ADVERTISEMENT

സ്വർണത്തിനു മീതെ ചോര കൊണ്ടെഴുതിയ ഒരു കഥയുടെ പരിണാമം കാത്തിരിക്കയാണു രാജ്യമെങ്ങുമുള്ള സിനിമാ പ്രേമികൾ. കെജിഎഫ് ചാപ്റ്റർ 2. ചിത്രത്തിലെ നായകൻ കന്നഡ സൂപ്പർ താരം യഷ് കെജിഎഫ് ആദ്യ ഭാഗത്തോടെ തന്നെ മലയാളിയുടെയും ‘ക്രഷ്’ ആണ്. വിഷുത്തലേന്നു തിയറ്ററുകളിലെത്തുന്ന കെജിഎഫ് ചാപ്റ്റർ രണ്ടിന്റെ ട്രെയിലർ പോലും റെക്കോഡുകൾക്കു മീതെ പറക്കുന്നു. ഇതിനിടെ, കെജിഎഫ് ഒന്നാം ഭാഗം തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ റീ റിലീസ് ചെയ്യുന്നു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മൂന്നാം തവണയാണു കെജിഎഫ് ആദ്യഭാഗം തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്നത്. ഇതും കന്നഡ സിനിമാ ചരിത്രത്തിലാദ്യം. പ്രേക്ഷക പ്രതീക്ഷ വാനോളമുയരുമ്പോൾ റോക്കിങ് സ്റ്റാറിനെ തിയറ്ററുകളിൽത്തന്നെ വരവേൽക്കാൻ യഷ് ആരാധകരും വമ്പൻ ഒരുക്കങ്ങളിലാണ്. ചിത്രത്തിന്റെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയ യഷ് മനോരമയോട്.

 

∙ കെജിഎഫ് ഒന്നിനു ശേഷം മലയാളികളുടെ പ്രിയ നായകൻമാരുടെ പട്ടികയിൽ യഷുമുണ്ട്?

 

കെജിഎഫ് ഒന്നിനു മുൻപ് ഞാൻ മലയാളികൾക്ക് ആരുമായിരുന്നില്ല. എന്നാൽ ആ ചിത്രത്തിനു ശേഷം അവർ കാട്ടുന്ന സ്നേഹം മനസ്സു നിറയ്ക്കുന്നു. സിനിമ നല്ലതാണെങ്കിൽ, കഴിവുള്ള അഭിനേതാവാണെങ്കിൽ  അംഗീകരിക്കാനും സ്നേഹിക്കാനുമുള്ള മലയാളിയുടെ മനസ്സാണ് അതു കാട്ടുന്നത്. ഒട്ടേറെ മലയാളി സുഹൃത്തുക്കൾ എനിക്കുണ്ട്. മലയാളികളുടെ സ്നേഹം അവരിലൂടെയും ഞാൻ അറിയുന്നുണ്ട്. 

 

പടുകൂറ്റൻ വിജയങ്ങളും ബ്രഹ്മാണ്ഡ കഥാപാത്രങ്ങളും അഭിനേതാക്കൾക്കു ഭാരമാകാറുണ്ട്?

yash-kgf-3

 

വലിയ വിജയങ്ങൾ വലിയ കരുത്തും അഭിനേതാക്കൾക്കു നൽകുന്നുണ്ട്. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലുൾപ്പടെ അതു പ്രതിഫലിക്കും. റോക്കിഭായിയുടെ നിഴലിൽനിന്നു മാറിനിൽക്കുന്ന പുതിയൊരു യഷിനെ പ്രേക്ഷകർക്കു മുൻപിൽ എത്തിക്കാൻ കഴിവുള്ള സംവിധായകരാണു നമുക്കുള്ളത്. അവർ അതിൽ വിജയിക്കും എന്നെനിക്കുറപ്പുണ്ട്. നിലവിൽ ഞാൻ മറ്റൊരു പ്രോജക്ടിന്റെ ചർച്ചകളിലാണ്. എന്നെ വളരെ ആകർഷിച്ച ഒരു കഥയാണ്. അത്തരം ഒട്ടേറെ കഥകളും കഥാപാത്രങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസത്തിലാണു ഞാൻ.

 

പ്രേക്ഷക പ്രതീക്ഷയുടെ ഭാരമുണ്ടോ ചുമലിൽ?

 

രാജ്യമെമ്പാടുമുള്ള സിനിമാ പ്രേമികളും ആരാധകരും ഈ ചിത്രം കാണാൻ കാത്തിരിക്കുന്നുണ്ട് എന്നതാണു പ്രധാനം. അതൊരു ഭാരമല്ല. അവർ കെജിഎഫ് ടീമിലർപ്പിച്ചിട്ടുള്ള വിശ്വാസമാണ്. ഞാനും സംവിധായകൻ പ്രശാന്ത് നീലും നടീനടൻമാരും അണിയറപ്രവർത്തകരുമുൾപ്പെടെ എല്ലാവരും മികച്ച ആത്മവിശ്വാസത്തിലാണ്. കെജിഎഫ് ഒന്നാം ഭാഗത്തിന്റെ വിജയമോ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണമോ ഒന്നും കെജിഎഫ് രണ്ടിനോടുള്ള പ്രേക്ഷകരുടെ സമീപനം മാറ്റില്ല. മറ്റേതൊരു ചിത്രത്തെപ്പോലെയും അതു തനതു മികവു തന്നെ പുലർത്തണം, ശ്രദ്ധിക്കപ്പെടണം. അതിനു വേണ്ടതെല്ലാം സംവിധായകൻ ചെയ്തിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. കെജിഎഫ് ഒന്നാം ഭാഗത്തെ കവച്ചുവയ്ക്കുന്ന രംഗങ്ങളാണു രണ്ടിലുള്ളത്. പ്രീറിലീസ് ബുക്കിങ് തന്നെ പ്രേക്ഷകർ ഈ ചിത്രത്തിലർപ്പിക്കുന്ന പ്രതീക്ഷയാണു തെളിയിക്കുന്നത്.  

sanjay-dutt

 

∙ കെജിഎഫ് ഒന്നാം ഭാഗം മൂന്നാം തവണയും തിയറ്ററുകളിൽ റീ റീലീസിനെത്തുന്നു?

kgf-2-prithviraj

 

yash-kgf-2

അതെ. ആരാധകരിൽ നിന്നുയർന്ന ആവശ്യമാണത്. കെജിഎഫ് രണ്ടാം ഭാഗം റിലീസ് ചെയ്യും മുൻപ് ആദ്യ ഭാഗം വീണ്ടും തിയറ്ററിൽത്തന്നെ കാണാൻ അവസരമൊരുക്കണം എന്നാവശ്യപ്പെട്ടു നിർമാതാക്കൾക്ക് ഒട്ടേറെ കോളുകളും മെസേജുകളും സമൂഹമാധ്യമ കമന്റുകളുമെല്ലാം ലഭിച്ചു. ചിത്രം ഒടിടിയിൽ ലഭ്യമായിരുന്നിട്ടും തിയറ്ററിലേക്കു വീണ്ടും എത്തിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്.

 

കെജിഎഫ് രണ്ടിനായി യഷ് ചില ഡയലോഗുകൾ എഴുതിയെന്നു സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞല്ലോ?

 

അതങ്ങനെയല്ല. എനിക്കു സംവിധായകൻ അങ്ങനെയൊരു ക്രെഡിറ്റ് തന്നെന്നേയുള്ളൂ. ചിത്രത്തിന്റെ പ്രാഥമിക ചർച്ചകൾ മുതൽ എല്ലാത്തിന്റെയും ഭാഗമായിരുന്നു ഞാൻ.  ഒട്ടേറെ ആശയങ്ങൾ, കഥാഭാഗങ്ങൾ, സംഭാഷണങ്ങൾ ഒക്കെ ഞങ്ങൾ കൂട്ടായി ചർച്ച ചെയ്തു. സംഭാഷണങ്ങളെഴുതി, മാറ്റിയെഴുതി, തിരുത്തി. അവസാന തിരക്കഥയിൽ ഞാൻ നിർദേശിച്ച ചില സംഭാഷണങ്ങൾ ഉൾപ്പെട്ടു എന്നേയുള്ളൂ. 

 

ചിത്രത്തിലെ വില്ലൻ അധീരയായി ബോളിവുഡിൽനിന്നു സഞ്ജയ് ദത്ത് എത്തുന്നു?

 

നായകൻ റോക്കി ഭായിയുടെ പ്രതിനായകനും വളരെ കരുത്തനാകണം എന്ന നിർബന്ധം ആദ്യ ദിനം മുതൽ സംവിധായകനുണ്ടായിരുന്നു. നായകനായിരിക്കെത്തന്നെ റോക്കിയിലൂടെ സംവിധായകൻ ഒരു ‘മോൺസ്റ്ററിനെയാണ്’ സൃഷ്ടിച്ചത്. അപ്പോൾ വില്ലനും കരുത്തുറ്റ കഥാപാത്രമാകുക എന്നതു വളരെ പ്രധാനമാണ്. ഒട്ടേറെ അടരുകളുള്ള കഥാപാത്രമാണ് അധീര. അതു സഞ്ജയ് ഭായിയുടെ കയ്യിൽ ഭദ്രമായിരുന്നു. ആ കഥാപാത്രത്തിന് ഏറ്റവും യോജിക്കുന്ന നടനെത്തന്നെയാണു ഞങ്ങൾക്കു കിട്ടിയത്. 

 

കെജിഎഫ് മലയാളത്തിലെത്തിക്കുന്നതു പൃഥ്വിരാജ് ഫിലിംസാണ്. മലയാളത്തിലേക്കു ചിത്രം മൊഴിമാറ്റം ചെയ്തിരിക്കുന്നതിനു പിന്നിലും വലിയ അധ്വാനമുണ്ട്?   

 

സിനിമ കാലദേശഭേദമെന്യേ എല്ലാവരെയും ഒരുമിപ്പിക്കും. നല്ല സിനിമകൾ പ്രത്യേകിച്ചും. സിനിമാ മേഖലയെ വിവിധ സംസ്ഥാനങ്ങളുടേതായി തരംതിരിച്ചു കാണാതെ എല്ലാം ഇന്ത്യൻ സിനിമയെന്നും നടീനടൻമാരെ ഇന്ത്യൻ ആർടിസ്റ്റ് എന്നും അറിയപ്പെടുന്ന കാലമാണു വരുന്നത്. സിനിമയിൽ ഒരു അഭിനേതാവ് വലുതായി എന്തെങ്കിലും ചെയ്യുമ്പോൾ അതു സംസ്ഥാനങ്ങളുടെ അതിരുകൾ താണ്ടി തിയറ്ററുകളിൽ ഒരുമിച്ച് ആഘോഷിക്കാനുള്ള മനസ്സുണ്ടാകുക എന്നതും നിലവിൽ അങ്ങനെയൊരു സാഹചര്യം സംജാതമായിട്ടുണ്ട് എന്നതും വളരെ പോസിറ്റീവായ മാറ്റമാണ്. മലയാളത്തിലേക്കു ചിത്രം മൊഴിമാറ്റം ചെയ്യുന്നതിലെ ആത്മാർപ്പണത്തിനും  കഠിനാധ്വാനത്തിനും പൃഥ്വിരാജിനോടും ചുക്കാൻ പിടിച്ച ശങ്കർ രാമകൃഷ്ണനോടും നന്ദി പറയുന്നു. ബെംഗളൂരുവിൽ ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് എത്രയോ ദിവസങ്ങൾ ശങ്കർ ഉണ്ടായിരുന്നു. 

 

ഞങ്ങളിലൊരാളായി ഞങ്ങളോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു, ഞങ്ങൾക്കു മലയാളത്തിലേക്കുള്ള വഴികാട്ടിത്തന്നു. മലയാളികൾ മലയാളം ചിത്രങ്ങൾ ആസ്വദിക്കുന്നതു പോലെ കെജിഎഫും ആസ്വദിക്കാനാവണം എന്നും ഏറ്റവും മികച്ച സിനിമാനുഭവം തിയറ്ററുകളിൽ നിന്നു ലഭിക്കണമെന്നുമുള്ള നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനു വേണ്ടി വിയർപ്പൊഴുക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല. ആ കഠിനാധ്വാനം പൃഥ്വിരാജിന്റെയും ശങ്കറിന്റെയും സിനിമയോടുള്ള സ്നേഹത്തിനു തെളിവാണ്. സിനിമാമേഖലയ്ക്കു തന്നെ വഴികാട്ടിയാണ് മലയാളം സിനിമകൾ. കന്നഡ മലയാളം സിനിമ മേഖലകൾ തമ്മിലും രണ്ടു സംസ്ഥാനങ്ങളുടെയും സംസ്കാരങ്ങൾ തമ്മിലും ഏറെ സാമ്യമുണ്ട്. സ്വന്തം ഭാഷയിലും സംസ്കാരത്തിലും അഭിമാനിക്കുമ്പോൾ തന്നെ മറ്റുള്ളവരെക്കൂടി ഉൾക്കൊള്ളാനും മനസ്സിലാക്കാനും സഹകരിക്കാനും മടിയില്ലാത്തവരാണു കന്നഡിഗരും മലയാളികളും.അതുകൊണ്ടു തന്നെ ഭാവിയിൽ ഒട്ടേറെ പ്രോജക്ടുകളിൽ ഇരുമേഖലകളിൽ നിന്നുമുള്ളവർ ഒരുമിക്കുമെന്നെനിക്കുറപ്പുണ്ട്.   

 

കെജിഎഫ് ചാപ്റ്റർ രണ്ടിൽ ഒരു ‘ടെയ്ൽ എൻഡ് സർപ്രൈസ്’ ഉണ്ടാകുമോ?

 

14 വരെ കാത്തിരിക്കൂ. തിയറ്ററിൽ കണ്ടറിയാമല്ലോ. ഇപ്പോൾ ഒന്നും വെളിപ്പെടുത്താനില്ല! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com