ജാഡയല്ല, വിഷാദരോഗമായിരുന്നു എനിക്ക്: അർച്ചന കവി

archana-kavi
അർച്ചന കവി
SHARE

‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം തുടങ്ങി, മലയാളികൾക്ക് സുപരിചിതയായ അർച്ചന കവി ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത് തന്റെ വിഷാദരോഗത്തെക്കുറിച്ചു തുറന്നുപറഞ്ഞുകൊണ്ടാണ്. മാനസികാരോഗ്യ ബോധവൽക്കരണവുമായി സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ് യുവതാരം. 

വിഷാദരോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ ഏറെ ചർച്ചയായല്ലോ. എന്തുകൊണ്ടാണ് ഈ രോഗാവസ്ഥ ജനങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നിയത്?

പൊതുജനങ്ങൾക്കിടയിൽ ഇതു ചർച്ചയാകാൻ വേണ്ടിത്തന്നെയാണ് ഞാനിത് വെളിപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യങ്ങൾ പുറത്തറിയിക്കാൻ പാടില്ലെന്നൊരു അബദ്ധധാരണ ആളുകൾക്കുണ്ട്. സൈക്കോളജിസ്റ്റിനെ കാണാൻ പോകുന്നതും കൗൺസലിങ്ങിനു പോകുന്നതുമൊക്കെ എന്തോ നാണക്കേടുപോലെയാണ് പലരും കാണുന്നത്. നിങ്ങളുടെ ശരീരത്തിനു രോഗം ബാധിച്ചാൽ നിങ്ങൾ ചികിത്സിക്കില്ലേ...?  മനസ്സും അതേ പരിഗണന അർഹിക്കുന്നു

archana-kavi-3

എന്തായിരുന്നു അർച്ചന അനുഭവിച്ച മാനസിക പ്രശ്നം? ഇപ്പോൾ എങ്ങനെയുണ്ട്?

പ്രിമെൻസ്ട്രുവൽ ഡയസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു എനിക്ക്. ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് കാരണം. അപ്രതീക്ഷിതവും അനിയന്ത്രിതവുമായ മൂഡ് മാറ്റങ്ങളാണ് പ്രധാന രോഗലക്ഷണം. ഒരു മാസത്തിൽ 15 ദിവസത്തോളമൊക്കെ ഞാൻ ഇങ്ങനെ കഷ്ടപ്പെട്ടിട്ടുണ്ട്. എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കുതന്നെ മനസ്സിലായില്ല. കളിയും ചിരിയുമായി നടന്ന ഞാൻ പെട്ടെന്നൊരു ദിവസം വല്ലാതെ വിഷാദവും സങ്കടവും ദേഷ്യവുമൊക്കെയായി പൊട്ടിത്തകർന്നുപോകുന്നപോലെ. പലപ്പോഴും ആത്മഹത്യ ചെയ്യാൻ പോലും തോന്നി. നാലു വർഷത്തോളമായി എനിക്ക് ഈ മാനസിക പ്രശ്നം തുടങ്ങിയിട്ട്. മൂന്നു വർഷത്തോളം ചികിത്സ തേടി. ഇപ്പോൾ എനിക്ക് എന്റെമേലുള്ള നിയന്ത്രണം ഏതാണ്ടു തിരിച്ചുകിട്ടി. അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ സംസാരിക്കാൻ ധൈര്യപ്പെടുന്നത്. 

archana-kavi-32

സിനിമയിൽ അഭിനയിക്കുന്ന കാലത്തും ഇതേ പ്രശ്നമുണ്ടായിരുന്നോ? ഇത് അഭിനയത്തെ ബാധിച്ചിരുന്നോ?

ചിലപ്പോൾ ലൊക്കേഷനിലും എന്റെ പെരുമാറ്റങ്ങളിൽ അസ്വഭാവികത തോന്നിയിരിക്കണം. അത് എന്നേക്കാൾ നന്നായി മറ്റുള്ളവർക്കാണ് പറയാൻ കഴിയുക. ചിലപ്പോൾ സീനെടുക്കാൻ നേരത്ത് കഥാപാത്രമായി മാറാൻ കഴിയാതെ വന്നിട്ടുണ്ട്. ചിലപ്പോൾ ഓവർ ആക്ട് ചെയ്തിട്ടുണ്ട്. മറ്റാരോടും മിണ്ടാതെ മാറിയിരുന്നിട്ടുണ്ട്. ജാഡയെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചത് എന്റെ മനോരോഗത്തെ ആയിരുന്നു. 

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണല്ലോ. വിഷാദരോഗത്തിന് അടിമയായൊരാൾക്ക് ഇങ്ങനെയൊക്കെ ആട്കീവ് ആകാൻ കഴിയുമോ?

വിഷാദരോഗത്തിന് അടിമപ്പെട്ടയാൾ എല്ലായ്പ്പോഴും കരഞ്ഞും പിഴിഞ്ഞും വാതിലടച്ച് മുറിക്കകത്ത് ഇരിക്കുമെന്നൊക്കെയാണ് സമൂഹത്തിന്റെ ധാരണ. അതു തെറ്റാണ്. ചിലർ പുറത്തുകാണിക്കുന്ന സന്തോഷം ഒരു മാസ്ക് ആണ്. മനസ്സിലെ യഥാർഥ വിഷാദം മറ്റുള്ളവർ അറിയാതിരിക്കാൻ മനപ്പൂർവം സന്തോഷം അഭിനയിക്കുകയാണവർ. ഉള്ളിലെ ശൂന്യത മറ്റുള്ളവർ കണ്ടുപിടിക്കാതിരിക്കാൻ അവർ എപ്പോഴും ആക്ടീവ് ആയി ബഹളം വച്ചു നടക്കുന്നു എന്നേയുള്ളൂ. ഈ പൊള്ളത്തരം നാം തന്നെ വലിച്ചുകീറി ചികിത്സ തേടണം. അല്ലങ്കിൽ ഒരുപക്ഷേ കാര്യങ്ങൾ കൈവിട്ടുപോയേക്കാം. ചിലർ ആത്മഹത്യ ചെയ്തു കഴിയുമ്പോൾ സമൂഹം സഹതാപത്തോടെ പറയുന്നതു കേട്ടിട്ടില്ലേ.. എത്ര സന്തോഷമായി നടന്നിരുന്ന കുട്ടിയാണെന്ന്. ആരാണ് നമ്മുടെ സന്തോഷത്തിനു മാർക്കിടുന്നത്.  ആ സന്തോഷം ഫെയ്ക്ക് ആണെങ്കിലോ.. 

archana-kavi-321

വിവാഹജീവിതം വേർപിരിഞ്ഞത് ഈ രോഗാവസ്ഥ കാരണമാണോ?

ഒരിക്കലുമല്ല. ഞങ്ങൾക്കു രണ്ടുപേർക്കുംകൂടി ഒരുമിച്ച് ഒരു ലോകം ഉണ്ടാക്കാൻ കഴിയുന്നില്ലെന്ന തിരിച്ചറിവിൽനിന്നെടുത്ത തീരുമാനമാണ്. അല്ലെങ്കിലും മരുന്നുകളും കൗൺസലിങ്ങും ഉണ്ടെങ്കിൽ പൂർണമായും ചികിൽസിച്ചു ഭേദമാകുന്ന വിഷാദരോഗത്തിന്റെ പേരിൽ, പരസ്പരം സ്നേഹിക്കുന്ന രണ്ടുപേർ പിരിയില്ലല്ലോ. 

മാനസിക രോഗത്തെക്കുറിച്ചു തുറന്നു പറഞ്ഞതിനുശേഷം മറ്റുള്ളവരുടെ പ്രതികരണം എങ്ങനെയായിരുന്നു. 

ഞാൻ വിചാരിച്ചതിലേറെ പിന്തുണ ലഭിച്ചു. പല സ്ത്രീകളും അവരുടെ സമാന ജീവിതാനുഭവങ്ങൾ എന്നെ എഴുതി അറിയിച്ചു. ചിലർ ധൈര്യമായി ചികിത്സ തേടാൻ ശ്രമിച്ചു. അതൊക്കെ കേട്ടപ്പോൾ സന്തോഷം തോന്നി. മറ്റു ചുരുക്കം ചിലർ കുത്തുവാക്കുകളുമായി മുറിപ്പെടുത്തിയെന്നതും ശരിയാണ്. ‘പിഎംഡിഡിയൊക്കെ പണക്കാരുടെ ഓരോരോ തോന്നലാണ്. സാധാരണ പെണ്ണുങ്ങൾക്കൊന്നുമില്ലല്ലോ’ എന്ന പരിഹാസവുമായി ചിലർ വന്നു. പക്ഷേ, സത്യത്തിൽ സാധാരണ പെണ്ണുങ്ങൾക്കുമുണ്ട് ഇത്തരം മാനസിക പ്രശ്നങ്ങൾ. അത് പുറത്തറിയുകയോ അറിയിക്കുകയോ ചെയ്യാതെ അവളുടെ മാത്രം ഉള്ളിൽ വീർപ്പുമുട്ടുകയാണ്.

archana-kavi-11

കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റി ജീവിക്കുന്നതിനിടയിൽ എത്ര സ്ത്രീകൾക്കു പറയാൻ കഴിയും, അവർ ശരിക്കും റിലാക്സ്ഡ് ആണെന്ന്. ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ അനുഭവിക്കുന്ന എത്രയേറെ മാനസിക പ്രശ്നങ്ങളാണ് അഭിമുഖീകരിക്കപ്പെടാതെ പോകുന്നത്. ഞാൻ സെലിബ്രിറ്റിയായതുകൊണ്ട് ഇതൊരു വാർത്തയായി. അല്ലാത്തവർ ഇത് പുറത്തുപറയാൻ മടിക്കുന്ന രഹസ്യമാക്കി പൂഴ്ത്തിവയ്ക്കും. അത്രേയുള്ളു വ്യത്യാസം. 

രോഗമുക്തി നേടിയ ശേഷം എന്തൊക്കെയാണ് പുതിയ പരിപാടികൾ? പുതിയ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ?

മനസ്സ് പതുക്കെപ്പതുക്കെ അതിന്റെ സ്വാഭാവികതയിലേക്കു തിരിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ഒരു മെന്റൽ ഹെൽത്ത് ക്യാംപെയ്ൻ തുടങ്ങണമെന്നുണ്ട്. മനോരോഗം മറച്ചുവയ്ക്കേണ്ടതല്ലെന്ന ബോധ്യം മറ്റെല്ലാവരിലും ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നു. ചികിത്സിച്ചാൽ ഭേദമാകാവുന്ന ഒരു മാനസിക പ്രശ്നത്തിന്റെ പേരിൽ നമ്മൾ എന്തിന് നമ്മുടെയും മറ്റുള്ളവരുടെയും സന്തോഷങ്ങൾ ഇല്ലാതാക്കണം. 

English Summary: Archana Kavi says she suffered for years but now knows how to tackle her low phases.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA