കൊട്ടാരക്കരയുടെ മകൾ, സായികുമാറിന്റെ സഹോദരി: ശൈലജ അഭിമുഖം

shailaja-actress
ശൈലജയുടെയും കൃഷ്ണകുമാറിന്റെയും വിവാഹവേളയിൽ സായികുമാർ
SHARE

അഭിനയകല രക്തത്തിൽ അലി‍ഞ്ഞു ചേർന്നതാണെന്നെങ്കിലും ശൈലജ സിനിമയിലേക്കു വരുന്നത് തന്റെ നാൽപ്പത്തി അഞ്ചാം വയസ്സിലാണ്. താൻ അഭിനയിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും ആദർശധീരനായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായരുടെ ഇളയമകൾ, സായികുമാറിന്റെയും ശോഭാ മോഹന്റെയും സഹോദരി– ശൈലജ പക്ഷേ, സിനിമയിലേക്കു ചുവടുവയ്ക്കുന്നത് ആരുടെയും കൈപിടിച്ചില്ല.  ഏതൊരു തുടക്കക്കാരിയെയും പോലെ  ഓഡിഷനിൽ പങ്കെടുത്ത് കഴിവ് തെളിയിച്ചാണ്. അപ്പോൾ  മാത്രമാണ് കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളാണിതെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഉൾപ്പെടെയുള്ളവർ  തിരിച്ചറിഞ്ഞത്. ഉടൻ പുറത്തിറങ്ങുന്ന ദുൽഖർ സൽമാന്റെ ‘സല്യൂട്ട്’, ജോജു ജോർജിന്റെ ‘ഒരു താത്വിക അവലോകനം’ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ശൈലജ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

സിനിമയിലെത്താൻ ഇത്രയും വൈകിയതെന്താണ്

സിനിമ എന്റെ സ്വപ്നങ്ങളിൽ ഇല്ലായിരുന്നു. നന്നായി പഠിക്കണം, ജോലി വാങ്ങണം എന്നതു മാത്രമായിരുന്നു ചിന്ത. പഠിക്കുന്ന സമയത്ത് ഒരു സ്കൂൾ നാടകത്തിൽ പോലും അഭിനയിച്ചിട്ടില്ല.  വീട്ടിൽ എന്തെങ്കിലും ഒരു ചടങ്ങുണ്ടെങ്കിൽ പോലും ക്യാമറയുടെ മുന്നിൽ നിന്നു മാറി നിൽക്കും.ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന സമയത്ത് ഒരു സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിലും ഞാൻ വേണ്ടെന്നു പറഞ്ഞു. സെലിബ്രിറ്റി ലൈഫിനോട് ഒരിക്കലും ഭ്രമം തോന്നിയിട്ടില്ല. ജോലിയായിരുന്നു എന്റെ യഥാർഥ സ്വപ്നം.

ഇത്രയും കാലവും ജോലിത്തിരക്കിൽ തന്നെയായിരുന്നു ഞാൻ. വർഷങ്ങളായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്താണ്. ട്രാവൻകൂർ മെഡിക്കൽ കോളജ്, എസ്‌യുടി സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്ത സമയത്താണ് നടൻ മുകേഷിന്റെ സഹോദരി സന്ധ്യമോഹൻ സീരിയലിലേക്കു ക്ഷണിച്ചത്. അന്നാകരീന എന്ന സീരിയലിൽ ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു. എന്നെക്കൊണ്ടു  കൊണ്ട് പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. ‘അച്ഛന്റെ മോളാണെന്നുള്ള ധൈര്യം പോരേ നിനക്ക്’ എന്ന സന്ധ്യച്ചേച്ചിയുടെ വാക്കുകളാണ് കരുത്തായത്.

അച്ഛനെക്കുറിച്ചുള്ള ഓർമകൾ

ഏറ്റവും ഇളയമകളാണ് ഞാൻ.  ജയശ്രീ,ഗീത,ലൈല, ശോഭ മോഹൻ, കല, സായികുമാർ, ബീന എന്നിവർ മൂത്ത സഹോദരങ്ങൾ. മൂത്ത ചേച്ചിമാരുടെ മക്കളും ഞാനുമൊക്കെ ഏകദേശം ഒരു പ്രായമായതിനാൽ അച്ഛന്റെ കൊച്ചുമകളാണ് ഞാനെന്ന് പലരും കരുതിയിട്ടുണ്ട്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് എത്ര രാത്രി വീട്ടിൽ വന്നാലും മക്കളെയെല്ലാം വിളിച്ചുണർത്തി മിഠായിയും കളിപ്പാട്ടങ്ങളുമെല്ലാം തരുന്നതായിരുന്നു അച്ഛന്റെ രീതി.

വീട്ടിലുണ്ടെങ്കിൽ അച്ഛൻ കൊട്ടാരക്കര ഗണപതിയമ്പലത്തിൽ പതിവായി തൊഴാൻപോകും. അവിടുത്തെ ഉണ്ണിയപ്പം എനിക്കു വലിയ ഇഷ്ടമാണ്. അച്ഛൻ ഉണ്ണിയപ്പം വാങ്ങി വരും. ഞാൻ ഉണരുമ്പോൾത്തന്നെ ഉണ്ണിയപ്പം കാണുന്ന തരത്തിൽ കൊണ്ടുവയ്ക്കുമായിരുന്നെന്ന് അമ്മ പറയാറുണ്ട്.

shailaja-2

എനിക്കു 12 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛൻ രാവിലെ അമ്പലത്തിൽ പോയി വരുമ്പോൾ ഒന്നു വീണതാണ്.  പൂച്ചട്ടിയിൽ തലയിടിച്ചിരുന്നു. പുറമേ പരുക്കൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും കൂടി  എടുത്ത്  അകത്തു കിടത്തി. മറ്റ് അസ്വസ്ഥതകളൊന്നും അച്ഛൻ പറഞ്ഞുമില്ല. അതു കഴിഞ്ഞ് ഞങ്ങളൊക്കെ സ്കൂളിലും പോയിരുന്നു. വൈകുന്നേരമാണ് അച്ഛന് ബുദ്ധിമുട്ടുള്ളതായി ഞങ്ങൾക്കു തോന്നുന്നത്. അച്ഛൻ്റെ കണ്ണുകളൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് ഇന്റേണൽ  ബ്ലീഡിങ് ഉണ്ടെന്ന് അറിഞ്ഞത്. ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ പോയിട്ട് 34 വർഷമായി. ഓർക്കാത്ത ഒരു ദിവസവുമില്ല. ഞാൻ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ അവിടെയെത്തുന്ന പ്രായമായവരെ കാണുമ്പോഴൊക്കെ അചഛനെയോർക്കും. അവരെ സഹായിക്കുമ്പോൾ വലിയൊരു സന്തോഷം മനസ്സിൽ വന്നു നിറയും. ഹോസ്പിറ്റലിലെ ജോലി എനിക്കു മാനസ്സികമായി വലിയ തൃപ്തി നൽകിയിരുന്നു.

അഭിനേതാവെന്ന നിലയിൽ അച്ഛനെ എങ്ങനെ വിലയിരുത്തുന്നു.

അച്ഛന്റ കഥാപാത്രങ്ങൾ നോക്കുകയാണെങ്കിൽ പഴയ കാലമായിട്ടുപോലും അതിൽ അമിതാഭിനയം കാണാൻ സാധിക്കില്ല. ഇന്നത്തെ കാലത്തിനു പോലും യോജിക്കുന്നതാണ് അച്ഛന്റെ അഭിനയം. പിന്നെ അഭിനയത്തോട് ഏറ്റവും ആത്മാർഥത പുലർത്തിയിരുന്ന ആളാണ് അച്ഛൻ. വേലുത്തമ്പി ദളവയുടെ വേഷം അഭിനയിക്കുമ്പോൾ അച്ഛൻ 41 ദിവസം വ്രതമെടുത്തു. മണ്ണടി ക്ഷേത്രത്തിൽ കഞ്ഞിസദ്യ നടത്തി. വേലുത്തമ്പിയുടെ വാളിന്റെ അതേ ഭാരത്തിലും വലിപ്പത്തിലും ഒരു വാൾ  പണിത് ക്ഷേത്രത്തിൽ പൂജിച്ച ശേഷമാണ് സിനിമയിൽ ഉപയോഗിച്ചത്. അത് പിന്നീട് ഞങ്ങളുടെ പൂജാമൂറിയിൽ സൂക്ഷിച്ചിരുന്നു. ചെമ്മീനിൽ അഭിനയിക്കുന്നതിനു മുൻപ് മത്സ്യത്തൊഴിലാളികളോടൊപ്പം താമസിച്ച് അവരുടെ ജീവിതം പഠിച്ചു.

കാട്ടുമൈനയെന്ന സിനിമയിൽ അച്ഛന് വില്ലൻ വേഷമാണ്. അതിൽ ഒരു മൈനയെ കൊല്ലുന്ന സീനുണ്ട്. ഷൂട്ടിങ്ങിന് പാവമൈനയും യഥാർഥ മൈനയുമൊക്കെ ഉപയോഗിച്ചിരുന്നു. മൈനയെ കൊല്ലുന്ന സീനിൽ പാവയെന്നു കരുതി യഥാർഥ മൈനയെ കയ്യിലെടുത്ത് അച്ഛൻ കൊന്നു. അതു മനസ്സിലാക്കിയപ്പോൾ അച്ഛൻ തകർന്നുപോയി.  അത്രത്തോളം സങ്കടപ്പെട്ട് അച്ഛനെ കണ്ടിട്ടില്ലെന്നാണ് ഒപ്പമുള്ളവർ പറഞ്ഞുകേട്ടിട്ടുള്ളത്.

എല്ലാവരെയും സഹായിക്കുന്ന സ്വഭാവമായിരുന്നു അച്ഛന്റേത്. നമുക്ക് താഴെയുള്ളവരെയും ബഹുമാനിക്കാനാണ് അച്ഛൻ പഠിപ്പിച്ചത്. വലിയ ഗുരുഭക്തിയുള്ള ആളായിരുന്നു അച്ഛൻ. അധ്യാപകരെയോ മറ്റോ റോഡിൽ വച്ചു കണ്ടാലും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങും. ഞങ്ങളോടും അങ്ങനെ ചെയ്യാൻ പറയും.

മൈ ഡിയർ കുട്ടിച്ചാത്തൻ പോലെ അച്ഛന്റെ അപൂർവം സിനിമകൾ മാത്രമാണ് ഞാൻ തിയറ്ററിൽ കണ്ടിട്ടുള്ളത്.  അച്ഛനെന്നല്ല,  മലയാളെ സിനിമയിലെ എല്ലാ നടന്മാരും പകരം വയ്ക്കാൻ മറ്റാരുമില്ലാത്ത പ്രതിഭകളാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്റെ ജ്യേഷ്ഠനും അതുപോലെയാണ്– എത്ര വ്യത്യസ്തമായ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്.

ഇപ്പോഴും കൊട്ടാരക്കരയുടെ മകൾ എന്നു പറയുമ്പോൾ എല്ലാവരിൽനിന്നും വലിയ ബഹുമാനമാണ് ലഭിക്കുന്നത്. അച്ഛന്റെ പേര് എന്റെ രക്ഷാകവചമാണ്.

ശൈലജ അഭിനയിക്കുന്നെന്ന് അറിഞ്ഞപ്പോൾ അമ്മ എന്തു പറഞ്ഞു.

പെൺമക്കൾ അഭിനയിക്കുന്നതിൽ അച്ഛനും അമ്മയും പൊതുവേ വലിയ താൽപര്യം കാണിച്ചിരുന്നില്ല. ശോഭച്ചേച്ചി കോളജിൽ പഠിക്കുമ്പോഴാണ് മുകേഷിന്റെ ആദ്യ സിനിമയായ ബലൂണിൽ നായികയാകുന്നത്. ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു അഭിനയം. ആ സിനിയുടെ അണിയറപ്രവർത്തകരെല്ലാം അച്ഛന് അടുത്തറിയാവുന്നവരും ഷൂട്ടിങ് വീടിന് അടുത്ത് ആയതിനാലുമൊക്കെ ചേച്ചിക്ക് വലിയ എതിർപ്പു നേരിടേണ്ടി വന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞപ്പോൾ മോഹൻ ചേട്ടൻ ചേച്ചി അഭിനയിക്കാൻ വലിയ പ്രോത്സാഹനം നൽകി.

ഞങ്ങൾ പെൺമക്കൾ ജോലിക്കു പോകുന്നതിൽപോലും അമ്മ ആദ്യമൊന്നും വലിയ താൽപര്യം പറഞ്ഞിരുന്നില്ല. ഭർത്താവിന്  ഇഷ്ടമാണെങ്കിൽ ജോലിക്കു പോകാം എന്ന നിലപാടായിരുന്നു. പിന്നീട് അതൊക്കെ മാറി. ഞാൻ സീരിയലിൽ അഭിനയിക്കുന്ന സമയത്ത് അമ്മയ്ക്കു നല്ല സുഖമില്ല. ഓർമക്കുറവും ഉണ്ടായിരുന്നു. എങ്കിലും അമ്മയുടെ സമ്മതം വാങ്ങി. അഭിനയിച്ച രംഗങ്ങളൊക്കെ ഫോണിൽ കാണിച്ചുകൊടുത്തപ്പോൾ ചിരിച്ചുകൊണ്ട് കണ്ടു.

shailaja-21

ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത സാധു സ്ത്രീയായിരുന്നു അമ്മ. അച്ഛൻ ഷൂട്ടിങ്ങിനൊക്കെ പോയിക്കഴിഞ്ഞാൽ ചിലപ്പോൾ മാസങ്ങൾ കഴിഞ്ഞാകും വരുന്നത്. ഗൾഫിൽ പോകുന്നതു പോലെയായിരുന്നു പണ്ടത്തെ ഷൂട്ടിങ്ങെന്ന് അമ്മ പറയും.  എല്ലാവരും വളരെ ബഹുമാനത്തോടെയാണ് അമ്മയെ കണ്ടിരുന്നത്. അനാവശ്യമായി ആരെയും ശാസിക്കുക പോലും ചെയ്യുമായിരുന്നില്ല. അമ്മപ്പക്ഷി കുഞ്ഞുങ്ങളെയെന്നപോലെ കരുതലോടെ കൊണ്ടുനടന്നാണ് അമ്മ ഞങ്ങളെ വളർത്തിയത്. അടുത്തിടെയാണ് അമ്മ ഞങ്ങളെ വിട്ടുപോയത്.

സിനിമ ഓഡിഷനിലേക്ക് എത്തിയതെങ്ങനെ

‘ഒരു താത്വിക അവലോകനം’ എന്ന സിനിമയുടെ ഓഡിഷൻ കൊട്ടാരക്കര വച്ചാണ് നടത്തിയത്. എന്റെ ചേച്ചിയുടെ മകളാണ് എനിക്കു വേണ്ടി ആപ്ലിക്കേഷൻ നൽകിയത്. സീരിയിലുകളിൽ അഭിനയിച്ചു തുടങ്ങിയതോടെ അഭിനയം എനിക്കു കംഫർട്ടബിൾ ആയി തോന്നിത്തുടങ്ങിയരുന്നു. അങ്ങനെ താത്വിക അവലോകനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജന്റെ അമ്മയുടെ വേഷമാണ്. നാട്ടിൻപുറത്തുകാരി അമ്മയുടെ റോൾ. സിനിമയുടെ സംവിധായകൻ അഖിൽ മാരാ‍ർ, ജോജു ജോർജ്, സിനിമയുടെ നിർമാതാവ് ഡോ.ഗീവർഗീസ് യോഹന്നാൻ എന്നിവർ വലിയ പിന്തുണയാണ് നൽകിയതെന്ന് ശൈലജ പറയുന്നു.

shailaja-actress-2

അതിനു ശേഷം റോഷൻ ആൻഡ്രൂസ്– ദുൽഖർ സിനിമയായ സല്യൂട്ടിൽ അഭിനയിച്ചു. അവിെടയും ഓഡിഷന് പോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് സിദ്ധി എന്ന സിനിയിലും അഭിനയിച്ചു. മൂന്നു സിനിമകളും റിലീസിനു തയാറെടുക്കുന്നു.  അമ്മ അറിയാതെ , കെ.കെ.രാജീവിന്റെ പ്രണയവർണങ്ങൾ എന്നീ സീരിയലുകളിൽ അഭിനയിക്കുന്നു.

താത്വിക അവലോകനത്തിന്റെ ഫോട്ടോകളിലൂടെയാണ് മോഡലിങ് രംഗത്തും അവസരം ലഭിച്ചത്.  ഇപ്പോൾ മഹാലക്ഷ്മി സിൽക്സിന്റെ ബ്രാന്റ് മോഡലാണ്. ചിന്തു–ഗൗതം വിൻസന്റ് എന്നിവരൊരുക്കിയ ‘മനം അകലെ’ എന്ന ആൽബത്തിൽ ഓർമകൾ നഷ്ടപ്പെട്ട ഒരമ്മയുടെ വേഷം ശൈലജ അവതരിപ്പിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു.

shailaja-2-actress

അഭിനയരംഗത്തെ പ്രതീക്ഷകൾ, ഈ രംഗത്തേക്ക് എത്താൻ വൈകിയെന്ന തോന്നലുണ്ടോ.

ഇപ്പോൾ ആലോചിക്കുമ്പോൾ നേരത്തേ എത്തിയിരുന്നെങ്കിൽ കുറച്ചു നല്ല വേഷങ്ങൾ ചെയ്യാമായിരുന്നു എന്നു തോന്നാറുണ്ട്. എങ്കിലും നിരാശയൊന്നുമില്ല. അമ്മ വേഷങ്ങളിൽ തളയ്ക്കപ്പെടാതെ, വ്യത്യസ്തമായ റോളുകൾ ചെയ്യണമെന്നാണ് ആഗ്രഹം.  അഭിനയരംഗത്ത് അച്ഛനും അണ്ണനും ഉണ്ടാക്കിയ പേരിന് കളങ്കം വരുത്താതെ അഭിനയം തുടരണമെന്നാണ് പ്രാർഥന.

shailaja-family

കുടുംബം

ഭർത്താവും മക്കളുമാണ് അഭിനയ രംഗത്തേക്ക് ഇറങ്ങാൻ ഏറ്റവും പ്രോത്സാഹനം നൽകിയത്. ഭർത്താവ്  കൃഷ്ണകുമാർ. നീലഗീരിസ് ഗ്രൂപ്പിന്റെ റീട്ടെയ്ൽ‌ വിഭാഗം മേധാവിയാണ്. മൂത്തമകൻ ശ്രീചന്ദ് എൻജിനീയറിങ് പൂർത്തിയാക്കി, സ്വകാര്യ ആശുപത്രിയിൽ ഐടി വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇളയമകൻ  സായി കൃഷ്ണ പത്താം ക്ലാസ് വിദ്യാർഥിയാണ്.  സായി സല്യൂട്ടിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA