ആന്റണി ഒലിവർ ട്വിസ്റ്റിന്റെ നവവധു; ദീപ തോമസ് അഭിമുഖം

deepa-thomas
SHARE

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ‘ഹോം’ സിനിമ കണ്ട് കണ്ണുംമനസ്സും നിറഞ്ഞിരിക്കുകയാണ് മലയാളികൾ. ഫോൺ മാറ്റിവച്ച് ഒരല്പ സമയം വീട്ടിൽ സ്വന്തം അച്ഛനോടോ അമ്മയോടോ സംസാരിക്കാൻ സമയം കണ്ടെത്താത്ത പുതുതലമുറയിലെ അനേകായിരം മക്കൾക്ക് ഉള്ളിലൊരു നീറ്റലായി മാറിയ സിനിമ. ‘ഹോം’ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കുകയാണ് ദീപ തോമസ് എന്ന അഭിനേത്രി. ആന്റണി ഒലിവർ ട്വിസ്റ്റായെത്തിയ ശ്രീനാഥ് ഭാസിയുടെ ഭാവിവധു പ്രിയയായി ദീപ തോമസ് തകർത്തഭിനയിച്ചിട്ടുണ്ട്. ദീപ തോമസ് തന്റെ കഥ പറയുന്നു

∙ സിനിമകൾ, സൗഭാഗ്യങ്ങൾ

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തിയത്. ചിത്രത്തിൽ ജൂനിയർ ഡോക്ടറുടെ വേഷത്തിലായിരുന്നു. ഫഹദ് ഫാസിൽ നായകനായ ‘ട്രാൻസി’ൽ ക്വയർ പാട്ടുകാരിയായെത്തി. കുഞ്ചാക്കോബോബൻ നായകനായ ‘മോഹൻകുമാർ ഫാൻസി’ൽ സൂപ്പർതാരം ആകാഷ്മേനോന്റെ കാമുകിയുടെ വേഷം തിയറ്ററിൽ ഏറെ ചിരിയുണർത്തിയിരുന്നു. ഹോം സിനിമയിലാണ് ആദ്യമായൊരു മുഴുനീള കഥാപാത്രമായെത്തിയത്. ‘ഹോമി’ലെ പ്രകടനം കണ്ട് കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.

deepa-thomas-1

∙ അടിമുടി കോഴിക്കോട്ടുകാരി

അടിമുടി കോഴിക്കോട്ടുകാരിയായി അധ്യാപകകുടുംബത്തിലാണ് ജനനം. അച്ഛൻ  തോമസ് മാത്യു എട്ടിയിൽ കഴിഞ്ഞ വർഷം മാർച്ച് 31നാണ് വിരമിച്ചത്. കോഴിക്കോട് സെന്റ്ജോസഫ്സ് ബോയ്സ് എച്ച്എസ്എസ്സിന്റെ പ്രധാനാധ്യാപകനായിരുന്നു. അമ്മ എൽസി വർഗീസ് ചെറുവണ്ണൂർ ലിറ്റിൽഫ്ലവർ സ്കൂളിലെ പ്രധാനാധ്യാപികയാണ്. 

deepa-thomas-12

കോവൂർ പാലാഴി എംഎൽഎ റോഡിൽ ദേവഗിരി പബ്ലിക് സ്കൂളിനു പിറകിലായാണ് താമസിക്കുന്നത്. ഈ വീടിന് എന്റെ പ്രായമാണ്. കല്ലാനോട് സ്വദേശിയാണ് അച്ഛൻ. അമ്മയുടെ വീട് വയനാട്ടിലെ വൈത്തിരിയിലാണ്. 

എനിക്ക് ഒരു വയസുള്ളപ്പോഴാണ് കുടുംബം  കോവൂരിലെ വീട്ടിലേക്ക് താമസം മാറിയത്. മൂത്ത സഹോദരി ദീപ്തി കാനഡയിൽ നഴ്സാണ്. അനിയൻ ദീപക് മൈസൂരുവിൽ മെഡിക്കൽ ഇമേജിങ് ടെക്്നോളജി വിദ്യാർഥിയാണ്.

deepa-thomas-123

∙ പഠനകാലം

സെന്റ്ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലാണ് എൽകെജി മുതൽ പത്താംക്ലാസ് വരെ പഠിച്ചത്. പ്ലസ്ടുവിന് ദേവഗിരി സേവിയോ എച്ച്എസ്എസ്സിലായിരുന്നു.  പിന്നീട് ബിഎസ്‌സി നഴ്സിങ്ങിന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നഴ്സിങ് കോളജിൽ ചേർന്നു. കുട്ടിക്കാലം മുതൽ കലാമണ്ഡലം സരസ്വതിയുടെ അടുത്ത് നൃത്തം പഠിക്കുന്നുണ്ടായിരുന്നു. പക്ഷേ പഠനകാലത്ത് മത്സരത്തിലൊന്നും കാര്യമായി പങ്കെടുത്തിരുന്നില്ല. 

∙ മോഡലിങ്ങിലൂടെ സിനിമയിലേക്ക്

ബേബിയിലെ നഴ്സിങ് പഠനകാലത്ത് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ മത്സരവേദിയിലൂടെയാണ് മോഡലിങ്ങിലേക്ക് കടന്നത്. മനോരമയും ആലുക്കാസും ഫെഡറൽ ബാങ്കും ചേർന്നു നടത്തിയ മിസ്സ് മില്ലേനിയം മത്സരത്തിൽ അവസാനറൗണ്ടിലെത്തി. പിന്നീട് മിസ്സ് സൗത്ത് ഇന്ത്യ റണ്ണർഅപ്പായി. 

വനിത മാഗസിന്റെ വിവിധ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തു. ആലുക്കാസ്, ഭീമ, വണ്ടർലാ, പ്രീതി സിൽക്സ് തുടങ്ങിയ അനേകമനേകം ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ പരസ്യങ്ങളിലുമുണ്ടായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട വെബ്സീരീസായ കരിക്കിന്റെ ‘കരിക്ക് ഫ്ലിക്കി’ലെ പ്രകടനത്തിനും ഏറെപ്പേർ അഭിനന്ദനമറിയിച്ചിട്ടുണ്ട്.  

deepa-thomas-21

∙ ‘ഹോമി’ൽനിന്നൊരു കുഞ്ഞുതാരവും

ഈ ‘ഹോമി’ൽനിന്ന് മറ്റൊരാൾകൂടി ‘ഹോമി’ൽ അഭിനയിച്ചിട്ടുണ്ട്. അമ്മ എൽസിയുടെ സഹോദരന്റെ മകൻ അൽഫോൻസ്.കെ. ജോസഫ്. ചിത്രത്തിൽ പ്രിയയുടെ അച്ഛനായെത്തിയ ശ്രീകാന്ത് മുരളിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് അൽഫോൻസാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA