ADVERTISEMENT

സ്പൈഡർമാൻ, സൂപ്പർമാൻ, അയൺമാൻ– ഇവർ മൂന്നുപേരുമായിരുന്നു എന്റെ സൂപ്പർ ഹീറോസ്’ ഈ ഡയലോഗ് ഒന്ന് മാറ്റിപ്പിടിക്കേണ്ടി വരും. നമ്മൾ മലയാളികൾക്കു സ്വന്തമായി ഒരു സൂപ്പർഹീറോ ഇതാ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ കമ്പനിയുടെ ബാനറിൽ സോഫിയ പോൾ നിർമിച്ച് ടൊവിനോ തോമസ് നായകനാകുന്ന പാൻ ഇന്ത്യൻ സിനിമയായ ‘മിന്നൽ മുരളി’ 5 ഭാഷകളിലാണ് എത്തുന്നത്. 111 ദിവസം നീണ്ട ഷൂട്ടിങ്, ഇടയ്ക്ക് രണ്ടുതവണ കോവിഡ് ലോക്ഡൗൺ, സിനിമാ സെറ്റ് തകർത്തതുൾപ്പെടെയുള്ള വിവാദങ്ങൾ. ഇതെല്ലാം കടന്ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് ‘പാഞ്ഞ്’ എത്താൻ തയാറാകുന്ന ‘മിന്നൽ മുരളി’യുടെ സംവിധായകൻ ബേസിൽ ജോസഫ് തന്റെ സൂപ്പർ ഹീറോയെ പരിചയപ്പെടുത്തുന്നു.

 

മല്ലു സൂപ്പർഹീറോ

 

നമ്മൾ കണ്ടിട്ടുള്ള സൂപ്പർ ഹീറോകളെല്ലാം മാർവലിന്റെയോ ഡിസിയുടെയോ ആയിരവും ആയിരത്തിയഞ്ഞൂറും കോടി ബജറ്റുള്ള വമ്പൻ സിനിമകളിലേതാണ്. അതിൽനിന്നൊക്കെ വ്യത്യസ്തമായി നമ്മുടേതായി ഒരു സൂപ്പർ ഹീറോയെ എങ്ങനെ ഒരുക്കാം എന്നൊരു ചിന്തയിൽ നിന്നാണ് മിന്നൽ മുരളിയിലേക്ക് എത്തുന്നത്. നമ്മുടെ ബജറ്റിന്റെ പരിധിയിൽനിന്നുകൊണ്ട് ഒരു സൂപ്പർ ഹീറോ കഥ പറയുക എന്നത് ഒരേസമയം ആവേശവും വെല്ലുവിളി ഉയർത്തുന്നതാണ്. ആ ഒരു ബലത്തിലാണ് ഇങ്ങനെയൊരു സിനിമയ്ക്കായി ഇറങ്ങിത്തിരിച്ചത്. ഈ ചുറ്റുവട്ടത്തും പരിസരത്തും നടക്കുന്ന ഒരു സൂപ്പർ ഹീറോ സിനിമയാണിത്. മിന്നൽ മുരളിയിലെ സൂപ്പർഹീറോ ഘടകം എടുത്തുമാറ്റിയാലും ഒരു സിനിമ എന്ന രീതിയിൽ പൂർണമാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. 

sameer-basil
മിന്നൽ മുരളിയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ബേസിൽ ജോസഫും ക്യാമറമാൻ സമീർ താഹിറും ആക്‌ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗും

 

കോവിഡ് സൂപ്പർ വില്ലൻ

minnal-murali-set-1

 

‘ഗോദ’ സിനിമ കഴിഞ്ഞ് അഭിനയവും ഒക്കെയായി കുറച്ചുനാൾ കഴി‍ഞ്ഞാണു മിന്നൽ മുരളിയിലേക്ക് എത്തുന്നത്. വലിയൊരു ബജറ്റിൽ സിനിമ തുടങ്ങിക്കഴിഞ്ഞ സമയത്ത് കോവിഡ് കാലം എത്തി. അതോടെ ഷൂട്ടും കാര്യങ്ങളും എല്ലാം നിലച്ചു. പടത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്യാൻ കിടക്കുന്നു. വലിയ ടെൻഷനായി. ആദ്യ ലോക്ഡൗൺ കാലം കഴിഞ്ഞ് വീണ്ടും ഷൂട്ട് തുടങ്ങി. ക്ലൈമാക്സ് അടക്കമുള്ള വലിയ സീനുകളെല്ലാം എടുത്തു. ഷൂട്ട് തീരാൻ 3 ദിവസം ബാക്കി നിൽക്കുമ്പോഴായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും കോവിഡ് വന്നത്. പിന്നെയും ബ്രേക്ക്. അപ്പോഴേക്കും രണ്ടാം ലോക്ഡൗൺ വന്നു. അങ്ങനെ പിന്നെയും കാത്തിരുന്നു കുറെ നാളുകൾക്കു ശേഷമാണ് കഴിഞ്ഞ ദിവസം ഷൂട്ട് തീർക്കാൻ പറ്റിയത്.

 

ക്ലൈമാക്സ് സീനിന് വിദേശത്തുനിന്നു ഫൈറ്റ് മാസ്റ്റേഴ്സ് വരണം. അവരുടെ കോവിഡ് പ്രോട്ടോക്കോളും മറ്റും ശ്രദ്ധിക്കണം. പിന്നെ വലിയ ജനക്കൂട്ടം വേണം. ഇക്കാലമായിട്ടും സിനിമയ്ക്കു വേണ്ട ഒരു ഘടകങ്ങളിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല.

 

ഒപ്പം ഉണ്ടായിരുന്ന രണ്ടുപേർ കോവിഡിന്റെ ആദ്യ സമയത്തു ഞങ്ങളെ വിട്ടുപിരിഞ്ഞു. സംവിധായകനും എഴുത്തുകാരനുമായ പി. ബാലചന്ദ്രൻ സാറും പിന്നെ വയനാട്ടിൽ നിന്നുള്ള അച്ചൻകുഞ്ഞു ചേട്ടനും. രണ്ടുപേരുടെയും ഡബ്ബിങ് പോലും പൂർത്തിയായിട്ടില്ലായിരുന്നു. പിന്നെ ടൊവീനോയ്ക്ക് ആക്സിഡന്റ് പറ്റുന്നു. ഇത്രയും പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുള്ള ഒരു സിനിമ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല. ഇങ്ങനെ പ്രശ്നങ്ങളെല്ലാം വന്നിട്ടും 3 വർഷത്തോളം പ്രൊഡ്യൂസറും ഒപ്പം നിന്നു. അത് ഈ സിനിമയിലുള്ള വിശ്വാസം കൊണ്ടായിരുന്നു.

 

കൊറോണ ഇന്റർവെൽ

 

കോവിഡ് കാരണം ടൊവീനോയുടെ പല തരത്തിലുള്ള ഗെറ്റപ്പുകൾ ഉപയോഗിക്കാൻ പറ്റി എന്നതാണു വലിയൊരു നേട്ടം. കാരണം ഓരോ ഷെഡ്യൂളും കഴിഞ്ഞ് കുറെനാൾ ബ്രേക്ക് വരികയാണല്ലോ. അതുകൊണ്ടു ടൊവീനോയുടെ മുടി വളരുന്നു, താടിവരുന്നു, മെലിയുന്നു എന്നൊക്കെയുള്ള കുറെ ഗെറ്റപ്പുകൾ കിട്ടി. അതു സിനിമയ്ക്കു നല്ല ഗുണമായി. അതുപോലെ തന്നെ കേരളത്തിലാണ് പൂർണമായും ഷൂട്ട് പ്ലാൻ ചെയ്തത്. കോവിഡിനിടയിൽ കാലടി മണപ്പുറത്തിട്ട സെറ്റ് പൊളിക്കുന്നതും ഒക്കെയായി കുറെ പ്രശ്നങ്ങൾ വന്നു. പിന്നെ ഷൂട്ട് കർണാടകയിലേക്കു മാറ്റി. അതു ശരിക്കും ഗുണമായി. പ്രതീക്ഷിച്ചതിലും നല്ലൊരു ലൊക്കേഷനും സെറ്റിങ്ങും എല്ലാം നമുക്ക് ക്ലൈമാക്സിനുവേണ്ടി കിട്ടി.  

 

സഹനടൻ വിഎഫ്എക്സ്

 

എന്റെ മുൻപത്തെ സിനിമകളിലെല്ലാം ഷൂട്ട് ചെയ്ത ശേഷം വിഎഫ്എക്സ് എന്നൊരു രീതിയാണ്. മിന്നൽ മുരളിയെത്തിയപ്പോൾ ആദ്യ ഘട്ടത്തിൽ തന്നെ സ്ക്രിപ്റ്റിനൊപ്പം വിഎഫ്എക്സ് സ്ക്രിപ്റ്റിങ്ങും നടത്തി. പ്രീ വിഷ്വലൈസേഷൻ, സ്റ്റോറി ബോർഡ്, ആനിമേറ്റിക്സ് പോലുള്ള ഒരുപാട് പ്രീപ്രൊഡക്‌ഷൻ നടത്തിയാണ് ഷൂട്ടിലേക്കു പോകുന്നത്.  മൈൻഡ് സ്റ്റെയ്ൻ സ്റ്റുഡിയോസിലെ ആൻഡ്രൂ ഡിക്രൂസ് ആയിരുന്നു വിഎഫ്എക്സ് സൂപ്പർവൈസർ. ഷൂട്ടിങ് സമയത്തും വിഎഫ്എക്സ് ആളുകൾ കൂടെയുണ്ടായിരുന്നു. അതു വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. സിനിമയ്ക്കുള്ളിൽ, കഥയ്ക്കുള്ളിൽ നിൽക്കുന്ന രീതിയിൽ വിഎഫ്എക്സ് ചെയ്യാനാണ് ശ്രമിച്ചത്.

 

 ടെയിൽ എൻഡ്: അഭിനയമാണോ സംവിധാനമാണോ എളുപ്പം?

 

എനിക്കു സംവിധാനം ചെയ്യാനാണു കൂടുതൽ താൽപര്യം. സംവിധാനം ചെയ്യുന്നത് ഒരുപാടു ചലഞ്ചിങ്ങും എക്സൈറ്റിങ്ങുമാണ്. നമ്മുടെ കയ്യിലാണ് സ്റ്റിയറിങ്. സിനിമ എവിടെയാണ്, എങ്ങോട്ടാണ് എന്നൊക്കെ നമ്മളാണു തീരുമാനിക്കുന്നത്.   അതുപോലെ അഭിനയിക്കാനും ഒത്തിരി ഇഷ്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com