‘സിനിമയിലഭിനയിക്കാൻ ഓരോരുത്തന്മാർ വരും, അഹങ്കരിച്ചാൽ ക്ഷമിക്കില്ല’: ഏറെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് മണികണ്ഠൻ

manikandan-pattambi-2
മണികണ്ഠൻ പട്ടാമ്പി
SHARE

‘കൃഷ്ണ വിലാസം ഭഗീരഥൻ പിള്ള ചെറിയ വെടി ഒന്ന്... വലിയ വെടി ഒന്ന്’ ... ക്ഷേത്രവളപ്പിലെ വഴിപാട് കൗണ്ടറിലിരുന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു മലയാള മനസ്സിലേക്ക് എത്തിയ നടനാണ് മണികണ്ഠൻ പട്ടാമ്പി. ‘മീശ മാധവൻ’ എന്ന സിനിമയിൽ അവിടവിടെയായി മിന്നി മറഞ്ഞു പോകുന്ന കഥാപാത്രം. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പയറ്റിതെളിഞ്ഞ ഒരു നടന്റെ ചെറിയ അരങ്ങേറ്റം മാത്രമായിരുന്നു അത്. നാടകം, സിനിമ, ടെലിവിഷൻ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മണികണ്ഠൻ കഴിഞ്ഞ പത്തു വർഷമായി ‘മറിമായം’ എന്ന ആക്ഷേപഹാസ്യ ടെലിവിഷൻ പരിപാടിയിലെ ശക്തമായ സാന്നിധ്യമാണ്. 

‘സത്യം പറഞ്ഞാൽ ഇത്രയും വലിയൊരു കാലയളവ് എങ്ങനെ കടന്നുപോയെന്ന് എനിക്ക് അറിയില്ല. മറിമായം 500 എപ്പിസോഡുകൾ പിന്നിടുമ്പോൾ സത്യശീലൻ എന്ന കഥാപാത്രത്തിന് പത്തു വയസ്സായി. ഒരു മനുഷ്യന്റെ ജീവിതത്തിലെ പത്തു വർഷമെന്നു പറയുന്നത് വലിയ കാലയളവാണ്. ഒന്നെനിക്കറിയാം, ഈ പത്തുവർഷവും ഞാൻ ആസ്വദിച്ചാണ് ജീവിച്ചത്. ഇപ്പോഴും അങ്ങനെ തന്നെയാണ് ജീവിക്കുന്നത്. അത് ‘മറിമായം’ എന്ന പ്രോഗ്രാം കൊണ്ടു മാത്രം കിട്ടിയതാണ്. മറിമായത്തിൽ വരുന്നതിനു മുൻപ് സിനിമയിലുണ്ട്. സിനിമയിൽ ഈയൊരു സെക്യൂരിറ്റി ഫീൽ ചെയ്തിരുന്നില്ല. 

ഇന്ന് ഒരു സിനിമയ്ക്ക് വിളിച്ചു, നാളെ ഒരു സിനിമയ്ക്ക് വിളിച്ചേക്കാം, മറ്റന്നാൾ ഒരു സിനിമ ഉണ്ടോ ഇല്ലയോ എന്നറിയില്ല. അങ്ങനെയൊരു അരക്ഷിതാവസ്ഥ ജീവിതത്തിലൊട്ടാകെ കിടന്നു കളിക്കും. രണ്ടു മൂന്നു മാസം കഴിഞ്ഞിട്ടും സിനിമയ്ക്കു വിളിച്ചില്ലെങ്കിൽ പിന്നെ ടെൻഷനായി. പത്തുവർഷം ഒരു സർക്കാർ ജോലി പോലെയായിരുന്നു. മാസത്തിൽ ആദ്യത്തെ എട്ട് ദിവസം മറിമായത്തിന്റെ ഷൂട്ടിങ് ഉണ്ടാവും. അതിനിടയിൽ ഏതെങ്കിലും സിനിമയ്ക്കു വിളിക്കും. ഈ എട്ട് ദിവസം കഴിഞ്ഞുള്ള സമയത്ത് പോയി അഭിനയിക്കും. ഞാനും നിങ്ങളും ഉൾപ്പെടെയുള്ള ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പൊതുവായ വിഷയങ്ങളെ കുറിച്ച് പരാമർശിക്കുന്ന മറിമായത്തിൽ വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ മാറിമറിഞ്ഞൊക്കെ ചെയ്യാൻ പറ്റുന്നത് ആക്ടർ എന്ന നിലയ്ക്ക് സന്തോഷം നൽകിയിട്ടുള്ള കാര്യമാണ്.

വലിയൊരു കാലഘട്ടം കടന്നുപോയി എന്നോർത്ത് ഞാൻ ആശങ്കപ്പെടുന്നില്ല. നമ്മുടെ കൂടെയുള്ള സഹപ്രവർത്തകരിൽ ഒരാളോടു പോലും ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥതയോ സൗന്ദര്യപ്പിണക്കമോ ഇതു വരെ ഉണ്ടായിട്ടില്ല. മുമ്പ് അഭിനയിച്ചിരുന്നവർ തന്നെയാണ് ഇപ്പോഴും ടീമിലുള്ളത്. സിദ്ധാർഥ് ശിവ, രചന നാരായണൻകുട്ടി, ശ്രീകുമാർ അങ്ങനെ കുറച്ചു പേർ അസൗകര്യം കാരണം മാറിയിട്ടുണ്ട്. അവർ സിനിമയിൽ സജീവമാണ്. ഇനി ഞങ്ങളൊക്കെ മാറിയാലും ‘മറിമായം’ എന്ന പ്രോഗ്രാം അങ്ങനെ നിൽക്കും. കാരണം നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് മറിമായത്തിലെ വിഷയം. അത് എന്നും കാലികമാണ്.

manikandan-rachana

ദ്വയാർഥ പ്രയോഗങ്ങളോ നെഗറ്റീവ് ആയിട്ടുള്ള പരാമർശങ്ങളോ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോവുക എന്ന നല്ലൊരു ചിന്ത അതിനു പിന്നിലുണ്ട്. ഏത് എപ്പിസോഡ് എടുത്തു നോക്കിയാലും ആന്റി സോഷ്യലായ ഒന്നും കണ്ടുപിടിക്കാൻ പറ്റില്ല. കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റുന്ന, സോഷ്യൽ ഇഷ്യൂസ് കൈകാര്യം ചെയ്യുന്ന ഒരു പ്രോഗ്രാം. ഒരിക്കലും ഇതൊരു കോമഡി പ്രോഗ്രാം അല്ല. കോമഡി ആക്കാൻ വേണ്ടിയിട്ടുള്ള സംഭവങ്ങളോ സംഗതികളോ ഇതിനകത്തില്ല. ഗൗരവമുള്ള വിഷയങ്ങളെ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നമ്മുടെ ജീവിത പരിസരങ്ങളൊക്കെത്തന്നെയാണ് വിഷയം.’

പത്തു വർഷം പിന്നിടുമ്പോഴും അഭിനേതാക്കൾ കൂടുതൽ ചെറുപ്പമായി വരികയാണല്ലോ. അതിന്റെ രഹസ്യം എന്താണ്?

ആ രഹസ്യം ആർക്കും പറഞ്ഞു കൊടുക്കരുതെന്നാണ് ഞങ്ങൾ പൊതുവായെടുത്ത തീരുമാനം. ഞങ്ങൾ തമ്മിൽ കാണുമ്പോൾ പ്രായക്കൂടുതൽ തോന്നില്ല. പക്ഷേ മാറിമായത്തിന്റെ പഴയ എപ്പിസോഡുകൾ എടുത്തു നോക്കിയാൽ പ്രശ്നമാകും. നിയാസ്, സ്നേഹ ആരെയും നേരിട്ട് കാണുമ്പോൾ പ്രായം തോന്നില്ല. ഞങ്ങളെല്ലാവരും കൂടി മുമ്പ് ചെയ്തിട്ടുള്ള എപ്പിസോഡുകൾ ഇപ്പോൾ കാണുമ്പോൾ അത് വേറെ ആളുകളാണെന്ന് തോന്നും. മറിമായം 500 എപ്പിസോഡായി. ഇനി ആയിരവും 1500 ഉം എത്ര വരെ പോകാൻ പറ്റുമോ അത്രയും പോകും. ടെലിവിഷനിൽ ഇതുപോലെ നിൽക്കുന്ന വേറേ പ്രോഗ്രാമുണ്ടെന്ന് തോന്നുന്നില്ല.

ഈ 500 എപ്പിസോഡിലും സത്യശീലനുണ്ടോ?

ഉണ്ട്. സത്യശീലൻ ഒരു വ്യക്തിയല്ലല്ലോ. ഒരുപാട് കഥാപാത്രങ്ങളുടെ സമന്വയമാണ്. കണ്ണിന്റെ മുന്നിൽ കാണുന്ന ഏതൊരു സംഭവത്തെയും ഇതിനകത്തേക്ക് കൊണ്ടുവരാറുണ്ട്. ഏതു വിഷയമെടുത്താലും കഥാപാത്രത്തിന്റെ പേര് സത്യശീലൻ എന്നായിരിക്കും. ‘മറിമായം’ തുടങ്ങുമ്പോൾ ഇതിന്റെ ഡയറക്ടർ ഉണ്ണികൃഷ്ണനായിരുന്നു. കഥാപാത്രങ്ങൾ പലതാണെങ്കിലും പേര് ഒരുപോലെ ആയിരിക്കണമെന്ന് പുള്ളിയുടെ ഒരു കോൺസെപ്റ്റായിരുന്നു. എന്നെ സംബന്ധിച്ച് പേര് അവിടെ നിൽക്കുന്നു. കഥാപാത്രം ബാർബറായാലും മരപ്പണിക്കാരനായാലും അയാൾക്ക് സത്യശീലൻ എന്ന് പേരിടുന്നു. കൃഷിക്കാരൻ, അധ്യാപകൻ, ജഡ്ജി, ഡോക്ടർ ആരായാലും പേര് സത്യശീലൻ എന്നായിരിക്കും. ഒരു പേരിൽ ഇത്രയധികം എപ്പിസോഡുകളിൽ അഭിനയിച്ചു. അതൊരു സംഭവമല്ലേ. വളരെ കുറച്ച് എപ്പിസോഡുകളിൽ നിന്നേ മാറി നിന്നിട്ടുള്ളൂ.

പൊതുവായ വിഷയം കൈകാര്യം ചെയ്യുമ്പോൾ കഥാപാത്രത്തിന് ഒരു രാഷ്ട്രീയം ഉണ്ടാകുമല്ലോ. സത്യശീലന്റെ രാഷ്ട്രീയവും മണികണ്ഠന്റെ രാഷ്ട്രീയവും ഒന്നുതന്നെയാണോ?

അല്ല. ‘സത്യശീലൻ’മാരുടെ രാഷ്ട്രീയം വേറെ വേറെ ആയിരിക്കും. വ്യക്തി എന്ന നിലയ്ക്ക് നമുക്ക് നമ്മുടേതായ ഒരു രാഷ്ട്രീയം ഉണ്ടാകുമല്ലോ. അതുണ്ട്. സൊസൈറ്റിയിൽനിന്ന് കഥാപാത്രം ഉണ്ടായി വന്നത് എങ്ങനെയാണ്, ഏത് രീതിയിലാണ് അവരുടെ ഇടപെടൽ, അവരുടെ കൾച്ചർ എന്താണെന്നൊക്കെ നോക്കിയിട്ടാവും കഥാപാത്രത്തിന്റെ രാഷ്ട്രീയം ഉരുത്തിരിഞ്ഞു വരുന്നത്. സത്യശീലന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും ഒന്നല്ല, രണ്ടു തന്നെയാണെന്ന് പറയാൻ കാരണം അതാണ്.

marimayam-team-500

ഒരു പ്രോഗ്രാം പത്ത് വർഷം കൊണ്ടുപോവുക. അതൊരു അദ്ഭുതം തന്നെയാണ്.

സാധാരണ ആളുകൾക്ക് പറയണമെന്നു തോന്നുന്ന, എന്നാൽ പറയാൻ കഴിയാത്ത ധാരാളം കാര്യങ്ങളുണ്ട്. അതിനെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതുകൊണ്ടാണ് ആളുകൾ ഇപ്പോഴും ഈ പ്രോഗ്രാം കാണാൻ ആഗ്രഹിക്കുന്നത്. വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് ഇവിടങ്ങളിൽ ബന്ധപ്പെടാത്ത ആരുമുണ്ടാകില്ല. അങ്ങനെയുള്ള ആളുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങളാണ്  അധികവും പരാമർശിച്ചിട്ടുള്ളത്. ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, പോക്കുവരവ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി വിഷയങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഓരോ എപ്പിസോഡിലും ചിത്രീകരിച്ചിട്ടുള്ളത്. എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയ സംഗതി കുട്ടികൾ വരെ ‘മറിമായം’ കാണുന്നു എന്നുള്ളതാണ്. ഒരിക്കലും ഒരു ചെറിയ കുട്ടി ഇത് കാണാൻ താല്പര്യപ്പെടില്ല. എന്നിട്ടും കുട്ടികൾ കാണുന്നു. ആക്ടറിനെ സംബന്ധിച്ചിടത്തോളം അതൊരു വിജയമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ‘മറിമായം’ എന്ന പ്രോഗ്രാം കുട്ടികൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിനകത്ത് പരാമർശിക്കുന്ന വിഷയത്തിനൊപ്പം അഭിനയത്തിന്റെ സത്യസന്ധതയും ആത്മാർഥതയും തന്നെയാണ്.

മണികണ്ഠൻ, സത്യശീലൻ... രണ്ട് പേരിൽ ആരാണ് മുന്നിൽ?

ചില ആളുകൾ സത്യശീലൻ എന്ന് വിളിക്കാറുണ്ട്. വ്യക്തിപരമായി അടുപ്പമുള്ളവർ മണികണ്ഠൻ എന്ന് വിളിക്കും. എന്നെ അറിയാത്തവർ, ‘മറിമായം’ കണ്ടു മാത്രം പരിചയമുള്ള ആളുകൾ റിലേറ്റ് ചെയ്യുന്നത് സത്യശീലൻ എന്നാണ്. നമ്മൾ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് വലിയ കാര്യമല്ലേ.

ചെറുപ്പകാലം മുതൽ നാടകവേദിയുമായി അടുപ്പമുണ്ടായിരുന്നല്ലോ. എങ്ങനെയാണ് സ്കൂൾ ഓഫ് ഡ്രാമയിൽ എത്തിയത്?

1980 കളിലൊക്കെ ഗ്രാമാന്തരങ്ങളിൽ വായനശാലകളും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകളും വളരെ സജീവമായിരുന്നു . ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുകയാണ്. കൊപ്പം വില്ലേജിൽ പ്രഭാപുരം എന്ന സ്ഥലത്താണ് എന്റെ വീട്. ഈ കൊപ്പം വില്ലേജിന്റെ പരിധിയിൽത്തന്നെ എത്രയോ വായനശാലകളും ക്ലബ്ബുകളും ഉണ്ട്. മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരു ക്ലബ്ബോ വായനശാലയോ ഉണ്ടാവും. ഓരോ ക്ലബ്ബിന്റെയും വാർഷികത്തിന് കുട്ടികളുടെ കലാപരിപാടികളും സ്പോർട്സും ഉണ്ടാകും. മുതിർന്ന ആളുകളുടെ നാടകം ഉണ്ടാകും. അതിൽ ബാലതാരമായി അഭിനയിക്കാൻ എന്നെ വിളിച്ചു കൊണ്ടു പോയിട്ടുണ്ട്. 

കുറച്ചു മുതിർന്നതിനു ശേഷം പത്താംക്ലാസിലൊക്കെ ആയപ്പോൾ വായനശാലയുടെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. കോളജിൽ എത്തിയ ശേഷം കുട്ടികളെ സംഘടിപ്പിച്ചു നാടകം ഉണ്ടാക്കി മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട്. ഡിഗ്രിക്ക് പട്ടാമ്പി കോളജിൽ ചേർന്നു. എന്റെ നാടക സങ്കൽപത്തിന് അനുസരിച്ച് കുട്ടികളെ സംഘടിപ്പിച്ച് അവിടെയും നാടകം കളിച്ചു. കോളജ് നാടക മത്സരത്തിൽ ബെസ്റ്റ് ആക്ടറായി എന്നെ തിരഞ്ഞെടുത്തു. അന്നൊക്കെ നാടകം കളിക്കുന്നു എന്നല്ലാതെ ഇതേക്കുറിച്ച് വലിയ അറിവൊന്നുമില്ലായിരുന്നു. 

പട്ടാമ്പി കോളജിൽ ഞങ്ങളുടെ അധ്യാപകൻ പ്രഫ. പി. ഗംഗാധരൻ നാടകവുമായി ബന്ധപ്പെട്ട് വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഗംഗാധരൻ സാറിന്റെ നിർദ്ദേശപ്രകാരമാണ് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത്. മൂന്നു വർഷത്തെ ഡിഗ്രി കോഴ്സാണ്. സ്കൂൾ ഓഫ് ഡ്രാമയിൽ എത്തുന്നതിനുമുമ്പ് നാടകത്തെക്കുറിച്ച് കുറേ വികലമായ ചിന്തകളും തോന്നലുകളും ഉണ്ടായിരുന്നു. സിനിമയിൽ അന്ന് മോഹൻലാലും ശങ്കറും കത്തി നിൽക്കുന്ന സമയമാണ്. സിനിമാ മാസികകളിൽ വരുന്ന അവരുടെ ഫോട്ടോ വെട്ടിയെടുത്ത് ചുമരിൽ ഒട്ടിച്ചു വയ്ക്കുമായിരുന്നു. അതിന്റെ പേരിൽ സഹപാഠികൾ ഒരുപാട് കളിയാക്കിയിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിൽ വച്ചാണ് നമ്മുടെ വിഷൻ കറക്ടാവുന്നത്. അഭിനയം അനുകരിക്കലല്ല. മറിച്ച് അവനവന് സ്വന്തമായിട്ടുള്ള ഇടം ഉണ്ടാക്കിയെടുക്കുകയാണ് പ്രധാനം. ശരിക്കുപറഞ്ഞാൽ അവിടെ വച്ചാണ് നാടക കലയെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാട് ഉണ്ടായത്.

പട്ടാമ്പി കോളജിൽനിന്ന് സ്കൂൾ ഓഫ് ഡ്രാമയിലേക്കു പോകുമ്പോൾ മാതാപിതാക്കൾക്ക് എതിർപ്പില്ലായിരുന്നോ? 

ഏതോ അറിയാത്ത വഴിയിലൂടെ പോകുന്നു എന്ന തോന്നലുണ്ടായിക്കാണും. എന്നാലും എതിരു പറഞ്ഞില്ല. ഞാൻ അഭിനയിക്കുന്ന നാടകം കാണാൻ അച്ഛനും അമ്മയും സ്കൂൾ ഓഫ് ഡ്രാമയിൽ വന്നിരുന്നു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കിട്ടിയപ്പോൾ എന്റെ നാട്ടിൽ ഒരു അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.സംവിധായകരായ ലാൽജോസ് സാറും മേജർ രവി സാറും വന്നു. അവർ എന്നെപ്പറ്റി കുറേ പുകഴ്ത്തി സംസാരിച്ചു. അതുകേട്ട് അച്ഛനു വലിയ സന്തോഷമായി. എന്റെ കുട്ടി തിരഞ്ഞെടുത്ത വഴി അപകടമായിപ്പോയിട്ടില്ലെന്നും ഞാനൊരു മോശക്കാരനല്ലെന്നും അച്ഛനു മനസ്സിലായി. ഇതൊക്കെയാണെങ്കിലും  സാമ്പത്തികമായി അന്നുമില്ല ഇന്നുമില്ല. എങ്കിലും ഹാപ്പിയാണ്.

സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഇറങ്ങി നാടക വേദിയിലേക്കു കയറാതെ സിനിമയിലേക്കാണല്ലോ എത്തിയത്?

1994-95 കാലഘട്ടത്തിലാണ് സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പുറത്തിറങ്ങിയത്. അവിടെനിന്ന് ഇറങ്ങിയപ്പോൾത്തന്നെ ഞാനൊരു തീരുമാനം എടുത്തിരുന്നു. നാടകത്തിൽ അഭിനയിച്ചിട്ട് ജീവിക്കാൻ പറ്റില്ല. ആ തീരുമാനം അന്ന് എടുത്തില്ലായിരുന്നെങ്കിൽ പെട്ടു പോയേനെ. ഇവിടെ നാടകത്തിനും നാടക പ്രവർത്തകർക്കും വളരാനോ കാര്യമായ പ്രവർത്തനം കാഴ്ചവയ്ക്കാനോ കഴിയില്ല. നാടകം ഒരു തൊഴിലായി സ്വീകരിക്കുവാനും കഴിയില്ല. കുടുംബത്തിൽ വേറെ വരുമാന സാധ്യതകൾ ഇല്ലാത്തതുകൊണ്ട് എനിക്ക് അങ്ങനെ ചിന്തിച്ചേ പറ്റൂ. അത്യാവശ്യം വീട്ടിൽ വരുമാനം ഉള്ളവരെ സംബന്ധിച്ച് കുഴപ്പമില്ല. ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്തു തൊഴിൽ ചെയ്താലും അതിൽനിന്നു കിട്ടിയിട്ട് വേണം കുടുംബം മുന്നോട്ടു കൊണ്ട് പോകാൻ. അത് നടക്കില്ലെന്ന് മനസ്സിലായപ്പോഴാണ് അന്നേ നാടകം വിട്ട് മറ്റു വഴികൾ തേടിയത്. ഇപ്പോൾ 25 വർഷം കഴിഞ്ഞിട്ടും നാടകരംഗത്ത് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിട്ടില്ല. വളരെ സങ്കടകരമാണ്.

സമകാലിക നാടകവേദിയെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

ഒരു വലിയ നാടക സംസ്കാരം കേരളത്തിൽ ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം. തുടർച്ചയായി നാടകങ്ങൾ ഉണ്ടാവുകയും ജനങ്ങൾ നാടകം കാണാൻ വരികയും... അങ്ങനെയുള്ള ഒരു നാടക സംവിധാനമാണ് ഉണ്ടാകേണ്ടത്. ഖസാക്കിന്റെ ഇതിഹാസം നാടകമാക്കി ചെയ്തില്ലേ. നല്ല മൂവ്മെന്റായിരുന്നു. അങ്ങനെയുള്ള നാടകങ്ങൾ കേരളത്തിലുടനീളം കൊണ്ടുനടന്ന് കളിപ്പിക്കാനുള്ള സംവിധാനമൊരുക്കണം. എങ്കിലേ കാര്യമുള്ളൂ. സാംസ്കാരിക വകുപ്പിന് കീഴിൽ സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങൾ വിചാരിച്ചാൽ കേരളത്തിലെ ഓരോ ജില്ലയിലും അഞ്ചോ പത്തോ വേദി കിട്ടാൻ ഒരു പ്രയാസവുമില്ല. അതിനുവേണ്ടി വരുന്ന ചംലവ് നാടകം കളിച്ചു തിരിച്ചു പിടിക്കാനാകും. അങ്ങനെ വരുമ്പോൾ സാമ്പത്തികമായി നഷ്ടമില്ലാതെ തന്നെ  നാടകത്തിൽ പങ്കെടുക്കുന്ന അഭിനേതാക്കൾക്കും ടെക്നീഷ്യന്മാർക്കും ഭേദപ്പെട്ട ശമ്പളം കൊടുക്കാൻ കഴിയും. ബൃഹത്തായ ശ്രമങ്ങളുണ്ടെങ്കിൽ മാത്രമേ നാടകവേദിക്ക് കരുത്താർജിക്കാൻ കഴിയൂ. നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും ആഗ്രഹമാണ് ഞാൻ പറഞ്ഞത്. എന്റെയും സ്വപ്നംഅതാണ്. നാടകവേദിക്ക് വളരാനുള്ള ഇടം കേരളത്തിലുണ്ട്. പക്ഷേ അത് സാധ്യമാകുമോയെന്ന് അറിയില്ല.

ഇപ്പോൾ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ടു വ്യക്തമായൊരു രൂപരേഖ മുന്നോട്ടു വയ്ക്കാൻ കഴിയുമോ?

തീർച്ചയായും. അഞ്ച് ലക്ഷം രൂപ മുടക്കി മികച്ച സംവിധാനങ്ങളോടെ ഒരു നാടകം ഫോം ചെയ്യുന്നു എന്ന് വിചാരിക്കുക. കേരളത്തിലെ 14 ജില്ലകളിൽ ഓരോ പഞ്ചായത്തിലും ഒരു സ്റ്റേജ് വീതം കിട്ടിയാൽ മതി. അങ്ങനെ എത്ര പഞ്ചായത്തിൽ കളിക്കാം. അക്കാദമി ഏറ്റെടുത്ത് ചെയ്തിട്ട് നടത്തുന്നതിന്റെ ചെലവ് നാടകം കളിച്ചു കിട്ടുന്നതിൽനിന്ന് എടുത്തു കഴിഞ്ഞാലും ലാഭമായിരിക്കും. ആദ്യത്തെ നാടകം തിരുവനന്തപുരത്ത് സ്റ്റേജിൽ കയറുമ്പോൾത്തന്നെ രണ്ടാമത്തെ നാടകത്തിന്റെ വർക്ക് അവിടെ തുടങ്ങിയിരിക്കണം. തിരുവനന്തപുരത്തു കളിച്ച നാടകം കൊല്ലത്ത് എത്തുമ്പോഴേക്കും രണ്ടാമത്തെ നാടകം സെറ്റ് ചെയ്തു തിരുവനന്തപുരത്ത് തുടങ്ങിയിരിക്കണം.ആദ്യത്തെ നാടകം കൊല്ലം വിടുമ്പോഴേക്കും രണ്ടാമത്തെ നാടകം കൊല്ലത്ത് എത്തണം. അപ്പോൾ മൂന്നാമത്തെ നാടകം തിരുവനന്തപുരത്ത് തുടങ്ങണം. 

ഇങ്ങനെ ഒരു ചെയിൻപോലെ തുടർച്ചയായി നാടകങ്ങൾ ഉണ്ടാവുകയും പുതിയൊരു സമ്പ്രദായം രൂപപ്പെടുകയും ചെയ്യും. വളരെ പ്രഗൽഭരായ നാടക അഭിനേതാക്കളും സംവിധായകരുമൊക്കെ നമുക്കുണ്ട്. ലോക നാടകവേദിയിൽ പ്രസന്റ് ചെയ്യാവുന്ന രീതിയിൽ നാടകത്തെ കൊണ്ടുപോകാൻ പ്രാപ്തരായ നാടക സംവിധായകരുള്ള നാടാണിത്. കാലം പോകുന്നതിനനുസരിച്ച് അവരുടെ കഴിവുകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയല്ലേ. അതൊക്കെ സംരക്ഷിക്കുക എന്ന സംഗതി കൂടി ഇതിനകത്ത് വരും. നമ്മൾ സിനിമ കാണുമ്പോൾ കിട്ടുന്ന  അനുഭൂതിയും രസങ്ങളുമൊക്കെ നാടകത്തിൽനിന്നു കിട്ടണം. അത്രയും വ്യാപ്തി നാടകത്തിന് ഉണ്ടാവണം. നാടകത്തിൽ പ്രവർത്തിക്കുന്നവർക്കെല്ലാം നല്ല ശമ്പളം കൊടുക്കണം. അങ്ങനെയൊരു സ്ഥിരം നാടകവേദി ഉണ്ടെങ്കിൽ ഇതിനകത്ത് നിൽക്കുന്നവർക്ക് ജീവിച്ചു പോകാൻ പറ്റും.

ഇന്നത്തെ സാഹചര്യത്തിൽ ഇതൊക്കെ സാധ്യമാണോ?

വലിയ രീതിയിലുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ നാടകവേദിയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. അങ്ങനെയുള്ള ചിന്തകളും ആലോചനകളും ഉണ്ടാകേണ്ടതുണ്ട്. ഇന്നും നാടകത്തിൽ പ്രവർത്തിക്കുന്നവർക്ക് 500 രൂപയും 750 രൂപയും ഒക്കെയാണ് പ്രതിഫലം. ഈ പൈസയ്ക്കു വേണ്ടി മാത്രമല്ല അവർ ഇതിനകത്ത് തുടരുന്നത്. നാടക കലയോടുള്ള പാഷൻ കൊണ്ടാണ്. അയാൾക്ക് അറിയുന്ന തൊഴിൽ അതാണ്. നാടക മുതലാളി അതേ കൊടുക്കുന്നു എന്നല്ല. അദ്ദേഹത്തിനും അത്രയേ പറ്റൂ. അദ്ദേഹത്തിന് കൊടുക്കാൻ കഴിയുന്നതിന്റെ മാക്സിമം ആയിരിക്കും ചെയ്യുന്നത്. മികച്ച രീതിയിലുള്ള ഒരു പ്രഫഷനൽ നാടക സങ്കൽപ്പം കേരളത്തിൽ ഉണ്ടാകണം. ഒരു കളി കഴിയുമ്പോൾ അതിൽ പ്രവർത്തിച്ച വർക്ക് ജീവിച്ചു പോകാനുള്ള പ്രതിഫലമൊക്കെ കിട്ടണം. എങ്കിലേ ഇവിടെ നിൽക്കാൻ പറ്റൂ. എന്തുമാത്രം ത്യാഗം സഹിച്ചാണ് ആളുകൾ ഈ രംഗത്ത് നിൽക്കുന്നത്.

marimayam-31

ധാരാളം നാടക കലാകാരന്മാരുള്ള നാടാണല്ലോ കേരളം. എന്നിട്ടും നാടകവേദിക്ക് വേണ്ടിയുള്ള കൂട്ടായ ശ്രമങ്ങൾ ഉണ്ടാകാതെ പോകുന്നത് എന്ത് കൊണ്ടായിരിക്കും?

ഇപ്പോൾ നാടകവേദിയെക്കുറിച്ച് സംസാരം മാത്രമേയുള്ളൂ. അതും നാടക കലയോടുള്ള ആർത്തിയും സ്നേഹവുമുള്ള കുറച്ച് ആളുകൾ കൂടിയിരുന്നു സംസാരിക്കുന്നു എന്നേയുള്ളൂ. ഇന്ന് എന്തു വേണമെങ്കിലും നമ്മുടെ വിരൽത്തുമ്പിൽ കിട്ടും. നമ്മുടെ കൺമുന്നിലുണ്ട്. ഗവൺമെന്റിന് മുന്നിൽ കൃത്യമായ ഒരു പ്രോജക്ട് അവതരിപ്പിക്കാനും അത് പ്രാവർത്തികമാക്കാനും വേണ്ടി നല്ലൊരു മെഷിനറി വർക്ക്ചെയ്യണം. അതൊക്കെ ഈസിയായി ചെയ്യാവുന്നതേയുള്ളൂ. പക്ഷേ അവിടേക്കൊന്നും എത്തുന്നില്ല. 

സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾ ലക്ഷ്യം വയ്ക്കുന്നത് എന്താണ്? അവർ എങ്ങോട്ടാണു പോകുന്നത് ?

സ്കൂളുകളിൽ കുട്ടികളെ നാടകം പഠിപ്പിക്കാനുള്ള ഒരു അധ്യാപക പോസ്റ്റ് ഉണ്ടാകും എന്നൊക്കെ പണ്ട് പറഞ്ഞുകേട്ടിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിക്കുന്നത് നാടകത്തിന്റെ പൂർണത രംഗത്ത് കൊണ്ടുവരാൻ വേണ്ടിയാണല്ലോ. ഒരു നടൻ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഇറങ്ങുന്നത് നാടകത്തിന്റെ അരങ്ങിൽ അഭിനയിക്കാൻ വേണ്ടിയാണ്. സംവിധായകർ ഒരുങ്ങുന്നത് തിയറ്റർ ഡെവലപ്പ് ചെയ്യാൻ വേണ്ടിയാണ്. ശങ്കരപ്പിള്ള സാർ നാടകത്തിന്റെ സ്കൂൾ വിഭാവനം ചെയ്ത കാലത്ത് സിനിമ ഇത്രയും ശക്തമല്ല. ഇന്നത്തെപ്പോലെ സംവിധാനങ്ങളും ഇല്ല. നാടകത്തെക്കുറിച്ച് പഠിക്കാൻ കുട്ടികൾ വരുന്നു, അവർ പഠിക്കട്ടെ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. 

പക്ഷേ വേണ്ടത്ര തൊഴിലിടങ്ങൾ ഇല്ലാതെ വരികയും ഇതുകൊണ്ട് ജീവിക്കാൻ പറ്റില്ലെന്നും വന്നതോടു കൂടി ആളുകൾ അവിടുന്ന് സിനിമയിലേക്കും ടെലിവിഷനിലേക്കും മറ്റിടങ്ങളിലേക്കും പോയി. നമ്മൾ പഠിച്ചിട്ടുള്ള ഒരു സംഗതി വച്ച് ഇന്നത്തെ സാഹചര്യത്തിൽ ഇതിനകത്ത് നിൽക്കണമെങ്കിൽ സാമ്പത്തിക ചുറ്റുപാടു നന്നായിരിക്കണം.ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഞാനിപ്പോൾ സിനിമയിൽ അഭിനയിക്കുന്നു ടെലിവിഷനിൽ പ്രോഗ്രാം ചെയ്യുന്നു അതൊക്കെ ശരിയാണ്. എന്റെ സ്വപ്നമെന്നു പറയുന്നത് നാടകത്തിൽ പെർഫോം ചെയ്യണമെന്ന് തന്നെയാണ്. പക്ഷേ അതിന് പറ്റിയ അന്തരീക്ഷമല്ല ഇന്നുള്ളത്.

നാടകവേദി യിലേക്ക് കയറാതെ സിനിമയിലേക്ക് വന്നു തിരക്കഥ എഴുതി ആ സിനിമയിൽ നായകനുമായി.

തുടക്കം നാടകം തന്നെയായിരുന്നു. സ്റ്റേജിൽ അവതരിപ്പിക്കാൻവേണ്ടി എഴുതിയ നാടകമാണ് മൺകോലങ്ങൾ. അതിന്റെ ഫൈനൽ എഴുത്തും ഡിസ്കഷനുമൊ ക്കെ നടക്കുന്ന സമയത്ത് എന്റെ സുഹൃത്തും സംവിധായകനുമായ സുബ്രഹ്മണ്യം ശാന്തകുമാർ വിളിച്ചു. വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച്  ഡോക്യുമെന്ററി ചെയ്യണം. ഫിലിമിൽ ഷൂട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നു പറഞ്ഞു. വി.ടി.ഭട്ടതിരിപ്പാടിനെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യുക പ്രയാസമുള്ള കാര്യമല്ല. എപ്പോൾ വേണമെങ്കിലും ചെയ്യാം. അതിന്റെ ഡീറ്റെയിൽസ് തരാൻ പറ്റുന്ന ആളുകളൊക്കെ നമ്മുടെ ചുറ്റുപാടുകളിലുണ്ട്. പക്ഷേ ഞാൻ അപ്പോൾ നാടകത്തിന്റെ പണിപ്പുരയിലായിരുന്നതുകൊണ്ട് നാടകത്തെ കുറിച്ച് അന്വേഷിക്കുകയും സംഭവം കേൾക്കുകയും ഇഷ്ടപ്പെടുകയും പിന്നീട് ആ കഥ സിനിമയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും അതിലേക്ക് കടക്കുകയുമായിരുന്നു.

മൺകോലങ്ങൾ ആദ്യം നാടക രൂപത്തിലാണ്  എഴുതിയത്. അത് സിനിമയിലേക്ക് കൊണ്ടുവരിക പ്രയാസമുള്ള കാര്യമായിരുന്നു. കാരണം സിനിമയ്ക്ക് സിനിമയുടേതായ രീതികളുണ്ട്. നാടകമല്ലല്ലോ സിനിമ. വലിയ രീതിയിലുള്ള അഴിച്ചുപണി നടത്തിയാണ് തിരക്കഥ എഴുതിയത്. മൺപാത്രങ്ങൾ ഉണ്ടാക്കുന്ന ആളുകളും അവരുടെ ജീവിത പശ്ചാത്തലവുമായി ബന്ധപ്പെട്ടു നിൽക്കുന്ന കഥയാണ്. അന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു മൺകോലങ്ങൾ. ആ സിനിമയിൽ ഞാൻ പ്രധാന വേഷവും ചെയ്തു. എഡിറ്റർ രഞ്ജൻ എബ്രഹാം സാർ മൺകോലങ്ങൾ കണ്ടു. അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ഡയറക്ടർ ലാൽ ജോസിനെ പടം കാണിക്കണമെന്ന് പറയുകയും എനിക്കു വേണ്ടി പുള്ളിക്കാരൻ തന്നെ ലാൽ ജോസിനെ വിളിച്ച് പറയുകയും ചെയ്തു.

ഒറ്റപ്പാലത്ത് ലാൽ ജോസ് സാറിന്റെ വീട്ടിൽ പോയി സിനിമയുടെ വിഎച്ച്എസ് കോപ്പി ഞാൻ കൊടുത്തു. സിനിമ ഇഷ്ടപ്പെട്ടെന്ന് സാർ വിളിച്ചുപറയുകയും ചെയ്തു. ആ സമയത്ത് മീശമാധവൻ എന്ന പടത്തിന്റെ ചർച്ച നടക്കുന്നുണ്ടായിരുന്നു. നീ എന്റെ കൂടെ നിന്നോ, കൊമേഴ്സ്യൽ സിനിമയുടെ രീതികളും  മനസ്സിലാക്കാമെന്നു പറഞ്ഞ് മീശമാധവനിൽ കൂടെ നിർത്തി. സിനിമയിൽ അഭിനയിക്കണം എന്ന ലക്ഷ്യത്തോടെ പോയതല്ല. സെറ്റിൽ വെറുതെ നിൽക്കാനും പാടില്ല. എന്തെങ്കിലും ചെയ്യണമെങ്കിൽ ഒരു സംഭവം വേണോല്ലോ. 

manikandan-marimayam

പടത്തിൽ ദിലീപിന്റെ കൂട്ടുകാരായി രണ്ടുമൂന്നു പേരുണ്ട്. അതിലൊരാളായി എന്നെയും നിർത്തി. മീശ മാധവൻ ഷൂട്ടിങ് തീരുന്നതുവരെ അവിടെനിന്നു. അടുത്ത സിനിമ, അതിനടുത്ത സിനിമ.. അങ്ങനെ എന്റെ ഒരു സാന്നിധ്യം സിനിമയിൽ എവിടെയൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിക്കാൻ പൊട്ടും പൊടിയും എന്ന് പറയുന്നത് മാതിരി ഇട്ടു. മീശമാധവൻ കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചില്ലെങ്കിൽ ഞാൻ അതോടുകൂടി  പോയി. മീശമാധവന് ശേഷം പട്ടാളം, രസികൻ, അച്ഛനുറങ്ങാത്ത വീട്... അച്ഛനുറങ്ങാത്ത വീട്ടിൽ നല്ലൊരു സംഭവമായിരുന്നു.അതിന്റെ തുടർച്ചയായി കുറച്ചു സിനിമകളിൽ അഭിനയിച്ചു. ചെറുതും വലുതുമായ ക്യാരക്ടർ വേഷങ്ങൾ കിട്ടി. സത്യത്തിൽ സിനിമയിൽ ഒരു സാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ എന്നെ സഹായിച്ചത് ലാൽജോസ് സാറാണ്.

മൺകോലങ്ങൾക്കു തിരക്കഥ എഴുതി 15 വർഷങ്ങൾക്ക് ശേഷമാണ് ‘ഓടുംരാജ ആടുംറാണി’ എന്ന സിനിമക്ക് തിരക്കഥ എഴുതിയത്.

ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാൻ 15 വർഷമെടുത്തു എന്നു പറയാൻ പറ്റില്ല. എഴുതിയില്ല അത്രയേ ഉള്ളൂ. മടി തന്നെയാണ് പ്രധാന കാരണം. ഞാനായിട്ട് മുൻകയ്യെടുത്ത് ഒരു സംഗതിയും ചെയ്തില്ല. അത് ഞാൻ തിരിച്ചറിയുന്നുണ്ട്. അങ്ങനെ സംഭവിക്കാൻ ഒരു കാരണം മറിമായം ആണ്. 2011 ലാണ് മറിമായത്തിൽ വരുന്നത്. തുടർന്ന് ഇങ്ങോട്ടുള്ള പത്തു വർഷം ഒരു സർക്കാർ ജീവനക്കാരൻ ജോലിക്കു പോയി ശമ്പളം വാങ്ങുന്നതു പോലെയായിരുന്നു. അത്യാവശ്യം കാര്യങ്ങൾ നടന്നു പോകുന്നുണ്ട്. വേറെ പ്രശ്നങ്ങളൊന്നുമില്ല. അപ്പോൾ അവിടെ അങ്ങനെ നിന്നു. സിനിമയെന്നു പറയുന്നത് നല്ല ശ്രമം വേണ്ട സംഗതിയാണ്. ഒരു സിനിമ ഉണ്ടായി വരുന്നതിനു പിന്നിലുള്ള അദ്ധ്വാനം വളരെ വലുതാണ്. ചില സിനിമകൾ സ്മൂത്തായി നടന്നേക്കാം. ചില സിനിമയുടെ പിന്നിൽ നാലും അഞ്ചും വർഷം അലഞ്ഞിട്ടുള്ള ആളുകളുണ്ട്. ആ പെയിനൊന്നും ഞാനെടുത്തിട്ടില്ല. മാസത്തിൽ എട്ടു ദിവസം മറിമായത്തിന്റെ ഷൂട്ടിങ് ഉണ്ടാവും. ബാക്കി സമയം ചിലപ്പോൾ എന്തെങ്കിലും എഴുതും, പുസ്തകം വായിക്കും, സിനിമ കാണും. ഇതിനിടയിൽ ഏതെങ്കിലും സിനിമയിൽ വേഷം കിട്ടിയാൽ പോയി അഭിനയിക്കും. ശ്രമങ്ങൾ കുറവായിരുന്നു. അതൊരു ന്യൂനത തന്നെയാണ്. ചിലർ പറയാറുണ്ട് വീട്ടിൽ പോയാൽ ഭയങ്കര ബോറടിയാണെന്ന്. എനിക്ക് അങ്ങനെ ബോറടി ഉണ്ടായിട്ടേയില്ല.

marimayam-team

സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ച് എന്തുപറയുന്നു?

സിനിമയിൽ സൗഹൃദങ്ങൾക്കു വലിയ പ്രസക്തിയുണ്ട്. ചില സൗഹൃദങ്ങൾ ഒരുപാട് അവസരങ്ങൾ തരും. ഞാൻ എങ്ങനെയാണെന്നു വച്ചാൽ, സൗഹൃദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാറില്ല. ഉണ്ടായി വരുന്ന സൗഹൃദങ്ങൾ നിലനിർത്താറുണ്ട്. ചില ആളുകളുമായുള്ള വേവ് ലെങ്ത് വളരെ കറക്റ്റായിരിക്കും. അങ്ങനെയുള്ളവർ സിനിമയിലും സിനിമയ്ക്ക് പുറത്തും ഉണ്ട്. നമ്മൾ പറയുന്നത് അവരും അവർ പറയുന്നത് നമ്മളും കേൾക്കാനും മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയുന്നവർ... ആ സൗഹൃദം ഒരിക്കലും കളയാറില്ല. അങ്ങനെ അപൂർവമായേ സംഭവിക്കാറുള്ളൂ.

ഒഴിവു സമയത്തെ എഴുത്തിനെയും വായനയെയും കുറിച്ചു പറഞ്ഞല്ലോ. ഇപ്പോൾ എന്തെങ്കിലും എഴുതുന്നുണ്ടോ?

എഴുതാൻ ഇഷ്ടമാണ്. എഴുത്ത് നടക്കണമെങ്കിൽ അതിനു മുന്നിൽ ഒരു ആവശ്യം വേണം. അപ്പോൾ നമ്മൾ ഇതിനകത്തേക്ക് ഇറങ്ങും. ലോക്ഡൗൺ സമയത്ത് മാസങ്ങളോളം ടിവി ഓഫ് ചെയ്തു വച്ചു. അപ്പോൾ എന്തെങ്കിലും എഴുതിയാലോന്ന് തോന്നി. പഴയകാല ഓർമകളുമായി അങ്ങനെ ഇരുന്നു. എൽപി സ്കൂളിൽ പഠിച്ചിരുന്ന കാലം മുതലുള്ള ഓർമകൾ. നാട്ടിൽ ഞാൻ പഠിച്ചിരുന്ന എൽപി സ്കൂൾ നിന്നിരുന്ന ചുറ്റുപാട്, അവിടെ ഉണ്ടായിരുന്ന മരങ്ങൾ, ആ മരത്തിന്റെ തടിയൻ വേരുകൾ മണ്ണിലുറഞ്ഞു പൊടിപിടിച്ച് മൂടി... സ്കൂൾ ഭിത്തിയിൽ തേച്ച കുമ്മായം അടർന്നു പോയിരിക്കുന്നു. കുട്ടികൾ കയറിയിറങ്ങി പൊട്ടിപ്പൊളിഞ്ഞ അമ്പലക്കടവ്. 

വളരെ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ഓർമകളും സംഗതികളും തെളിഞ്ഞു വന്നപ്പോൾ അതിലേക്ക് അങ്ങു പോയി. ആ ഒരു മൂഡിൽ കുറച്ചു കുറിപ്പുകൾ തയറാക്കി. എന്റെ വീട് നിന്നിരുന്ന സ്ഥലത്ത് മഴപെയ്തു കഴിയുമ്പോൾ വീടിന്റെ പിന്നാമ്പുറത്ത് ഉറവ പൊട്ടും. അതിനകത്ത് ചെറിയ മീൻ കുട്ടികളുണ്ടായി വരും. തവള പൊട്ടലുകൾ വരും. അതൊക്കെ വലുതാവും. രാത്രികാലങ്ങളിൽ മഴ പെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തവളയെ പിടിക്കാൻ പെട്രോമാക്സ് കത്തിച്ച് വലിയ ചാക്കുമായി ആളുകൾ വരും. ആ പഴയകാല വിഷ്വലുകളൊക്കെ ഓർമക്കുറിപ്പുകളായി കുറിച്ചിട്ടു. അതുകൊണ്ട് എന്താ കാര്യമെന്നു ചോദിച്ചാൽ ഒരു കാര്യവുമില്ല. പക്ഷേ എനിക്ക് ആ സമയത്ത് ഭയങ്കര ആശ്വാസമായിരുന്നു. ഞാൻ എൻഗേജ്ഡായിരുന്നു. ഓർമക്കുറിപ്പുകൾ ഓരോരുത്തരുടേതും വ്യത്യസ്തമായിരിക്കും. ഓരോരുത്തർക്കും ഓരോ ചുറ്റുപാടുകളായിരിക്കും. ഞാൻ ഒരാളുടെയും കേട്ട് എഴുതുന്നതല്ലല്ലോ. ഞാൻ എഴുതിയിട്ടുള്ള ഓരോ കാര്യവും എന്റെ ചുറ്റുപാടുകളും എന്റെ ഭാവനയും കൂടിച്ചേർന്നതാണ്. അതിന് മറ്റൊരാളുടെ ഓർമക്കുറിപ്പുമായി സാമ്യം വരില്ല. അതിന്റെ ആധികാരികതയും പുതുമയും ഉണ്ടാകും. നോവൽറ്റി ഉണ്ടാകും.

manikandan-drama-1

നാടകത്തിലും ടെലിവിഷനിലും സിനിമയിലും അഭിനയിച്ചു. എവിടെയാണ് കൂടുതൽ കംഫർട്ടബിളായി തോന്നിയത്?

ഓരോന്നിനും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. സത്യത്തിൽ അഭിനയിക്കുക എന്നത് നമ്മുടെ പാഷനാണ്. തീരാത്ത മോഹമാണ്. നാടകത്തിൽ വളരെ സൂക്ഷ്മമായിട്ടുള്ള ഒരു ഏരിയയും നമുക്ക് റിഹേഴ്സൽ ചെയ്തു ഡയലോഗ് കാണാതെ പഠിച്ചു പുതുതായി അഭിനയിക്കാം. സ്റ്റേജിന്റെ ഒരുഭാഗത്ത് പോയി അവിടുന്ന് തിരിഞ്ഞ് എങ്ങനെ നോക്കുന്നു, നോട്ടം താഴെ പോണോ മുകളിൽ പോണോ അങ്ങനെയുള്ള സംഗതികളടക്കം നാടകത്തിൽ പറഞ്ഞു ലോക്ക് ചെയ്ത് കൃത്യമായി വയ്ക്കാം. സിനിമയ്ക്കും അത് വേണം. പക്ഷേ  നാടകത്തിന് എടുക്കുന്നത് പോലെ റിഹേഴ്സലും സമയവും സിനിമയിൽ വർക്കൗട്ടാവില്ല. സംവിധായകൻ എന്തുപറയുന്നു, ആ പറയുന്നതിന്റെ അകത്തുനിന്നു മാക്സിമം ചെയ്യാം. മറിമായം ഏകദേശം നാടകവുമായി അടുത്തുനിൽക്കുന്ന സംഭവമാണ്. സിനിമയുമല്ല നാടകവുമല്ല സീരിയലുമല്ല. ഇതിനിടയിൽ നിൽക്കുന്ന ഒരു സംഗതിയാണ്. ശരിക്കുപറഞ്ഞാൽ  നാടകത്തിന്റെ രീതിയാണ് ഫോളോ ചെയ്യുന്നത്. ഓരോന്നിനും ഓരോ രീതിയാണ്. അതുമായി നമ്മൾ പൊരുത്തപ്പെടുകയും ഈസിയായിട്ട് കാണുകയും ചെയ്താൽ പ്രശ്നം തീർന്നു.

manikandan-drama

നാടകത്തിലെ അഭിനയം പോലെയല്ല സിനിമ, രണ്ടും തമ്മിൽ വലിയ അന്തരമുണ്ടെന്ന് പറയാറുണ്ടല്ലോ? 

സ്റ്റേജിൽനിന്ന് അഭിനയിക്കുന്ന ഒരാൾക്ക്, അവിടെ മൈക്ക് ഉണ്ടെങ്കിൽ പോലും നാടകം കാണാൻ മുന്നിലിരിക്കുന്ന  ആൾക്കൂട്ടത്തിന്റെ ഏറ്റവും പിന്നിൽ നിൽക്കുന്ന ആൾക്ക്പോലും കേൾക്കാൻ കഴിയണമെന്ന് വിചാരിച്ചു കുറച്ച് ശബ്ദം കൂട്ടി പറയേണ്ടിവരും. നാടകത്തിൽ അഭിനയിക്കുക എന്നു പറയുന്നത് ഈ ചതുരപ്പെട്ടി യുടെ ഉള്ളിൽനിന്ന് അഭിനയിക്കുക മാത്രമല്ല. ആക്ടിങ് എന്നുപറയുന്നത് ഒന്നേയുള്ളൂ. അതിന്റെ രീതികൾ  വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്റൻസിറ്റി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. അമ്മന്നൂർ മാധവ ചാക്യാരുടെ ബാലിവധം... കൂടിയാട്ടമാണ്. അതിന്റെ ഒരു ഡെമോൺസ്ട്രേഷൻ ക്ലാസ്സ്‌ ഞാൻ കണ്ടിട്ടുണ്ട് . അതിഗംഭീരമെന്നൊക്കെ പറയില്ലേ... അതാണ്. ശരീരത്തിൽനിന്ന് ദേഹി എന്നു പറയുന്ന ജീവൻ വിട്ടു അകന്നകന്നു പോകുന്നത് അഭിനയിക്കുന്നത് കാണണം. യഥാർഥത്തിൽ മരിക്കുകയാണെന്ന് നമ്മൾ വിചാരിക്കും. അത് നോക്കി നിൽക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ആക്ടിങ് ക്വാളിറ്റിയും കപ്പാസിറ്റിയുമാണ്. 

manikandan-drama-45

കഥകളി ആശാനായ കോട്ടയ്ക്കൽ ശിവരാമൻ. കർണശപഥത്തിൽ കുന്തി എന്ന കഥാപാത്രത്തെ  അദ്ദേഹം അവതരിപ്പിക്കുന്നത് കാണേണ്ട കാഴ്ചയാണ്. അസാധ്യം എന്നു പറഞ്ഞാൽ അസാധ്യം. കുന്തി എവിടെ നോക്കണം, കുന്തിയുടെ കൈ പോകുന്നിടത്ത് കണ്ണെത്തണം അത്ര പെർഫെക്റ്റാണ്. എങ്ങനെയാണോ ഒരു സ്ത്രീയുടെ മാനസിക വ്യാപാരങ്ങൾ... മനസ്സിലെ ചിന്തകൾ... ഇതൊക്കെ മുഖത്തു വന്ന് മിന്നിമറഞ്ഞു പോവുക. ഒട്ടും അതിശയോക്തിയോ എക്സാജറേഷനോ കൂടാതെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുമറിയാത്ത എന്നെ അതിനകത്തേക്ക് വലിച്ചടുപ്പിച്ചുവെന്നുപറയുന്നത് അദ്ദേഹത്തിന്റെ അഭിനയത്തിലുള്ള സ്വാഭാവികതയാണ്. കഥകളി, നാടകം, സിനിമ, സീരിയൽ എല്ലായിടത്തും അഭിനയം ഒന്നുതന്നെയാണ്. ഓരോ രീതിക്കനുസരിച്ച് ചെറിയ പാകപ്പെടുത്തൽ വേണമെന്ന് മാത്രമേയുള്ളൂ. എല്ലാത്തിന്റെയും അടിസ്ഥാനം മനസ്സ് തന്നെയാണ്. മനസ്സുകൊണ്ട് ഒരുങ്ങണം. എന്തും മനസ്സിൽ നിന്നാണല്ലോ വരേണ്ടത്. എന്നാൽ മാത്രമേ മുന്നിലിരിക്കുന്ന പ്രേക്ഷകർക്ക് സത്യസന്ധമാണെന്ന് തോന്നൂ. ഏത് ആർട്ട്‌ ഫോമിലായാലും അത് വേണം.

കലാകാരൻ എന്ന നിലയിൽ കൂടുതൽ അംഗീകരിക്കപ്പെട്ടത് എവിടെയാണ്?

ആക്ടിങ്ങിൽ തന്നെയാണ്. മികച്ച നടനുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. ഒരു നടന്റേതായ ആകാരമോ സൗന്ദര്യമോ എനിക്കില്ലെന്നാണ് ഞാൻ വിചാരിക്കുന്നത്. അതൊരു പോരായ്മയാണ്. കുറച്ചുകൂടി ഉയരം ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്നു പണ്ട് ആരൊക്കെയോ എന്നോടു പറഞ്ഞിട്ടുണ്ട്. എനിക്കു ചിരി വന്നു. അപ്പോൾ ആള് മാറിപ്പോവില്ലേ. അത്തരം വർത്തമാനങ്ങളൊന്നും എന്നെ ബാധിച്ചിട്ടേയില്ല.

manikandan-movies

എഴുത്തുകാരനായി, അഭിനേതാവായി, സംവിധായകനിലേക്കുള്ള ദൂരം കുറഞ്ഞോ?

സിനിമ മാത്രമല്ല നാടകവും സംവിധാനം ചെയ്യണമെന്ന് മോഹമുണ്ടായിരുന്നു. പക്ഷേ നമ്മൾ ലോക്ക് ചെയ്തു കിടക്കുന്നത് അഭിനയം എന്ന സംഗതിയിലായതുകൊണ്ട് അവിടെത്തന്നെ നിൽക്കുകയാണ്. ഭാവിയിൽ ചിലപ്പോൾ സംഭവിക്കുമായിരിക്കും. 

അഭിനയ ജീവിതത്തിൽ ഏറ്റവും വേദന തോന്നിയ നിമിഷം ഏതാണ്?

കോഴിക്കോട് ഒരു സിനിമയിൽ ഞാൻ അഭിനയിക്കാൻ പോയി. അതിന്റെ തിരക്കഥാകൃത്ത് പ്രസിദ്ധനായ ഒരാളാണ്. പേരു പറയുന്നില്ല. തലേദിവസം രാത്രി ഞാൻ കോഴിക്കോട്ട് എത്തി മെഡിക്കൽ കോളജിനടുത്തുള്ള ഒരു ഹോട്ടലിൽ താമസിച്ചു. രാവിലെ ലൊക്കേഷനിലെത്തി മേക്കപ്പ് ചെയ്തു കോസ്റ്റ്യൂമൊക്കെയിട്ട് റെഡിയായി നിൽക്കുമ്പോൾ എനിക്ക് സീൻ പറഞ്ഞു തരാൻ വേണ്ടി അസിസ്റ്റന്റ് ഡയറക്ടർ വന്നു. ഞാൻ ആ സീൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ തൊട്ടപ്പുറത്ത് തിരക്കഥാകൃത്തിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. എന്നെ കണ്ട് പുള്ളി അവിടെ ഇരുന്നു വിളിച്ചു ചോദിക്കുകയാണ്, ആരാണ് ഈ മണികണ്ഠൻ. അദ്ദേഹത്തിന് എന്നെ അറിയാം. ഞാൻ രാവിലെ വിഷ് ചെയ്തതാണ്. അറിയാത്ത മാതിരി ചോദിക്കുകയാണ്. ‘ഞാനാണ് സാർ മണികണ്ഠൻ’ എന്ന് പറഞ്ഞ് പുള്ളി ഭക്ഷണം കഴിക്കുന്നിടത്തേക്കു ചെന്നു. 

ഇയാൾ എപ്പോൾ വന്നു? 

ഇന്നലെ വന്നു സാർ. മെഡിക്കൽ കോളജിന്റെ അടുത്തുള്ള ഹോട്ടലിലാണ് താമസം. രാവിലെ ഞാൻ സാറിനെ കണ്ട് വിഷ് ചെയ്തിരുന്നു. 

താൻ എന്നെ കണ്ടൊന്നുമില്ല. ഞാനാണ് ഈ പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ. നിങ്ങൾ പുതിയതായി വരുന്ന ആളുകൾക്ക് ഇത്ര അഹങ്കാരം പാടില്ല. മമ്മൂട്ടിയും മോഹൻലാലും ദിലീപുമൊക്കെ അഹങ്കാരം കാണിച്ചാൽ ഞങ്ങൾ ക്ഷമിച്ചെന്നിരിക്കും. പക്ഷേ നിങ്ങളെപ്പോലുള്ള പുതിയ ആളുകൾ അഹങ്കാരം കാണിച്ചാൽ ഞങ്ങളെപ്പോലുള്ളവർക്ക് ക്ഷമിക്കേണ്ട കാര്യമില്ലടോ... എന്നൊക്കെ പറഞ്ഞു പുള്ളി തട്ടിക്കേറാൻ തുടങ്ങി. എന്നിട്ട് അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ചു, ഇവന് ഞാൻ സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കാം. ഞാൻ പറഞ്ഞു കൊടുത്തിട്ട് ഇവൻ അഭിനയിക്കുകയാണെങ്കിൽ എന്റെ പടത്തിൽ അഭിനയിച്ചാൽ മതി. അല്ലെങ്കിൽ ഇവൻ അഭിനയിക്കേണ്ട. താൻ സ്ക്രിപ്റ്റ് അവിടെ വച്ചിട്ട് പൊയ്ക്കോ.

അസിസ്റ്റന്റ് ഡയറക്ടർ സ്ക്രിപ്റ്റ് അവിടെ വച്ച് വേറെ വഴിക്ക് പോയി. തിരക്കഥാകൃത്ത് ഭക്ഷണം കഴിച്ച്  കൈയൊക്കെ കഴുകി എന്നെ തെറിപറഞ്ഞു കൊണ്ടാണ് വരുന്നത്. ‘ഓരോ മറ്റവമ്മാര്‍ സിനിമയിൽ അഭിനയിക്കാനെന്നു പറഞ്ഞു വരും. കൊഞ്ഞാണമ്മാര്’... എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കേട്ട് ആള് കൂടി. ആൾക്കൂട്ടമുള്ള വലിയൊരു സീനാണ് അവിടെ അപ്പോൾ ചിത്രീകരിക്കുന്നത്. എനിക്കൊരു ടിവി റിപ്പോർട്ടറുടെ വേഷമാണ്. എന്തോ പ്രശ്നം നടക്കുന്നു. അതിനിടയിൽ ഞാൻ ചെന്ന് ചോദ്യങ്ങൾ ചോദിക്കുന്നു. അങ്ങനെ എന്തൊക്കെയാോ ആണ്. ഒരു ചെറിയ സംഭവം. അത് ചെയ്താൽ എനിക്കൊരു 10,000 രൂപ കിട്ടിയേക്കും. അതാണു ഞാൻ വിചാരിച്ചത്. ആ പൈസ കിട്ടിയാൽ കുടുംബത്തിൽ എന്തെങ്കിലും ചെറിയ കാര്യം നടക്കുമല്ലോ. അത്രേയുള്ളൂ. ആ ഒരു സംഗതി ഇയാൾ ഇല്ലാണ്ടാക്കി. 

തലയിൽ കയറാനൊക്കെ നമ്മൾ സമ്മതിക്കും. അതിനു മുകളിൽ കയറിയിരുന്ന് അപ്പിയിടാൻ സമ്മതിക്കില്ല. ഞാൻ നേരേ പോയി മേക്കപ്പ് അഴിച്ചു ഡ്രസ്സ്‌ ഊരി കൊടുത്തിട്ട് പുറത്തിറങ്ങി. ഡയറക്ടർ അപ്പോൾ പുറത്ത് ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തോട് പറഞ്ഞു, ചേട്ടാ ഞാൻ പോവുകയാണ്. ഈ സിനിമയിൽ അഭിനയിക്കുന്നില്ല. എന്താ കാരണം... നിങ്ങളുടെ തിരക്കഥാകൃത്തിനെ ഞാൻ ചെന്ന് പരിചയപ്പെട്ടില്ലെന്ന് പറഞ്ഞു ഭയങ്കര ചീത്ത വിളിയാണ്. അങ്ങേരുടെ ചീത്ത വിളി കേട്ട് അഭിനയിക്കാൻ എനിക്ക് അറിയില്ല. ഞാൻ പോകുന്നു. അപ്പോഴേക്കും തിരക്കഥാകൃത്ത് ഓടി വന്നു. ഒന്നുമറിയാത്തതുപോലെ എന്താ എന്താ കാര്യം. ഒന്നുമില്ല സാറേ ഞാൻ പോവുകയാണ്. എനിക്ക് അഭിനയിക്കാൻ പറ്റില്ല. നിങ്ങളുടെ ചീത്ത വിളി കേട്ട് അഭിനയിക്കാനൊന്നും ഞാൻ പഠിച്ചിട്ടില്ല. നിങ്ങൾ വേറെ ആളെ നോക്കെന്നു പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു. 

manikandan-pattambi

അങ്ങേര് വേറെ ആർക്കോ ഈ വേഷം കൊടുക്കാമെന്നു പറഞ്ഞ് അയാളുടെ കയ്യിൽനിന്ന് കള്ളു വാങ്ങി കുടിച്ചിട്ടാണ് കസർത്തു മുഴുവനും നടത്തിയത്. അത് എനിക്ക് ഇപ്പോഴും ഭയങ്കര വേദന ഉണ്ടാക്കിയ കാര്യമാണ്. വേഷം പോയി എന്നുള്ളതല്ല. പുതുതായി വരുന്ന ഒരാളോട് എഴുത്തുകാരനായ ഒരു മനുഷ്യൻ പെരുമാറിയ രീതിയാണ് എനിക്ക് വിഷമം ഉണ്ടാക്കിയത്. എഴുത്തുകാര്‍ മനുഷ്യമനസ്സിനെ ഉള്ളം കൈയിലെടുത്ത് അമ്മാനമാടുന്ന ആളുകളല്ലേ. പുതിയ ആളുകളോടുള്ള പഴയ ആളുകളുടെ സമീപനം ഇങ്ങനെയാണ്. ഞാൻ പുതിയ ആളല്ലെന്ന് അങ്ങേർക്ക് നന്നായിട്ടറിയാം. എന്നിട്ടാണ് ഈ നമ്പർ ഇറക്കിയത്. അവൻ, ഇവൻ എന്നൊക്കെ വിളിച്ചു വളരെ മോശമായ വാക്കുകളാണ് ഉപയോഗിച്ചത്. അതൊന്നും പുറത്ത് പറയാൻകൊള്ളില്ല. അയാളോട് ഞാൻ ഒന്നും പറഞ്ഞില്ല. ആ സിനിമയിൽ അഭിനയിക്കുന്ന നായകൻ കഴിഞ്ഞാൽ പിന്നെ വലിയ ആൾ മൂപ്പരാണ്. അതും കഴിഞ്ഞേ സംവിധായകൻ വരുന്നുള്ളൂ. അപ്പോൾ അയാളോടു തർക്കിക്കാൻ പോയാൽ ഞാൻ കുറ്റക്കാരനായി മാറും. ആ മനുഷ്യൻ തെറിവിളിച്ചു പ്രശ്നമുണ്ടാക്കിയിട്ട് ഒരാള് പോലും ഇടപെട്ടില്ല. കാരണം അയാൾ ആ ലൊക്കേഷനിലെ രണ്ടാമനാണ്. വലിയ ആളാണ്. അയാളുടെ ആ വലുപ്പം നമ്മളെപ്പോലുള്ള ചെറിയ ആളുകളോട് കാണിക്കണമല്ലോ.

manikandan-pattambi-3

പുതിയ സിനിമകൾ ഏതൊക്കെയാണ്?

ഫ്രൈഡേ ഫിലിംസിന്റെ പടത്തിൽ ഉണ്ട്. പിന്നെ പ്രിയദർശൻ സാറിന്റെ ഫിലിം. കുറച്ച് സിനിമകൾ വന്നു തുടങ്ങിയിട്ടുണ്ട്. നമ്മളായിട്ട് ഇതുവരെ മാറിനിൽക്കുകയായിരുന്നല്ലോ. ഇനി അങ്ങനെ ആവില്ല. ഇപ്പോൾ ആളുകൾക്ക് അത്യാവശ്യം നമ്മളെ അറിയാം. അതുകൊണ്ട് ചെറിയ പ്രതീക്ഷയുണ്ട്.

കുടുംബം? 

ഭാര്യ:ജലജ, മക്കൾ: സാന്ദ്ര, ശ്രേയ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA