ADVERTISEMENT

ട്വിസ്റ്റുകളില്ലാത്തൊരു നായകന്റെ കഥ. ഈ പരസ്യവാചകത്തോടെയാണു ‘ജാൻ എ മൻ’ തിയറ്ററുകളിലെത്തിയത്. എന്നാൽ, ചിത്രത്തിൽ മിനിറ്റു വച്ചു ട്വിസ്റ്റുകളുടെ കുത്തൊഴുക്കാണ്. പടം കണ്ടിറങ്ങിയിട്ടും ചിരിനിർത്താനാകാതെ കുഴയുന്ന പ്രേക്ഷകരുടെ കാഴ്ചയാണു തിയറ്ററുകളിൽ. ഏറെക്കാലത്തിനു ശേഷം തിയറ്ററുകളിലേക്കു പ്രേക്ഷകരെയും ഒപ്പം ചിരിയെയും ‘ജാൻ എ മൻ’ മടക്കിയെത്തിച്ചിരിക്കുന്നു. അഭിനേതാവെന്ന നിലയിൽ മലയാളിക്കു ചിരപരിചിതനായ ഗണപതിയുടെ സഹോദരൻ ചിദംബരം ആദ്യമായി സംവിധായകനാകുന്ന ചിത്രമാണു ജാൻ എ മൻ. പ്രധാന വേഷങ്ങളിലൊന്നു കൈകാര്യം ചെയ്യുന്നതിനൊപ്പം തിരക്കഥാകൃത്ത് എന്ന നിലയിലും ഗണപതി ചിത്രത്തിൽ തന്റെ സാന്നിധ്യമറിയിച്ചിരിക്കുന്നു. ചിത്രത്തിന്റെ ജിസിസി റിലീസുമായി ബന്ധപ്പെട്ടുള്ള പ്രചാരണ പരിപാടികൾക്കായി ദുബായിലേക്കു തിരിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു കൊച്ചിയിൽ കണ്ടുമുട്ടുമ്പോൾ ഇരുവരും. ചിത്രത്തിനു മലയാളികൾ നൽകിയ ഗംഭീര സ്വീകരണത്തെപ്പറ്റി ചോദിച്ചപ്പോൾ ഇരുവരുടെയും പ്രതികരണം ഇങ്ങനെ. 

 

ganapathi-faizal

‘ചിത്രം കണ്ടിറങ്ങിയവരെല്ലാം അതിനെപ്പറ്റി ആരോടെങ്കിലും രണ്ടു നല്ലവാക്കു പറയാനും  സമൂഹമാധ്യമങ്ങളിൽ രണ്ടു വരിയെങ്കിലും എഴുതാനും സമയം കണ്ടെത്തുന്നു എന്നതാണ് ഏറെ സന്തോഷം നൽകുന്നത്. കോവിഡ് സൃഷ്ടിച്ച മാനസികാഘാതത്തിൽനിന്നു കരകയറാൻ ചിത്രം സഹായിച്ചുവെന്നു പലരും വിളിച്ചുപറയുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തു. പ്രേക്ഷകരോടു ഞങ്ങളാണു നന്ദി പറയേണ്ടതെങ്കിലും അവർ തിരിച്ചു നന്ദി പറയുന്നു. ‘താങ്ക്യു ജാൻ എ മൻ’ എന്നുള്ള ആയിരക്കണക്കിനു വാട്സാപ്പ് മെസേജുകളാണു ഞങ്ങൾക്കു ലഭിക്കുന്നത്. തിയറ്ററുകളുടെ ഉടമകളും നേരിട്ടു വിളിച്ചു നന്ദി പറയുന്നുണ്ട്. ഒരുമിച്ചിരുന്നു സിനിമ കാണുന്നതിന്റെ സന്തോഷം കോവിഡ് മൂലം ജനങ്ങൾക്ക് എത്രത്തോളം നഷ്ടപ്പെട്ടിരുന്നു എന്നും ഈ വിജയം വരച്ചുകാട്ടുന്നു. ആദ്യ ദിനം തിയറ്ററുകളിലെ തണുപ്പൻ പ്രതികരണം ഞങ്ങൾക്കു കനത്ത ആശങ്കയുണ്ടാക്കി. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ കേവലം മൗത്ത് പബ്ലിസിറ്റി കൊണ്ടുമാത്രം ചിത്രം പിടിച്ചുകയറി. വലിയ സന്തോഷമുണ്ട്. പ്രേക്ഷകർക്കു നന്ദി.’   

    

∙ ഒരുമിച്ചുള്ള ആദ്യ ചിത്രം; ഗണപതി ഇതിലുണ്ടാകും എന്നുറപ്പിച്ചിരുന്നോ? 

chidambaram-asif

 

ഗണപതി: ഇതിനു മുൻപു കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ചിട്ടുണ്ട്. അന്നു രാജീവ് രവിയുടെ അസിസ്റ്റന്റായിരുന്നു ചിദംബരം. ഞാനതിൽ ചെറിയൊരു വേഷം മാത്രമാണു ചെയ്തത്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുക എന്നതു വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. ഇതു മനസ്സിൽവച്ചു ചിദംബരം മുൻപു ചില തിരക്കഥകളും എഴുതിയിട്ടുണ്ട്. അതിൽ പലതിനെപ്പറ്റിയും ഞങ്ങൾ ഒരുമിച്ചിരുന്നു ചർച്ച ചെയ്തിട്ടുമുണ്ട്. എന്നാൽ, ജാൻ എ മൻ ആണ് ആദ്യം സംഭവിച്ചത്. അതു തികച്ചും അപ്രതീക്ഷിതമായിരുന്നു.   

 

ചിദംബരം: ഗണപതി മാത്രമല്ല, ബേസിലും ബാലുവും അർജുനും ഉൾപ്പെടെയുള്ളവരെല്ലാം ഇതിലുണ്ട് എന്നുറപ്പിച്ച ശേഷമാണ് തിരക്കഥയെഴുതിത്തുടങ്ങിയതു തന്നെ. കഴിഞ്ഞ ചിത്രങ്ങളിലെല്ലാം ബേസിൽ വളരെ മികച്ച പ്രകടനമാണ്. ചിത്രത്തിലെ ജോയ്മോനു പൂർണമായും ഇണങ്ങുന്ന ശരീരഘടനയും ലാളിത്യവുമൊക്കെ ബേസിലിൽ കണ്ടെത്താനായി. ബേസിൽ അതു ചെയ്താൽ ജനം അംഗീകരിക്കും എന്ന തോന്നൽ ആദ്യം മുതലുണ്ടായിരുന്നു. എഴുതിത്തുടങ്ങുമ്പോൾ മുതൽ ജോയ്മോനു ബേസിലിന്റെ മുഖമായിരുന്നു. 

ഗണപതി സഹോദരന്‍ ചിദംബരത്തിനൊപ്പം
ഗണപതി സഹോദരന്‍ ചിദംബരത്തിനൊപ്പം

 

∙ തിരക്കഥയെഴുത്തിലെ സാഹോദര്യം?  

 

ഗണപതി: സിനിമയുടെ കഥയെപ്പറ്റി ഞങ്ങൾ രണ്ടു പേർക്കും നല്ല ധാരണയുണ്ടായിരുന്നു. തിരക്കഥാരചനയിൽ സപ്നേഷ് വാരച്ചാലും ഞങ്ങൾക്കൊപ്പം ചേർന്നു. ഒരുമിച്ചിരുന്നെഴുതുന്ന രംഗങ്ങൾ ചിത്രത്തിലെ നടീ നടൻമാരുൾപ്പെടുന്ന സൗഹൃദ സദസ്സിനു മുന്നിൽ വായിച്ചു കേൾപ്പിച്ചു. കോമഡികൾ എല്ലാവർക്കും ഒരുപോലെ വഴങ്ങുന്നുണ്ടോ എന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. മാത്രമല്ല, എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുകയും മികച്ചവ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതു ചിത്രത്തിനു വളരെ ഗുണം ചെയ്തു.

 

ചിദംബരം: ഈ ചിത്രത്തിൽ അങ്ങനെയൊരു കൂട്ടായ്മ ആവശ്യമായിരുന്നു. നാളെ മറ്റൊരു രീതിയിലുള്ള ചിത്രം ചെയ്യുമ്പോൾ അങ്ങനെയൊരു കൂട്ടായ്മ ഗുണം ചെയ്യും എന്നുറപ്പിക്കാനും പറ്റില്ല. 

 

∙ ചിത്രത്തിൽ സഹോദരനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന കന്യാസ്ത്രീ തിയറ്ററിൽ കയ്യടി വാങ്ങുന്നു?  

 

ganapathi-2

ചിദംബരം: സിനിമയിലെ ഏറ്റവും വികാരതീവ്രമായ രംഗങ്ങളിലൊന്നാണത്. അപ്പൻ മരിച്ചു കിടക്കുമ്പോഴായാലും അത്തരത്തിൽ ശാരീരികമായൊരു വികാരപ്രകടനം കന്യാസ്ത്രീകൾക്കു പതിവില്ല. അതുകൊണ്ടുതന്നെ മലയാള സിനിമയിലും ഇന്നോളം അങ്ങനെയൊരു രംഗമില്ല. വാക്കുകൾ അപ്രസ്കതമാകുമ്പോൾ ഒരു ആലിംഗനം ആശ്വാസമാകുകയാണു ചിത്രത്തിൽ. അനൈക്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടെങ്കിലും രക്തം രക്തത്തെ തിരിച്ചറിയുകയും അന്യോന്യം സാന്ത്വനമാവുകയും ചെയ്യുന്നതിനെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ആ രംഗത്തിനായി എന്നാണു തോന്നൽ. പ്രേക്ഷകരുടെ പ്രശംസ അതു തന്നെയാണു തെളിയിക്കുന്നത്.  

 

∙ തിയറ്ററിൽ നിന്നിറങ്ങിയാലും ചിരി കൂടെപ്പോരുന്നു എന്നു പ്രേക്ഷകർ?

 

ചിദംബരം: ആദ്യ ചിത്രം മികച്ച എൻടർടെയ്നർ ആകണം എന്നുറപ്പിച്ചിരുന്നു. ആവർത്തനവിരസമായ രംഗങ്ങൾ ഒഴിവാക്കാനും തമാശയിൽ പുതുമകൾ കൊണ്ടു വരാനും വലിയ ശ്രമം നടത്തി. ചില സിനിമകൾ അവസാനമാകുമ്പോഴേക്കും തളർന്നു പോകും. ഈ പ്രശ്നമോ ലാഗോ ഉണ്ടാകാത്ത രീതിയിൽ സംഭവങ്ങൾ കോർത്തിണക്കി ഒഴുക്കോടെ കഥ പറയാനാണു ശ്രമിച്ചത്. ചിത്രത്തിന്റെ ആദ്യത്തെ പത്തു മിനിറ്റും അവസാനത്തെ പത്തു മിനിറ്റും വളരെ പ്രധാനമാണ്. ഈ സമയത്തുള്ള രംഗങ്ങൾ പ്രേക്ഷകർ മനസ്സിൽ സൂക്ഷിക്കും. ഇതു മനസ്സിൽ വച്ചാണു തിരക്കഥയൊരുക്കിയത്. ചിത്രം കണ്ടിറങ്ങി വീട്ടിലെത്തിയാലും തിയറ്ററിലെ ചിരി കൂടെപ്പോരുന്ന അനുഭവം പ്രേക്ഷകരിൽ പലരും നേരിട്ടു വിളിച്ചു പറഞ്ഞു. ഒരുപാടു കാലത്തിനു ശേഷം തിയറ്ററുകളിലേക്കു ചിരിയെ മടക്കിയെത്തിച്ചതിനു പലരും നന്ദി പറയുന്നു. ചിത്രത്തിന്റെ അവസാന പത്തു മിനിറ്റ് അത്രത്തോളം കോമഡി പാക്ക്ഡും വൈകാരിക തീവ്രവും ആക്കിയതിന്റെ ഫലമാണത്.    

 

∙ തമാശയിൽ പൊതിഞ്ഞ സാമൂഹിക വിമർശനവും ചിത്രത്തിൽ ആവോളം?

 

ചിദംബരം: പ്രേക്ഷകനെ ഒരിക്കലും കുറച്ചുകാണരുത്. അവർക്കു തമാശ മാത്രം മതിയെന്നു ചിന്തിക്കാനേ പാടില്ല. നാം കൊടുക്കുന്നതെന്തും, എത്ര കൊടുത്താലും അവർ സ്വീകരിക്കും. കുട്ടികൾക്കു മധുരമുള്ള മരുന്നു കൊടുക്കും പോലെ തന്നെയാണു ഗൗരവമർഹിക്കുന്ന വിഷയങ്ങൾ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നത്. 

 

ഗണപതി: വളരെ ഗൗരവതരമായ ഒരു വിഷയമാണു ചിത്രത്തിൽ നർമം കലർത്തി അവതരിപ്പിക്കാൻ ശ്രമിച്ചത്. ഒറ്റപ്പെടലിനെ തുടർന്നുള്ള ഡിപ്രഷൻ ഗുരുതരമായൊരു പ്രശ്നമാണ്. പക്ഷേ, അക്കാര്യം വളരെ സീരിയസ് ആയി അവതരിപ്പിച്ചാൽ പ്രേക്ഷകൻ കണ്ടിരിക്കണം എന്നില്ല. സമൂഹത്തിന്റെ രണ്ടു തട്ടിലുള്ള, വ്യത്യസ്ത ജാതികളിലുള്ള 2 പേർ ഒരേ പ്രശ്നം അനുഭവിക്കുകയാണു ചിത്രത്തിൽ. അവർ ഒരുമിച്ചിരുന്നു സംസാരിക്കുമ്പോൾപ്പോലും രണ്ടു പേരും നേരിടുന്നത് ഒരേ പ്രശ്നമാണെന്ന കാര്യം അവർക്കു മനസ്സിലാകുന്നില്ല. ഈ പ്രശ്നങ്ങളെല്ലാം ലളിതമായി പ്രേക്ഷകനിലേക്കെത്തിക്കാൻ നർമം സഹായിച്ചു. ജാതിയുടെയും മതത്തിന്റെയും വേർതിരിവുകളും അതിന്റെ അർഥശൂന്യതയും സ്വന്തം വയറ്റുപിഴപ്പിനുള്ള മാർഗം കണ്ടെത്താൻ വേണ്ടിയുള്ള സാധാരണക്കാരന്റെ വേഷംകെട്ടലുകളുമെല്ലാം ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.  

 

ചിത്രം തുടങ്ങുന്നതു കാനഡയിലാണ്. കൊടുംമഞ്ഞിൽ. ഷൂട്ടിങ് അനുഭവം?

 

ഗണപതി: പ്രതികൂല കാലാവസ്ഥയിലായിരുന്നു ഷൂട്ടിങ്. മൈനസ് 17 ‍ഡിഗ്രി സെൽഷ്യസ് വരെയൊക്കെ താപനില പലപ്പോഴും താഴ്ന്നു. ലെൻസൊക്കെ തണുത്തുറഞ്ഞു പോയ സമയമുണ്ട്. തണുപ്പു കാരണം രാവിലെ 11 മുതൽ ഉച്ചയ്ക്കു 3 വരെയേ ഷൂട്ടിങ് നടക്കൂ. അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസിൽ ആദ്യം ആവേശം മൂത്തു ചാടിയിറങ്ങിയെങ്കിലും പിന്നെപ്പിന്നെ വിളിച്ചിറക്കിയാലും വരില്ല എന്നായി. കുറ്റംപറയാനാകില്ല. നടക്കുമ്പോൾ മുട്ടൊപ്പം മഞ്ഞിലാണ്ടു പോകും. നല്ല ശാരീരികാധ്വാനമുണ്ടെങ്കിലേ നടക്കാനാകൂ. അതിനു സമ്മതിക്കാത്ത രീതിയിൽ എല്ലു വരെ മരവിക്കുന്ന തണുപ്പും. ബേസിലിനെ പരമാവധി കഷ്ടപ്പെടുത്തിയും ചൂഷണം ചെയ്തുമാണു ആദ്യ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. എങ്കിലും, ആ രംഗങ്ങളെപ്പറ്റി ഇനിയും പ്രേക്ഷകരോടു വെളിപ്പെടുത്താത്ത ഒരു സർപ്രൈസ് ഉണ്ട്. അതെന്താണെന്ന് പക്ഷേ ഇപ്പോൾ പറയുന്നില്ല.             

 

∙ ഒരു സൂപ്പർതാര ചിത്രം ചിദംബരത്തിന്റെ മനസ്സിലുണ്ടോ? 

 

ഗണപതി: അതെന്തിനാണു സൂപ്പർതാരങ്ങളെ വച്ചു ചിത്രമെടുക്കുന്നത്. പകരം സ്വന്തം ചിത്രങ്ങളിലൂടെ ഞങ്ങളെയൊക്കെ സൂപ്പർതാരമാക്കിയാൽ പോരേ?

 

ചിദംബരം: വലിയ വലിയ ആഗ്രഹങ്ങൾ തന്നെയാണ്. എല്ലാ സംവിധായകർക്കും അങ്ങനെയുള്ള ആഗ്രഹമുണ്ടാകില്ലേ. രജനികാന്ത്, കമൽഹാസൻ, മമ്മൂക്ക, ലാലേട്ടൻ തുടങ്ങി വലിയ മോഹങ്ങളുണ്ട്. അവർക്കു പറ്റുന്ന കഥകളും അതിനുള്ള സാഹചര്യവുമൊത്തു വരുമ്പോൾ നടക്കും.  

 

∙ കുട്ടിക്കാലത്തേ സിനിമ ഇരുവരുടെയും ഉള്ളിലുണ്ട്?

 

ഗണപതി: നാലാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയക്കു ഡബ് ചെയ്യുമായിരുന്നു. വിനോദയാത്രയിൽ അഭിനയിക്കുമ്പോൾ എന്താണു ചെയ്യുന്നതെന്നു പോലുമറിയില്ല. കുറച്ചു ചിത്രങ്ങൾ കഴിഞ്ഞ ശേഷമാണു സിനിമയെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കാൻ ആരംഭിച്ചത്. 

 

ചിദംബരം: കുട്ടിക്കാലത്തേ ഞാനും  ഡബിങ് ചെയ്തിരുന്നു. ഒട്ടേറെ സീരിയലുകളിൽ ചൈൽഡ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. എതായാലും അതോടെ ഞാൻ അഭിനയം നിർത്തി.   

 

∙ തുടർന്നുള്ള ഏതെങ്കിലുമൊരു ചിത്രത്തിൽ ചിദംബരത്തെ അഭിനേതാവായി പ്രതീക്ഷിക്കാമോ?

 

ചിദംബരം: തൽക്കാലമില്ല. എന്റെ വഴി ഞാൻ തിരഞ്ഞെടുത്തു കഴിഞ്ഞു.

 

ഗണപതി: അഭിനയിക്കാനോ? അതു ഞാൻ സമ്മതിച്ചിട്ടുവേണ്ടേ!    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com