നാടകം തന്നെ ജീവിതം

HIGHLIGHTS
  • 2005 മുതലിങ്ങോട്ട് 9 സംസ്ഥാന പ്രഫഷനൽ നാടക പുരസ്കാരങ്ങൾ നേടിയ രാജേഷ് ഇരുളം മനോരമ ഓൺലൈനിനോട്
  • മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയതു മൂന്നാം വട്ടം
rajesh-irulam
രാജേഷ് ഇരുളം, വേനലവധി എന്ന നാടകത്തിൽനിന്ന്
SHARE

സംസ്ഥാന നാടക അവാർഡുകളിലെ സ്വർണലിപിയാണു രാജേഷ് ഇരുളം എന്ന 43 വയസ്സുകാരൻ. 2005ൽ ഇരുപത്തിയേഴാം വയസ്സിൽ തുടങ്ങിയ വ്യക്തിഗത പുരസ്കാരനേട്ടം ഈ വർഷവും തുടരുന്നു. 3 തവണ സംസ്ഥാനത്തെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരമടക്കം  പ്രഫഷനൽ നാടകരംഗത്ത് ആകെ 9 സംസ്ഥാന സർക്കാർ ബഹുമതികൾ. അറുപതോളം പ്രഫഷനൽ നാടകങ്ങൾ സംവിധാനം ചെയ്ത പ്രതിഭ. അയ്യായിരത്തോളം വേദികളിൽ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞ ‘വെയിൽ’, ‘പരകായപ്രവേശം’, ‘രാധേയനായ കർണൻ’ തുടങ്ങിയ സൂപ്പർ ഹിറ്റ് നാടകങ്ങളുടെ പരമ്പകൾതന്നെ സൃഷ്ടിച്ച സർഗശേഷി.

2005ൽ ദീപവിതാനത്തിനുള്ള സംസ്ഥാന ബഹുമതിയാണു രാജേഷിനു ലഭിച്ചത്. ഈ വർഷത്തെ മികച്ച ദീപവിതാനത്തിനുള്ള പുരസ്കാരവും രാജേഷിനുതന്നെ. 2012ൽ രാജേഷിന്റെ നാടകങ്ങളായ ‘രാധേയനായ കർണൻ’, ‘പരകായ പ്രവേശം’ എന്നിവയായിരുന്നു മികച്ച ഒന്നാമത്തെയും രണ്ടാമത്തെയും നാടകങ്ങൾ. അതിനാൽതന്നെ മികച്ച സംവിധായകനുള്ള പുരസ്കാരവും രാജേഷിന് ആ വർഷം ആദ്യമായി ലഭിച്ചു. 2016ൽ ‘വെയിൽ’ രാജേഷിനു മികച്ച സംവിധായകനുള്ള പുരസ്കാരം രണ്ടാമതും നേടിക്കൊടുത്തു. ഇത്തവണ ആ ബഹുമതി ഹാട്രിക് നേട്ടമായി എത്തിയതു ‘വേനലവധി’, ‘പാട്ടു പാടുന്ന വെള്ളായി’ എന്നീ നാടകങ്ങളിലൂടെയാണ്. 

വയനാട് ജില്ലയിലെ പുൽപള്ളിക്കടുത്ത ഇരുളം സ്വദേശിയാണു രാജേഷ്. ഇപ്പോൾ തൃശൂർ കൊടുങ്ങല്ലൂരിലെ മതിലകത്തു സ്ഥിരതാമസം. പുരസ്കാരങ്ങളുടെ നാടക വഴിയെക്കുറിച്ചു മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.

എങ്ങനെയാണു നാടകരംഗത്തേക്കു കടന്നുവന്നത്?

∙ നാടകത്തിനു നല്ല പ്രേക്ഷകരുള്ള നാടാണു ഞാൻ ജനിച്ചുവളർന്ന വയനാട്ടിലെ ഇരുളം എന്ന പ്രദേശം. അമച്വർ നാടകങ്ങൾ കളിക്കുന്ന കലാസമിതികൾ ഏറെയുണ്ടു വയനാട്ടിൽ. നാടകത്തിലേക്ക് എന്നെ കൊണ്ടുവന്നതു വളപ്പിൽ മുഹമ്മദ് എന്ന എന്റെ ഗുരുനാഥനാണ്. അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല.   ഇരുളം ഗവ. ഹൈസ്കൂളിലെ ചിത്രകലാധ്യാപകനായിരുന്ന  പമ്മൻ മാസ്റ്ററാണ് (പത്മനാഭൻ) വളപ്പിൽ മുഹമ്മദ് എന്ന കലാകാരനെ എനിക്കു പരിചയപ്പെടുത്തിയത്. ഇരുളത്തിനടുത്ത ചേലക്കൊല്ലിയെന്ന ഗ്രാമത്തിൽനിന്നുള്ള കലാകാരനായിരുന്നു മുഹമ്മദ്. നാടകങ്ങൾ സംവിധാനം ചെയ്തും ദീപവിതാനം ചെയ്തുമെല്ലാം ഏറെ പരിചയസമ്പന്നൻ. വടകര വരദപോലുള്ള പ്രഫഷനൽ നാടക സംഘങ്ങളുമായി അദ്ദേഹം സഹകരിച്ചിരുന്നു.  

rajesh-irulam-drama
വേനലവധി എന്ന നാടകത്തിൽനിന്ന്

‘വേലി’ എന്ന നാടകത്തിന്റെ തയാറെടുപ്പിലായിരുന്നു പമ്മൻ മാസ്റ്ററും വളപ്പിൽ മുഹമ്മദും. ആ നാടകത്തിനു സംഗീതം ചെയ്യുന്നയാൾ പെട്ടെന്നൊരു ദിവസം വരുന്നില്ലെന്നറിയിച്ചു. തബല പഠിച്ചിട്ടുള്ള ഞാൻ അന്നു നന്നേ ചെറുപ്പമായിരുന്നു. ‘ഇവൻ ചെയ്തോളും’ എന്നു പറഞ്ഞു മാസ്റ്റർ എന്നെ മുഹമ്മദിനു പരിചയപ്പെടുത്തി. അതായിരുന്നു തുടക്കം. അദ്ദേഹത്തിൽനിന്നാണു സംവിധാനത്തിന്റെയും ദീപവിതാനത്തിന്റെയും ബാലപാഠങ്ങൾ അഭ്യസിച്ചത്. അതിനുശേഷം ‘അമ്മദൈവങ്ങളുടെ താരാട്ട്’ പോലുള്ള നാടകങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ചു. ഇന്ന് അറിയപ്പെടുന്ന സിനിമാ പ്രൊഡക്ഷൻ കൺട്രോളറായ വയനാട് സ്വദേശി പൗലോസ് കുറുമറ്റവും ഗുരുസ്ഥാനീയനാണെനിക്ക്. ഞാൻ കണ്ട നാടകങ്ങൾതന്നെയാണ് എനിക്കു കളരിയായതെന്നും വിശ്വസിക്കുന്നു.

വയനാട്ടിലെ സാഹചര്യങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ?

തീർച്ചയായും. ഞാൻ സംവിധാനം ചെയ്ത ‘കാലമാടൻ’ എന്ന നാടകം വയനാടിന്റെ പശ്ചാത്തലത്തിലുള്ളതാണ്. അതു വളരെ ഗൃഹാതുരതയുണർത്തുന്ന നാടകമാണ് എന്നെ സംബന്ധിച്ച്. പക്ഷേ, വയനാട്ടിൽ തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇന്നത്തെപ്പോലൊരു നാടകകലാകാരൻ ആകില്ലായിരുന്നു. മറ്റേതെങ്കിലും മേഖലയിലേക്കു തിരിഞ്ഞുപോയേനേ. അമച്വർ നാടകങ്ങളേറെയുണ്ടായെങ്കിലും വയനാട്ടിൽ പ്രഫഷനൽ നാടകത്തിന് ഒരു സാധ്യത അക്കാലത്ത് ഉണ്ടായിരുന്നില്ല. അതിനാലാണു തൃശൂരിലേക്കു ഞാനെത്തിയത്.

കുടുംബം?

∙ ഭാര്യ പ്രവീണയും മക്കളായ മഞ്ചാടിയും കുഞ്ചുവും അടങ്ങുന്നതാണു കുടുംബം. അച്ഛൻ സിപിഐയുടെ വയനാട് ജില്ലയിലെ പ്രമുഖ നേതാവായ എസ്.ജി.സുകുമാരൻ. അമ്മയും ജ്യേഷ്ഠനും രണ്ടു സഹോദരിമാരുമുണ്ട്. അവർ വയനാട്ടിലാണ്. അച്ഛൻ പഴയകാല നാടകനടനുമായിരുന്നു. 

ഇതുവരെ എത്ര പ്രഫഷനൽ നാടകങ്ങൾ സംവിധാനം ചെയ്തു?

∙ എണ്ണം ഓർക്കുക വയ്യ. എഴുതിവയ്ക്കുന്ന ശീലം ഇല്ല. നാടകങ്ങൾക്കാണെങ്കിൽ സിനിമയെപ്പോലെ കൃത്യമായ രേഖപ്പെടുത്തലുകളൊന്നും  നടക്കുന്നില്ല. ഒരു സീസൺ കഴിഞ്ഞാൽ അതു കഴിഞ്ഞു. നാടകങ്ങൾ ഔദ്യോഗികതലത്തിലും റജിസ്റ്റർ ചെയ്യപ്പെടുന്നില്ല. എന്നാലും അറുപതോളം പ്രഫഷനൽ നാടകങ്ങൾ ചെയ്തിട്ടുണ്ട്. അതിനു മുൻപ് സ്കൂൾ വിദ്യാർഥികൾക്കും മറ്റുമായി ഒട്ടേറെ നാടകങ്ങൾ ചെയ്തു.

rajesh-irulam-3
പാട്ടുപാടുന്ന വെള്ളായി എന്ന നാടകത്തിൽനിന്ന്

കോവിഡ് കാലം എങ്ങനെ മറികടന്നു?

∙ പ്രതിസന്ധിയുടെ കാലമായിരുന്നു അത്. വേദികളില്ലാതിരുന്നതിനാൽ  കലാകാരന്മാർ നന്നേ ബുദ്ധിമുട്ടി. നാടക ആസ്വാദകർക്കു നേരിട്ടു നാടകം കാണാനുള്ള അവസരം നഷ്ടമായി. എന്തായാലും യു ട്യൂബ് വഴി നാടകം കാണുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ഓൺലൈനിൽ നാടകങ്ങൾ ലഭ്യമായിത്തുടങ്ങിയതോടെ വിദേശരാജ്യങ്ങളിലുള്ള മലയാളികൾ വലിയതോതിൽ നാടകങ്ങൾ കണ്ടുതുടങ്ങി. ഞങ്ങളുടെ മിക്ക നാടകങ്ങളും യുട്യൂബിൽ ലഭ്യമാണ്. സാമൂഹ്യപാഠം, പേരറിവാളൻ, രാധേയനായ കർണൻ, പരകായപ്രവേശം, വെയിൽ തുടങ്ങിയവയെല്ലാം  ഓൺലൈനിൽ കാണാം. വലിയ തോതിൽ പ്രേക്ഷകർ അവ കാണുന്നുണ്ട്. നിലവിൽ ഏതായാലും നാടകങ്ങൾക്കു പ്രദർശനാനുമതി ലഭിച്ചതു വലിയ ആശ്വാസമേകുന്ന കാര്യമായി. 

വേഗം കൂടുതലുണ്ടല്ലോ രാജേഷിന്റെ നാടകങ്ങൾക്ക്?

∙ അത്തരമൊരു അവതരണശൈലി തീർച്ചയായും സ്വീകരിച്ചിട്ടുണ്ട്. നാടകത്തിൽ നിൽക്കുമ്പോൾതന്നെ മോഹം സിനിമയാണ്. അതിനാൽതന്നെ സിനിമയിലേതുപോലുള്ള ചില സങ്കേതങ്ങൾ നാടകത്തിൽ ആവിഷ്കരിക്കാൻ ഞാൻ തയാറാകുന്നു. കണ്ട സിനിമകളിലെ ചില രീതികൾ നാടകത്തിലേക്കു സന്നിവേശിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സംഗീതത്തിനു പ്രാധാന്യം നൽകിയും സിനിമയിലേതുപോലുള്ള ഗാനരംഗങ്ങൾ ആവിഷ്കരിച്ചുമുള്ള പരീക്ഷണങ്ങൾ. ‘രാധേയനായ കർണൻ’ പോലുള്ള നാടകങ്ങളിൽ ഇത്തരം ദീപ, ഗാന വിന്യാസങ്ങളുടെ ദൃശ്യാവിഷ്കാരം ഉണ്ടായിട്ടുണ്ട്. ആ നാടകത്തിന് 6 സംസ്ഥാന പുരസ്കാരങ്ങളാണു ലഭിച്ചത്.

ഹേമന്ത്കുമാറുമായുള്ള കൂട്ടുകെട്ട്?

∙ഞാൻ സംവിധാനം ചെയ്ത ഒട്ടുമിക്ക നാടകങ്ങളും രചിച്ചതു ഹേമന്ത്കുമാറാണ്. ഹേമന്തിനാണ് ഇത്തവണത്തെ മികച്ച രചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം. മുൻപും അദ്ദേഹത്തെത്തേടി സംസ്ഥാന പുരസ്കാരങ്ങളെത്തി. തിരക്കഥകളും നാടകങ്ങളും ഒരുപോലെ എഴുതാൻ കഴിവുള്ള വലിയ എഴുത്തുകാരനാണദ്ദേഹം. അദ്ദേഹത്തിന്റേതല്ലാത്ത  മൂന്നു നാടകങ്ങൾ മാത്രമേ ഞാൻ സംവിധാനം ചെയ്തിട്ടുള്ളൂ. 

rajesh-irulam-3w
മുഹമ്മദ് വളപ്പിൽ , രാജേഷ് ഇരുളം

കർണൻ പോലെ പുരാണ പശ്ചാത്തലമുള്ള നാടകങ്ങൾ ചെയ്യുമ്പോഴും സാമൂഹിക വിഷയങ്ങൾ അവയുടെ ഭാഗമാകാറില്ലേ?

∙ തീർച്ചയായും. എല്ലാ നാടകങ്ങളും തയാറാക്കുന്നതു സാമൂഹിക പ്രസക്തിയോടെയാണ്. വർത്തമാനകാല സാഹചര്യങ്ങളോടു സംവദിക്കുന്നതാകും പ്രമേയം.  കോതാമൂരി പോലുള്ള നാടകങ്ങൾ അക്കാലത്തെ ഇന്ത്യൻ രാഷ്ട്രീയ–സാമൂഹിക സാഹചര്യങ്ങളെ പഴയകാലത്തുനിന്നുകൊണ്ട് അവതരിപ്പിച്ചവയാണ്. പക്ഷേ, ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടും ആ നാടകത്തിനൊന്നും വേണ്ടവിധത്തിലുള്ള ഔദ്യോഗിക അംഗീകാരം  ലഭിച്ചിരുന്നില്ല. അങ്ങനെ പലപ്പോഴും സംഭവിക്കാറുണ്ട്. ‘പേരറിവാളൻ’ പോലുള്ള നാടകങ്ങൾക്കും സമാന അവസ്ഥയുണ്ടായിരുന്നു.

പ്രഫഷനൽ നാടകങ്ങളോടു ജനത്തിന് ഇടക്കാലത്ത് വിമുഖത ഉണ്ടായിരുന്നില്ലേ?

∙ വിമുഖത ഉണ്ടായിരുന്നെന്നതു വാസ്തവമാണ്. എന്നാൽ, അതിനെ മറികടക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നാടകത്തിലെ പുതിയ തലമുറ നടത്തി. എന്നെക്കാൾ മുൻപുതന്നെ ഒട്ടേറെ പേർ ആ വഴിയിൽ മുന്നോട്ടുപോയിരുന്നു. മനോജ് നാരായണൻ, രാജീവൻ മമ്മിളി, ജയൻ തിരുമന, പ്രദീപ് റോയ് തുടങ്ങി ഒട്ടേറെ പേർ. ഏതുതലത്തിലും നാടകം ചെയ്യാൻ സാധിക്കുന്നവരായിരുന്നു ഇവരെല്ലാം. മിമിക്രിക്കാർ കളിയാക്കുന്ന തരത്തിലുള്ള നാടകങ്ങളുടെ തള്ളിക്കയറ്റമുണ്ടായശേഷം നാടകം അപചയം നേരിട്ടിരുന്നു. എന്നാൽ ഇവരുടെ തലമുറ വന്ന് ശക്തമായ പ്രമേയങ്ങളുള്ള നാടകങ്ങൾ അവതരിപ്പിച്ച് ആ ധാരണ മാറ്റിയെടുത്തു. അതിന്റെയൊരു ഭാഗമാകാൻ സാധിച്ചതിൽ തീർച്ചയായും സന്തോഷമുണ്ട്. 

നാടകത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ അതിനു സിനിമാറ്റിക് ആയ ഒരു ദൃശ്യഭംഗി നൽകാൻ ഇപ്പോൾ ശ്രമിക്കാറുണ്ട്. അതിനു വലിയ സ്വീകാര്യതയും ആസ്വാദകരിൽനിന്നുണ്ട്. 

ദൃശ്യഭംഗി വർധിപ്പിക്കാൻ എന്തെല്ലാം പരീക്ഷണങ്ങൾ സ്വീകരിച്ചിട്ടുണ്ട്?

∙ നാടകത്തിൽ സാങ്കേതികവിദ്യയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. ദീപവിതാനമാണെങ്കിലും സംഗീതമാണെങ്കിലും പശ്ചാത്തലസംഗീതമാണെങ്കിലും പുതിയ സാങ്കേതികവിദ്യയിലൂടെ അവതരിപ്പിക്കുന്നു. ശബ്ദവിതാനത്തിൽ മോണോ ഔട്ട്പുട്ടിനു പകരം സ്റ്റീരിയോതന്നെ ഉപയോഗിക്കുന്നു. പ്രഫഷനൽ നാടകത്തിൽ എൽഇഡി ലൈറ്റിങ് ആദ്യമായി ഉപയോഗിക്കാൻ എനിക്കായി. അതിന്റെ വ്യത്യാസം നാടകം കാണുമ്പോഴേ അറിയാം. 

അതേസമയം, നാടകത്തിന്റെ സത്ത നഷ്ടപ്പെടാതെ കാക്കാൻ ശ്രദ്ധിക്കാറുണ്ട്. സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കുമ്പോൾതന്നെ നാടകത്തിന്റെ പ്രമേയവും തനിമയും കൈവിടില്ല. ഇവയുടെ സമ്മിശ്രമായ പരീക്ഷണമാണു ജനം കൂടുതലായി സ്വീകരിക്കുന്നത്. ഇതെന്റെ അനുഭവമാണ്. 

 കലാസംവിധാനവും ദീപ–ശബ്ദവിതാനവുമെല്ലാം നാടകത്തിനുള്ള സാങ്കേതികസഹായം മാത്രമാണ്. നാടകത്തിന്റെ ജീവൻ അതല്ല. അതു പ്രമേയംതന്നെയാണ്. കെ.ടി.മുഹമ്മദിനെപ്പോലുള്ളവരുടെ നാടകങ്ങൾ ഇത്രയൊന്നും സാങ്കേതികവിദ്യകളില്ലാതെതന്നെ ജനം നിർനിമേഷരായി ആവേശത്തോടെ കണ്ടിരുന്നതാണ്. ശക്തവും സുന്ദരവുമായ പ്രമേയങ്ങളെ കൂടുതൽ ആകർഷകമാക്കാനുള്ള ഘടകമായേ സാങ്കേതികവിദ്യയെ കാണേണ്ടതുള്ളൂ. 

നാടകം മരിക്കുന്നുവെന്ന വാദത്തെപ്പറ്റി?

∙നാടകം എല്ലാ കാലത്തും സാമൂഹിക മാറ്റത്തെ പ്രചോദിപ്പിച്ചിട്ടുള്ള ഘടകമാണ്. നാടകം മരിക്കുന്നുവെന്ന വാദം വർഷങ്ങളായി നിലനിർക്കുന്നതാണ്. നാടകം ഒരിക്കലും മരിക്കുന്നില്ല. അത് അനുസ്യൂതമാണെന്നാണ്  എന്റെ വിശ്വാസം. അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.

രാഷ്ട്രീയ–സാമൂഹിക എതിർപ്പുകൾ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ലേ?

∙ ‘കുരുത്തി’ എന്ന നാടകമാണ് ഓർമവരുന്നത്. രാഷ്ട്രീയ നാടകമായിരുന്നു അത്. ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്നു. നാടകം എഴുതുന്ന പലരും ശക്തമായ വിഷയങ്ങൾ പറയാൻ ഭയക്കുന്നുവെന്നു തോന്നിയിട്ടുണ്ട്. വിഷയങ്ങൾ ഇല്ലാഞ്ഞിട്ടല്ല. എന്നാൽ എതിർപ്പ്, ആക്രമണം എന്നിവ അവർ ഭയക്കുന്നുണ്ട്. രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ സമ്മർദങ്ങൾ ഒരുതരം ഭയപ്പെടുത്തലുകളാണ്. എല്ലാ നാടകത്തിലും രാഷ്ട്രീയമുണ്ട്. കടുത്ത എതിർപ്പുകളെ ഒഴിവാക്കുന്ന തരത്തിലാണു പലപ്പോഴും അവയുടെ രചനയെന്നു മാത്രം. പ്രത്യക്ഷത്തിൽ എതിർപ്പു ക്ഷണിച്ചുവരുത്തുന്ന ഒന്നിനും ഇന്ന് എഴുത്തുകാർ മുതിരാറില്ല. കാരണം നാടകത്തിൽനിന്നുള്ള വരുമാനം തുച്ഛമാണ്. ഇതിൽനിന്നുവേണം ജീവിക്കാൻ. നാടകമെന്ന മാധ്യമത്തിലൂടെ സാധിക്കുന്നത്ര രീതിയിൽ സാമൂഹിക വിഷയങ്ങൾ അവതരിപ്പിക്കാൻ മാത്രമേ സാധിക്കൂ.  

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു പണ്ടുമുതലേ നാടകരംഗത്ത്. ഇപ്പോഴത്തെ സ്ഥിതി?

∙വലിയ വ്യത്യാസമൊന്നുമില്ല. വളരെ തുച്ഛമായ വരുമാനമാണു കലാകാരന്മാർക്കു ലഭിക്കുന്നത്. സംവിധായകരുടെയും രചയിതാവിന്റെയുമെല്ലാം കാര്യം സമാനമാണ്. തുടർച്ചയായി ഈ മേഖലയിൽ നിന്നുപോകുന്നതു ദുഷ്കരംതന്നെ. പക്ഷേ, ഇവരാരും തന്നെ വരുമാനവും ലാഭവും പ്രതീക്ഷിച്ചല്ല ഈ മേഖലയിൽ വരുന്നത്. എന്നാൽ നാടകങ്ങളിൽനിന്നു ലഭിക്കുന്ന ഒരുതരം അനുകൂല ഊർജമുണ്ട്, സന്തോഷമുണ്ട്. അതിനോടും നാടകത്തോടുമുള്ള അഭിനിവേശമാണു കലാകാരന്മാരെ പിടിച്ചുനിർത്തുന്നത്. പഴയകാലത്തെക്കാൾ കുറച്ചുകൂടി വ്യത്യാസം വരുമാനക്കാര്യത്തിൽ ഇപ്പോഴുണ്ട്. എന്നാൽ അത് അന്നന്നത്തെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനേ ഉപകരിക്കൂ. ആ സ്ഥിതി മാറണമെങ്കിൽ നാടകത്തിന്റെ തറകൾ മാറണം, വേദി വലുതാകണം. സർക്കാരിന്റെ ഭാഗത്തുനിന്നു വലിയ പിന്തുണയുണ്ടാകണം. സിനിമയായാലും നാടകമായാലും അഭിനയം അഭിനയംതന്നെയാണ്. പക്ഷേ, ഒരു സിനിമയ്ക്കു ലഭിക്കുന്ന പുരസ്കാരത്തുകയല്ല നാടകത്തിനു ലഭിക്കുന്നത്. അത്തരം വിവേചനങ്ങൾ ഇല്ലാതാകണം. അന്നന്നത്തെ സാമൂഹിക വ്യവസ്ഥിതികൾക്കെതിരെ നാടകസമിതികൾ ചെയ്തിട്ടുള്ള സമരങ്ങളും സംഭാവനകളും ചെറുതല്ല. പക്ഷേ, അതു വിസ്മരിക്കപ്പെടുന്നു.

സിനിമാ താരങ്ങൾ നാടകം കണ്ട് അഭിനന്ദിച്ചിട്ടുണ്ടോ?

∙തീർച്ചയായും. ഒരുപാടുപേർ. ഏറ്റവും ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നത്  അന്തരിച്ച കലാഭവൻ മണിയായിരുന്നു. നാടകങ്ങൾ കണ്ട് അഭിപ്രായങ്ങൾ  പറയാറുണ്ടായിരുന്നു. 2008ൽ അദ്ദേഹത്തിന്റെ പിറന്നാള്‍ദിവസം ചാലക്കുടിയിൽ പകൽ സമയത്ത് ‘ഉച്ചപ്രാന്തൻ’ എന്ന ഞങ്ങളുടെ നാടകം അദ്ദേഹം കളിപ്പിച്ചു. വലിയ പ്രോത്സാഹനം തരുന്ന മറ്റൊരാൾ നടൻ സലിംകുമാറാണ്. ഞങ്ങളുടെ ഏറ്റവും പുതിയ നാടകമായ ‘പാട്ടുപാടുന്ന വെള്ളായി’യുടെ പശ്ചാത്തലവിവരണമെല്ലാം സലിംകുമാറിന്റെ ശബ്ദത്തിലാണ്. വലിയ പിന്തുണയാണ് അദ്ദേഹം നൽകുന്നത്.  

സിനിമയിലേക്ക്?

∙ സിനിമതന്നെയാണ് ഏതൊരു കലാകാരനെയുംപോലെ എന്റെയും ലക്ഷ്യം. മതിലകം ഗ്രാമത്തിലെ ജീവിതങ്ങൾവിഷയമാക്കി വർഷങ്ങൾക്കുമുൻപ് ‘ഒരേ സമയം’ എന്ന ആദ്യസിനിമ ചെയ്തിരുന്നു. വെറും 13 ദിവസംകൊണ്ടാണാ ചിത്രം പൂർത്തിയാക്കിയത്. പ്രമുഖതാരങ്ങളൊന്നുമില്ലാതെ, മതിലകം ഗ്രാമനിവാസികൾ മാത്രം അഭിനയിച്ച ചിത്രം. പിന്നീട് ‘തിരിവുകൾ’ , ‘ രമേശന്റെ രണ്ടു രാത്രികൾ’ എന്നീ ഹ്രസ്വ ചിത്രങ്ങൾ ചെയ്തു.. ഏറെ ശ്രദ്ധേയമായിരുന്നു അത്. വൈകാതെ സിനിമയിലേക്കു പ്രവേശിക്കാമെന്നുതന്നെയാണു കരുതുന്നത്. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ പറയാറായിട്ടില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA