ADVERTISEMENT

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ‘ബ്രോ ഡാഡി’ എന്ന സിനിമയിൽ മോഹൻലാലിന്റെ അമ്മയുടെ വേഷത്തിൽ മല്ലിക സുകുമാരൻ അഭിനയിക്കുകയാണ്. ഒരു രംഗം എടുത്തപ്പോൾ ക്യാമറയ്ക്കു പിന്നിൽനിന്നു സംവിധായകൻ പൃഥ്വിരാജിന്റെ ശബ്ദം: ‘‘കൊള്ളാം നല്ല ഭാവിയുണ്ട്.’’

അമ്മയുടെ മുഖഭാവം കണ്ടതോടെ കൂടുതൽ കമന്റ് പറയാതെ സംവിധായകൻ വലിഞ്ഞു.

കുട്ടിക്കാലത്ത് അനുജനെപ്പോലെ കൈപിടിച്ചു കൊണ്ടുനടന്ന മോഹൻലാലിനൊപ്പം മകന്റെ സംവിധാനത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണു മല്ലിക. സംവിധാനത്തിനു പുറമേ ലാലിന്റെ മകന്റെ വേഷവും പൃഥ്വിരാജ് ആണ് ചെയ്യുന്നത്. ‘ബ്രോ ഡാഡി’യിൽ പൃഥ്വിരാജിന്റെ വല്യമ്മച്ചിയാണെങ്കിൽ അൽഫോൻസ് പുത്രന്റെ ‘ഗോൾഡി’ൽ അമ്മയുടെതന്നെ വേഷമാണു തന്നെ കാത്തിരിക്കുന്നതെന്നു മല്ലിക പറയുന്നു.

 

മല്ലിക സംസാരിക്കുന്നു.

 

മോഹൻലാലിനൊപ്പം ആദ്യമാണല്ലോ...?

 

ലാൽ പ്രശസ്തനായ കാലത്ത് ഒപ്പം അഭിനയിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. ലാലിനോടു പറഞ്ഞിരുന്നെങ്കിൽ വിളിക്കുമായിരുന്നു. പക്ഷേ, പറഞ്ഞില്ല. മക്കളെല്ലാം പഠിക്കുന്ന കാലമായിരുന്നു അത്. ലാലിന്റെ ജ്യേഷ്ഠൻ പ്യാരിലാലും ഞാനും മണിയൻപിള്ള രാജുവും തിരുവനന്തപുരം മോഡൽ സ്കൂളിൽ ഒരേ ക്ലാസി‍ലാണു പഠിച്ചത്. ലാലിന്റെയും എന്റെയും കുടുംബങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നു. കുട്ടിക്കാലത്ത് എന്റെ ജ്യേഷ്ഠൻ ഡോ. എം.വി. പിള്ളയോടും എന്നോടുമായിരുന്നു ലാലിന് ഏറ്റവും അടുപ്പം.

ലാലിനെ കുട്ടിക്കാലത്തു ഞങ്ങളുടെ വീട്ടിലാക്കിയിട്ടാണു പലപ്പോഴും ലാലിന്റെ അച്ഛൻ വിശ്വൻചേട്ടനും (വിശ്വനാഥൻ നായർ) അമ്മ ശാന്തേച്ചിയും എവിടെയെങ്കിലും പോകുക. അവർ വൈകുന്നേരം വരുമ്പോൾ തിരികെ വിളിച്ചുകൊണ്ടു പോകും. ലാലിന് അന്ന് എട്ടോ ഒൻപതോ വയസ്സേയുള്ളൂ. വലിയ കുസൃതിയായിരുന്നു. ഒരിക്കൽ ഞങ്ങളുടെ അച്ഛൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അവിടത്തെ മാവിന്റെ തുഞ്ചത്ത് ഇരിക്കുകയാണ് ലാൽ. അന്നൊക്കെ വീടിന്റെ സ്റ്റെയർ കെയ്സിനു സിമന്റ് ഉപയോഗിച്ച് കെട്ടിയ കൈവരിയാണ് ഉണ്ടായിരുന്നത്. ഒരിക്കൽ രണ്ടാം നിലയിൽനിന്ന് കൈവരിയിലൂടെ അതിവേഗം തെന്നി താഴേക്കു വന്ന് അച്ഛന്റ മുന്നിലാണ് ലാൽ വന്നു വീണത്.

‘‘വിശ്വനാഥൻ നായരും ശാന്തകുമാരിയും വരുമ്പോൾ കയ്യോ, കാലോ ഒടിയാതെ ഇവനെ തിരികെ ഏൽപിക്കേണ്ടതാണ്’’ എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. അത്രയ്ക്കായിരുന്നു കുസൃതി.

പഴയ ശീലംവച്ച് ഞാൻ ഇപ്പോഴും മോഹൻലാലിനെ ‘ലാലു മോനേ’ എന്നു വിളിക്കാറുണ്ട്. ഇത്രയും വലിയ നടനെ എല്ലാവരും കേൾക്കെ അങ്ങനെ വിളിക്കാൻ പാടില്ല. എങ്കിലും അറിയാതെ വന്നുപോകും. അന്നത്തെ ആ സ്നേഹം എക്കാലത്തും മോഹൻലാൽ എന്നോടു കാട്ടിയിട്ടുണ്ട്. ലാലിന്റെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും എന്നെ വിളിക്കും. ‘‘പണ്ട് നിങ്ങളുടെ അമ്മ എന്നെ പലതവണ മോഡൽ സ്കൂളിലേക്കു കൊണ്ടു പോയിട്ടുണ്ട്’’ എന്ന് എന്റെ മക്കളോടു ലാൽ പറയാറുണ്ട്. ഇപ്പോഴും അതെല്ലാം ഓർക്കുന്നുണ്ടല്ലോ!

 

മകന്റെ ചിത്രത്തിൽ വേഷം ചോദിച്ചിരുന്നോ?

 

ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിനു ഹൈദരാബാദിലേക്കു പോകുന്നതിനു മൂന്നുദിവസം മുൻപാണ് ഇങ്ങനെയൊരു ക്രിസ്ത്യൻ അമ്മച്ചിയുടെ കഥാപാത്രം ഉണ്ടെന്നു പൃഥ്വിരാജ് പറഞ്ഞത്. ആ വേഷത്തിലേക്ക് എന്നെ വിളിക്കാൻ നിർദേശിച്ചതു മോഹൻലാൽ ആയിരുന്നു. ‘സാറാസ്’ എന്ന ചിത്രത്തിലെ എന്റെ അമ്മവേഷം കണ്ടാകണം ലാൽ വിളിച്ചത്.

സെറ്റിൽ പൃഥ്വിരാജിനോട് ഒന്നുംപറയാൻ സാധിക്കില്ല. തിരക്കിട്ട ജോലിയിൽ ആയിരിക്കും അവൻ. മകനാണെങ്കിലും അവൻ ഷോട്ട് ‘ഓക്കെ’ പറയാതെ ഞാൻ മുറിയിലേക്കു മടങ്ങില്ല. സെറ്റിൽ എവിടെ ഇരുന്നാലും ചുറ്റും സാനിറ്റൈസർ സ്പ്രേ ചെയ്യുക എന്റെ പതിവാണ്. ‘‘കൊറോണ മുഴുവൻ ചത്തു... ഇനി അമ്മ ധൈര്യമായി ഇരുന്നോളൂ’’എന്ന് അവൻ എന്നെ കളിയാക്കുകയും ചെയ്യും.

ഓരോ കഥാപാത്രത്തിന്റെയും മേക്കപ്പ് മുതലുള്ള കാര്യങ്ങൾ അവൻ നോക്കും. അമ്മയുടെ വിഗ് ശരിയല്ല,  മുടി കുറെക്കൂടി നരപ്പിക്കണം എന്നൊക്കെ പറയും. അതോടെ നമുക്കും ഗംഭീരമാക്കണമെന്നു തോന്നും. എങ്ങനെ അഭിനയിക്കണമെന്ന് അവൻ അഭിനയിച്ചു കാണിക്കും. അതിന് അമ്മയെന്നോ അച്ഛനെന്നോ വ്യത്യാസമില്ല. നന്നായി ഹോംവർക്ക് ചെയ്തിട്ടേ സെറ്റിൽ എത്തൂ. അവൻ അഭിനയിക്കുന്ന രംഗങ്ങൾ എടുക്കുമ്പോൾ  അസോഷ്യേറ്റ് ഡയറക്ടർ ആണു സ്റ്റാർട്ടും കട്ടും പറയുക. അത് അവൻ പലതവണ കണ്ടുനോക്കും. തൃപ്തിയായില്ലെങ്കിൽ വീണ്ടും എടുക്കും. മകന്റെ സംവിധാനത്തിൽ അഭിനയിക്കാൻ ഭാഗ്യവും ആയുസ്സും തന്നതിന് ഈശ്വരനോടു നന്ദി പറയുന്നു.

 

മോഹൻലാലിനൊപ്പമുള്ള അഭിനയം എങ്ങനെയുണ്ട്?

 

ലാലിനെപ്പോലെ സഹകരിക്കുന്ന നടനെ ഞാൻ കണ്ടിട്ടില്ല. പത്തുതവണ റിഹേഴ്സൽ എടുക്കണമെങ്കിലും മടിയില്ല. എല്ലാം റെഡിയാകുമ്പോൾ എന്നെ വിളിച്ചാൽ മതിയെന്നു പറഞ്ഞു മാറി ഇരിക്കുന്ന താരങ്ങൾ ഉണ്ട്. എന്നാൽ മോഹൻലാൽ മുഴുവൻ സമയവും കൂടെത്തന്നെ നിൽക്കും. ക്യാമറ ഓൺ ചെയ്താൽ സ്വിച്ചിട്ടതു പോലെ കഥാപാത്രമാകും. സംവിധായകൻ പ്രതീക്ഷിക്കുന്നതിന്റെ 150% ആണ് ലാൽ നൽകുന്നത്. ‘എന്തൊരു നടനാണ് ഭഗവാനേ’ എന്നു ഞാൻ കരുതിയിട്ടുണ്ട്. കിലുക്കത്തിലെയും ചിത്രത്തിലെയും  ലാലിനെ ബ്രോ ഡാഡിയിൽ വീണ്ടും കാണാം. 

മോഹൻലാലിന്റെ ക്ഷമ എന്തെന്നു പുതിയ തലമുറ കണ്ടുപഠിക്കണം. സെറ്റിൽ ഒപ്പംനിന്നു പടം എടുക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തുക. അഭിനയിച്ചു ക്ഷീണിച്ചു തിരികെ വന്ന് എവിടെയെങ്കിലും ഇരിക്കാൻ തുടങ്ങുമ്പോഴായിരിക്കും ഇത്. ഒരു മടിയും കാട്ടാതെ എല്ലാവരുടെയും കൂടെനിന്നു പടം എടുക്കും. എല്ലാം കഴിഞ്ഞേ ലാൽ ഇരിക്കൂ. ഇത്രയും ക്ഷമ മറ്റാരിലും കണ്ടിട്ടില്ല.

 

പൃഥ്വിരാജ് സംവിധായകനാകും എന്നു പ്രതീക്ഷിച്ചിരുന്നോ?

 

രണ്ടു മക്കളും താരങ്ങൾ ആകണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷേ, പൃഥ്വിരാജ് സംവിധായകൻ ആകുമെന്നു സുകുവേട്ടൻ (സുകുമാരൻ) പറയുമായിരുന്നു. സുകുവേട്ടന്റെ സിനിമയിലെ രംഗങ്ങൾ എങ്ങനെയാണ് എടുത്തതെന്ന് അവൻ ചോദിച്ചു മനസ്സിലാക്കുമായിരുന്നു. സംവിധായകനായാൽ കൊള്ളാമെന്ന് ഇപ്പോൾ ഇന്ദ്രജിത്തിനും മോഹം തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com