ADVERTISEMENT

തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേളയിൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം വാങ്ങാൻ സ്റ്റേജിലെത്തിയതൊരു ഒന്നരവയസ്സുകാരനാണ്. മുഖ്യമന്ത്രിയുടെ കയ്യിലെ അവാർഡ് ശിൽപത്തിൽ പിടിത്തമിട്ട കൃസൃതിക്കുട്ടനെ അദ്ദേഹം തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. അവാർഡ് വേദിയിലേക്ക് കൈക്കുഞ്ഞുമായെത്തിയ ധന്യ ബാലകൃഷ്ണന് അതു സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷങ്ങളായി. 

 

സംവിധായകൻ മഹേഷ് നാരായൺ വിളിച്ചനാൾ മുതൽ ‘മാലികി’നു വേണ്ടിയുള്ള ചിന്തകൾ ഹൃദയത്തിലും ഒപ്പം ‘കിച്ചപ്പനെ’ ഗർഭത്തിലും ചേർത്തുവച്ചുള്ള യാത്രയിലായിരുന്നു ധന്യ. ഹിന്ദി വെബ് സീരിന്റെ വസ്ത്രാലങ്കാര ജോലികൾക്കായി ഹിമാചലിൽ നിൽക്കുമ്പോഴായിരുന്നു നാട്ടിൽ നിന്ന് അവാർഡിന്റെ മധുരവാർത്തയെത്തിയത്. കുഞ്ഞിനെ നോക്കാൻ സ്ത്രീകൾ കരിയർ ബ്രേക്ക് എടുക്കുമ്പോൾ രണ്ടു സ്വപ്നവും ചേർത്തു പിടിച്ചു മുന്നേറുകയാണ് ധന്യ. കരിയറിൽ 25 ചിത്രങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ്, ‘മാലിക്കി’ന്റെ മികവുറ്റ വസ്ത്രാലങ്കാരത്തിനുള്ള അംഗീകാരം തേടിയെത്തിയത്. 

 

∙ ആദ്യത്തെ സംസ്ഥാന പുരസ്കാരം വാങ്ങാൻ കുഞ്ഞിനൊപ്പമാണല്ലോ വേദിയിലെത്തിയത്.? 

 

സത്യത്തിൽ ഈ പുരസ്കാരം അവന്റേതു കൂടിയാണ്. മാലികിന്റെ സെറ്റിൽ ആദ്യത്തെയോ രണ്ടാമത്തെയോ ദിവസമാണ് ഞാൻ ഗർഭിണിയാണെന്ന് അറിയുന്നത്. പിസിഒഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതിനാൽ പ്രഗ്നൻസി നേരത്തെ അറിഞ്ഞില്ല. പ്രീപ്രൊഡക്‌ഷൻ വർക്ക് തുടങ്ങിയപ്പോ തന്നെ അവൻ എന്റെ കൂടെ ഉണ്ടായിരുന്നിരിക്കണം. അന്നു തൊട്ട് ഒരു പ്രശ്നവുമില്ലാതെ, ഷൂട്ടിങ് കാലം മുഴുവൻ അവനുണ്ട്. എട്ടാം മാസത്തിലാണ് ഷൂട്ടിങ് തീരുന്നത്. അതുവരെ മോണിങ് സിക്ക്‌നെസോ ക്ഷീണമോ മറ്റെന്തെങ്കിലുമോ തന്നെ എനിക്കുണ്ടായിട്ടില്ല. അവൻ അത്രയും നന്നായി സഹകരിച്ചിട്ടുണ്ട്. അവന്റെ കൂടി ഭാഗ്യമാണ് ഈ പുരസ്കാരം. അവന്റെ കയ്യിൽ തന്നെ അതു വാങ്ങണമെന്ന് എനിക്കുണ്ടായിരുന്നു. ഞാനിപ്പോഴും ജോലി ചെയ്യുന്നു, എന്റെ ജോലിസ്ഥലത്തെല്ലാം അവനുമുണ്ട്. ക്രിസ് ധന്യ മാർട്ടിൻ എന്നാണവന്റെ പേര്. ഞാൻ കിച്ചപ്പനെന്നും വിളിക്കും.

 

malik-trailer

∙ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ച സമയത്ത് അവാർഡ് ജേതാവിനെ ഫോണിൽപോലും കിട്ടിയില്ലല്ലോ ?

 

malik-audience-review

ഒരു ഹിന്ദി വെബ് സീരിസിന്റെ ജോലിയുമായി ബന്ധപ്പെട്ട് ഹിമാചലിലാണിപ്പോൾ. ഫോണിന് റേ‍‍ഞ്ചില്ലാത്ത സ്ഥലത്തായിരുന്നു ഷൂട്ടിങ്. അതുകൊണ്ട് അവാർഡ് വാർത്തയൊന്നും അറിഞ്ഞിരുന്നില്ല. വൈകിട്ട് പലരുടെയും മെസേജുകൾ കണ്ടപ്പോൾ ആദ്യം അമ്പരപ്പായിരുന്നു. പിന്നീട് കാര്യമറിയാൻ നാട്ടിലുള്ള ഒരു സുഹൃത്തിനെ വിളിച്ചു. അവനാണ് പറഞ്ഞത് സ്റ്റേറ്റ് അവാർഡ് നിനക്കാണെന്ന്.

 

∙ മാലികിന്റെ വസ്ത്രാലങ്കാരത്തിലെ വെല്ലുവിളികൾ എന്തായിരുന്നു ?

 

dhanya-balakrishnan-1

മാലികിന്റെ ചർച്ചകൾ നടക്കുമ്പോൾ തന്നെ മഹേഷ് നാരായൺ സാർ പറഞ്ഞിരുന്നു ‘അറുപതുകൾ മുതൽ വിവിധ ഘട്ടങ്ങളിലൂടെ പോകുന്ന സിനിമയാണ്, നല്ല റിസർച്ച് വേണ്ടിവരും’. തിരുവനന്തപുരം ബീമാപള്ളി കേന്ദ്രീകരിച്ച് പ്രാദേശിക വസ്ത്രധാരണത്തിലെ പ്രത്യേകതകളും ഉൾപ്പെടുത്തേണ്ടിയിരുന്നു. അങ്ങനെ അവിടത്തെ വീടുകളിലും സ്റ്റുഡിയോകളിലും അന്വേഷിച്ച് പഴയകാലത്തെ ഫോട്ടോകളെല്ലാം ശേഖരിച്ചു. ഡേറ്റ കലക്ഷനു ശേഷം ആപ്ലിക്കേഷൻ സ്റ്റേജിലായിരുന്നു കുറച്ചു വെല്ലുവിളികളുണ്ടായത്. വിനയ്ഫോർട്ട് ചെയ്ത കഥാപാത്രത്തെയായിരുന്നു വൈബ്രന്റ് ആയി രൂപപ്പെടുത്താനുണ്ടായിരുന്നത്. സുലൈമാൻ എന്ന ഫഹദിന്റെ കഥാപാത്രം വളരെ സട്ടിൽ ആയിരുന്നു, സ്റ്റൈൽ ചെയ്യാനുള്ള സാധ്യതയില്ലായിരുന്നു. 

 

എന്റെ പരീക്ഷണങ്ങളെല്ലാം വിനയിന്റെ വസ്ത്രങ്ങളിലായിരുന്നു. പണില്ലാത്ത കാലം, പിന്നീട് അൽപം വരുമാനം വന്നുതുടങ്ങിയ കാലം, പിന്നീട് നന്നായി പണം വന്നപ്പോഴുള്ള മാറ്റം അങ്ങനെ കഥാപാത്രങ്ങളുടെ ജീവിതരീതിയിലുണ്ടാകുന്ന വ്യത്യാസം വസ്ത്രത്തിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. 

 

പലയിടത്തുനിന്നായാണ് തുണിയെടുത്തത്. കുറെയൊക്കെ ചെന്നൈ, ബാംഗ്ലൂർ, പിന്നെ ഓൺലൈനായും വാങ്ങി. ഷർട്ട് തുന്നാനുള്ള ഫാബ്രിക് മാത്രമായിരുന്നില്ല. അതിൽ ബെഡ് ഷീറ്റ് കാണാം, കർട്ടൻസ് കാണാം. ചില പ്രിന്റൊക്കെ നൈറ്റി തുണിയിലേതാണ്. ചില ഷർട്ടുകൾ ഫർണിഷിങ് ഫാബ്രിക് ഉൾപ്പെടുത്തി തുന്നിയെടുത്തതാണ്.

 

∙ ടേക് ഓഫ് മുതൽ മാലിക് വരെ നോക്കിയാൽ ധന്യയുടെ നായികയും നായകനുമെല്ലാം സാധാരണക്കാരാണല്ലോ. സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആകുന്ന ഫാഷൻ പരീക്ഷണങ്ങൾ ചെയ്യണമെന്ന് ആഗ്രഹമില്ലേ ?

 

സത്യത്തിൽ രണ്ടു രീതിയിലാണത്. ചില സംവിധായകർക്കു വേണ്ടത് റിയലിസമാകും, മറ്റു ചിലർക്ക് സ്റ്റൈൽ സ്റ്റേറ്റ്മെന്റാകും. കഥാപാത്രത്തെ കൃത്യമായി കിട്ടുക, യഥാർത്ഥമായി ഒരുക്കുക എന്നാണ് ‍ഞാൻ ജോലിയെ കാണുന്നത്. ഒരാളെ നമുക്കു വിശ്വസിക്കാൻ പറ്റണ്ടേ. അയാൾ ഇന്നിയിടത്തെ ആളാണ്, ഈ രീതിയിലാണ് ജീവിതം, അങ്ങനെയുള്ളതൊക്കെ കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നത് അയാളുടെ വസ്ത്രങ്ങളിലൂടെയല്ലേ. എനിക്കു കൂടുതലും വരുന്നത് അങ്ങനെയുള്ള സിനിമകളാണ്. അതിനു ചുറ്റുപാടുമുള്ള വിശദാംശങ്ങൾ ശ്രദ്ധിക്കണം. അവർക്ക് എത്ര പണമുണ്ടാകും, ഏതു തുണിയുടെ വസ്ത്രമാകും ഉപയോഗിക്കുക, അത് തേച്ചു വൃത്തിയാക്കിയാണോ ഇടുന്നത് അങ്ങനെയൊക്കെ കഥാപാത്രത്തിന്റെ ഡീറ്റെയ്‌ലിങ് ആണ് ചെയ്യുന്നത്. ‘ടേക്ക് ഓഫി’നു ശേഷം എനിക്ക് അങ്ങനെയുള്ള റിയലിസ്റ്റിക് ചിത്രങ്ങളുടെ ജോലികളാണ് വരുന്നത്. അതല്ലാതെയുള്ള സിനിമകളും തീർച്ചയായും ചെയ്യാനാഗ്രഹമുണ്ട്. 

 

∙ കോസ്റ്റ്യൂം ഡിസൈനർ ഇപ്പോൾ ഫിറ്റ്‌െനസ് കോച്ചും ആയല്ലോ ?

 

എന്റെ പിസിഒഡി കൈകാര്യം ചെയ്യാൻ സാധിച്ചത് ഫിറ്റ്നസ് ട്രെയിനിങ് വഴിയാണ്. പ്രണയ മീനുകളുടെ കടൽ എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിന്റെ നിർമാതാവ് ദീപക് ജോണാണ് എന്നെ ഫിറ്റ്‌നെസ് രംഗത്തെത്തിച്ചത്. അദ്ദേഹത്തിന്റെ ‘എൻഡ്യൂറൻസ്’ ഫിറ്റ്നെസ് ക്ലബിൽ ചേർന്നു പരിശീലനം തുടങ്ങി. മൂന്നു മാസം കൊണ്ടാണ് എനിക്കു ട്രാൻസ്ഫോർമേഷനുണ്ടായത്. ഏതാണ്ട് 20 കിലോഗ്രാം ഭാരം കുറഞ്ഞു. ഞാൻ ഗർഭിണിയായി മൂന്നാം മാസം മുതൽ പ്രസവം വരെ വർക്കൗട്ട് ചെയ്തിരുന്നു. അതിനു ശേഷവും തുടരുന്നു. കൂടുതൽ സ്ത്രീകൾക്ക് ഫിറ്റ്‌നെസിന്റെ ഗുണങ്ങൾ പരിചയപ്പെടുത്തണമെന്നാണ് ആഗ്രഹം. ഓൺലൈൻ വഴി പരിശീലനം കൊടുക്കുന്നുണ്ട്.

 

കോസ്റ്റ്യൂം ഡിസൈനർ എന്ന കരിയറിൽ സ്ത്രീകൾക്കുള്ള വെല്ലുവിളികൾ ?

 

ഇതൊരു ഗ്ലാമറസ് ലോകമാണെന്നു പ്രതീക്ഷിച്ചിറങ്ങരുത്. ഏതു സമയത്തും ജോലി ചെയ്യാൻ, ഉറക്കം കളയാൻ, വെയിലിലും മഴയത്തും ഇറങ്ങിനിൽക്കാൻ തയാറായിരിക്കണം. വീട്ടിൽ നിന്നുള്ള പിന്തുണ കൂടിയുള്ളതുകൊണ്ടാണ് എനിക്ക് മുന്നോട്ടു പോകാനാകുന്നത്. ഒരു സപ്പോർട്ട് സിസ്റ്റം ജോലി ചെയ്യാൻ നമ്മളെ സഹായിക്കും.  എന്റെ അമ്മയാണ് എന്നെക്കൊണ്ട് ഇതു കഴിയും എന്നുപറഞ്ഞു കരിയറിന്റെ തുടക്കം മുതൽ ഒപ്പംനിന്നത്. കുഞ്ഞിനെ നോക്കാനും കൂടെവരാനുമെല്ലാം അമ്മയുണ്ട്.  അമ്മ സരള, അച്ഛൻ ബാലകൃഷ്ണൻ. അദ്ദേഹം ഇപ്പോഴില്ല.

 

പുതിയ ചിത്രങ്ങൾ ?

 

19–ാം നൂറ്റാണ്ട്, മൂൺവോക്ക്, മലയൻകുഞ്ഞ്, പന്ത്രണ്ട് എന്നീ ചിത്രങ്ങളാണ് റിലീസാകാനുള്ളത്. വിനയൻ സാറിന്റെ പത്തൊമ്പതാം നൂറ്റാണ്ടാണ് റിസർച്ച് ആവശ്യമായി വന്നിട്ടുള്ളത്. കായംകുളം കൊച്ചുണ്ണി ചെയ്തതു കൊണ്ട് ആ കാലഘട്ടത്തെക്കുറിച്ച് നേരത്തെ വിവരങ്ങളെടുത്തതിനാൽ ജോലി കുറച്ചൊക്കെ എളുപ്പമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com