ADVERTISEMENT

ആദ്യം ചെറിയ ചില വേഷങ്ങളിൽ തുടങ്ങി. പിന്നെ കുറച്ചധികം സീനുകൾ കിട്ടാൻ തുടങ്ങി. വരത്തനിൽ ആരും വെറുക്കുന്ന വില്ലനായി. യുവനടന്മാരിൽ ശ്രദ്ധേയനായ വിജിലേഷ് കാരയാടിന്റെ കരിയർ ഗ്രാഫ് മുകളിലേക്കു കുതിക്കുകയാണ്. കഴിഞ്ഞ വർഷം കോവിഡും ലോക്ഡൗണുമെല്ലാം എല്ലാ മേഖലകളെയും പോലെ സിനിമയെയും അൽപമൊന്നു തളർത്തിയെങ്കിലും വിജിലേഷ് എന്ന നടനു കരിയറിലെ മികച്ച വർഷമായിരുന്നു 2021. ഏഴു സിനിമകൾ. എല്ലാം ശ്രദ്ധേയ വേഷങ്ങൾ. അതിൽ പലതും ഹിറ്റ്. തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന അജഗജാന്തരമാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അരഡസനോളം ചിത്രങ്ങൾ അണിയറയിൽ. ഈ വർഷവും മോശമാകില്ലെന്ന പ്രതീക്ഷയിലാണ് വിജിലേഷ്. സിനിമാ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.. 

 

∙ എന്താണ് പുതിയ സിനിമാ വിശേഷങ്ങൾ? 

kotju-2

 

മഹേഷിന്റെ പ്രതികാരത്തിലായിരുന്നു അരങ്ങേറ്റം. ആറു വർഷം മുൻപ് ചെറിയ വേഷത്തിൽ തുടങ്ങിയതാണ്. ഇപ്പോൾ നായക തുല്യ വേഷങ്ങൾ കിട്ടിത്തുടങ്ങി. സിനിമയുടെ കഥാഗതിയിൽ തന്നെ വലിയ പ്രാധാന്യമുള്ള വേഷങ്ങൾ വരുന്നതിലുള്ള സന്തോഷത്തിലാണിപ്പോൾ. അത്തരം സിനിമകളാണ് വരാനിരിക്കുന്നവയിൽ ചിലത്. ‘സ്റ്റേറ്റ് ബസ്’, കൊത്ത്, പീസ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളൊക്കെ വളരെ പ്രധാനപ്പെട്ടവയാണ്. അതിൽ സ്റ്റേറ്റ് ബസിൽ സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്ന രണ്ടു പേരിലൊരു കഥാപാത്രമാണ് എന്റേത്. 

 

∙ എന്താണ് സ്റ്റേറ്റ് ബസിന്റെ പ്രമേയം? 

 

പകയാണെന്ന് ഒറ്റവാക്കിൽ പറയാം. വളരെ ശ്രദ്ധ നേടിയ, പ്രമോദ് കൂവേരിയുടെ ചെറുകഥയുടെ ദൃശ്യാവിഷ്കാരം. ചന്ദ്രൻ നരിക്കോട് ആണ് സംവിധായകൻ. ഞാനും സന്തോഷ് കീഴാറ്റൂരുമാണ് പ്രധാന വേഷങ്ങളിൽ. ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിക്കുന്ന കൊലപാതകവും അതിനു ശേഷമുള്ള സംഭവങ്ങളുമാണ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കെഎസ്ആർടിസി ബസിൽ കൊണ്ടുപോകുകയാണ്. ആ യാത്രയാണ് സ്റ്റേറ്റ് ബസ് എന്ന സിനിമ. പുതിയ കാലഘട്ടത്തിനുള്ള സന്ദേശമാണീ സിനിമ. ഒരു മുറിയിൽ ഒന്നിച്ചിരുന്നൊന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം അതിനു തയാറാകാത്തതിനാൽ പകയായി വളരുന്നു എന്നതാണു പറയാൻ ശ്രമിച്ചത്. 

 

വെറും 10 ദിവസം കൊണ്ടു ഷൂട്ടിങ് തീർത്ത ചിത്രം എന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ കുറഞ്ഞ ചെലവിൽ ഒരുക്കിയ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള, കച്ചവട സിനിമയുടെ എല്ലാ ഘടകങ്ങളുമുള്ള ചിത്രമാണ്. സംവിധായകന്റെ നാടായ തളിപ്പറമ്പിൽ സൗഹൃദ വലയങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് 10 ദിവസം കൊണ്ടു സിനിമ പൂർത്തിയാക്കിയത്. ഈ മാസം തന്നെ ഒടിടി റിലീസ് ചെയ്യാനുള്ള തയാറെടുപ്പുകൾ നടക്കുന്നു. മോഹൻ സിത്താരയും വിദ്യാധരൻ മാസ്റ്ററും ഒരുക്കിയ ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത. 

 

∙ 2022ലെ മറ്റു പ്രതീക്ഷകൾ? 

 

സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആണ് പ്രതീക്ഷയുള്ള മറ്റൊരു ചിത്രം. രഞ്ജിത് ആണ് നിർമാതാവ്. അദ്ദേഹം പ്രധാന വേഷവും ചെയ്യുന്നുണ്ട്. ശരിക്കും ഇവരോടൊപ്പം പ്രവർത്തിച്ചത് ഒരു സിനിമാ സ്കൂൾ പഠനം പോലെ തന്നെയാണ്. കണ്ണൂർ രാഷ്ട്രീയമാണ് പ്രമേയം. ആസിഫ് അലിക്കും റോഷൻ മാത്യുവിനുമൊപ്പം പ്രധാന വേഷമാണ് ചെയ്തത്. പോസ്റ്റ് പ്രൊഡക്‌ഷൻ പ്രവർത്തനങ്ങൾ നടക്കുന്നു. 

 

കൂടാതെ ജോജു ജോർജ് നായകനായി അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന പീസ് എന്ന ചിത്രത്തിലും മികച്ച വേഷമാണ്. മലയാളത്തിനു പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രമൊരുക്കിയിട്ടുണ്ട്. ഉപചാര പൂർവം ഗുണ്ടാ ജയൻ, സല്യൂട്ട് തുടങ്ങിയവയാണ് പൂർത്തിയായ മറ്റു ചിത്രങ്ങൾ. പ്രദീപ് കാവുന്തറയുടെ രചനയിൽ ബിജിത് ബാല സംവിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയിലാണ് ഇനി അഭിനയിക്കുന്നത്. 11ന് കോഴിക്കോട്ട് ഷൂട്ടിങ് തുടങ്ങും. 

 

∙ സിനിമയുടെ മറ്റു മേഖലകളിൽ കൈ വയ്ക്കുന്നുണ്ടോ? 

 

അഭിനയത്തിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. കൂടുതൽ നല്ല വേഷങ്ങൾ ചെയ്യണം. അതുകഴിഞ്ഞ് സംവിധാനമൊക്കെ നോക്കാം. തിയറ്റർ പഠനത്തിൽ എംഫിൽ കഴിഞ്ഞാണ് സിനിമയിൽ വന്നത്. സമയം കിട്ടാത്തതിനാൽ നാടകവും അങ്ങനെ പൊടിപിടിച്ചു കിടക്കുകയാണ്. എന്തായാലും ഇപ്പോൾ അഭിനയം മാത്രം. ചാൻസ് ചോദിച്ചു നടന്നും ഓഡിഷനു പോയുമെല്ലാം കുറേക്കാലം കഷ്ടപ്പെട്ടിട്ടുണ്ട്. അതിനൊടുവിൽ വന്നു ചേർന്ന ഈ അവസരങ്ങൾ നന്നായി ആസ്വദിക്കുന്നു. ഇതുവരെ തന്ന പിന്തുണ ഇനിയും ഉണ്ടാകണമെന്നു മാത്രമാണ് പ്രേക്ഷകരോടു പറയാനുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com