ADVERTISEMENT

ഷൈൻ ടോം ചോക്കോ എന്ന നടൻ ഒരു കഥാപാത്രമായി സ്ക്രീനിലെത്തുമ്പോൾ പ്രേക്ഷകർക്ക് തോന്നുന്ന ഒരു ആശയക്കുഴപ്പമുണ്ട്. ഇത് റിയൽ ആണോ, അതോ അഭിനയമാണോ? അത്രയും സൂക്ഷ്മവും ഒറിജിനലുമാണ് അദ്ദേഹത്തിന്റെ പ്രകടനം. ഭീഷ്മ പർവത്തിലെ പീറ്ററിലും കാണാം, അമ്പരപ്പിക്കുന്ന ആ മെയ്‌വഴക്കം! സ്ക്രീനിൽ പീറ്ററായി ജീവിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ. നായകനോ പ്രതിനായകനോ ആകട്ടെ, ചെയ്യുന്ന കഥാപാത്രത്തിന്റെ ഷെയ്ഡിൽ അല്ല, അതിന്റെ പ്രകടനത്തിലാണ് നടൻ എന്ന നിലയിൽ താൻ വിശ്വസിക്കുന്നതെന്ന് പറയുകയാണ് ഷൈൻ ടോം ചാക്കോ. പ്രേക്ഷകർ ആഘോഷത്തോടെ സ്വീകരിച്ച ഭീഷ്മ പർവത്തിന്റെ വിശേഷങ്ങളുമായി ഷൈൻ മനോരമ ഓൺലൈനിൽ. 

 

സിനിമ നൽകുന്ന സ്വാതന്ത്ര്യം

bheeshma-family

 

പീറ്റർ എന്ന കഥാപാത്രം പ്രേക്ഷകർക്കാണ് ഗ്രേ ഷെയ്ഡിലുള്ളതായി തോന്നുന്നത്. എനിക്കെല്ലാം പെർഫോർമൻസാണ്. ജീവിതത്തിൽ അങ്ങനെ പെരുമാറാൻ പറ്റാത്തതും ആകെക്കൂടി ഫ്രീഡം കിട്ടുന്നതും സിനിമയിൽ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴാണ്. ആ സ്വാതന്ത്ര്യമാണ് സ്ക്രീനിൽ കാണുന്നത്. ഭീഷ്മ പർവത്തിന്റെ കഥ മഹാഭാരതവുമായി കണക്ട് ചെയ്താണല്ലോ പറയുന്നത്. ദുര്യോധനന്റെ കഥാപാത്രമാണ് പീറ്ററിനുള്ള പ്രചോദനം. ദുര്യോധനൻ ജനിച്ചു വീഴുമ്പോഴെ രാജാവാണ്. യുവരാജാവ്! രാജാവിനെപ്പോലെയാണ് അയാളുടെ നടത്തവും ഇരിപ്പും പെരുമാറ്റവുമൊക്കെ. പീറ്ററിന് അയാളുടേതായ ഉറച്ച തീരുമാനമുണ്ട്. അതുകൊണ്ടാണ് പീറ്ററിന് സിനിമയിൽ കണ്ടതുപോലുള്ള ആക്‌ഷനും മാനറിസങ്ങളും വരുന്നത്. 

soubin-shine

 

അമൽ എന്ന ആത്മവിശ്വാസം

 

shine-sreenath

സൗഹൃദത്തിൽ വർക്ക് ചെയ്യുന്നത് എപ്പോഴും നല്ലതാണ്. അമൽ ഒരു സിനിമ ചെയ്യുമ്പോൾ അതിൽ ഒരു അഭിനേതാവിനെ ചിത്രീകരിക്കുന്നത് ഏറ്റവും നല്ല രീതിയിലായിരിക്കുമെന്ന് ഓരോ ആക്ടറിനും അറിയാം. ആ ആത്മവിശ്വാസം അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുമ്പോഴുണ്ട്. നമ്മുടെ പെർഫോമൻസ് നല്ല രീതിയിൽ ചിത്രീകരിക്കപ്പെടും എന്നൊരു ഉറപ്പ് ഫീൽ ചെയ്യും. അതൊരു ആത്മവിശ്വാസമാണ്. അത് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്ന എല്ലാവർക്കും ഫീൽ ചെയ്യുന്ന കാര്യമാണ്. അങ്ങനെയില്ലാത്ത പടങ്ങളിൽ ആ അഭിനേതാക്കളിലും ഒന്നും കാണാൻ പറ്റില്ല. ആരു ചെയ്ത വർക്ക് ആണെങ്കിലും അത് ആളുകൾ കാണുകയും അംഗീകരിക്കുകയും ചെയ്യുക എന്നു പറയുന്നത് വലിയൊരു ലഹരിയാണ്. അതിനു വേണ്ടിയാണല്ലോ എല്ലാവരും പരിശ്രമിക്കുന്നത്.  

 

വൈറലായ സ്റ്റെപ്പ്

 

ആ സ്റ്റെപ്പ് സിനിമയിൽ വന്നതിനു പിന്നിൽ ഒരു സംഭവമുണ്ട്. ഞാനും സൗബിനുമൊക്കെ കൂടുന്ന സമയത്ത് തമാശയ്ക്ക് കാട്ടാറുള്ള ഒരു ആക്‌ഷൻ ആണ് അത്. അതിനെ സ്റ്റെപ്പ് എന്നൊന്നും പറയാൻ പറ്റില്ല. പോൾ ഡാൻസിലൊക്കെ കാണിക്കുന്ന ഒരു ആക്‌ഷൻ ആണ്. ഇതിനെപ്പറ്റി സൗബിന് അറിയാം. ഭീഷ്മ പർവത്തിലെ ബോട്ടു ജെട്ടി സീൻ എടുക്കുന്ന സമയം. ആ സീനിന്റെ ഷൂട്ടിന് ഇടയിൽ ഒരു ബ്രേക്ക് കിട്ടി. ഞാനും സൗബിനുമൊക്കെ ഉണ്ട്. അപ്പോൾ സൗബിൻ പറഞ്ഞു, നീ നമ്മുടെ ആ സ്റ്റെപ്പ് അമലേട്ടന് ഒന്നു കാണിച്ചു കൊടുത്തേ, എന്ന്. ഞാൻ അതു ചെയ്തു കാണിച്ചു.

 

അതു കണ്ടതും അമലേട്ടൻ ചിരിയോടു ചിരി. 'ഇത് നമുക്ക് ആ സീനിൽ കേറ്റാം' എന്നായി അദ്ദേഹം. അങ്ങനെയാണ് റംസാനെ ഞാൻ ചെന്ന് ഡാൻസ് പഠിപ്പിക്കുന്ന രീതിയിലേക്ക് ആ സീൻ വന്നത്. കൂടാതെ ആ പാട്ടും വളരെ നല്ലതായിരുന്നു. ഉണ്ണി മേനോന്റെ ശബ്ദം ആ കാലഘട്ടത്തിലേക്ക് നമ്മെ കൃത്യമായി കൊണ്ടുപോകുന്നതായി. ആ പാട്ട് നല്ല രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സുമേഷും ജിഷ്ണുവുമാണ് കൊറിയോഗ്രഫി ചെയ്തത്. അവരുടെ ഒന്നു രണ്ടു വിഡിയോസ് കണ്ടിട്ടാണ് അമലേട്ടൻ അവരെ സിനിമയിലേക്ക് ക്ഷണിച്ചത്. അവർ ചെയ്ത സ്റ്റെപ്പുകളൊക്കെ കിടിലനാണ്. 

 

ട്രോൾ ചെയ്യപ്പെട്ട അഭിമുഖം

 

ഇപ്പോൾ തല്ലുമാലയുടെ ഷൂട്ടിലാണ്. അതിന്റെ ഷൂട്ടിനിടയിലാണ് കാലിന്റെ ലിഗമെന്റിന് പരിക്ക് പറ്റിയത്. അന്നത്തെ അഭിമുഖം ഷൂട്ട് ചെയ്തവർ കണ്ടതാണ്, ഞാൻ ആശുപത്രിയിൽ പോകുന്നതും അവിടേക്ക് വൈകി വന്നതും. എന്നെക്കുറിച്ചോ എന്റെ സ്വഭാവത്തെക്കുറിച്ചോ ആളുകൾ ചർച്ച ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. ഫെബ്രുവരി 21ന് ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. അന്ന് വെയിൽ സിനിമയുടെ പ്രമോഷൻ പ്ലാൻ ചെയ്തിരുന്നു. അന്ന് ഉച്ചയ്ക്കാണ് എനിക്കിത് സംഭവിക്കുന്നത്. ഞാൻ ആശുപത്രിയിൽ പോയി തിരിച്ചു വന്നപ്പോഴേക്കും വൈകുന്നേരമായി. പ്രമോഷൻ ഷൂട്ടിന് ക്ഷണിച്ചവരെല്ലാം അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അത്രയും ആളുകളെ കാത്തിരിപ്പിച്ചിട്ട് അഭിമുഖം കൊടുക്കാതിരിക്കുന്നത് മോശമല്ലേ എന്നു തോന്നി. 

 

ഒരോ മണിക്കൂർ കഴിയുമ്പോഴും കാലിലെ വേദന കൂടി വരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പരുക്ക് സംഭവിച്ചതിനേക്കാൾ വേദനയാണ് പിന്നീട്. അതുകൊണ്ട് ഡോക്ടർ പെയിൻ കില്ലർ തന്നിരുന്നു. അതു കഴിച്ചിട്ട് ഉറക്കമൊക്കെ വരുന്നുണ്ടായിരുന്നു. സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കേണ്ടത് അഭിനേതാവ് എന്ന നിലയിൽ എന്റെ കടമയല്ലേ എന്നോർത്തിട്ടാണ് അഭിമുഖത്തിന് ചെന്നിരുന്നത്. ഇനിയിപ്പോൾ ആളുകൾ എന്തെങ്കിലും കമന്റുകൾ പറഞ്ഞാലും കുഴപ്പമില്ല. ആളുകളെ എന്റർടെയ്ൻ ചെയ്യിപ്പിക്കാൻ വേണ്ടിയാണല്ലോ നമ്മളുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com