ADVERTISEMENT

ബാലാമണിയിൽനിന്നു രാധാമണിയിലേക്ക് എത്ര ദൂരമെന്നു ചോദിച്ചാൽ നവ്യാ നായർ പുതിയ സിനിമയായ ‘ഒരുത്തീ’ യുടെ ട്രെയ്‌ലർ കാട്ടിത്തരും. ഓടിപ്പോകുന്ന ജങ്കാറിലേക്ക് ഒരു അത്‌ലീറ്റിനെപ്പോലെ ചാടിക്കയറുന്ന രാധാമണി. കായലോളങ്ങളിലൂടെ കുലുങ്ങി മുന്നോട്ടുപോകുന്ന ജങ്കാറിൽ കുലുക്കമില്ലാതെ നിൽക്കുന്ന നായിക.

 

ബാലാമണിയെപ്പോലെയല്ല രാധാമണി. ജങ്കാറിലെ കണ്ടക്ടറായി ജോലിചെയ്ത് ജീവിതത്തെ ഉൾക്കരുത്തോടെ നേരിടുന്ന പെണ്ണാണവൾ. ഉള്ളിൽ ജീവിതാനുഭവങ്ങളുടെ തീ സൂക്ഷിക്കുന്ന ഒരുത്തി. 10 വർഷത്തെ ഇടവേളയ്ക്കുശേഷം ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ചുവരുന്ന നവ്യാ നായർ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.

 

‘‘ഒരു ഇടവേളയ്ക്കു ശേഷം തിരികെവരുമ്പോൾ ബാലാമണിയെപ്പോലെ എന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്ന ഒരു കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. രാധാമണി അത്തരത്തിലുള്ള ഒരു കഥാപാത്രമാണ്. ഇവർ രണ്ടു രീതിയിലുള്ള സ്ത്രീകളാണ്. ബാലാമണിക്കു ഭക്തിയുണ്ട്. രാധാമണി ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി കഷ്ടപ്പെടുന്ന സ്ത്രീയാണ്. ബാലാമണിയെപ്പോലെ ഫാന്റസിയിൽ ജീവിക്കുന്ന പെൺകുട്ടിയല്ല. രാധാമണിയുടെ ജീവിതത്തിലെ മൂന്നു ദിവസങ്ങളാണു സിനിമയിലുള്ളത്.  18ന് ആണ് റിലീസ്.

 

മലയാള സിനിമയിലെ മാറ്റങ്ങളെ എങ്ങനെ കാണുന്നു?

 

നിരന്തരമായി സിനിമ കാണുന്ന ഒരാളാണു ഞാൻ. അതുകൊണ്ടു തന്നെ സിനിമയിലെ മാറ്റങ്ങളും എന്റെയുള്ളിൽ ഉണ്ട്. അമാനുഷിക കഥാപാത്രങ്ങളുള്ള സിനിമകളും  റിയലിസ്റ്റിക്, ആർട്ടിഫിഷ്യാലിറ്റി സിനിമകളും മാറിമാറി വരും. നടിമാർക്കു പ്രാധാനമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നല്ലോ. ശാരദാമ്മ, ജയഭാരതി, ഷീലാമ്മ. ഇവരുടെ പേരിൽ അറിയപ്പെടുന്ന സിനിമകൾ. ആ ഒരു കാലം തിരികെവരണമെന്ന് ആഗ്രഹിക്കുന്ന ആളാണു ഞാൻ.

 

നാടൻ കഥാപാത്രങ്ങളിൽനിന്നു മാറി വ്യത്യസ്തമായ ഒന്നു ചെയ്യണമെന്ന് ആഗ്രഹമുണ്ടോ?

 

എന്റെ സ്ഥായീഭാവം നാട്ടിൻപുറത്തെ സ്ത്രീയായതുകൊണ്ട് അതിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാലും ശക്തമായ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

 

കെപിഎസി ലളിതയാണല്ലോ ഈ സിനിമയിൽ അമ്മയായി അഭിനയിച്ചത് ?

 

സിനിമയിൽ‌ ലളിതച്ചേച്ചിയെ കൊണ്ടുവരാമെന്ന നിർദേശം ഞാൻ തന്നെയാണു പറഞ്ഞത്. ആയാസരഹിതമായി അഭിനയിക്കുന്ന ആളാണു ചേച്ചി. അമ്മയുടെ സ്ഥാനത്തുതന്നെയാണ് എന്നും കണ്ടത്. മരണം വരെ അഭിനയിക്കണമെന്നായിരുന്നു ചേച്ചിയുടെ ആഗ്രഹം. അതുസാധിച്ചു.

 

സോഷ്യൽ മീഡിയ ഗോസിപ്പുകൾ വേദനിപ്പിക്കാറുണ്ടോ?

 

സോഷ്യൽ മീഡിയയല്ല ജീവിതം. അവിടത്തെ എല്ലാ വാർത്തയ്ക്കും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേയുള്ളു. സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ചു നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും അതിൽ സത്യമില്ല. ഇത്തരം ഗോസിപ്പുകളെ അവഗണിക്കുകയാണു ചെയ്യുന്നത്. കഥാപാത്രങ്ങൾ ആഴത്തിൽ മനസ്സിൽ പതിച്ചു എന്നതിന്റെ തെളിവാണു ട്രോളുകൾ. കാണുമ്പോൾ സന്തോഷമേ തോന്നാറുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com