ADVERTISEMENT

വിനീത് ശ്രീനിവാസനാണു നടൻ ആസിഫ് അലിയോടു ‘കുഞ്ഞെൽദോ’യെപ്പറ്റി ആദ്യം പറഞ്ഞത്. താൻ ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറാണെന്നും സംവിധായകൻ മാത്തുക്കുട്ടി വന്നു കഥ പറയുമെന്നും സൂചിപ്പിച്ചു. ഒരു സുഹൃത്തിനൊപ്പമാണു മാത്തുക്കുട്ടി കഥ പറയാനെത്തിയത്. കേട്ടു തുടങ്ങിയപ്പോൾത്തന്നെ കുഞ്ഞെൽദോ ആസിഫിന്റെ മനസ്സിൽക്കയറി. കരുത്തുള്ള മനോഹരമായ സ്ക്രിപ്റ്റ്. ഒപ്പമെത്തിയ സുഹൃത്താകട്ടെ മാത്തുക്കുട്ടി കഥ പറഞ്ഞു തീരുവോളം ശ്രദ്ധയോടെ എല്ലാം കേട്ടു മിണ്ടാതിരിക്കയാണ്. ഒടുവിൽ ‘ഈ ചിത്രം നമ്മൾ ചെയ്യുന്നു’ എന്നുറപ്പു നൽകി പിരിയും നേരം, സുഹൃത്തിനു നേരെ വിരൽ ചൂണ്ടി മാത്തുക്കുട്ടി ഒരു രഹസ്യത്തിന്റെ ചെപ്പു തുറന്നു. ‘ഇതാണു യഥാർഥ കുഞ്ഞെൽദോ. ഈ ജീവിതമാണ് എന്റെ തിരക്കഥ!’ ആസിഫ് ഞെട്ടി. പിന്നെ വിസ്മയമായി.     

 

‘സിനിമാറ്റിക് ആയി കഥ പറയുമ്പോൾ ഭാവന ഉപയോഗിക്കാം. എന്നാൽ ഒരാളുടെ ജീവിതത്തിലെ യഥാർഥ അനുഭവങ്ങൾ പറയുമ്പോൾ അതു പറ്റില്ല. അതേസമയം, കുഞ്ഞെൽദോ ഒരു ബയോപിക് അല്ലതാനും. മാത്തുക്കുട്ടിയുടെ കസിനും സഹപാഠിയുമാണു കഥാനായകൻ. അവർ ആലുവ യുസി കോളജിൽ പഠിച്ചപ്പോഴുള്ള സംഭവമാണ് ഈ സിനിമ. സംവിധായകനാകണം എന്ന ആഗ്രഹം ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്നയാളാണു മാത്തുക്കുട്ടി. ആദ്യമായി സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ തനിക്കേറ്റവും അറിയാവുന്നൊരു കഥ തന്നെ തിരഞ്ഞെടുത്തു. യുസി കോളജിൽത്തന്നെയായിരുന്നു സിനിമയിലെ ക്യാംപസ് രംഗങ്ങൾ ഷൂട്ട് ചെയ്തത്. യഥാർഥത്തിൽ ആ സംഭവങ്ങൾ നടന്ന സ്ഥലങ്ങളിൽ  വച്ചുതന്നെയായിരുന്നു ഏറെയും ഷൂട്ട്. അതുകൊണ്ടു തന്നെ ഓരോ സീനും എങ്ങനെ വേണമെന്നു സംവിധായകനു നല്ല നിശ്ചയമുണ്ടായിരുന്നു. ക്യാംപസ് സിനിമയെന്ന മട്ടിലാണു തുടങ്ങുന്നതെങ്കിലും ഇതൊരു ഫാമിലി ഡ്രാമയാണ്.’ തിയറ്ററുകളിലെത്തിയ കുഞ്ഞെൽദോയെപ്പറ്റി ആസിഫ് മനോരമയോടു മനസ്സു തുറന്നു.                      

 

∙ മറ്റൊരു യുവതാരം ചെയ്യാനിരുന്ന സിനിമയാണു കുഞ്ഞെൽദോ. അദ്ദേഹം പിൻമാറിയ ശേഷം ഏറ്റെടുക്കുമ്പോൾ ചെറിയ ഈഗോ തോന്നിയോ?

 

kunjeldho-movie

ഇല്ല, കഥയും സിനിമയ്ക്കു പിന്നിലെ കൂട്ടുകെട്ടും ഒക്കെ എനിക്ക്  വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്തു തന്നെയായാലും ഈ സിനിമ ഞാൻ ചെയ്യും എന്നുറപ്പിച്ചിരുന്നു. ആദ്യം നിശ്ചയിച്ച നടീനടൻമാരെ ഒഴിവാക്കി മറ്റുള്ളവരെ വച്ചു പൂർത്തിയാക്കിയ എത്രയോ ചിത്രങ്ങളുണ്ട്. സംവിധായകൻ ലാൽ എന്നോടു പറഞ്ഞിട്ടുണ്ട്, ഇൻ ഹരിഹർ നഗറിലെ ‘അപ്പുക്കുട്ടൻ’ എന്ന കഥാപാത്രത്തിനായി ആദ്യം കണ്ടെത്തിയതു ജഗദീഷ് ചേട്ടനെ അല്ലായിരുന്നെന്ന്. ഇന്നു നമുക്ക് ചിന്തിക്കാൻ പറ്റുമോ, മറ്റൊരു നടനെ ആ സ്ഥാനത്ത്? ഇതെല്ലാം ഒരു നിയോഗമാണ്. എനിക്കു വേണ്ടി എഴുതപ്പെട്ടതാകാം ഈ ചിത്രം, അത് എന്നിലേക്കെത്താൻ വൈകിയെന്നേയുള്ളൂ.

 

∙ സിനിമയിൽ പത്തൊൻപതുകാരനായി?  

 

സിനിമ ഞാൻ ചെയ്യാം എന്നു സമ്മതിച്ച ശേഷമാണ് സംവിധായകൻ ‘ഇങ്ങനെയൊരു ചതി’ അതിൽ ഒളിപ്പിച്ചിട്ടുണ്ടെന്നു തിരിച്ചറിഞ്ഞത്.  ഞാൻ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണപ്പോൾ. അതിനു കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ ‘കുഞ്ഞെൽദോ’ തുടങ്ങാം എന്നായിരുന്നു ധാരണ. ‘കെട്ട്യോളാണ് എന്റെ മാലാഖയിൽ’ എന്നേക്കാൾ പ്രായമുള്ള ആളായി അഭിനയിച്ചിട്ട് ഉടൻ തന്നെ എന്നേക്കാൾ പ്രായം കുറഞ്ഞ കോളജ് കുമാരനായി അഭിനയിക്കുക എന്നതു വെല്ലുവിളി തന്നെയായിരുന്നു. ശരീരഭാഷ തന്നെ രണ്ടും രണ്ടു തരത്തിൽ. എന്നാൽ, അഭിനേതാവ് എന്ന രീതിയിൽ വെല്ലുവിളികൾ ഏറ്റെടുത്തു വിജയിപ്പിക്കുമ്പോഴാണ് ഏറ്റവും സന്തോഷം ലഭിക്കുക.

kunjeldho-asif

 

∙ ‘എല്ലാം ശരിയാകും’: എന്തെങ്കിലും ശരിയാകാതെ പോയോ?

    

ആ ചിത്രം തിയറ്ററുകളിലെത്തേണ്ട ഒരു സമയമുണ്ടായിരുന്നു. കോവിഡ് മൂലം ആ സമയത്ത് റിലീസ് നടന്നില്ല. കോവിഡ് കാലം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാക്കിയ ഒരു വ്യത്യാസം വളരെ വലുതാണ്. തിയറ്ററുകളിൽനിന്ന് ജനം ഒടിടികളിലേക്ക് ഒതുങ്ങി. വെബ്സീരീസുകൾക്ക് പലരും അടിപ്പെട്ടു. പ്രേക്ഷകന്റെ അഭിരുചി മാറിയതോടെ കേരള രാഷ്ട്രീയം പറയുന്ന ആ ചിത്രം ആസ്വദിക്കാൻ ആളു കുറഞ്ഞു.

 

∙ സ്വന്തം സിനിമകൾ ഇറങ്ങുമ്പോൾ ആസിഫ് സമൂഹമാധ്യമങ്ങളിൽ  സജീവമാകും. അതു കഴിഞ്ഞാൽ ആളെക്കാണില്ല. എല്ലാ താരങ്ങളും 24X7 സ്വന്തം സമൂഹമാധ്യമ സാന്നിധ്യം വർധിപ്പിക്കാൻ വലിയ ശ്രമങ്ങൾ നടത്തുമ്പോൾ ആ വഴിയിൽനിന്നു മാറി നടക്കാൻ കാരണം?     

 

എനിക്ക് ആ മേഖല കുറച്ചു പ്രശ്നമാണ്. ഫോൺ ഉപയോഗം തന്നെ വളരെ കുറവാണ്. ഷൂട്ടിനു കയറിയാൽപ്പിന്നെ ഫോൺ തൊടാറേ ഇല്ല. ആ സമയത്തു ശ്രദ്ധ വ്യതിചലിക്കുന്നത് എനിക്കിഷ്ടമല്ല. സമൂഹമാധ്യമങ്ങളെ വേണ്ട വിധത്തിൽ ഉപയോഗിക്കാനാകാത്തതു വലിയൊരു പോരായ്മയാണ്. എനിക്കതറിയാം. പക്ഷേ, ഇതു വരെ എന്റെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ ചുമതല ആരെയും ഏൽപിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഞാൻ തന്നെയാണവ കൈകാര്യം ചെയ്യുന്നത്.  

 

∙ ഒട്ടേറെ പുതുമുഖ തിരക്കഥാകൃത്തുക്കളും സംവിധായകരും ആസിഫിനെ കണ്ടു കഥ പറയാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഫോണിൽ കിട്ടുന്നില്ലെന്നു പരാതിയുണ്ട്

 

എന്നെ അവർ നേരിട്ടു വന്നു കഥ പറയുന്നതാണ് എനിക്കിഷ്ടം. എന്റെ ലൊക്കേഷനുകളിൽ വന്നു കണ്ടു പറഞ്ഞ കഥകളാണു ഞാൻ തിരഞ്ഞെടുത്തവയിൽ ഏറെയും. ഫോണിൽ കഥ കേൾക്കാറില്ല. പുതുമുഖ സംവിധായകർക്കു ഞാൻ വച്ചിട്ടുള്ള ചില മാനദണ്ഡങ്ങളുണ്ട്. അദ്ദേഹം എന്നോടൊപ്പം ഏതെങ്കിലും ചിത്രങ്ങളിൽ വർക്ക് ചെയ്തിട്ടുള്ളയാളാകണം. അതല്ലെങ്കിൽ ഏതെങ്കിലും സിനിമയുടെ അസോഷ്യേറ്റ് ഡയറക്ടറായി പ്രതിഭ തെളിയിച്ചിരിക്കണം. നന്നായി കഥ പറയാൻ പലർക്കുമാകും. എന്നാൽ, സാങ്കേതികമായി സിനിമ അറിയണം എന്നില്ല. ഷൂട്ട് തുടങ്ങും മുൻപു മാത്രം ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാനിടയായാൽ വലിയ പ്രതിസന്ധിയാകും. അത്തരം അനുഭവങ്ങൾ എനിക്കുണ്ട്.

 

∙ യുവതാരങ്ങളെല്ലാം അവരുടെ താരപദവി ഉറപ്പിക്കാനുള്ള മാസ് ചിത്രങ്ങളിൽ ശ്രദ്ധ ചെലുത്തുകയാണിപ്പോൾ. അവിടെയും ആസിഫ് വഴിമാറി നടക്കുന്നു?

 

ശരിയാണ്. വലിയ ഹീറോയിസം ഉള്ള കഥാപാത്രങ്ങളല്ല ഞാൻ കൂടുതലും തിരഞ്ഞെടുത്തതും എന്നെ തേടിയെത്തിയതും. ‘ഉയരെ’യിലെ ‘ഗോവിന്ദ്’ പോലെ എന്നെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളാണു കൂടുതലും എന്നിലേക്കെത്തിയത്. അത്തരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ എനിക്കു സംതൃപ്തി നൽകി. ഹീറോയിസം ഉള്ള കഥാപാത്രങ്ങൾ എനിക്കു താൽപര്യമില്ലാഞ്ഞിട്ടല്ല. പക്ഷേ, ആ ശ്രേണിയിൽ എനിക്കു മുൻപിലെത്തിയ തിരക്കഥകളൊന്നും എനിക്കു പൂർണതൃപ്തി നൽകിയില്ല.

 

∙ പുതിയ പ്രോജക്ടുകൾ? 

 

 രാജീവ് രവിക്കൊപ്പമുള്ള കുറ്റവും ശിക്ഷയുമാണ് ഇനി പുറത്തിറങ്ങാനുള്ളത്. പൊലീസ് സ്റ്റോറിയാണ്. സിബി മലയിൽ ചിത്രമായ ‘കൊത്ത്’ ഷൂട്ടിങ് കഴിഞ്ഞു. ജിസ് ജോയിയുടെ ചിത്രം ചെയ്തു കൊണ്ടിരിക്കുന്നു. എബ്രിഡ് ഷൈൻ ചിത്രമായ മഹാവീര്യറിൽ നിവിനൊപ്പം അഭിനയിക്കുന്നുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com