ADVERTISEMENT

മിന്നൽ മുരളിക്കു ശേഷം ടൊവിനോ തോമസ് നായകനാകുന്ന ‘നാരദൻ’ പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുകയാണ്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന, മാധ്യമപ്രവർത്തകരുടെ ജീവിതം പ്രതിപാദിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ടൊവിനോ തോമസും ആഷിഖ് അബുവും മനോരമ ഓൺലൈനിനൊപ്പം പങ്കുചേര്‍ന്നപ്പോൾ...

 

സിനിമയിലെ പത്തു വര്‍ഷങ്ങളും ആദ്യകാലത്തെ ആ വൈറൽ പോസ്റ്റും

 

‘ഇന്നു നിങ്ങൾ എന്നെ വിഡ്ഢി എന്നു വിളിക്കുമായിരിക്കും, പക്ഷേ ഞാന്‍ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും, അന്നു നിങ്ങൾ എന്നെയോർത്തു അസൂയപ്പെടും..’ വർഷങ്ങൾക്കു മുമ്പ് ടൊവിനോ സമൂഹമാധ്യമങ്ങളിൽ കുറിച്ച ഈ കുറിപ്പ് മിന്നൽ മുരളിക്കു ശേഷം വലിയ തോതിൽ വൈറലായി മാറിയിരുന്നു. മിന്നൽ മുരളിയിൽ അമാനുഷിക ശക്തിയുണ്ടെന്നു തെളിയിച്ചതു പോലെ, ടൊവിനോയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രവചന ശക്തിയുണ്ടോയെന്ന ചോദ്യം നർമം കലർന്നതായിരുന്നെങ്കിലും, ടൊവിനോയ്ക്ക് അതിനു വ്യക്തമായ മറുപടിയുണ്ടായിരുന്നു. 

 

‘സത്യത്തിൽ അതു പ്രവചനശക്തിയൊന്നുമല്ല, നന്നായി അധ്വാനിച്ചതുകൊണ്ടു മാത്രമാണ്. എഴുതി വച്ചശേഷം പണിയെടുക്കാമെങ്കിൽ ആർക്കും പറ്റുന്ന കാര്യമാണത്. ആ പോസ്റ്റ് എഴുതുന്ന കാലയളവിൽ എനിക്ക് വെറും ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സ് മാത്രമാണ് ഉള്ളത്. അന്നുവരെ യാതൊരു വിധ സിനിമ പശ്ചാത്തലവും ഇല്ലാത്ത ഒരു പയ്യൻ, സിനിമയിൽ അഭിനയിക്കണമെന്നാണാഗ്രഹം എന്നു പറയുമ്പോൾ, ആദ്യം  കളിയാക്കിയുള്ള ചിരികളാണ് പലയിടത്തു നിന്നും കിട്ടിയിട്ടുള്ളത്. കാരണം അത് എന്റെ ഉച്ച പ്രാന്തായി മാത്രം കണ്ടിരുന്നവരായിരുന്നു ചുറ്റിലും. അത്തരത്തിൽ എതിരഭിപ്രായങ്ങൾ ഉയർന്നു വന്നപ്പോളുണ്ടായ വികാര വിക്ഷോഭം മാത്രമായിരുന്നു ആ പോസ്റ്റ്. ഇന്ന് ആ പോസ്റ്റ്‌ ഇട്ടതോർക്കുമ്പോൾ സത്യത്തിൽ എന്തോപോലെ തോന്നും. കാരണം എന്റെ  സന്തോഷങ്ങളും സങ്കടങ്ങളും സോഷ്യല്‍ മീഡിയയില്‍ വിളിച്ചു പറയേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല, ഇന്നു ഞാൻ.’–ടൊവിനോ പറഞ്ഞു.

 

മായാനദി മലയാളത്തിനു സമ്മാനിച്ച കോമ്പോ

 

naradan-movie

ആഷിഖ് അബു: മായാനദിക്കു ശേഷം ഞാനും ടൊവിനോയും ഒന്നിക്കുന്നു എന്നു പറയുമ്പോളും അതു പൂർണമായും ശരിയല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ടൊവിനോ. ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്യാറൊക്കെയുണ്ട്. അതുകൊണ്ടു തന്നെ സിനിമയ്ക്ക് വേണ്ടി മാത്രം പരിചയം പുതുക്കുന്നവരല്ല ഞങ്ങൾ. ഇപ്പോൾ ഈ സിനിമയ്ക്ക് വേണ്ടി ഒന്നിച്ചു പ്രവർത്തിച്ചുവെന്നേ പറയാനാവൂ.

 

മറ്റൊന്ന്, പ്രെഡിക്റ്റബിലിറ്റി വളരേ കുറഞ്ഞ നടനാണ് ടൊവിനോ. അതായത് ടോവിനോയെ എങ്ങിനെ വേണമെങ്കിലും നമുക്ക് കഥാപാത്രമായി സിനിമയിൽ  അവതരിപ്പിക്കാം. കാരണം ടൊവിനോയുടെ കഥാപാത്രം എങ്ങമെയായിരിക്കും എന്നു പ്രേക്ഷകർക്ക് പെട്ടന്ന് മനസിലാവില്ല. എന്റെ സിനിമകൾക്ക് അത്തരമൊരു മെമ്പോടി ആവശ്യമാണുതാനും. അത്തരം സിനിമകൾക്ക് ടോവിനോ ഒരു മുതൽക്കൂട്ടാണ്.

 

മാധ്യമ വിമർശനമാണോ നാരദൻ മുന്നോട്ട് വെക്കുന്ന പ്രമേയം.?

 

ആഷിഖ് അബു: ഒരു വാർത്ത ചാനലിന്റെ അവതാരകനായ ചന്ദ്രപ്രകാശ് എന്ന വ്യക്തിയുടെ ജീവിതം, അയാൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ, പ്രഷറുകൾ ഇതെല്ലാമാണ് നാരദന്റെ പ്രതിപാദ്യ വിഷയം. തന്റെ ജോലിയിൽ ധാർമികത ചോദ്യംചെയ്യപ്പെടുന്ന വേളയിൽ, എന്ത് ചെയ്യണം എന്നാലോചിക്കുന്ന ഒരു വ്യക്തിയുടെ മാനസിക സംഘർഷങ്ങളുടെ കഥയാണ് നാരദൻ.

 

മാധ്യമ വിമർശനമാണോ നാരദന്റെ ഉദ്ദേശം എന്നു ചോദിച്ചാൽ, മലയാളത്തിൽ പൊലീസുകാരെ കുറിച്ച് കഥയുണ്ടാകുന്നുണ്ട്, അവിടെ തന്നെ നല്ല പൊലീസും അല്ലാത്തവരുമുണ്ട്. എന്നാൽ അവിടെ പൊലീസുകാരാരും അത്തരത്തിൽ തങ്ങളെ വിമർശിക്കാൻ പോവുകയാണോ എന്നാശങ്കപെടുന്നതായി എനിക്ക് തോന്നിയിട്ടില്ല. മാധ്യമപ്രവർത്തകരും മനുഷ്യരാണ്. പെർഫോമൻസിന്റെ പേരിൽ കഷ്ട്ടപെടുന്നവരാണവർ. പ്രഷർ അനുഭവിക്കുന്നവരാണ്, ജീവിക്കാൻ ബുദ്ധിമുട്ടുന്നവരാണ്. അക്കൂട്ടത്തിൽ പഠിച്ചത് പ്രാവർത്തികമാക്കാൻ പറ്റാത്തവരുണ്ട്, ഈ തൊഴിൽ ഉപേക്ഷിച്ചു പോകുന്നവരുമുണ്ട്. ആരെയും വ്യക്തിപരമായി ടാർഗറ്റ് ചെയ്തു സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കാത്ത വ്യക്തിയാണ് ഞാൻ. ആത്യന്തികമായി ഒരു സിനിമ ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. അതിൽ ഞങ്ങളുടെ അഭിപ്രായങ്ങളുമുണ്ടാകാം.

 

നാരദൻ എന്ന പേര് സിനിമയ്ക്കു തിരഞ്ഞെടുക്കാനുള്ള കാരണം പ്രധാനമായും ആ പേരിനു രണ്ടു തലങ്ങളുണ്ട്. ഒന്ന്, വിവരങ്ങൾ കൃത്യ സമയത്തു എത്തിക്കുന്ന വ്യക്തി എന്ന നിലയിലും, മറ്റൊന്ന് അല്പം പൊലിപ്പിച്ചു പറഞ്ഞു മറ്റൊരിടത്ത് എത്തിക്കുന്ന വ്യക്തി എന്ന നിലയിലും. അങ്ങനെ രണ്ടു തരത്തിൽ നാരദനെ കാണാം. സത്യത്തിൽ അദ്ദേഹം ഒരു ഗ്രേ ഷെയ്ഡ് കഥാപാത്രമാണ്. വ്യത്യസ്ത കോണിൽ നിന്ന് നോക്കിയാൽ ന്യായീകരിക്കപ്പെട്ടേക്കാൻ ഇടയുള്ള വ്യക്തിയാണ് നാരദൻ എന്നു ചുരുക്കം..

 

കഥാപാത്രങ്ങൾക്ക് റിയൽ ലൈഫ് റഫറൻസുണ്ടോ?

 

ആഷിഖ് അബു: ഇത് പ്രധാനമായും ഒരു സെൻസിറ്റീവ് കഥയാണ്. മീഡിയ എന്ന ജനാധിപത്യത്തിന്റെ നാലാംതൂൺ പ്രധാന കഥാപാത്രമെന്ന നിലയിൽ സിനിമയിൽ വരുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വളരെ മുൻപേ തന്നെ ഞങ്ങൾ ഒരു തീരുമാനം എടുത്തിരുന്നു. ഒരു വിധത്തിലുമുള്ള വ്യക്തിപരമായ നീക്കം ഈ സിനിമയിൽ ഉണ്ടാവില്ലെന്ന്. അത് എത്തിക്സ് അല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു വ്യക്തിയെന്ന് പറയുന്നത്, വളരെയധികം ബഹുമാനിക്കപ്പെടേണ്ടതായതു കൊണ്ടു തന്നെ, അവരുടെ സ്വകാര്യതയെയും മാനിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള അനുകരണങ്ങൾ ഒന്നും ഉണ്ടാകരുത് എന്ന് തീരുമാനിച്ചു കൊണ്ടു തന്നെയാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. 

 

ആഷിഖ് അബു പറഞ്ഞതിനോടു യോജിച്ചുകൊണ്ടു ടൊവിനോ തുടർന്നു, "ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം തന്നെ വളരെ വ്യക്തമായി തന്നെ എഴുതിവച്ചിട്ടുള്ള കഥാപാത്രങ്ങളാണ്."

 

മിന്നൽ മുരളിക്ക് മുമ്പും ശേഷവും

 

ടൊവിനോ തോമസ്: മിന്നൽ മുരളിക്ക് മുൻപ് ഏറ്റവും വലിയ വലിയ പ്രശ്നം എന്നത് മലയാള സിനിമയെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്നതായിരുന്നു. മിന്നൽ മുരളിക്കു ശേഷം അത് അല്പം കൂടി എളുപ്പമായി. ഞാനെന്ന വ്യക്തിയെ അറിയാതിരുന്നവർപോലും ഇന്ന് എന്റെ സിനിമകൾ കാണുന്നുണ്ട്. മിന്നൽ മുരളിക്ക് ശേഷമാണ് ഞാനൊരു ശരിയായ ട്രാക്കിലാണ് ഓടുന്നത് എന്നു തോന്നി തുടങ്ങിയത്. നാരദൻ എന്ന സിനിമയിറങ്ങുമ്പോൾ, അതാ മിന്നൽ മുരളിയിലെ നടന്റെ സിനിമയല്ലേ എന്ന് പറഞ്ഞു മറുഭാഷക്കാർ കണ്ടു നോക്കിയാൽ, അതിനു മിന്നൽ മുരളി തന്നെയാവും കാരണം.

 

മലയാളത്തിലെ പല അതിഗംഭീര സിനിമകളും മലയാളി സമൂഹത്തിനു പുറത്തേക്ക് എത്തിക്കാനായിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം അതിനു പ്രാപ്തമായൊരു ഡിസ്ട്രിബ്യൂഷൻ സിസ്റ്റം നമുക്കില്ല. ഒരു ഹോളിവുഡ് പടം വേൾഡ് വൈഡായി റിലീസ് ചെയ്യുന്നതു പോലെ റിലീസ് ചെയ്യാൻ മലയാള സിനിമക്ക് കഴിയില്ല. എന്നാൽ ഒടിടിയിൽ മിന്നൽ മുരളി വന്ന സമയത്ത് ഹോണ്ടുറാസിലും ബാഹമാസിലും മിന്നൽ മുരളി ട്രെൻഡിങ്ങിൽ വന്നതു നമ്മൾ കണ്ടതാണ്. അവിടെ മലയാളികൾ കൂടുതൽ ഉണ്ടായിട്ടല്ല, ആ സിനിമ അവിടെ വരെ എത്തിക്കാൻ സാധിച്ചു എന്നതുകൊണ്ടാണത്. എത്തിച്ചാൽ കാണാൻ ആളുണ്ട്. അങ്ങിനെ അതിർത്തികൾക്കപ്പരുറത്തേക്ക് മലയാള സിനിമയെ എത്തിക്കാൻ മിന്നൽ മുരളി ഒരു നിമിത്തമായി. മിന്നൽ മുരളി സത്യത്തിൽ ഒരു വാതിൽ തുറന്നിട്ടിരിക്കുകയാണ്. ആ വാതിൽ വഴി ഞാനെന്റെ സിനിമകളെ കടത്തിവിടാൻ ശ്രമിക്കുകയാണ്.

 

യുദ്ധങ്ങൾ സൈബറിടങ്ങളിലാകട്ടെ

 

സ്ത്രീപക്ഷ വാദം ഉന്നയിക്കുമ്പോൾ, രാഷ്ട്രീയ പ്രസ്താവനകൾ  മുന്നോട്ടു വയ്ക്കുമ്പോളെല്ലാം സൈബര്‍  അറ്റാക്ക് നേരിടേണ്ടി വന്ന വ്യക്തി എന്ന നിലയില്‍ ആഷിഖ് എങ്ങനെ അവയെ നോക്കി കാണുന്നു എന്ന ചോദ്യത്തിനു, ആദ്യമൊക്കെ വളരെ പ്രശ്നമായിരിന്നുവെങ്കിലും ഇന്ന് സൈബർ അറ്റാക്ക് കിട്ടാത്തവരായി ആരുണ്ട് നാട്ടിൽ..? എന്ന മറുചോദ്യമായിരുന്നു മറുപടി. 

 

‘റോഡിലിറങ്ങി ബോംബെറിയുന്നതിലും നല്ലതല്ലേ, ഫെയ്സ്ബുക്കിൽ വന്നു നാല് തെറി വിളിച്ച് അയാളുടെ വിഷമം തീർക്കുന്നത്. അല്ലെങ്കിൽ അവർ തെരുവിൽ ഇറങ്ങുകയും അടിയുണ്ടാക്കുകയും വീടിനു ബോംബെറിയുകയും ഒക്കെ ചെയ്യുമല്ലോ. ഒരാളുടെ ദേഷ്യം തീരുന്നത് അങ്ങനെയാണെങ്കിൽ, എല്ലാം അങ്ങനെയങ്ങു തീരട്ടെ. നമ്മൾ അത് സീരിയസ് ആയി എടുക്കാതിരുന്നാൽ മതി. ആൾക്കാർ ചീത്ത പറയുന്നത് നമ്മുടെ വീട്ടിൽ വന്നിട്ടില്ലല്ലോ. അതുകൊണ്ട് ആർക്കെങ്കിലും ഒരു സന്തോഷം കിട്ടുന്നെകിൽ കിട്ടട്ടെ... ഇത്തരം ഒരു പ്ലാറ്റ്ഫോമുകൾ ഇല്ലെങ്കിൽ ആളുകൾ റോഡിൽ ഇറങ്ങുകയാണ് പതിവ്. അങ്ങിനെ നോക്കുമ്പോൾ യുദ്ധങ്ങളൊക്കെ സൈബർ ആകട്ടെ എന്നാണ് പറയാനുള്ളത്. അവിടെ ജീവഹാനിയുമില്ല... ആറ്റംബോംബുമില്ല.’–ആഷിഖ് വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com