ADVERTISEMENT

സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ വിജയപരാജയങ്ങളെപ്പറ്റി ആലോചിച്ചു സമയം കളയാതെ, ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പുതു വഴികൾ തെളിച്ചു മുന്നേറുന്നയാളാണ് വി.കെ. പ്രകാശ്. നവ്യ നായരെ നായികയാക്കി വികെപി ഒരുക്കിയ ‘ഒരുത്തീ’ തിയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ‘ഒരുത്തീ’യൊരു സ്ത്രീപക്ഷ സിനിമ മാത്രമല്ലെന്നും വെറുമൊരു സാധാരണ കുടുംബ ചിത്രമാണെന്നും വികെപി പറയുന്നു. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങളുമായി അദ്ദേഹം മനോരമ ഓൺലൈനിനൊപ്പം ചേരുന്നു...

 

‘ഒരുത്തീ’യിലേക്ക്

 

ഈ സിനിമയുടെ കഥാകൃത്ത് സുരേഷ് ബാബുവാണ് ചിത്രത്തെക്കുറിച്ച് ആദ്യം എന്നോട് സംസാരിക്കുന്നത്. നവ്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഇതൊരു പ്രോജക്ട് ആയി മാറി. തുടർന്നുള്ള ചർച്ചകളിൽ അവരും പങ്കാളിയായിരുന്നു. ‘ഒരുത്തീ’യെ ഒരുക്കിയെടുത്തതും നിരന്തരമായ ചർച്ചകളിലൂടെയാണ്. അങ്ങനെ പതിയെ പതിയെയാണ് ഈ ചിത്രം സംഭവിക്കുന്നത്. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ആ കഥാപാത്രത്തിന്റെ ധൈര്യവും അവരുടെ ഓട്ടവുമാണ് നവ്യയുടെ തിരിച്ചുവരവ് എന്നതിനപ്പുറം ആ  ഈ ചിത്രം ചെയ്യണമെന്ന തോന്നലുണ്ടാവാൻ കാരണമായത്. 

 

ഒരുത്തി ഒരു സ്ത്രീപക്ഷ സിനിമ

 

ഒരിക്കലുമതൊരു സ്ത്രീപക്ഷ സിനിമ മാത്രമല്ല. മറിച്ച് അതൊരു സാധാരണ കുടുംബചിത്രമാണ്. പക്ഷേ കഥ മുന്നോട്ടു പോകുന്നത് സ്ത്രീയുടെ ആംഗിളിലൂടെയാണെന്നു മാത്രം. 

 

നവ്യയോടൊപ്പം

 

നവ്യയുടെ മുൻ വർക്കുകൾ കണ്ടിട്ടുണ്ട്. ഒപ്പം ആദ്യമായാണ്. അവരിൽ നല്ലൊരു മാറ്റം കാണാനായി. മുൻകാലങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി റിയലിസ്റ്റിക്കായാണ് അവരിപ്പോൾ അഭിനയിക്കുന്നത്. സത്യസന്ധയായ അഭിനേത്രിയാണ് നവ്യ. രാധാമണിയെ അവർ മികച്ചതാക്കി. സിനിമ കണ്ടവർക്ക് നന്നായി മനസ്സിലാവും അതിൽ നവ്യയെന്ന അഭിനേത്രിയേയല്ല, പകരം രാധാമണിയെന്ന മിഡിൽ ക്ലാസ് വീട്ടമ്മയെയാണ് നമ്മളെല്ലാം കണ്ടത്.

 

രാധാമണിയുടെ ഓട്ടം

 

ഏതൊരു സംവിധായകന്റെയും എഴുത്തുകാരന്റെയും മനസ്സിലാണല്ലോ ആദ്യമായി ഒരു സിനിമ ജനിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള സാധാരണക്കാരുടെ നെട്ടോട്ടമാണ് ഈ സിനിമ പങ്കുവയ്ക്കുന്നത്. നാമോരോരുത്തരും ഓരോ തരത്തിലാണ് ഓടുന്നതെന്നു മാത്രം. അതുകൊണ്ട് ഒരുത്തീയുടെ കൊറിയോഗ്രഫിയിലും അക്കാര്യം കൊണ്ടുവന്നു. ഓരോ ക്യാരക്ടറിനൊപ്പവും പ്രേക്ഷകരും മനസ്സുകൊണ്ട് ഓടണമെന്നു തുടക്കത്തിലേ തീരുമാനിച്ചിരുന്നു. അവർ പോകുന്ന വഴിയും അവരുടെ വീടുമൊക്കെ അപ്രകാരം തന്നെയാണ് തിരഞ്ഞെടുത്തതും.

 

എസ്‌ഐ ആന്റണിയായ വിനായകൻ

 

അയാൾക്കത് ചെയ്യാൻ കഴിയും എന്ന വിശ്വാസത്തിലാണ് വിനായകനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. എസ്ഐ ആന്റണി അൽപ്പം വിധേയത്വമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. ഒരു സിസ്റ്റത്തിൽ കുടുങ്ങിക്കിടക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. തന്റെയടുത്ത് സഹായിക്കണമെന്ന് പറഞ്ഞെത്തുന്നവരെ സഹായിക്കാനൊരു മനസ്സയാൾക്കുണ്ട്. പക്ഷേ സാമൂഹികവും ജോലി സംബന്ധവുമായ കെട്ടുപാടുകൾ കൊണ്ട് അയാൾക്കതിനു കഴിയുന്നില്ല. എന്നാൽ ഒരു നിവർത്തിയുമില്ലാതെ സിസ്റ്റത്തിൽ നിന്നുകൊണ്ട് സിസ്റ്റത്തോട് അയാൾ പ്രതികരിക്കുകയാണ്. 

 

ജയിക്കണമെന്ന വാശി അയാളിൽ ഉണ്ടാവുന്നുണ്ട്. ആ വാശിയെ പ്രേക്ഷകരുടെ ഇഷ്ടത്തിനു വ്യാഖ്യാനം നടത്താനുള്ള ഒരു സ്പേസും നമ്മൾ ഇട്ടിട്ടുണ്ട്. ജാതീയമായോ അല്ലെങ്കിൽ തൊഴിൽപരമായോ അതിനെപ്പറ്റി ചിന്തിക്കാൻ സാധിക്കുമല്ലോ. അതുകൊണ്ട് തന്നെയാണ് എപ്പോഴും ഇങ്ങനെ തോറ്റു കൊണ്ടിരുന്നാൽ മതിയോയെന്ന് പ്രേക്ഷകനോടെന്ന നിലയിൽ ആ ക്യാരക്ടർ പറയുന്നതും. വിനായകൻ സാധാരണയായി അഗ്രസീവ് ആയ ക്യാരക്ടറുകൾ ആണ് ചെയ്യാറുള്ളത്. പക്ഷേ ഈ വേഷവും നന്നായിണങ്ങുമെന്നയാൾ തെളിയിച്ചു. 

 

മലയാളത്തിൽ ഇടവേള

 

കണ്ടന്റിൽ ആയാലും ഫോമിൽ ആയാലും എന്നെ ആകാംക്ഷപ്പെടുത്തുന്ന  തിരക്കഥ വന്നാൽ ഞാൻ ചെയ്യാറുണ്ട്. അതിന്റെ വരുംവരായ്കകളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറുമില്ല. ഒരുപാട് കാര്യങ്ങൾ ഒരേസമയം ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ ചെയ്യുന്ന കാര്യങ്ങൾ ആസ്വദിച്ച് ചെയ്യാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് വിജയപരാജയങ്ങൾ ഉണ്ടാവാറുണ്ട്. വിജയം ആണെങ്കിലും പരാജയം ആണെങ്കിലും അടുത്തത് ചെയ്യണം എന്ന ചിന്തയാണ് എപ്പോഴും മുന്നോട്ട് നയിക്കുന്നത്. ഒരുത്തീയിൽ എന്നെ എക്സൈറ്റ് ചെയ്ത ഘടകമെന്തെന്നാൽ അതൊരു വീട്ടമ്മയുടെ പോരാട്ടമാണ്. വളരെ സ്വാഭാവികമായി എങ്ങനെയതെനിക്ക് ചെയ്യാൻ പറ്റുമെന്നാണ് ചിന്തിച്ചതും.

 

‘ഒരുത്തീ’യുടെ വിജയം

 

പൊതുവെ ജീവിതഗന്ധിയായ ഇത്തരം സിനിമകൾക്ക് തിയറ്ററിൽ വലിയ തിരക്ക് ഉണ്ടാവാറില്ല. ടിവിയിലോ മറ്റു പ്ലാറ്റ്ഫോമിലോ വരുമ്പോൾ മാത്രമാണവ ശ്രദ്ധിക്കപ്പെടുന്നത്. ‘ഒരുത്തീ’ ജനങ്ങളുടെ സിനിമയാണ്. അവരുടെ ജീവിതം പറയുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ പറഞ്ഞു കേട്ട് കൂടുതൽ ആളുകൾ ചിത്രം കാണാനെത്തുന്നുവെന്നറിയുമ്പോൾ സന്തോഷം. സിനിമ കണ്ട ശേഷം വിളിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. അതിലും സന്തോഷം. ഇനിയും ഒരുപാടുപേർ സിനിമ കാണാൻ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

 

‘ഒരുത്തീ’യുടെ രണ്ടാം ഭാഗം

 

രാധാമണിയുടെ അതിജീവനമാണ് ഇപ്പോൾ കണ്ടത്. എന്നാൽ ഇനി അവരുടെ പോരാട്ടമാണ് രണ്ടാം ഭാഗമായി പറയാനുള്ളത്. അതിലൊരു പൊലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയും പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com