ADVERTISEMENT

സംഗീതപ്രേമികൾ ഒരുപക്ഷേ ആബിദ് അൻവർ എന്ന പേര് മറക്കാനിടയില്ല. റിയാലിറ്റി ഷോകളുടെ തുടക്കക്കാലത്ത് ടെലിവിഷനിൽ കണ്ടും കേട്ടും പരിചയമുള്ള ചെറുപ്പക്കാരൻ. ഗന്ധർവസംഗീതം റിയാലിറ്റി ഷോയിൽ 2011ലെ വിജയി... വർഷങ്ങൾക്കിപ്പുറം, പുതിയൊരു മേൽവിലാസത്തിലാണ് ആബിദ് വീണ്ടും പ്രേക്ഷകരുടെ മുമ്പിലേക്കെത്തുന്നത്. ആബിദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം റാണി റാണി റാണി ഒക്ടോബർ അവസാനത്തോടെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയാണ്. പാട്ടിൽ തുടങ്ങി പരസ്യചിത്രങ്ങളിലും സിനിമയിലും എത്തിച്ചേർന്ന വിശേഷങ്ങളുമായി ആബിദ് അൻവർ മനോരമ ഓൺലൈനിൽ. 

 

റാണി റാണി റാണിയിലെ ടെക്കി

 

പ്രശസ്ത പരസ്യചിത്ര നിർമാതാവായ രാജാറാം രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ 'റാണി റാണി റാണി'യിൽ ഒരു ദക്ഷിണേന്ത്യൻ ടെക്കി ആയാണ് അഭിനയിച്ചിരിക്കുന്നത്. കൃഷ്ണസ്വാമി എന്നാണ് കഥാപാത്രത്തിന്റെ പേര്. സംസാരിക്കുന്നത് ഇംഗ്ലിഷും ഹിന്ദിയുമാണ്. ഇടയ്ക്ക് മലയാളത്തിലും ഡയലോഗ് ഉണ്ട്. തനിസ്ഥ ചാറ്റർജിയാണ് സിനിമയിലെ നായിക. അവർക്കൊപ്പം ഒരു മുഴുനീള വേഷമാണ് എന്റേത്. മീര എന്ന കാസ്റ്റിങ് ഡയറക്ടർ വഴിയാണ് എനിക്ക് ഈ സിനിമയിൽ അവസരം ലഭിക്കുന്നത്. ഓ‍ഡിഷനുണ്ടായിരുന്നു. 2019ൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ്. തിയറ്റർ റിലീസ് പ്ലാൻ ചെയ്തിരുന്നെങ്കിലും കോവിഡ് മൂലം അതു നടന്നില്ല. ഈ സിനിമയുടെ സംവിധായകൻ രാജാറാം രാജേന്ദ്രനും മലയാളിയാണ്. പരസ്യചിത്രമേഖലയിൽ പ്രശസ്തനാണ് അദ്ദേഹം. രാജാറാമിന്റെ ആദ്യ സംവിധാനസംരംഭമാണ് റാണി റാണി റാണി. 

abid-3

 

തുടങ്ങിയത് പാട്ടുകാരനായി

 

പാട്ടുകാരനായാണ് തുടക്കം. 2008ൽ ചിത്ര ചേച്ചി ആദ്യമായി വിധികർത്താവായി വന്ന സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ സെമി ഫൈനലിസ്റ്റ് ആയിരുന്നു. സിത്താര കൃഷ്ണകുമാർ, സിയ ഉൾ ഹക്ക് ഒക്കെ മത്സരിച്ച ഷോ ആയിരുന്നു അത്. പിന്നീട്, 2011ൽ ഗന്ധർവസംഗീതം എന്ന റിയാലിറ്റി ഷോയിലെ സെക്കൻഡ് റണ്ണർ അപ്പ് ആയി. കസിൻസ്, കാറ്റാടി തുടങ്ങിയ സിനിമകളിൽ പാടി. റെട്രോ ഗാനങ്ങൾ അവതരിപ്പിക്കുന്ന വൈ.കെ.ബി–ദ ബാൻഡ് എന്നൊരു ബാൻഡുണ്ട് എനിക്ക്. നാട്ടിലും യു.എസ്, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിരവധി പരിപാടികൾ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

 

അവിചാരിതമായി സിനിമയിലേക്ക് 

 

കോളജിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. അന്നു മുതൽ അഭിനയം ഇഷ്ടമാണ്. പക്ഷേ, അവസരങ്ങൾ ലഭിച്ചിരുന്നില്ല. പാട്ടിലായിരുന്നു മുഴുവൻ ശ്രദ്ധയും. സംവിധായകൻ രാജസേനൻ, ഗന്ധർവസംഗീതത്തിൽ വിധികർത്താവായി വന്നപ്പോൾ അദ്ദേഹം എനിക്ക് ഒരു സിനിമ ഓഫർ ചെയ്തു. ഇന്നാണ് ആ കല്യാണം എന്ന സിനിമയിൽ സഞ്ജയ് കുര്യൻ എന്ന കഥാപാത്രം ചെയ്തു. അതാണ് എന്റെ ആദ്യ സിനിമ. ഫ്ലാറ്റ് നമ്പർ 4ബിയിൽ നായകനായി.  'കേരള നാട്ടിലം പെൺകളുടനെ' എന്ന തമിഴ് ചിത്രത്തിൽ നല്ലൊരു കഥാപാത്രം ചെയ്തിരുന്നു. ഈ സമയങ്ങളിലൊക്കെ ധാരാളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അതിനുശേഷമാണ് റാണി റാണി റാണി എന്ന ഹിന്ദി സിനിമ വന്നത്. ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിലും ഡാലസ് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലും സിനിമ പ്രീമിയർ ചെയ്യുന്നുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com