ADVERTISEMENT

മലയാള സിനിമയിൽ സൂപ്പർ താരങ്ങളുടെ പിന്തുണയില്ലാതെ സ്വന്തം കഴിവുകൊണ്ട് സ്ഥാനമുറപ്പിച്ച താരങ്ങളാണ് നിവിൻ പോളിയും ടൊവിനോ തോമസും. അവരുടെ കുടുംബത്തിൽ നിന്നും മലയാള സിനിമയ്ക്ക് മറ്റൊരു താരോദയം കൂടി ഉണ്ടാകുന്നു.  ‘കർണൻ നെപ്പോളിയൻ ഭഗത്സിങ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ നായക നിരയിലേക്ക് ടൊവിനോയുടെയും നിവിന്റെയും കസിനായ ധീരജ് ഡെന്നി എന്ന ചെറുപ്പക്കാരന്റെ പേരും എഴുതിച്ചേർക്കുകയാണ്.  ചെറുപ്പം മുതൽ നാടകങ്ങളിൽ അഭിനയിച്ച പരിചയവുമായി ‘വൈ’ എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത ധീരജ് കൽക്കി, മൈക്കിൾസ് കോഫി ഹൗസ് തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ്.  ഒരുപാട് പ്രതീക്ഷകളും കാത്തിരിപ്പിനുമൊടുവിൽ ‘കർണൻ നെപ്പോളിയൻ ഭഗത്സിങ്’ തിയറ്ററിൽ റിലീസ് ചെയ്യുന്നതിന്റെ സന്തോഷവുമായി ധീരജ് മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു...

 

കർണൻ നെപ്പോളിയൻ ഭഗത്സിങിന്റെ കഥ കേട്ടപ്പോൾ തന്നെ ആവേശഭരിതനായി 

dheeraj-karnna

 

ഇതൊരു ഫാമിലി ത്രില്ലർ ആണ്.  ഒരു നാടും നാട്ടുകാരുമാണ് സിനിമയുടെ ആദ്യ പകുതിയിൽ  വരുന്നത്.  ആദ്യ പകുതിയുടെ ഒടുവിൽ ആ നാട്ടിൽ ഒരു കൊല നടക്കുന്നു പിന്നെ അതിന്റെ അന്വേഷണമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.  എന്റെ കഥാപാത്രം എസ്ഐ ടെസ്റ്റ് പാസ് ആയി നിൽക്കുന്ന ഒരാളാണ്.  ആ നാട്ടിൽ തന്നെ എനിക്ക് ജോലി കിട്ടുകയും പിന്നീട് എന്റെ കൂട്ടുകാരായിരുന്നവരെയൊക്കെ സംശയദൃഷ്ടിയോടെ കാണേണ്ടിവരികയും ചെയ്യുന്നു.  ഒരുപാട് ലയറുകൾ ഉള്ള ഒരു കഥാപാത്രമാണ് എന്റേത്.  എനിക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനും ഭയങ്കരമായി ഓടിക്കളിക്കാനുമുള്ള സ്പേസ് ഉണ്ടായിരുന്നു.  

 

dheeraj-denny-32

ശരത്തേട്ടൻ വളരെ രസകരമായി കഥ പറഞ്ഞിട്ടുണ്ട്.  എന്റടുത്ത് വരുന്ന തിരക്കഥ കൾ കേൾക്കുമ്പോൾ രണ്ടു ദിവസം ആലോചിച്ചിട്ടാണ് യെസ് അല്ലെങ്കിൽ നോ പറയുന്നത്.  അതിനർത്ഥം ഞാൻ ഒരുപാട് കഥ കേൾക്കുന്നു എന്നല്ല. പക്ഷേ ഒരു മാസം മൂന്നുനാല് കഥകൾ കേൾക്കാറുണ്ട്.  ഈ തിരക്കഥ പറഞ്ഞു തീർന്നപ്പോൾ തന്നെ ഞാൻ എഴുന്നേറ്റു നിന്ന് ശരത്തേട്ടന് കൈകൊടുത്തു.  ചേട്ടാ ഞാൻ ഓക്കേ ആണ് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ നമുക്ക് ചെയ്യാം എന്ന് പറഞ്ഞു.  സിനിമയുടെ ക്ലൈമാക്സ് എന്നെ അത്രയധികം ആവേശം കൊള്ളിച്ചിരുന്നു.  മലയാള സിനിമയിൽ ത്രില്ലർ ഒരുപാട് വന്നിട്ടുണ്ട് അത് എത്രത്തോളം വ്യത്യസ്തമായി ചെയ്യുക എന്നുള്ളതാണ് വിജയം.  ആ ഒരു കാര്യത്തിൽ ശരത്തേട്ടൻ വിജയിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.  സിനിമയിലെ പാട്ടുകളും ട്രെയിലറും വളരെയേറെ  ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

കോവിഡ് കാലത്ത് ചിത്രം റിലീസിനെത്തുമ്പോൾ 

dheeraj-denny

 

ഒരുപാടു കാലം കാത്തിരുന്നതിനു ശേഷം സിനിമ തിയറ്ററിൽ എത്തുമ്പോൾ വളരെ സന്തോഷമുണ്ട്.  ഇത്രനാളും നമ്മുടേതായിരുന്ന സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് അതിൽ സന്തോഷവും ഒപ്പം ടെൻഷനുമുണ്ട്.  സിനിമ നന്നാവാൻ നമ്മൾ പ്രയത്നിച്ചിട്ടുണ്ട്. അത് പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്നാണു ഇപ്പോൾ പ്രാർഥന.  തിയറ്ററുകൾ എല്ലാം തുറക്കുന്നതുവരെ കാത്തിരിക്കുന്നത് അനിശ്ചിതമാണ്.  ഒരുപാടു ചിത്രങ്ങൾ ഇറങ്ങാനുണ്ട്.  നവാഗതരായ നമ്മുടെ പടങ്ങൾക്ക് ആളുകയറണമെങ്കിൽ മൗത്ത് പബ്ലിസിറ്റി കൂടിയേ തീരൂ.  ആദ്യം കുറച്ചു ദിവസം ആള് കുറവായിരിക്കും എന്ന് തന്നെ കരുതുന്നു.  

 

ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പുണ്ട് അതുകൊണ്ടുതന്നെ സിനിമയെക്കുറിച്ച് പറഞ്ഞുകേട്ട് ആളുകൾ തിയറ്ററിൽ എത്തുമെന്ന് തന്നെയാണ് വിശ്വാസം.  ആളുകൾ എല്ലാം കോവിഡ് കാലത്ത് പലവിധ മാനസിക ബുദ്ധിമുട്ടുകളിൽ ആണ് അവരെ രസിപ്പിക്കുക എന്നുള്ളതാണ് ഞങ്ങളെപ്പോലെയുള്ളവരുടെ കടമ.  എല്ലാവർക്കും മാനസിക ഉല്ലാസം തരുന്ന മീഡിയം ആണ് സിനിമ.  ഒന്നുരണ്ടു മണിക്കൂർ എല്ലാവര്ക്കും മറ്റെല്ലാം മറന്നു ആസ്വദിക്കാൻ കഴിയുന്ന സിനിമയായിരിക്കും ഇത്.

 

ശരത്ത് ജി. മോഹൻ എന്ന നവാഗത സംവിധായകൻ 

 

michaels-coffe-house

ശരത്തേട്ടന്റെ ആദ്യത്തെ സിനിമ.  അദ്ദേഹം തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.  ഒരു നവാഗതന്റെ പരിചയക്കുറവില്ലാതെ വളരെ കയ്യടക്കത്തോടെയാണ് ശരത്തേട്ടൻ ഈ സിനിമ ചെയ്തിരിക്കുന്നത്.  മുൻപരിചയം ഒന്നുമില്ലാതെ ഒരു ത്രില്ലർ എടുത്തു ഫലിപ്പിക്കുക എളുപ്പമുള്ള കാര്യമല്ല.  ശരത്തേട്ടൻ ആണ് ഈ കഥാപാത്രത്തിന്റെ മുഴുവൻ ക്രാഫ്റ്റ് വർക്ക് ചെയ്തിരിക്കുന്നത്.  ഞാൻ  മുൻപ് ചെയ്ത ചിത്രങ്ങളേക്കാൾ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇതിലേത്.  അദ്ദേഹം മനസ്സിൽ ഉദ്ദേശിച്ച കാര്യം കഥാപാത്രത്തിൽ എത്തിക്കാൻ ഞാൻ കഴിവത് ശ്രമിച്ചിട്ടുണ്ട്.  അദ്ദേഹം ഹാപ്പി ആണെങ്കിൽ ഞാനും ഹാപ്പി.  നായകൻ ആയി അഭിനയിക്കുന്നത് നല്ല പണിയുള്ള കാര്യമാണ്.  ആ ഒരു പടത്തിന്റെ മുഴുവൻ ഭാരവും നമ്മുടെ ചുമലിൽ ആകും.  അപ്പോൾ ആ പടത്തിന്റെ പ്രമോഷൻ ഉൾപ്പടെ എല്ലാ കാര്യത്തിനും നമ്മൾ ഒപ്പമുണ്ടാകണം.  അഭിനയത്തിനുപരി ഈ ടീമിനൊപ്പം പോസ്റ്റ് പ്രൊഡക്ഷൻ സമയത്തും ഞാൻ കൂടെ ഉണ്ടായിരുന്നു.  ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.  

  

നിവിൻ ചേട്ടൻ പ്രചോദനമായി 

 

dheeraj-2

ആലുവയാണ് നിവിൻ ചേട്ടന്റെയും എന്റെയും വീട്.  നിവിൻ ചേട്ടന്റെ അച്ഛന്റെ അനുജന്റെ മകനാണ് ഞാൻ.  എന്റെ അമ്മയുടെ സഹോദരന്റെ മകൻ ആണ് ടൊവിനോ.  നിവിൻ ചേട്ടനും ടൊവിയും ബന്ധുക്കളാണെന്ന് പലർക്കും അറിയാം. അതെങ്ങനെ എന്ന് അധികമാർക്കും അറിയില്ല. അവരെ രണ്ട് പേരെയും ബന്ധുക്കളാക്കുന്ന ആ 'ലിങ്ക്' എന്റെ കുടുംബമാണ്.

 

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞാൻ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു.  അഭിനയം തന്നെയായിരുന്നു ചെറുപ്പം മുതൽ താല്പര്യം. പക്ഷേ സിനിമ ഒന്നും സ്വപ്നം കണ്ടിരുന്നില്ല.  നാടകാഭിനയം തുടരണമെന്നേ ഉണ്ടായിരുന്നുള്ളു.  ഇൻസ്ട്രമെന്റേഷൻ എൻജിനീയർ ആയ ഞാൻ ബാംഗ്ലൂരിൽ ഒരു ജാപ്പനീസ് കമ്പനിയിലും പിന്നീട് മറ്റൊരു കമ്പനിയിലും ജോലി നോക്കിയിരുന്നു.  പക്ഷേ അവിടെ തുടരാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല അപ്പോഴും മനസ്സിൽ അഭിനയമായിരുന്നു.  ജോലി ഉപേക്ഷിച്ച് സിനിമയെ പിന്തുടരാൻ തീരുമാനിച്ചപ്പോൾ എനിക്ക് മുന്നിൽ യാത്ര ചെയ്ത നിവിൻ ചേട്ടൻ  എനിക്ക് പ്രചോദനമായി.  

 

ആ സമയത്ത് നിവിൻ ചേട്ടൻ സിനിമയിൽ സ്വന്തം സ്ഥാനമുറപ്പിച്ച് അറിയപ്പെടുന്ന താരമായി മാറിയിരുന്നു.  ടൊവിനോ പ്രൊഫഷൻ ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നു പിടിച്ചു നിൽക്കാൻ തുടങ്ങി, അതും എനിക്കൊരു പ്രചോദനമായിരുന്നു.  ജോലി ഉപേക്ഷിച്ച് ഹ്രസ്വചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ സമയത്ത് സുനിൽ ഇബ്രാഹിം സർ സംവിധാനം ചെയ്ത "വൈ" എന്ന ചിത്രത്തിന്റെ ഓഡിഷൻ വന്നു.  രണ്ടു മൂന്നു ഓഡിഷൻ കഴിഞ്ഞു അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  എന്നെപോലെ തന്നെ ഒരു അൻപതോളം പുതുമുഖങ്ങൾ അഭിനയിച്ച സിനിമയാണ് വൈ.  തുടർന്ന് ഹിമാലയത്തിലെ കശ്മലൻ, വാരിക്കുഴിയിലെ കൊലപാതകം , കൽക്കി, മൈക്കിൾസ് കോഫി ഹൌസ്  തുടങ്ങിയ ചിത്രങ്ങൾ ചെയ്തു.  മൈക്കിൾസ് കോഫി ഹൌസ് എന്ന ചിത്രത്തിൽ നായകവേഷമായിരുന്നു.  പക്ഷേ ആദ്യമായി നായകനായി അഭിനയിച്ച സിനിമ കർണൻ നെപ്പോളിയൻ ഭഗത്സിങ് ആണ്.  വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം കർണൻ തിയറ്ററിൽ എത്തുന്നതിന്റെ സന്തോഷമുണ്ട്.

 

ടൊവിനോ പറഞ്ഞു നിനക്കും ഈ ബഞ്ചിൽ സ്ഥലമുണ്ട് 

 

നിവിൻ ചേട്ടനോടാണ് ഞാൻ ആദ്യമായി എന്റെ സിനിമാമോഹം പറഞ്ഞത്.  നിവിൻ ചേട്ടൻ എന്നോട് പറഞ്ഞു "എടാ വീട്ടിലാണ് നമുക്ക് ആദ്യ പിന്തുണ വേണ്ടത്.  നീ ഇത്രയും നാൾ ജോലി ചെയ്തിരുന്നപ്പോൾ അവർ ഹാപ്പി ആയിരുന്നു.  ഇനി നീ സിനിമ കിട്ടാൻ കാത്തിരിക്കുമ്പോൾ മുഴുവൻ സമയവും വീട്ടിലായിരിക്കും.  നീ ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നത് അവർക്ക് അസ്വസ്ഥത ഉണ്ടാകും.  അപ്പോൾ ഇതെല്ലം അവരെ പറഞ്ഞു മനസ്സിലാക്കി ആദ്യം അവരിൽ നിന്നാണ് പിന്തുണ നേടേണ്ടത്.  അവർ ഓക്കേ ആണെങ്കിൽ നീ സിനിമ ചെയ്യൂ’.  

 

ഞാൻ എന്റെ ആഗ്രഹം പറഞ്ഞപ്പോൾ വീട്ടിലും അച്ഛൻ അമ്മ ചേട്ടൻ ചേച്ചി ഉൾപ്പടെ ആർക്കും തന്നെ എതിരഭിപ്രായം ഉണ്ടായില്ല.  എല്ലാവരും നല്ല പിന്തുണ തന്നു.  ടൊവി പറഞ്ഞത് "എടാ സിനിമ ഇൻഡസ്ട്രി എന്ന് പറയുന്നത് വലിയൊരു ബഞ്ചാണ് .ഇവിടെ ഇഷ്ടംപോലെ ആളുകൾക്ക് സ്ഥലമുണ്ട്.  നിവിൻ ചേട്ടനും നിനക്കും എനിക്കും എല്ലാവർക്കും അവരുടേതായ സ്ഥാനം ഉണ്ടാകും.  പല സംവിധായകരും ഒരു നടനുവേണ്ടി രണ്ടുവർഷമൊക്കെ കാത്തിരിക്കുക എന്ന് പറയുന്നത്തിന്റെ അർഥമെന്താണ്, അത് കഴിവുള്ളവർ കുറവായതുകൊണ്ട് തന്നെയാണ്.  അപ്പോൾ അഭിനേതാക്കൾക്ക്  ഇവിടെ സ്കോപ്പ് ഉണ്ട്.  നീയും ശ്രമിക്കൂ ഇവിടെ നിനക്കും നിന്റേതായ സ്ഥാനമുറപ്പിക്കാൻ കഴിയും".  ഈ രണ്ടു ഉപദേശങ്ങളും എനിക്ക് പ്രചോദനമായി. 

  

പുതിയ ചിത്രങ്ങൾ 

 

കർണൻ കഴിഞ്ഞു ഞാൻ ചെയ്തത് അനുഗ്രഹീതൻ ആന്റണി എന്ന സിനിമ സംവിധാനം ചെയ്ത പ്രിൻസ് ജോയിയുടെ ഒരു ആന്തോളജിയിലാണ്.  അതിന്റെ ഷൂട്ട് കഴിഞ്ഞു.  ഒരു തമിഴ് സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

 

ഏതുതരം കഥാപാത്രമാണ് ചെയ്യാൻ താല്പര്യം 

 

ഒരു തിരക്കഥ വായിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ചില കഥാപാത്രങ്ങൾ പതിയുമല്ലോ. ചെറിയ കഥാപാത്രമാണെങ്കിൽ പോലും അയാൾക്ക് ആ സിനിമയിൽ എന്തെങ്കിലും പ്രാധാന്യം ഉണ്ടാകും അത്തരത്തിലുള്ളത് കഥാപാത്രങ്ങൾ ചെയ്യാനാണ് താല്പര്യം.  നായകനോ വില്ലനോ കാരക്ടർ റോളോ ഏതുമാകട്ടെ അഭിനയസാധ്യത ഉള്ള കഥാപാത്രമാണെങ്കിൽ ചെയ്യും.  സുരാജ് വെഞ്ഞാറമൂട്, ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ ഒന്ന് വന്നുപോയി. അദ്ദേഹത്തിന്റെ സ്ക്രീൻ സ്പേസ് അഞ്ചുമിനിട്ടിൽ താഴെയേ ഉണ്ടാകൂ. പക്ഷേ ആ കഥാപാത്രം ആ സിനിമയിൽ ഉണ്ടാക്കിയ ഇമ്പാക്റ്റ് വളരെ വലുതാണ്.  ആ ഒരു ഘടകം ഇല്ലെങ്കിൽ ആ സിനിമയിൽ ഒരു ബാലൻസ് കുറവ് ഉണ്ടാകും.  കുറെ സ്ക്രീൻ സ്പേസ് വേണമെന്നില്ല ചെയ്യുന്ന കഥാപാത്രത്തിന് ഒരു ഇമ്പാക്റ്റ് ഉണ്ടാകണം.  കൽക്കിയിലും കർണനിലും പൊലീസ് വേഷമാണ്. പക്ഷേ രണ്ടും രണ്ടുതരമാണ്.  ഒരേതരം കഥാപാത്രങ്ങൾ ചെയ്യാതെ പുതുമയുള്ള കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com