കുളമാവ് കാട്ടിൽ 19 ദിവസം; ‘ചുരുളി’യുടെ കഥ പറഞ്ഞ് വിനയ് ഫോർട്ട്

vinay-churuli-chemban
SHARE

ഒന്നിനു പുറകെ ഒന്നായി മൂന്നു ഗംഭീര സിനിമകൾ... മൂന്നിലും ആവർത്തനം തോന്നാത്ത അഭിനയമൂഹൂ.. മൂന്നിലും ആവർത്തനം തോന്നാത്ത അഭിനയമൂഹൂർത്തങ്ങൾ! വിനയ് ഫോർട്ട് സന്തോഷത്തിലാണ്. വലിയ ഇടവേളകളില്ലാതെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്കെത്തുമ്പോൾ നടൻ എന്ന നിലയിൽ വിനയ് ഫോർട്ട് സ്വന്തം ഗ്രാഫ് ഉയർത്തുന്നുണ്ട്. മാലിക്കിലെ ഡേവിഡ്, കനകം കാമിനി കലഹത്തിലെ ജോബി, ഏറ്റവും ഒടുവിൽ ചുരുളിയിലെ ഷാജീവൻ! കരിയറിൽ വഴിത്തിരിവായ പ്രേമത്തിനും കേന്ദ്ര കഥാപാത്രമായെത്തിയ താമശയ്ക്കും ശേഷം സംഭവിച്ച സിനിമകളെക്കുറിച്ചും അവ നൽകിയ അനുഭവങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ കാൻഡിഡ് ടോക്സിൽ വിനയ് ഫോർട്ട് സംസാരിക്കുന്നു.

സ്വപ്നം കണ്ട സിനിമ

എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സിനിമകളാണ് തമാശയും ചുരുളിയും. ഈ രണ്ടിനും കാരണക്കാരൻ ചെമ്പൻ ചേട്ടനാണ്. ലിജോ ചേട്ടനും (ലിജോ ജോസ് പെല്ലിശ്ശേരി) ചെമ്പൻ ചേട്ടനും (ചെമ്പൻ വിനോദ്) സമീർക്കയും (സമീർ താഹിർ) ഷൈജുവും (ഷൈജു ഖാലിദ്) കൂടിയാണ് തമാശ നിർമിച്ചത്. തമാശ കണ്ടതിനുശേഷം ലിജോ ചേട്ടൻ വിളിച്ച് അഭിനന്ദിച്ചു. ഫോൺ വയ്ക്കാൻ നേരം പറഞ്ഞു, ‘നമുക്ക് ഒന്നിച്ച് എന്നെങ്കിലും ഒരു പരിപാടി പിടിക്കാം’ എന്ന്. സത്യത്തിൽ അദ്ദേഹത്തിന്റെ ഒരു സിനിമയിൽ അഭിനയിക്കുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു. സിറ്റി ഓഫ് ഗോഡ് കണ്ടതിനു ശേഷം എപ്പോഴെങ്കിലും ലിജോ ചേട്ടന്റെ സിനിമയിൽ അഭിനയിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. എന്നാൽ, ചുരുളി പോലെ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെടാൻ പോകുന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

ഇത് ഒടിടി വേർഷൻ

ചുരുളി ധാരാളം രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇപ്പോൾ റിലീസ് ആയത് ചലച്ചിത്രമേളയിൽ കണ്ടതല്ല. ഇതു പൂർണമായും മറ്റൊരു കാഴ്ചയാണ്. ലിജോ ചേട്ടന്റെ മനസ്സിലെ പുതിയൊരു എഡിറ്റ്. ഇതൊരു പുതിയ സിനിമ പോലെയിരിക്കും. അല്ലെങ്കിൽ ഇതു വരെ ആരും കാണാത്ത, എക്സ്ക്ലൂസീവായ ഒരു കട്ടാണ് ഒടിടിയിൽ റിലീസ് ആയിരിക്കുന്നത്.

ലൊക്കേഷൻ കാടും കള്ളുഷാപ്പും

19 ദിവസമായിരുന്നു ചുരുളിയുടെ ഷൂട്ട്. അതിൽ 18 ദിവസത്തോളം ഞങ്ങൾ കുളമാവ് കാടിനുള്ളിൽ ഷൂട്ട് ചെയ്തു. ഒരു കള്ളുഷാപ്പാണ് പ്രധാന ലോക്കേഷൻ. അതും അതുമായി ബന്ധപ്പെട്ട കുറച്ചു സ്ഥലങ്ങളും മാത്രമേ ഉള്ളൂ. ലിജോ ചേട്ടന്റെ കാഴ്ചയിലാണ് ഈ സിനിമ വലുതാകുന്നത്. അദ്ദേഹത്തിന്റെ വ്യാഖ്യാനമാണ് ഈ സിനിമ. സർഗാത്മകമായി വളരെ രസകരമായ ഒരു പരിപാടി ആയിരുന്നു. പക്ഷേ, ശാരീരികമായി ഒട്ടും എളുപ്പമായിരുന്നില്ല. കാടിനുള്ളിൽ എപ്പോഴും മഴയായിരുന്നു. ഒരു എട്ടു പത്തു കിലോമീറ്റർ ജീപ്പിൽ ട്രാവൽ ചെയ്തു വേണം ഈ ലോക്കേഷനിൽ എത്താൻ! മറ്റു സിനിമകളിലേതു പോലുള്ള ലക്ഷ്വറി ഒന്നുമില്ല. കാരവനോ ശരിക്കൊന്നു ഇരിക്കാനോ പോലുള്ള സംവിധാനമുണ്ടാകില്ല. പക്ഷേ, അതൊന്നും നമ്മെ ബാധിക്കില്ല. തിരക്കഥയിൽ വായിച്ച കാര്യങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ എങ്ങനെയാണ് ദൃശ്യവത്ക്കരിക്കുന്നതെന്നു കാണുന്നത് വലിയ അനുഭവമായിരുന്നു. 18 ദിവസം പോയത് അറിഞ്ഞില്ല. ദിവസവും രാവിലെ ആറര ആകുമ്പോൾ ഇറങ്ങും, രാത്രി ഒമ്പതരയൊക്കെ ആകുമ്പോൾ തിരിച്ചു വരും. ഇതായിരുന്നു പതിവ്.

churuli-2

തെറി പറയാൻ വേണ്ടി തെറി പറഞ്ഞിട്ടില്ല

രണ്ടു പൊലീസുകാർ മഫ്തിയിൽ ഒരു ക്രിമിനലിനെ അന്വേഷിച്ച് ക്രിമിനലുകൾ മാത്രം താമസിക്കുന്ന മലയോര പ്രദേശത്തേക്ക് പോകുന്നതാണ് സിനിമയുടെ രത്നച്ചുരുക്കം. അവിടെ ക്രിമിനലുകൾ മാത്രമേ താമസിക്കുന്നുള്ളൂ. അവർ സംസാരിക്കുന്ന ഭാഷയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അവർ സഭ്യമായ ഭാഷ ഉപയോഗിക്കുന്നവർ ആയിരിക്കില്ലല്ലോ! എനിക്കു തോന്നുന്നു മലയാള സിനിമാ ചരിത്രത്തിൽ ഇത്രയധികം തെറി ഉപയോഗിച്ചിട്ടുള്ള മറ്റൊരു സിനിമ ഉണ്ടാകില്ലെന്ന്! പക്ഷേ, തെറി പറയാൻ വേണ്ടി തെറി പറഞ്ഞിട്ടില്ല. അത് അങ്ങനെ സംഭവിക്കുന്നതാണ്. അതാണ് അതിന്റെ സൗന്ദര്യം. ഒരു നടൻ എന്ന രീതിയിലും പ്രേക്ഷകൻ എന്ന രീതിയിലും ഞാൻ കാണാൻ ആഗ്രഹിക്കുന്നത് ഏറ്റവും പച്ചയായ, ഒറിജിനലായ 'ചുരുളി' ആണ്. അതാണ് ഒടിടിയിലൂടെ പ്രേക്ഷകർ കാണുന്നത്. ചുരുളിയിൽ ജാഫറിക്ക ചെയ്യുന്നത് ഒരു ഷാപ്പുകാരന്റെ കഥാപാത്രമാണ്. 'Deadly' എന്ന വാക്കാണ് അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ചു പറയാൻ ഏറ്റവും അനുയോജ്യം. ജാഫറിക്ക മാത്രം ഒരു പത്തുനൂറ് തെറി ചുരുങ്ങിയത് പറഞ്ഞിട്ടുണ്ടാകും.

jafar-idukki-churuli

ഞാൻ സംവിധായകന്റെ നടൻ

ഞാൻ അവസാനം ചെയ്ത സിനിമകൾ– മാലിക്, ചുരുളി, കനകം കാമിനി കലഹം– ഈ മൂന്ന് സിനിമകളും അതിഗംഭീര സംവിധായകർക്കൊപ്പമാണ്. തമാശയ്ക്കു ശേഷം ജീവിതത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച മൂന്ന് സിനിമകളാണ് ഇവ. ഞാൻ സിനിമയിൽ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 12 വർഷത്തോളമായി. ഇത്ര മനോഹരമായ മൂന്ന് സിനിമകൾ അടുത്തടുത്ത് ഇതുവരെ ഞാൻ ചെയ്തിട്ടില്ല. കൃത്യമായി ഹോംവർക്ക് ചെയ്താണ് ഞാൻ ഈ കഥാപാത്രങ്ങൾ ചെയ്തത്. കഥാപാത്രത്തിന്റെ ശരീരഭാഷ, സംസാരം, എനർജി ലെവൽ... ഇവയെല്ലാം കൃത്യമായി നോക്കി തയാറെടുപ്പ് നടത്തിയിരുന്നു. കഥാപാത്രം, തിരക്കഥ, സംവിധായകൻ– ഇവ മൂന്നും എക്സൈറ്റ് ചെയ്യിച്ചാൽ, പിന്നെ സ്വാഭാവികമായി അതിൽ പണിയെടുക്കും. ഞാൻ പൂർണമായും സംവിധായകനെ പിന്തുടരുന്ന നടനാണ്. രാജ്യം തന്നെ ഉറ്റുനോക്കുന്ന ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തെപ്പോലെ പാഷനുള്ള ഒരു സംവിധായകനു വേണ്ടി ഏതറ്റം വരെയും നമ്മൾ പോകും. നമ്മുടെ മുമ്പിൽ സിനിമ മാത്രമേയുള്ളൂ. അതാണ് ചുരുളിയിൽ സംഭവിച്ചത്.

vinay-2

ആഗ്രഹിക്കാത്ത പണി ചെയ്തപ്പോൾ

ഞാൻ 2009 ലാണ് ഋതു എന്ന സിനിമയിൽ അഭിനയിക്കുന്നത്. എന്റെ ആദ്യ സിനിമ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ സമയം. സിനിമകളിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി, നമ്മൾ പഠിച്ചതൊന്നുമല്ല ശരിക്കും. കളി നടക്കുന്നത് തട്ടിലാണെന്നു പറയില്ലേ! അപൂർവരാഗം എന്ന സിനിമ കഴിഞ്ഞിരിക്കുന്ന സമയത്താണ് എനിക്ക് ടെലിവിഷനിൽ ഒരു റിയാലിറ്റി ഷോ ചെയ്യാൻ അവസരം ലഭിക്കുന്നത്. അതിൽ അവതാരകനായിട്ടാണ് എന്നെ വിളിച്ചത്. ലാൽ ജോസ് സാറിന്റെ സിനിമയിലേക്ക് നായികമാരെ തിരഞ്ഞെടുക്കുന്ന ഷോ ആയിരുന്നു അത്. ഞാനാണെങ്കിൽ ഒരു ടിവി ഷോ ചെയ്യാൻ കഴിയുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല. എത്രത്തോളം റിയലായിട്ട് കാര്യങ്ങൾ ചെയ്യാം എന്നുള്ള ആലോചനകളും അതുമിതുമൊക്കെ ചെയ്യുന്നതിന്റെ ഇടയിൽ ജീവിക്കാൻ നിവൃത്തിയില്ല. അതായത് ബസ് കാശ് കൂടിയില്ല. അപൂർവരാഗം കഴിഞ്ഞിട്ടും ഇതു തന്നെയാണ് അവസ്ഥ. കാരണം, അഭിനയത്തിന് വലിയ പ്രതിഫലമൊന്നും ലഭിച്ചു തുടങ്ങിയിരുന്നില്ല. എന്റെ സീനിയറായി പഠിച്ചിരുന്ന ഹരി നായർ വഴിയാണ് ടിവിയിൽ അവസരം ലഭിക്കുന്നത്. ഷട്ടറിന്റെ ക്യാമറ ചെയ്തത് ഇദ്ദേഹമായിരുന്നു. അന്ന് ഷട്ടർ സംഭവിച്ചിട്ടില്ല. അതു സംഭവിക്കാനുള്ള കാരണം ഈ ഷോ ആണ്.

vinay-forrt-malik

ടെലിവിഷൻ എന്നത് വേറെ തന്നെയൊരു പ്ലാറ്റ്ഫോമാണ്. ഒരു ഷോ അവതരിപ്പിക്കുമ്പോൾ റിയലിസ്റ്റിക് ആയി ചെയ്തിട്ട് കാര്യമില്ല. അവതാരകൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. അതൊന്നും ആ സമയത്ത് അറിയല്ലല്ലോ! എന്റെ മനസ്സിൽ‌ ഇർഫാൻ ഖാൻ ശൈലിയിലുള്ള അഭിനയമാണ്. അതും വച്ച് ടെലിവിഷൻ ഷോ ചെയ്താൽ ഊഹിക്കാമല്ലോ! ആദ്യം രണ്ട് മൂന്ന് ഷോട്ടൊക്കെ എടുത്തു കഴിഞ്ഞപ്പോൾ മനസ്സിലായി, ഞാൻ ദയനീയ പരാജയം ആണെന്ന്! വമ്പൻ പരാജയമല്ല, ദുരന്തം എന്നൊക്കെ പറയില്ലേ! പക്ഷേ, അവർക്ക് എന്നെ ഒഴിവാക്കാനും കഴിയുമായിരുന്നില്ല. കാരണം, കരാർ ഒപ്പിട്ടിരുന്നു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും എനിക്ക് ഏകദേശം ധാരണ കിട്ടി. ഒരുവിധത്തിൽ ഞാൻ ആ ഷോ പൂർത്തിയാക്കി. വലിയ അനുഭവമായിരുന്നു അത്. ആഗ്രഹിക്കാത്ത ഒരു പണി ചെയ്യാൻ പോയാലുള്ള അവസ്ഥ തിരിച്ചറിയാൻ പറ്റി. ഇത്തരമൊരു അനുഭവം ഭാഗ്യത്തിന് സിനിമകളിൽ നിന്നുണ്ടായിട്ടില്ല.

malik-vinay-3

ക്യാമറ ഒരിക്കലും നുണ പറയില്ല

പരിമിതികളുടെ ഒരു കൂടാണ് ഞാൻ. ഫോർട്ട് കൊച്ചി പൊലൊരു സ്ഥലത്ത്, സാധാരണക്കാരനായ ഒരു അച്ഛന്റെ മകനാണ് ഞാൻ. കാഴ്ചയിൽ സിനിമാനടൻ എന്ന ലുക്കുള്ള ഒരാളല്ല. ഞാനെന്നെത്തന്നെ നോക്കുമ്പോള്‍ ഞാനൊന്നുമല്ല. എനിക്ക് ചെയ്യേണ്ടതോ, സിനിമയിൽ അഭിനയിക്കണം. അതുകൊണ്ടാണ് ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോയത്. ഞാൻ പരിശീലനത്തിൽ വിശ്വസിക്കുന്നു. എന്റെ താൽപര്യം കൊണ്ട് സിനിമയിൽ വന്നതാണ്. ക്യാമറ ഒരിക്കലും നുണ പറയില്ല. നിങ്ങൾക്ക് എത്രത്തോളം പാഷൻ ഉണ്ടെന്നത് നിങ്ങളുടെ മുഖത്ത് കാണാൻ പറ്റും. അതുകൊണ്ടു മാത്രമാണ് എന്നെ പോലുള്ള സാധാരണക്കാരൻ പന്ത്രണ്ട് വർഷമായി മലയാള ചലച്ചിത്രമേഖലയിൽ നിലനിൽക്കുന്നത്. തീർച്ചയായും ഓരോ സംവിധായകനിൽനിന്നും ഞാൻ പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. മാലിക് പോലൊരു സിനിമയ്ക്കു ശേഷം ഞാൻ കുറച്ചുകൂടി ഭേദപ്പെട്ട നടനായിട്ടുണ്ട്. അത് വേറൊരു സ്കൂൾ ആയിരുന്നു.

കാത്തിരിക്കുന്നത് ഗ്രേ ഷേഡുള്ള കഥാപാത്രങ്ങൾ

തമാശ, പ്രേമം എന്ന സിനിമകൾക്കു ശേഷം ഞാൻ ആനുഭവിച്ച ദുരവസ്ഥ എന്താണെന്നു വച്ചാൽ ഞാൻ നന്മയുടെ പ്രതീകമായി. നിങ്ങൾ ചുറ്റുപാടും കാണുന്ന സാധാരണക്കാരന്റെ കോംപ്ലക്സുകൾ അവതരിപ്പിക്കാനാണ് ഏറ്റവും കൂടുതൽ ആളുകൾ എന്നെ അപ്രോച്ച് ചെയ്യുന്നത്. മാലിക്കിലെ ഡേവിഡാണ് ആ പാറ്റേൺ പൊളിക്കുന്നത്. എനിക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്ന് ഡേവിഡ് ആകുന്നതിന് കാരണവും അതാണ്. ഒരു നടനായതിന്റെ സൗഭാഗ്യം അല്ലെങ്കിൽ അനുഗ്രഹം എന്നു പറയുന്നത്, എന്റേതല്ലാത്ത ജീവിതങ്ങൾ ജീവിക്കാൻ പറ്റുമ്പോളാണ്. എന്റേതല്ലാത്ത ഒരു മാനസികാവസ്ഥ, എന്റേതല്ലാത്ത ജീവിതം, എന്റേതല്ലാത്തൊരു കഥ എനിക്ക് ജീവിക്കാൻ പറ്റുമ്പോളാണ് രസം! അതുകൊണ്ട് ഗ്രേ ഷേഡിലുള്ള കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA