ആദ്യം ജയസൂര്യ ‘നോ’ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? രഞ്ജിത് ശങ്കർ പറയുന്നു

SHARE

കോവിഡ് കാലത്ത് ഒരു സാധാരണ സിനിമ നിർമിക്കുകയെന്നത് തന്നെ വലിയ റിസ്കുള്ള കാര്യമാണ്. അപ്പോൾ‌ പിന്നെ ഒറ്റ കഥാപാത്രം മാത്രമുള്ള ഒരു പരീക്ഷണ ചിത്രം ഒരുക്കുന്നതിന്റെ പിന്നിലുള്ള പെടാപ്പാട് ഉൗഹിക്കാവുന്നതാണ്. പക്ഷേ രഞ്ജിത് ശങ്കർ എന്ന സംവിധായകനും നിർമാതാവും ആ റിസ്കിനെ പേടിച്ച് ഒന്നും ചെയ്യാതിരിക്കാൻ തയാറായില്ല. തന്റെ മനസ്സിൽ ഉരുത്തിരഞ്ഞ ആശയമായ ഒരു കഥാപാത്രം മാത്രമുള്ള സണ്ണി എന്ന സിനിമയുമായി അദ്ദേഹം മുന്നോട്ടു പോയി. പ്രതിസന്ധികൾ തരണം ചെയ്ത് ഒടിടി റിലീസായി സണ്ണി പ്രേക്ഷകർക്കു മുന്നിലേക്കെത്തുമ്പോൾ അദ്ദേഹത്തിന് പറയാനുള്ളത് സിനിമയെക്കാൾ ത്രില്ലിങ്ങായ കഥകളാണ്.

കഴി‍ഞ്ഞ വർഷം ഷൂട്ട് ചെയ്ത സിനിമയാണ്. റിലീസ് വൈകിയത് എന്തു കൊണ്ടാണ് ?

സണ്ണി കഴിഞ്ഞ നവംബറിൽ ഷൂട്ട് ചെയ്തതാണ്. പക്ഷേ അതിന്റെ മ്യൂസിക്ക് സ്കോർ ചെയ്യാൻ ഒരുപാട് സമയമെടുത്തു. പിന്നീട് രണ്ടാമതൊരു ലോക്ഡൗണും മറ്റും എത്തി. ഇപ്പോൾ സണ്ണി പുറത്തിറക്കാൻ പറ്റിയ സമയമാണെന്നാണ് തോന്നുന്നത്. എന്തു കൊണ്ടാണെന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും. വളരെ യാദൃച്ഛി കമാണെന്നു വേണമെങ്കിൽ പറയാം.

ranjith-jayan

സണ്ണിയുടെ പ്രത്യേകതകൾ ?

എന്നെ സിനിമയെടുക്കാൻ പ്രേരിപ്പിക്കുന്നത് അതിന്റെ കഥയാണ്. ഇതിനു മുമ്പ് നടന്നിട്ടില്ലാത്ത ഒരു കഥ, ഇനി നടക്കുമോ എന്ന് നമുക്ക് അറിയാത്ത കഥ. ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന സിനിമ. അതാണ് സണ്ണി. കഥ എഴുതിയതിനു ശേഷം ഇതിന്റെ തിരക്കഥ എങ്ങനെ കൊണ്ടു വരാമെന്ന ആലോചനയിലാണ് ഇത് ഒറ്റ കഥാപാത്രമുള്ള ഒരു സിനിമയാക്കിയാലോ എന്ന ആലോചന വരുന്നത്. പ്രത്യേകതകൾ പലതുണ്ടെങ്കിലും കഥ തന്നെയാണ് എല്ലാത്തിന്റെയും അടിസ്ഥാനം.

കോവിഡ് കാലത്ത് സിനിമയെടുക്കുക എന്നത് തന്നെ റിസ്കാണ്, ആ റിസ്കിനൊപ്പം ഇത്തരത്തിൽ ഒരു പരീക്ഷണം നടത്താനുള്ള ധൈര്യം ?

എല്ലാ സിനിമയും റിസ്കാണ്. റിസ്കില്ലാതെ സിനിമയില്ല. സിനിമയെന്നാൽ ഒരു തരം ഇറങ്ങിപ്പുറപ്പെടലാണ്. ഒരു കഥ സിനിമയാക്കാം എന്ന് തീരുമാനിക്കുന്ന സമയത്തു തന്നെ അതിന്റെ വിധി എഴുതപ്പെട്ടു കഴിഞ്ഞു. അതിനൊപ്പം സഞ്ചരിക്കുക എന്നതു മാത്രമാണ് പിന്നീട് നാം ചെയ്യേണ്ടത്. സണ്ണി ഉണ്ടാക്കണമെന്ന് ഭയങ്കരമായ ആഗ്രഹം തോന്നി. ഇൗ ആഗ്രഹമാണ് മുന്നോട്ടു നയിക്കുന്നത്. സിനിമ നിർമിക്കുകയെന്നത് സമാധാനമുള്ള കാര്യമാണ്. വേറാരോടും നമുക്ക് ഉത്തരവാദിത്തമില്ലല്ലോ. ഇത് ഇൗ സമയത്ത് മാത്രം ചെയ്യാൻ പറ്റുന്ന കഥയാണ്. എക്സൈറ്റഡ് ആയിരിക്കുമ്പോ ചെയ്യുക എന്നേയുള്ളൂ. ഒരുപാട് വരും വരായ്കകൾ ആലോചിച്ചാൽ നമുക്ക് ഒരിക്കലും ഒന്നും ചെയ്യാൻ സാധിക്കില്ല.

ഒരു കഥാപാത്രം, ഒരു ചെറിയ സ്പേസ്: പ്രേക്ഷകനെ എങ്ങനെ എൻഗേജ് ചെയ്യിക്കും ?

പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. എന്റെ സിനിമകളെല്ലാം ഒരു പെർഫോമൻസ് ഡ്രിവൺ സിനിമകളാണ്. മറ്റു മേഖലകൾ കുറച്ചു മോശമായാലും പെർഫോമൻസ് ആ സിനിമയെ താങ്ങി നിർത്തും. പക്ഷേ സണ്ണി അങ്ങനെയുള്ള ഒന്നല്ല. പെർഫോമൻസ് മാത്രം നന്നായാൽ സണ്ണി നന്നാകില്ല. കാരണം ആ ചിത്രത്തിന്റെ വികാരം ആളുകളിലേക്ക് എത്തിക്കണമെങ്കിൽ ഛായാഗ്രഹണം, സംഗീതം തുടങ്ങി പല പ്രധാന ഘടകങ്ങളും നന്നാകണം. അഭിനയം എന്നത് അതിലൊരു ഭാഗം മാത്രമാണ്. അടിസ്ഥാനപരമായി സ്ക്രിപ്റ്റ് എൻഗേജിങ് ആക്കുക എന്നതാണ് പ്രധാനം. പേപ്പറിൽ തിരക്കഥ നല്ലതല്ലെങ്കിൽ പിന്നെ എങ്ങനെ ഷൂട്ട് ചെയ്തിട്ടും കാര്യമില്ല. ഇൗ കഥ എന്നു ഷൂട്ട് ചെയ്താലും ഇതു പോലെയേ ചെയ്യാൻ സാധിക്കൂ. എവിടെ ഷൂട്ട് ചെയ്താലും ഇതു പോലെയേ ചെയ്യാൻ സാധിക്കൂ.

sunny-crew

കഥ കേട്ട ജയസൂര്യയുടെ ആദ്യത്തെ പ്രതികരണം ?

ഇൗ തിരക്കഥ എഴുതി കുറെ കാലത്തിനു ശേഷമാണ് ഞാനിത് ജയനോട് പറയുന്നത്. ഇതു ശരിയായില്ലെങ്കിൽ ഷൂട്ട് ചെയ്യാത്ത സിനിമ എന്ന പേരിൽ ഒരു തിരക്കഥയാക്കി പ്രസിദ്ധീകരിക്കാമെന്നാണ് ഞാൻ ആദ്യം ഒാർത്തത്. പക്ഷേ പിന്നീട് അതു ഷൂട്ട് ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹം തോന്നി. ജയസൂര്യ ആദ്യം മനസ്സിലേ ഇല്ലായിരുന്നു. പക്ഷേ ആ സമയത്ത് താടിയൊക്കെ വളർത്തിയ ജയസൂര്യയെ കണ്ടപ്പോൾ എനിക്ക് സണ്ണിയുടെ ഛായ തോന്നി. പരിചയമില്ലാത്ത ഒരു നടന്റെ ഒപ്പം ചെയ്താൽ ഇതു ശരിയാകുമോ എന്നൊരു സംശയവും എനിക്കുണ്ടായിരുന്നു. കഥയുടെ ആശയം കേട്ടപ്പോൾ ജയൻ എക്സൈറ്റഡായി. ഞങ്ങൾ നേരിൽ കാണാൻ തീരുമാനിച്ചു. കഥ വിശദമായി കേട്ടപ്പോൾ ജയന് ഒരുപാട് സംശയങ്ങളായിരുന്നു. എന്തെങ്കിലും ചെറിയ സംശയം ഉണ്ടെങ്കിൽ പോലും ഇതു ചെയ്യേണ്ട എന്ന ഞാൻ ജയനോട് പറഞ്ഞു. അങ്ങനെ ഒടുവിൽ ഇതു ചെയ്യേണ്ട എന്നു പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. പക്ഷേ ഞാൻ ഉടൻ തന്നെ അടുത്ത നടനെ നോക്കി. കാരണം എനിക്ക് ഇതു ചെയ്തേ പറ്റു എന്ന അവസ്ഥയായിരുന്നു. അങ്ങനെ മറ്റൊരു നടന് കഥ ഇഷ്ടപ്പെട്ടു, ചെയ്യാമെന്നു സമ്മതിച്ചു. അങ്ങനെ അത് അനൗൺസ് ചെയ്യാമെന്ന് ഒാർത്ത സമയത്താണ് ജയൻ ഒരു ദിവസം എന്നെ വിളിക്കുന്നത്.

sunny-shoot

ആ കഥാപാത്രം എന്നെ വല്ലാതെ പിന്തുടരുന്നു‌, ഞാൻ ആ കഥാപാത്രത്തെ സ്വപ്നം കണ്ടു എന്നൊക്കെ ജയൻ എന്നോടു പറഞ്ഞു. അതോടെ എനിക്കൊരു സംശയമായി. ഇതിലാരെ വേണം എന്ന് ഞാൻ തന്നെ ആലോചിച്ചു. ജയനെ പിന്തുടരുന്നു എന്നൊക്കെ അദ്ദേഹം പറയുന്നുണ്ടെങ്കിൽ അതു വെറുതേയല്ല എന്ന് എനിക്കു മനസ്സിലായി. ആറു മാസമെടുത്തു എനിക്ക് ഇൗ തിരക്കഥ ബോധ്യമാകാൻ. ഒറ്റയടിക്കു കേൾക്കുമ്പോൾ ഏതു നടനും ഒരു സംശയം തോന്നാം. അങ്ങനെ ഞാൻ രണ്ടു പേരെയും വച്ച് ഒന്നു കൂടി ആലോചിച്ചപ്പോൾ ജയനായിരുന്നു ഒന്നു കൂടി എല്ലാം കൊണ്ടും എന്റെ കഥയ്ക്ക് ചേരുന്ന ഒരാൾ. പിന്നീട് ഞാൻ മറ്റെയാളെ അതു പറഞ്ഞ് ബോധ്യപ്പെടുത്തി. അങ്ങനെ സണ്ണിയായി ജയൻ എത്തി.

jayan-2

ഒരു മുറിയിൽ ഒതുങ്ങി നിൽക്കുന്ന രീതിയിൽ സിനിമ ഒരുക്കുക വെല്ലുവിളിയല്ലേ ?

സണ്ണി എന്ന സിനിമയുടെ ഏറ്റവും വലിയ ഭാഗ്യം എന്നത് മധു നീലകണ്ഠൻ എന്ന ഛായാഗ്രാഹകനാണ്. സിനിമ ചെയ്യാം എന്ന് തീരുമാനിച്ച ശേഷം ഞാൻ ജയനോട് പറഞ്ഞത് ഇൗ സിനിമ ചെയ്യാൻ മധു നീലകണ്ഠനാണ് എന്റെ മനസ്സിലുള്ളത്, അദ്ദേഹമില്ലെങ്കിൽ പിന്നെയാര് എന്നത് എന്റെ മനസ്സിൽ പോലുമില്ല എന്നാണ്. അദ്ദേഹം ഒരു ജീനിയസ്സാണ്. ഒരു വലിയ ഛായാഗ്രാഹകനാണ്. കഥ കേട്ടതോടെ അദ്ദേഹവും വലിയ ആവേശത്തിലായി. ഇൗ സിനിമയിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു.

രഞ്ജിത് ശങ്കർ സിനിമകൾ എല്ലാം സമൂഹത്തിന് സന്ദേശങ്ങൾ നൽകുന്നവയാണ്, സണ്ണിയും അത്തരത്തിലുള്ള ഒന്നാണോ ?

സത്യമായും എനിക്കറിയില്ല. പാസഞ്ചർ എന്ന സിനിമ ചെയ്തപ്പോൾ സി.ആർ നീലകണ്ഠൻ സാറും സാറാ ജോസഫ് മാഡവും എന്നെ വിളിച്ചു കൊണ്ടു പോയി ഒരു സ്ഥലത്ത് സംസാരിപ്പിച്ചപ്പോഴാണ് ഇൗ സിനിമയിൽ ഇങ്ങനെ ഒരു സന്ദേശമുണ്ടെമന്ന് മനസ്സിലായത്. ഒരു പക്ഷേ നമ്മുടെ ഉള്ളിൽ സ്വാഭാവികമായും ഉള്ളതാകാം. എല്ലാ സിനിമയിലും അങ്ങനെ കാണുമ്പോൾ അതിനെ നിഷേധിക്കുന്നതിലും അർഥമില്ല. ജീവിതത്തിലെ പോസിറ്റിവിറ്റിയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരുപാട് പ്രതീക്ഷകൾ‌ ജീവിതത്തിലുണ്ടാകും. സണ്ണിയും പ്രതീക്ഷകളെക്കുറിച്ചുള്ള സിനിമയാണ്. അതിനപ്പുറത്ത് അതിൽ ഒരു സന്ദേശമില്ല. ഇക്കാലത്ത് അതിൽ കവിഞ്ഞ് ഒരു സന്ദേശമില്ലെന്നും ഞാൻ വിശ്വിക്കുന്നു. ഇത് പ്രേക്ഷകർ സ്വീകരിച്ചാൽ സന്തോഷം. സ്വീകരിച്ചില്ലെങ്കിലും നാം ശ്രമങ്ങൾ തുടരും.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA