ടെ എന്ന് കരുതി.  പഠിച്ചതിൽ ചിലത് മറക്കാത്ത ഒരാളാണ് ഒലിവർ അത് ഫ്ലാഷ് ബാക്ക് കാണിക്കുന്ന സമയത്തും കാണിക്കുന്നുണ്ട്.  കടയിലെ ചോർച്ചയുടെ കാരണം ശരിക്കും അദ്ദേഹം പറഞ്ഞ ‘ക്യാപില്ലറി പുൾ’ അല്ല.   ഇങ്ങനെ സ്വഭാവമുള്ള ചിലരുണ്ട്.  തന്റെ അറിവ് ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അംഗീകരിക്കാൻ  അവർ തയാറാകില്ല. അവർക്ക് പക്ഷെ പഴയ പല കാര്യങ്ങളും, പാട്ടുകളുടെ വരികളും ഓർമ്മ കാണും.  അങ്ങനെയുള്ള ഒരു കഥാപാത്രമാണ് ഒളിവർ.

rojin-father
റോജിന്റെ മാതാപിതാക്കൾ

എന്തുകൊണ്ട് ഒലിവർ ട്വിസ്റ്റ്?

എനിക്ക്  ഒലിവർ ട്വിസ്റ്റ് എന്ന പേര് വളരെ ഇഷ്ടമാണ്.  കേൾക്കുമ്പോൾ തന്നെ ഒരു ആകർഷണം തോന്നുന്ന പേരാണ് അത്.  ഈ കഥാപാത്രത്തിന് വ്യത്യസ്തമായ ഒരു പേര് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.  ഒലിവർ ട്വിസ്റ്റിന് മകൻ ആന്റണിയോടുള്ള ബന്ധത്തോളം പ്രധാനമാണ് അദ്ദേഹത്തിന്റെ അപ്പനോടുള്ള ബന്ധവും.  അപ്പൻ പഴയ എഴുത്തുകാരുടെ ടൈപ്പിസ്റ്റായിരുന്നു.  അങ്ങനെയാണ് കഥയിലൂടെ ആ പേര് അദ്ദേഹത്തിന് ഇഷ്ടമാകുന്നത്.  ഫിലിപ്സ് ആൻഡ് ദ് മങ്കി പെൻ എന്ന സിനിമയിലും ഞാൻ പറഞ്ഞത് മൂന്ന് ഫിലിപ്പുമാരിലൂടെ ഉള്ള ഒരു യാത്രയാണ്.  അപ്പൂപ്പനിൽ തുടങ്ങി അച്ഛനിലൂടെ റയാനിൽ എത്തിച്ചേരുന്ന കഥ.  അതുപോലെ തലമുറകളായി കൈമാറുന്ന ഒരു ത്രെഡ് കൊണ്ടുവരാൻ ആണ് ഈ ഒരു പേര് തെരഞ്ഞെടുത്തത്.  അപ്പച്ചന്റെ കാലത്ത് എല്ലാവരിലും വളരെ ആഴത്തിൽ സ്പർശിച്ച ഒരു കഥാപാത്രമാണ് ഒലിവർ ട്വിസ്റ്റ്.  അദ്ദേഹത്തിന് വളരെ ഇഷ്ടമുള്ള പേര്.  വീടില്ലാത്ത ഒരു ബാലന്റെ കഥയാണത്.  ഈ സിനിമയിലും ഒലിവർ മിസ് ചെയ്യുന്നത് വീടാണ്.  മക്കളെല്ലാം വിർച്വൽ ലോകത്ത് തിരക്കിലാകുമ്പോൾ വീട്ടിൽ നഷ്ടമാകുന്നത്  കൂട്ടായ്മയുടെ സുഖമാണ്.

rojin-father

സിനിമയിലെ കഥാപാത്രത്തെപ്പോലെ ക്ലൈമാക്സ് എഴുതാതെ സംവിധായകൻ നിർമ്മാതാവ് വിജയ് ബാബുവിനെ കുഴപ്പിച്ചോ?

ഈ കഥയെക്കുറിച്ച് അഞ്ചുവർഷം മുൻപ് ഞാൻ വിജയ് സാറിനോട് പറയുമ്പോൾ സ്ക്രിപ്റ്റ് ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.  പക്ഷേ തിരക്കഥ പൂർത്തിയാക്കാൻ രണ്ടുമാസം എടുത്തു.  സർ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കും, പക്ഷേ സിനിമയിലെ നിർമ്മാതാവിനെപോലെ പ്രെഷർ ഒന്നും തരില്ല.  അദ്ദേഹവും മറ്റു സിനിമകളുടെ തിരക്കിലായിരുന്നു.  നമ്മുടെ സിനിമ മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒരു പ്രൊഡക്‌ഷൻ അല്ലലോ ഫ്രൈഡേ ഫിലിം ഹൗസ്.  തിരക്കഥ എഴുതുന്നതിൽ വന്ന വെല്ലുവിളി എന്താണെന്നു വച്ചാൽ നമ്മൾ തിരക്കഥ എഴുതുന്ന സമയത്തെ സോഷ്യൽ മീഡിയ ആയിരിക്കില്ല അടുത്ത നിമിഷം.  

home-movie-4

ടെക്നോളജി വളർന്നുകൊണ്ടിരിക്കുകയല്ലേ.  തിരക്കഥ എഴുതി തുടങ്ങുന്ന സമയം ഇൻസ്റ്റയോ യൂട്യൂബൊ ഇത്രയും  ജനപ്രിയമല്ല, ഫെയ്സ്‌ബുക്ക് ലൈവില്ല, മറ്റു പലതുമില്ല.  ടെക്നോളജി വളരുന്നതിനനുസരിച്ച് തിരക്കഥ മാറ്റി എഴുതേണ്ടി വന്നു.  ഹോമിന് വേണ്ടി ഏഴു ഡ്രാഫ്റ്റ് വരെ എഴുതി.  വിജയ് സാർ പറഞ്ഞത് ഈ സിനിമ എടുക്കാൻ ഏറ്റവും പറ്റിയ സമയം ഇതാണ് ഇനിയും ഇറക്കിയില്ലെങ്കിൽ ശരിയാകില്ല എന്നാണ്.  അഞ്ചുവർഷം കാത്തിരുന്നിട്ടും നടക്കാതിരുന്ന ഒരു പ്രോജക്റ്റ് ഇപ്പോൾ നടക്കാനായിരുന്നു വിധി.  ഇപ്പോൾ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ ലോകത്താണല്ലോ.  ഇപ്പോൾ ഈ കഥ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ് പറയുക.

ഹിറ്റാകാൻ സാധ്യതയുള്ള ഈ സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല എന്ന വിഷമമുണ്ടോ?

#ഹോം എന്ന സിനിമ ഞങ്ങൾ എടുത്തിരിക്കുന്നത് തിയറ്റർ ഓഡിയന്സിന് വേണ്ടി തന്നെയാണ്.  തിയറ്ററിൽ നിന്നും ഒടിടിയിലേക്ക് വരുമ്പോൾ അതിന്റെ പെയ്‌സിന്‌ തന്നെ വ്യത്യാസമുണ്ട്.  തിയറ്ററിൽ എഫക്ട്സ് എല്ലാം ആളുകളിലേക്ക് കിട്ടാൻ വേണ്ടി എല്ലാം കൂടുതൽ ഇടും.  ഈ സിനിമയ്ക്ക് നീളവും കൂടുതലുണ്ട്.  ഈ മഹാമാരിക്കാലത്ത് തിയറ്ററുകൾ തുറന്നാലും ഓണത്തിനു ഈ ഒരു ചെറിയ സിനിമയ്ക്ക് തിയറ്റർ കിട്ടുമോ എന്ന സംശയം ഉണ്ടായിരുന്നു.  സൂപ്പർ താരങ്ങളുടെ ഓണം റിലീസ് ഉണ്ടാകും.  പിന്നെ തിയറ്ററുകൾ ഷോകൾ എല്ലാം കുറവായിരിക്കും അതിനിടയിൽ ഏതെങ്കിലും തിയറ്ററിൽ റിലീസ് ചെയ്താലും ഈ ചെറിയ സിനിമ മുങ്ങിപ്പോകുമായിരുന്നു.  

ഒരുപക്ഷേ ആരെങ്കിലുമൊക്കെ കണ്ടിട്ട് പടം നല്ലതാണെന്നു പറഞ്ഞു അറിഞ്ഞു കേട്ട് പ്രേക്ഷകരിൽ എത്തിയേക്കാം.  കുടുംബ പ്രേക്ഷകർ എത്രത്തോളം തിയറ്ററുകളിൽ എത്തുമെന്നും അറിയില്ല.  അങ്ങനെ വരുമ്പോൾ ഇപ്പോൾ ഹോമിന് കിട്ടിയത് ഒരു വലിയ റിലീസ് ആണ്.  മറ്റൊരു സിനിമയും ഓണത്തിന് റിലീസ് ചെയ്തില്ല.  240 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്തത്.  ഓണത്തിന് കുടുംബങ്ങൾക്ക് ഒരുമിച്ചു വീട്ടിൽ തന്നെ ഇരുന്നു കാണത്തക്ക വിധത്തിൽ സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞു അത് വലിയ നേട്ടമാണ്.  

ഒരു ഇന്റർനാഷനൽ സബ്ജെക്റ്റ് എന്ന രീതിയിലുള്ള അംഗീകാരം കിട്ടുന്നുണ്ട്.  നോർത്ത് ഇന്ത്യയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമൊക്കെയാണ് മെസ്സേജ് വരുന്നത്.  ഒടിടി ആയതുകൊണ്ട് മാത്രം കിട്ടിയ ഒരു വലിയ കാര്യമാണ് അത്.  ആമസോണിൽ രാത്രി റിലീസ് ചെയ്തുകഴിഞ്ഞു 11 മണി  ആയപ്പോൾ തന്നെ മെസ്സേജ് വന്നു തുടങ്ങി.  ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ റിവ്യൂ വന്നുതുടങ്ങി.  മോശം പടമാകില്ല എന്ന പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷേ പ്രേക്ഷകർ ഇത്രത്തോളം ഏറ്റെടുക്കുമെന്ന് കരുതിയില്ല.  

രാവിലെ ആയപ്പോഴേക്കും വിഡിയോ റിവ്യൂ, റൈറ്റപ്പ് ഒക്കെയായി ഫോൺ നിറഞ്ഞു.  എന്നെ സംബന്ധിച്ച് ഏഴുവർഷത്തെ കാത്തിരിപ്പാണ് സന്തോഷകരമായ രീതിയിൽ പൂർത്തിയായത്.  ഈ സിനിമയ്ക്കൊപ്പം ഏഴുവർഷമായി എന്റെ കൂടെയുള്ള ഒരുപാടുപേരുണ്ട്, സംഗീത സംവിധായകൻ രാഹുൽ സുബ്രമണ്യൻ, ഛായാഗ്രാഹകൻ നീൽ ഡി കുഞ്ഞ, ഗാനരചയിതാവ് അരുൺ ആലാട്ട്, ജസ്റ്റിൻ എന്ന കഥാപാത്രമായ കിരൺ.  ഇവരെല്ലാം കൂടിയാണ് ഈ സിനിമയുടെ വിജയത്തിന് പിന്നിൽ.  അവരുടെ കലാപരമായ കഴിവുകളും പ്രത്യേകം എടുത്തു പറഞ്ഞു പ്രശംസ കിട്ടുന്നുണ്ട്.  ഞങ്ങളുടെ ഹോമിന്റെ ഫുൾ ടീമിന് സന്തോഷം തരുന്ന കാര്യമാണ് ഈ വിജയം.

home-movie-6

പുതിയ ചിത്രങ്ങൾ 

ജയസൂര്യയെ നായകനാക്കി ഗോകുലം മൂവിസിന് വേണ്ടി ഒരു വലിയ സിനിമയുടെ പ്ലാനിലാണ്.  ഒരു കത്തനാരുടെ കഥയാണ് . അത്യാവശ്യം വലിയ ക്യാൻവാസിൽ വരുന്ന ഒരു ഫാന്റസി ഫിക്‌ഷൻ സിനിമയായിരിക്കും.  ആർ. രാമാനന്ദ് എന്ന തിരക്കഥാകൃത്തിന്റ്റെ പത്തുവർഷത്തെ കഠിനാധ്വാനമാണ് അതിന്റെ തിരക്കഥ.  ഞാൻ ആദ്യമായി മറ്റൊരാളിന്റെ തിരക്കഥ സംവിധാനം ചെയ്യുന്ന ചിത്രമാണ് അത്.  ഹോമിന് മുൻപേ പ്ലാൻ ചെയ്ത സിനിമയായിരുന്നു അത് പക്ഷേ കോവിഡ് ആയപ്പോൾ ഉണ്ടായ നിയന്ത്രണങ്ങൾ കാരണം ഇത്രയും വലിയ സിനിമ ഉടനെ ചെയ്യാൻ കഴിയാതെയായി അങ്ങനെയാണ് ഹോം ചെയ്തത് .  പുതിയ ചിത്രത്തിന്റെ പണികളിലേക്ക് കടക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA