തിരക്കഥയിലില്ലാത്ത കഥകള്‍; മുകേഷ് ചിരി തിരിച്ചു പിടിക്കുമ്പോൾ...

Mukesh-5
മുകേഷ്
SHARE

വർഷങ്ങൾക്കു മുൻപൊരു സിനിമാ സെറ്റ്. തമാശക്കഥകളുടെ ആശാനായ തിക്കുറിശ്ശി സുകുമാരൻ നായരുടെ ചുറ്റും കേൾവിക്കാരുടെ വലിയൊരു കൂട്ടം. ചെറിയൊരു ഗ്യാപ് കിട്ടിയപ്പോൾ മുകേഷും ഒരു കഥ പറഞ്ഞു. തിക്കുറിശ്ശി ആർത്തുചിരിച്ചെന്നു മാത്രമല്ല, ആ കഥയുടെ വിശദാംശങ്ങൾ അപ്പോൾത്തന്നെ കുറിച്ചുവയ്ക്കുകയും ചെയ്തു. തിക്കുറിശ്ശിക്ക് അങ്ങനെയൊരു ശീലമുണ്ടായിരുന്നു. നല്ല സംഭവങ്ങൾ മറക്കാതിരിക്കാൻ അദ്ദേഹം എഴുതിവയ്ക്കും. അദ്ദേഹം എഴുതിവച്ച കഥകൾക്കെല്ലാം പിന്നീടെന്തു സംഭവിച്ചെന്ന് മുകേഷ് പലവട്ടം ഓർത്തിട്ടുണ്ട്. 

അദ്ദേഹത്തിന്റെ മരണത്തോടെ വിസ്മൃതിയിലായത് മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ തമാശകളും അനുഭവങ്ങളും കൂടിയാണ്. നമ്മുടെ കാലഘട്ടത്തിലെ കഥകൾക്ക് അങ്ങനെ സംഭവിച്ചു കൂടെന്ന് മുകേഷിനെ പലവട്ടം ഓർമിപ്പിച്ചവരിൽ മമ്മൂട്ടിയും മോഹൻലാലുമുണ്ട്. നിന്റെ കഥ പറച്ചിലിന് സാധ്യതകളുടെ ഒരു കാലം വരുമെന്ന് വർഷങ്ങൾക്കു മുൻപ്  നെടുമുടി വേണു പറഞ്ഞിട്ടുള്ളതും മുകേഷ് ഓർക്കുന്നു. 

ആ പ്രവചനം കൂടുതൽ യാഥാർഥ്യമാകുകയാണ് ‘മുകേഷ് സ്പീക്കിങ്’ എന്ന യുട്യൂബ് ചാനലിലൂടെ. ആദ്യ ഒരു എപ്പിസോഡ് കൊണ്ടു തന്നെ ‘മുകേഷ് സ്പീക്കിങ്’  ചർച്ചയായി. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ ‘മമ്മൂക്കാ മാപ്പ്’ എന്ന ആദ്യ വിഡിയോയിൽ, മമ്മൂട്ടിയോട് മുകേഷ് കാണിച്ചിട്ടുള്ള ചില കുസൃതികളാണ് വെളിപ്പെടുത്തിയത്. അതിൽ പലതും അന്നുവരെ മമ്മൂട്ടി അറിയാത്തതായിരുന്നു

ആരെയും വേദനിപ്പിക്കുന്നതൊന്നും പറയില്ലെന്നും തന്റെ ജീവിതവും സിനിമയുമായി ബന്ധപ്പെട്ട കഥകളാണ് യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുകയെന്നും മുകേഷ് വ്യക്തമാക്കുന്നു. ആഴ്ചയിൽ ഒരു വിഡിയോ വീതം അപ്‌ലോഡ് ചെയ്യും. ‘മുകേഷ് കഥകൾ’ എന്ന പുസ്തകത്തിലൂടെയും പല ടിവി പരിപാടികളിലൂടെയും വ്യത്യസ്തമായ ഒട്ടേറെ അനുഭവ കഥകൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. അതിലുമേറെക്കഥകൾ ഇനി യുട്യൂബ് ചാനലിലൂടെ പറയാനിരിക്കുന്നു. കഥകളോടുള്ള അഭിനിവേശത്തെക്കുറിച്ചും നല്ല കഥ പറച്ചിലിന്റെ ഫോർമുലയെക്കുറിച്ചും മുകേഷ് മനോരമ ഓൺലൈനോട് സംസാരിച്ചപ്പോൾ.

ഉള്ളിൽ നല്ലൊരു കഥപറച്ചിലുകാരനുണ്ടന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്?

എന്റെ ഗ്രാമമായ കൊല്ലം പട്ടത്താനത്തെ ആർട്സ് ആൻഡ് സ്പോർസ് ക്ലബിന്റെ കൂട്ടായ്മകളിലാണ് ആദ്യം കഥകൾ പറഞ്ഞു തുടങ്ങിയത്. എല്ലാവരും കൂടിയിരുന്നു സംസാരിക്കുമ്പോൾ വളരെക്കുറച്ചു പേർക്കേ പറയാൻ അവസരമുണ്ടാകൂ. നന്നായി പറയാൻ പറ്റിയില്ലെങ്കിൽ പിന്നെ മിണ്ടാതിരിക്കേണ്ടി വരും. നമ്മൾ പറയുന്നത് മറ്റുള്ളവർക്കു രസിച്ചാൽ മാത്രമേ പിടിച്ചു നിൽക്കാനാകൂ എന്ന സാഹചര്യമുണ്ടല്ലോ. അതാണു തുടക്കം.

എന്താണ് നല്ല കഥ പറച്ചിലിന്റെ ഫോർമുല?

എങ്ങനെ പറഞ്ഞാൽ കഥ ഏൽക്കുമെന്ന് നമുക്ക് ഒരു ധാരണ വേണം. ശരിക്കും ഏൽക്കാതെ പോകുന്ന തമാശകളാണ് നമ്മളെ ഈ ഫോർമുല പഠിപ്പിക്കുന്നത്. എന്തുകൊണ്ടാണ് അവിടെ ആളുകൾ ചിരിക്കാഞ്ഞതെന്ന് മനസ്സിലാക്കി, അതിനനുസരിച്ച് പറഞ്ഞാൽ അടുത്ത വട്ടം വിജയിച്ചേക്കും. ഇത് കാലങ്ങൾ കൊണ്ട് ആർജിച്ചെടുക്കുന്നതാണ്. ആരോടാണ് പറയുന്നതെന്നും മനസ്സിൽ വേണം. ഒരിക്കൽ ഒരു സുഹൃത്തിന്റെ വീട്ടിൽപ്പോയപ്പോൾ മുതൽ അവൻ വീട്ടുകാരെയെല്ലം വിളിച്ചു നിർത്തി എന്നോട് പറയുകയാണ് ചേട്ടാ, രണ്ടു കഥ പറയാൻ. 

mukesh-mla-1

ഞാൻ അവിടെയുള്ളവരെയൊന്നു നോക്കി, ഒരു ഓർത്തഡോക്സ് കുടുംബമാണ്, പ്രായമേറെയുള്ളവരാണ്. ഇവിടെ തമാശക്കഥകളൊന്നും വിജയിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ അന്നു വളരെ സീരിയസായിരുന്നു. ചില പരിപാടികളിലൊക്കെ പോയാൽ ആളുകൾ ഒരു മുന്നറിയിപ്പുമില്ലാതെ കഥ പറയാൻ പറയും. ഒരിക്കൽ ഞാൻ പങ്കെടുത്ത പരിപാടിയിൽ നടി ലക്ഷ്മി റായിയും ഉണ്ടായിരുന്നു. അപ്പോഴുണ്ട് സംഘാടകന്റെ ആവശ്യം, ലക്ഷമി റായിയെക്കുറിച്ച് മുകേഷ് ഒരു കഥ പറയണം. ഒന്നോ രണ്ടോ സിനിമകളിൽ മാത്രം ഒരുമിച്ച് അഭിനിയിച്ച ആളെക്കുറിച്ച് ഞാൻ പെട്ടെന്നെന്തു കഥ പറയാനാണ്?

സദസ്സിന് അനുസരിച്ച് കഥ പറച്ചിൽ രീതി മാറുമോ?

ഒരു രീതിയിലും കഥ പറഞ്ഞു വിജയിപ്പിക്കാൻ സമ്മതിക്കാത്തവരുണ്ട്. അനാവശ്യമായി ശല്യപ്പെടുത്തും. ചിലപ്പോൾ, ചിരിക്കേണ്ട സമയമെത്തുന്നതിനു മുൻപേ ഇവർ കയറി ചിരിച്ചും കളയും.  

നിയമസഭയിൽ വലിയ തമാശക്കാരനല്ലല്ലോ... 

പാത്രം നോക്കി വേണം വിളമ്പാനെന്നു പറയാറില്ലേ. നിയമസഭ സീരിയസായ ചർച്ചകൾ നടക്കുന്ന ഒരു സ്ഥലമാണ്. നമ്മൾ പറയുന്ന ഓരോ കാര്യങ്ങളും രേഖയാകുന്നതാണ്. പിന്നെ ചർച്ച ചെയ്യുന്ന വിഷയവും സാഹചര്യവുമൊക്കെ നോക്കി, അവിടെയും തമാശ  പറയുന്നതിൽ തെറ്റില്ല എന്നതാണ് എന്റെ പക്ഷം. റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് ഒരു ചർച്ച വന്നാൽ അതുമായി ബന്ധപ്പെട്ട ഒരു തമാശ പറയാം എന്നല്ലാതെ എപ്പോഴും തമാശ പറയേണ്ട സ്ഥലമല്ലത്.

Mukesh-4

മുകേഷ് പറയുന്ന കഥകൾ പുതിയ തലമുറയ്ക്കും രസിക്കുന്നുണ്ട്. കഥകൾക്കു വേണ്ടി അവരെയും നിരീക്ഷിക്കാറുണ്ടോ?

എല്ലാ പ്രായത്തിലുമുള്ളവരെ നിരീക്ഷിക്കാറുണ്ട്. പുതിയ തലമുറയും ഞങ്ങളും തമ്മിൽ ഒരു വ്യത്യാസം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങളുടെ മുൻതലമുറയിൽപ്പെട്ടയാളുകൾ പറയുന്ന തമാശകളൊക്കെ അവരെപ്പോലെ തന്നെ ഞങ്ങൾക്കും രസിക്കുമായിരുന്നു. അതിൽ ഒരു തലമുറവ്യത്യാസം ഇല്ലായിരുന്നു. പക്ഷേ, ഇപ്പോഴത്തെ ആളുകൾക്ക്  ഞങ്ങളുടെ കാലഘട്ടത്തിലെ കാര്യങ്ങൾ അതുപോലെ ഉൾക്കൊള്ളാനാകുമോ എന്ന് സംശയമുണ്ട്. പക്ഷേ, അവർ പുതിയ കുട്ടികളാണെന്നത് മനസ്സിൽ വച്ച് അവരുടേതായ രീതിയിൽ  അവതരിപ്പിക്കുമ്പോൾ അവർക്ക് ഇഷ്ടപ്പെടാറുണ്ട്.

യുട്യൂബ് ചാനലിൽ അനുഭവ കഥകൾ പറയുമ്പോൾ, നേരത്തേ സ്ക്രിപ്റ്റ് തയാറാക്കുമോ?

ഇല്ല. അങ്ങനെ ചെയ്താൽ അതിന്റെ രസം നഷ്ടപ്പെടില്ലേ. നമ്മൾ ഒരു കാര്യം പറഞ്ഞുവരുമ്പോഴാണ് ചിലപ്പോൾ മറ്റൊരു സംഭവം ഓർമ വരിക. അതൊക്കെക്കൂടി ചേർത്തു പറയുമ്പോഴല്ലേ തമാശയുണ്ടാകുക. പിന്നെ നമ്മുടെ മനസ്സിൽ കഥയുടെ ഒരു ഘടനയുണ്ടാകും. യുട്യൂബ് ചാനൽ എല്ലാവർക്കും രസിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന അഭിപ്രായങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഇപ്പോഴുള്ള പല ടിവി പരിപാടികളുടെയും പ്രധാന വിഷയം പകയും വിദ്വേഷവും അസൂയയുമൊക്കെയാണ്. അതിനിടയിൽ ആളുകളെ കുറച്ച് രസിപ്പിക്കുക, എന്റെ തലമുറയുടെ സിനിമാക്കഥകൾ ഡോക്യുമെന്റ് ചെയ്യപ്പെടുക– അതു മാത്രമാണ് യുട്യൂബ് ചാനലിന്റെ ലക്ഷ്യം.

English Summary: Actor Mukesh on His New YouTube Channel to Tell Stories

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA