ആ ഫോൺ സംഭാഷണങ്ങൾ ഞാൻ കേട്ടത് അസിസ്റ്റന്റ് ഡയറക്ടറുടെ ശബ്ദത്തിൽ: ജയസൂര്യ

jayasurya-sunny
SHARE

ഓരോ സിനിമയിലും സ്വയം പുതുക്കപ്പെടുന്ന നടനാണ് ജയസൂര്യ. കരിയറിലെ നൂറാമത്തെ ചിത്രത്തിലും ജയസൂര്യ പതിവു തെറ്റിച്ചില്ല. ഒരൊറ്റ മുറിയിലേക്കല്ല ജയസൂര്യയുടെ സണ്ണി പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. അയാളുടെ താളം തെറ്റിയ ജീവിതത്തിലേക്കും അതിന്റെ വിഹ്വലതകളിലേക്കും അവിടെയുള്ള മനുഷ്യരിലേക്കുമാണ്. ജയസൂര്യ എന്ന ഒറ്റ നടനിലൂടെയാണ് സണ്ണിയുമായി ബന്ധപ്പെട്ട എല്ലാവരേയും പ്രേക്ഷകർ കണ്ടതും അനുഭവിച്ചതും. ആ കാഴ്ച പ്രേക്ഷകർക്ക് ആസ്വാദ്യകരമായതിന്റെ സന്തോഷത്തിലാണ് താരം. സണ്ണിയുടെ വിശേഷങ്ങളുമായി ജയസൂര്യ മനോരമ ഓൺലൈനിൽ. 

വിടാതെ പിന്തുടർന്ന 'സണ്ണി'

രഞ്ജിത് ശങ്കർ എന്റെയടുത്ത് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. വൺമാൻഷോ എന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് ആവേശമായി. കാരണം, അങ്ങനെയുള്ള സിനിമകൾ നമ്മൾ ഹോളിവുഡിലൊക്കെ കണ്ടിട്ടുണ്ട്. നമ്മുടെ ഇൻഡസ്ട്രിയിൽ അങ്ങനെയൊരു സിനിമ വരിക എന്നത് തീർച്ചയായും സന്തോഷമുള്ള കാര്യമായിരുന്നു. സിനിമയുടെ ത്രെഡ് ഇഷ്ടപ്പെട്ടു. നമുക്കൊന്ന് സംസാരിക്കാം എന്നു ഞാൻ പറഞ്ഞു. ആദ്യം പറഞ്ഞപ്പോൾ ആ ക്യാരക്ടർ എനിക്ക് കണക്ട് ആയില്ല. പക്ഷേ, പല സീക്വൻസുകളും എന്റെ മനസിനെ സ്പർശിച്ചു. എങ്കിലും, എന്നെ ആ കഥാപാത്രത്തിലേക്ക് കണക്ട് ചെയ്യുന്ന കാര്യങ്ങൾ ആ സമയത്ത് കഥ പറഞ്ഞപ്പോൾ മിസിങ് ആയിരുന്നു. ഞാൻ രഞ്ജിത്തിനോടു പറഞ്ഞു, എന്തോ ഈ കഥാപാത്രം എനിക്ക് കിട്ടുന്നില്ല... എന്റെ പ്രശ്നമാകും എന്നു പറഞ്ഞു വിട്ടു. പക്ഷേ, അഞ്ചാറു ദിവസം കഴിഞ്ഞിട്ടും സണ്ണിയെക്കുറിച്ചുള്ള ചിന്തകൾ എന്നെ വിട്ടുപോകുന്നില്ല. അപ്പോൾ ഞാൻ വീണ്ടും രഞ്ജിത്തിനെ വിളിച്ചിട്ടു പറഞ്ഞു, നമുക്കൊന്നു കൂടി ഇരിക്കാം. അങ്ങനെ ഞങ്ങൾ വീണ്ടും ഇരുന്നു. എന്റെ കുറെ ആശങ്കകൾ ഞാൻ പങ്കുവച്ചു. അങ്ങനയങ്ങനെ സംസാരിച്ച് സംസാരിച്ച് എനിക്ക് സണ്ണിയെ കൃത്യമായി കിട്ടി. അതിനുശേഷമാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്.

ഷൂട്ടിൽ ആ ശബ്ദങ്ങളെല്ലാം ഡമ്മി

ചിത്രീകരണ സമയത്ത് അതിഥിയുടെ ശബ്ദമായി ഒരു ആർടിസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല. അതു മാത്രമല്ല, എല്ലാ ശബ്ദങ്ങളും ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ ശബ്ദത്തിലൂടെയാണ് ഞാൻ അഭിനയിക്കുമ്പോൾ കേട്ടിരുന്നത്. അതിഥി, ഇന്നസെന്റ് ചേട്ടൻ, അജു, വിജയരാഘവൻ ചേട്ടൻ അങ്ങനെ എല്ലാവരുടെയും ശബ്ദം ഡബിങ് സമയത്താണ് വന്നത്. അഭിനയിക്കുന്ന സമയത്ത് അതു വളരെ ചലഞ്ചിങ് ആയിരുന്നു. ഓരോരുത്തരോടും സംസാരിക്കുമ്പോൾ ആ ഇമോഷനിലേക്ക് എത്തണം. ഭാര്യയുടെ ഡയലോഗുകൾ അസിസ്റ്റന്റ് വായിക്കുമ്പോൾ ഭാര്യയായും, ഡോക്ടറുടെ ഡയലോഗുകൾ വായിക്കുമ്പോൾ അതു ഡോക്ടറായും എനിക്ക് ഫീൽ ചെയ്യണം. ചലഞ്ചിങ് ആയിരുന്നെങ്കിലും ആസ്വദിച്ചാണ് ഞാൻ അതു ചെയ്തത്. ഡബിങ്ങിനു ശേഷം എല്ലാ ശബ്ദങ്ങളും വന്നപ്പോൾ അതു റിയൽ ആയി മാറി. 

ആ രംഗം കണ്ണു നനയിച്ചു

അതിഥിയെ ലിഫ്റ്റിൽ കാണുന്ന രംഗം ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്തതിനുശേഷം കണ്ടപ്പോൾ സത്യമായും എന്റെ കണ്ണു നിറഞ്ഞുപോയി. ഞാൻ ആദ്യം വിളിച്ചത് ശ്രിതയെ ആണ്. ഉഗ്രൻ സീക്വൻസ് ആയി തോന്നുന്നു എന്നു ശ്രിതയോടു പറഞ്ഞു. പലർക്കും ആ രംഗം വളരെയധികം സ്പർശിച്ചെന്നു പറഞ്ഞു കേട്ടു. അതിഥി എന്ന കഥാപാത്രം എവിടെ നിന്നോ വന്ന് സണ്ണിയെ മോട്ടിവേറ്റ് ചെയ്ത് കടന്നു പോയി. സത്യത്തിൽ അങ്ങനെയൊരു കഥാപാത്രമുണ്ടോ? പേരു തന്നെ അതിഥി. സണ്ണിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഈശ്വരസാന്നിധ്യമാണോ അതിഥി? അല്ലെങ്കിൽ, സണ്ണി അന്ന് ആത്മഹത്യ ചെയ്തേനെ! അയാൾ ജീവിതത്തിൽ ഇതുവരെ കാണാത്ത ഒരാൾ വന്ന് ആത്മഹത്യയിൽ നിന്ന് അയാളെ പിന്തിരിപ്പിക്കുകയാണ്. അതൊരു ദൈവസാന്നിധ്യമാണ്. അങ്ങനെയും ആ കഥാപാത്രത്തെ കാണാവുന്നതാണ്. 

അദ്ദേഹം പകർത്തിയത് 'ഇമോഷൻസ്'

മധു നീലകണ്ഠൻ എന്ന ഛായാഗ്രാഹകൻ 'പരിമിതി' എന്നതിനെ പരിധിയില്ലാത്ത അനുഭവമാക്കി മാറ്റുകയായിരുന്നു. അതിന് കഴിഞ്ഞത് അദ്ദേഹത്തിന് പരധിയില്ലാത്ത ആശയങ്ങളും ചിന്തകളും ഉള്ളതുകൊണ്ടാണ്. Limited thought മാത്രമുള്ള ഒരാൾക്ക് ഈ വർക്ക് ചെയ്യാൻ കഴിയില്ല. അദ്ദേഹം unlimited ആണ്. ഒരു റിപ്പീറ്റ് ഷോട്ടില്ല. പരിമിതിയുള്ള സ്ഥലമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഫ്രെയിമുകളിൽ അതു ഒരിക്കലും അനുഭവപ്പെടില്ല. മധു നീലകണ്ഠൻ എന്നു പറയുന്നത് ഒരു ഇതിഹാസം ആണ്. അദ്ദേഹം എടുത്തത് ഷോട്ടുകളല്ല, ഇമോഷനാണ്. 

വൈകുന്നേരത്തെ ചർച്ചകൾ

സെറ്റിൽ ഉണ്ടാവുന്നത് ഒരുപാടു സണ്ണിമാരാണ്. ഞാനൊരു സണ്ണിയാണ്. രഞ്ജിത് ശങ്കറിന്റെ മനസിൽ ഒരു സണ്ണിയുണ്ട്. മധു നീലകണ്ഠന്റെ മനസിലുമുണ്ട് ഒരു സണ്ണി. ഈ മൂന്നു സണ്ണിമാരും ഒരേ രീതിയിൽ ചിന്തിക്കുമ്പോഴാണ് മാജിക് സംഭവിക്കുക. ഓരോ ദിവസവും രാത്രി ഷൂട്ട് കഴിഞ്ഞതിനുശേഷം ഞങ്ങൾ മൂന്നുപേരും ഇരുന്നു സംസാരിക്കും. ആ ചർച്ചകളിലൂടെയാണ് എല്ലാ സണ്ണിമാരും ഒന്നായത്. 

തിരക്കഥയിലില്ലാത്ത ഡയലോഗുകൾ

സണ്ണി സ്വയം പറയുന്ന ചില ഡയലോഗുകളുണ്ട് സിനിമയിൽ. അതൊന്നും തിരക്കഥയിൽ ഉണ്ടായിരുന്നതല്ല. സണ്ണി എന്ന കഥാപാത്രമായി നിൽക്കുമ്പോൾ ആ സമയത്ത് സണ്ണി അങ്ങനെയേ പറയുള്ളൂ എന്ന കണക്കുക്കൂട്ടലിൽ പറയുന്നതാണ്. 'ആരുമില്ലാത്തവൻ ആരെ വിളിക്കാനാണ്' എന്നു പറയുന്ന ഡയലോഗ് ഒക്കെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതായി ചില പ്രതികരണങ്ങളിൽ നിന്ന് അറിയാൻ സാധിച്ചു. അതെല്ലാം ആ സമയത്തെ തോന്നലിൽ വന്നതാണ്. അതു കൂടാതെ അതിഥിയുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ച ശേഷം 'എന്തൊരു ഐറ്റാണിത്' എന്നു സണ്ണി പറയുന്നുണ്ട്. സത്യത്തിൽ അതെടുത്ത സമയത്ത് രഞ്ജിത് കട്ട് പറഞ്ഞില്ല. അപ്പോൾ സ്വയമങ്ങ് പറഞ്ഞതാണ്. 

നമുക്കുള്ളിലുമുണ്ട് ഒരു സണ്ണി

ക്വാറന്റീനിലിരുന്ന സണ്ണിയുടെ മാനസികാവസ്ഥയിലൂടെ നമ്മിൽ പലരും കടന്നുപോയിട്ടുണ്ട്. ലോക്ഡൗണിൽ കുറച്ചെങ്കിലും ദിവസം നമ്മൾ തനിച്ചിരുന്നിട്ടുണ്ടാകും. ആ തനിച്ചിരിക്കലിൽ ഒരുപാടു കാര്യങ്ങൾ മനസിലേക്കു വരും. ഞാനിപ്പോൾ എന്താണ്? എവിടെ നിൽക്കുന്നു... അങ്ങനെ ചില കാര്യങ്ങൾ. ചിലപ്പോൾ തോന്നും, നമ്മെ ഒന്നിനും കൊള്ളില്ല. ജീവിതം തന്നെ പാഴാണ് എന്നൊക്കെ. പക്ഷേ, നമ്മൾ തന്നെ ആ ചിന്തകളെ തരണം ചെയ്തിട്ടുണ്ടാകും. നാമൊരിക്കലും നമ്മെ വില കുറച്ചു കാണരുത് എന്നാണ് ഞാൻ ജീവിതത്തിൽ പഠിച്ച കാര്യം. ആത്മനിന്ദ ആത്മഹത്യക്ക് തുല്യമാണ്. നമുക്ക് സന്തോഷമില്ലെങ്കിൽ അതെങ്ങനെ നമ്മൾ മറ്റുള്ളവർക്ക് കൊടുക്കും? അങ്ങനെയൊരു തിരിച്ചറിവ് ഉണ്ടായ വ്യക്തിയാണ് സണ്ണി. ഒരുപാട് പേരൊന്നും ഇല്ലെങ്കിലും ജീവിതത്തിൽ പ്രചോദനം നൽകാൻ ഒന്നോ രണ്ടോ പേരെങ്കിലും ഉള്ളത് നല്ലതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA