90 കളിലെ റോറിങ് സുരേഷ്ഗോപിയെ ‘കാവലിൽ’ കാണാം: നിഥിൻ രൺജി പണിക്കർ അഭിമുഖം

nithin
SHARE

ചെറുപ്പത്തിൽ സുരേഷ്ഗോപി എന്ന നടനെ ആരാധിക്കുകയും ഷൂട്ടിങ് സൈറ്റുകളിൽ അദ്ദേഹം അഭിനയിക്കുന്നത് കൗതുകത്തോടെ നോക്കി നിൽക്കുകയും ചെയ്തിട്ടുണ്ട് നിഥിൻ രൺജി പണിക്കർ. ഒടുവിൽ സുരേഷ് ഗോപി നായകനായ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റായി നിഥിൻ സിനിമയിലെത്തി. ഇപ്പോഴിതാ ആ നടനു വേണ്ടി ആക്‌ഷനും കട്ടും പറഞ്ഞിരിക്കുകയാണ് നിഥിൻ. ‘കസബ’യ്ക്കു ശേഷം നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’ നവംബർ 25 ന് തിയറ്ററിലെത്തുന്നു. കോവിഡിനു ശേഷം തിയറ്ററിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം...നിഥിൻ സംസാരിക്കുന്നു..

കോവിഡ് കാലം

കാവലിന്റെ ചിത്രീകരണം കോവിഡിനു മുൻപാണ് ആരംഭിച്ചത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി രണ്ടാം ഷെഡ്യൂൾ ആരംഭിക്കാനിരിക്കെയാണ് കേരളത്തിൽ കോവിഡ് പടർന്നു പിടിക്കുന്നതും ചിത്രീകരണം തടസ്സപ്പെടുന്നതും. എങ്കിലും ആ സമയം കൊണ്ട്, ചിത്രീകരിച്ച ഭാഗങ്ങളുടെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ തീർത്തു വച്ചു.

kaaval-suresh

സിനിമയെക്കുറിച്ച്

ഒരു ആക്‌ഷൻ ചിത്രമെന്നതിലുപരി കുടുംബ പ്രേക്ഷകരെ മുന്നിൽ കണ്ടാണ് ‘കാവൽ’ ഒരുക്കിയിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലായിട്ടാണ് സിനിമയുടെ കഥ നടക്കുന്നത്. നല്ല സിനിമകൾക്ക് എപ്പോഴും പ്രേക്ഷകർക്കിടയിൽ ഒരു ഇടമുണ്ട് എന്നാണ് വിശ്വാസം. അതു തന്നെയാണ് കാവലിനെക്കുറിച്ചുള്ള പ്രതീക്ഷയും.

kaaval-2

രൺജി പണിക്കരും സുരേഷ് ഗോപിയും

അച്ഛന്റെ തിരക്കഥയിൽ സുരേഷ് അങ്കിളിനെ നായകനാക്കി ഒരു സിനിമ ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നതും പ്ലാൻ ചെയ്തിരുന്നതും. എന്നാൽ എന്തുകൊണ്ടോ അത് നീണ്ടുപോയി. ഈ സിനിമയിൽ അച്ഛൻ ചെയ്ത റോൾ മറ്റൊരു താരമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ എഴുത്തിനിടയിലെപ്പോഴോ ആണ് ആ റോൾ അച്ഛൻ ചെയ്താൽ നന്നായിരിക്കും എന്നു തോന്നിയത്. അച്ഛന്റെ ഒട്ടേറെ തിരക്കഥകളിൽ സുരേഷ് അങ്കിൾ അഭിനയിച്ചിട്ടുണ്ടെങ്കിലും അവർ ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. ആ കൗതുകം ചിത്രീകരിക്കുന്ന സമയത്ത് എനിക്കും ഉണ്ടായിരുന്നു. പ്രഫഷനലിയും പഴ്സനലിയും അവർ നല്ല സുഹൃത്തുക്കളായതുകൊണ്ടുതന്നെ അതിന്റെ ഒരു കെമിസ്ട്രി അവർ തമ്മിലുള്ള അഭിനയത്തിലും ഒരുപാട് സഹായിച്ചു.

renji-suresh

തിരിച്ചുവരവ്

‘റോറിങ് സുരേഷ് ഗോപി’യുടെ തിരിച്ചുവരവാണ് ഈ സിനിമയെന്ന അവകാശവാദമൊന്നും ഉന്നയിക്കാൻ ഞാനാളല്ല. അത് സിനിമ കാണുന്ന പ്രേക്ഷകരാണ് പറയേണ്ടത്. 90 കളിലെ സുരേഷ്ഗോപിയെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നാൽ ഇക്കാലയളവിൽ അദ്ദേഹത്തിന്റെ അഭിനയത്തിൽ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ആ മാറ്റത്തിന്റെ തുടർച്ചയാണ് ‘കാവൽ’. പൂർണമായും സിനിമ ആവശ്യപ്പെടുന്ന രീതിയിൽ അദ്ദേഹം പെർഫോം ചെയ്തിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ രണ്ടു കാലഘട്ടങ്ങളിലൂടെ പറയുന്ന കഥയായതുകൊണ്ട് 90 കളിലെ റോറിങ് സുരേഷ്ഗോപിയെയും ഈ സിനിമയിൽ കാണാനാവും.

nithin-renji

മമ്മൂട്ടി, സുരേഷ്ഗോപി

ഇവർ രണ്ടുപേരുടെയും സിനിമയിലുള്ള അനുഭവ പരിചയമാണ് സംവിധായകനെന്ന നിലയിൽ എന്നെ ഏറെ സഹായിച്ചത്. കച്ചവട സിനിമയുടെ സ്വഭാവങ്ങൾ നന്നായി അറിയുന്നവരാണ് ഇവർ രണ്ടുപേരും. അതുകൊണ്ടുതന്നെ നമ്മൾ എഴുതുന്ന പലതും ഷൂട്ടിങ് സൈറ്റുകളിൽ അതിനേക്കാൾ മെച്ചപ്പെടുത്താൻ ഇവരുടെ എക്സ്പീരിയൻസുകൾ ഏറെ സഹായിച്ചിട്ടുണ്ട് .ആദ്യ സിനിമ ഒരിക്കലും മമ്മൂട്ടിയെ പോലൊരു വലിയ നടനെ വച്ച് ചെയ്യാൻ പറ്റുമെന്ന് കരുതിയിരുന്നതല്ല. അത് യാദൃച്ഛികമായി സംഭവിച്ചതാണ്. അദ്ദേഹത്തെപ്പോലൊരു താരത്തെ ലഭിച്ചതുകൊണ്ടാണ് ആ സിനിമ അങ്ങനെയൊരു കാൻവാസിൽ ചിത്രീകരിക്കാൻ പോലും സാധിച്ചത്. സുരേഷ് ഗോപി എനിക്ക് കുറേക്കാലമായി പരിചയമുള്ള, അൽപം കൂടി ക്ലോസ് സർക്കിളിൽ നിന്നുകൊണ്ട് അറിയാവുന്ന ഒരു താരമാണ്. ആ അടുപ്പം അദ്ദേഹത്തെ വച്ച് സിനിമ ചിത്രീകരിക്കുമ്പോൾ ഏറെ സഹായിച്ചു. സിനിമയുടെ എല്ലാ ഘട്ടത്തിലും അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു.

kaaval-days

ഒടിടി സിനിമകൾ

കോവിഡ് കാലം ആളുകളുടെ കാഴ്ചശീലത്തെ മാറ്റിയിട്ടുണ്ട്. തിയറ്ററിലല്ലാതെ പുതിയ സിനിമ കാണുകയെന്നത് അടുത്ത കാലം വരെ നമ്മൾ ചിന്തിക്കാത്ത ഒന്നായിരുന്നു. പക്ഷേ ഒടിടി പ്ലാറ്റ്ഫോം ഇപ്പോൾ സാധാരണക്കാരുടെ ഇടയിൽ പോലും സജീവമായി. എന്നാൽ ഒടിടി കൊണ്ടു മാത്രം ഒരു ഇൻഡസ്ട്രിയെ ചലിപ്പിക്കാനാവില്ല. അതിന് തിയറ്റർ ആവശ്യമാണ്. കാവൽ പൂർണമായും തിയറ്ററിനു വേണ്ടി എഴുതുകയും ആ രീതിയിൽ ചിത്രീകരിക്കുകയും ചെയ്ത സിനിമയാണ്. ഒടിടിക്ക് നൽകാതെ തിയറ്റർ തുറക്കാനായി കാത്തിരുന്നതിന് പ്രധാന കാരണവും അതുതന്നെയാണ്

kaval-one

അണിയറയിൽ

ഹൈറേഞ്ചിന്റെ ഇതുവരെ കാണാത്ത കാഴ്ചകൾ പകർത്തണമെന്ന ആഗ്രഹം എന്നെ എത്തിച്ചത് നിഖിൽ എസ്. പ്രവീൺ എന്ന ക്യാമറാമാനിലാണ്. നിഖിൽ ക്യാമറ ചെയ്ത ഭയാനകം എന്ന സിനിമയിൽ അത്ര പരിചിതമല്ലാത്ത ഒരു കുട്ടനാടൻ കാഴ്ച കണ്ടിരുന്നു. പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കാത്ത ഒരുപാട് ലൊക്കേഷനുകളിൽ കാവൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു കച്ചവട സിനിമ ചെയ്യുകയെന്നത് നിഖിലിനും ഒരു പുതിയ അനുഭവമായിരുന്നു. മനസ്സിൽ തങ്ങി നിൽക്കുന്ന ഈണങ്ങളാണ് രഞ്ജിൻ രാജെന്ന മ്യൂസിക് ഡയറക്ടറിലെത്തിച്ചത്. സിനിമയുടെ നിർണായകമായ മുഹൂർത്തങ്ങളിലാണ് ഈ സിനിമയിൽ ഗാനങ്ങൾ ഉള്ളത്. അതിന് രഞ്ജിനെ പോലൊരു മ്യൂസിക് ഡയറക്ടർ അത്യാവശ്യമായിരുന്നു. കൂടാതെ പശ്ചാത്തല സംഗീതത്തിനും ഈ സിനിമയിൽ ഏറെ പ്രാധാന്യമുണ്ട്. കാവലിന്റെ നിർമാതാവ് ജോബി ജോർജാണ്. എന്റെ ആദ്യ ചിത്രമായ കസബയും അദ്ദേഹം തന്നെയാണ് നിർമിച്ചിരിക്കുന്നത്. കോവിഡിന്റെ പ്രതിസന്ധിയിലും അദ്ദേഹം ഈ സിനിമയോടൊപ്പം നിന്നു. ഒരുപാട് ഓഫറുകൾ വന്നെങ്കിലും ഇത് തിയറ്ററിൽത്തന്നെ റിലീസ് ചെയ്യണമെന്നത് അദ്ദേഹത്തിന്റെയും ആഗ്രഹമായിരുന്നു

കൗതുകം

അച്ഛന്റെ സിനിമകളിൽ അഭിനയിച്ച രാജൻ പി.ദേവ്, രതീഷ് എന്നിവരുടെ മക്കളായ കണ്ണൻ രാജൻ പി.ദേവ്, പത്മരാജ് രതീഷ് എന്നിവർ കാവലിൽ അഭിനയിച്ചിട്ടുണ്ട്. അതുപോലെ, ഞാൻ ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്നു.അദ്ദഹത്തിന്റെ മകൻ ജഗൻ ഇതിൽ എന്റെ അസിസ്റ്റന്റായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA