ADVERTISEMENT

ആ വെള്ളാരം കണ്ണുകൾ ആർദ്രമായപ്പോഴെല്ലാം പ്രേക്ഷകരുടെ കരളലിഞ്ഞു. നുണക്കുഴിക്കവിളിൽ ചിരി പടർന്നപ്പോൾ മനസ്സു നിറഞ്ഞു. സോളമന്റെ സോഫിയയും നിമ്മിയുടെ സാലിയും മലയാളികളുടെ മനസ്സിലെ മുന്തിരിത്തോപ്പിലാണു കൂടുകൂട്ടിയത്. ഇടയ്ക്കൊരിക്കൽ  അണിയാൻ ഒരു തരി  പൊന്നു പോലുമില്ലാതെ തട്ടാൻ ഭാസ്കരന്റെ മനസ്സറിയുന്ന ഡാൻസ് ടീച്ചറായെത്തിയപ്പോൾ പൊന്നുപോലെ സ്നേഹിച്ചു മലയാളികൾ. വിവാഹശേഷം മറ്റു പലരേയും പോലെ സിനിമയിൽ നിന്നു മാറിനിന്നെങ്കിലും ഇടയ്ക്കിടയ്ക്ക് സ്ക്രീനിൽ വന്നു നിറഞ്ഞു. 

 

വിവാഹിതയായ സ്ത്രീകൾ സ്വന്തം വീട്ടിലെത്തുമ്പോൾ അയൽപക്കത്തെ കൂട്ടുകാരികൾ കാണാനെത്തുന്നതു പോലെ സ്ത്രീകൾ ശാരിയെ കാണാൻ തിയറ്ററുകളിലെത്തി. അവർ മക്കൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സോഫിയയുടെ കഥ പറഞ്ഞു കൊടുത്തു. ആ സങ്കടങ്ങളറിയാൻ പുതുതലമുറയും മുന്തിരിത്തോപ്പുകളിലേക്ക് പോയി. ആ കണ്ണുകൾ എത്ര തീക്ഷണമാണെന്ന് അവരും തിരിച്ചറിഞ്ഞു. നൂറോളം സിനിമകൾ, തെന്നിന്ത്യൻ സിനിമയിൽ നാലു പതിറ്റാണ്ടു തികയ്ക്കുകയാണു നടി ശാരി. 7 വർഷത്തെ ഇടവേളയ്ക്കു ശേഷം ‘ജനഗണമന’ എന്ന ഡിജോ ജോസ് ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയുടെ പടി കടന്നെത്തുമ്പോൾ തന്റെ കഥാപാത്രത്തെയും ക്യാമറയ്ക്കു മുന്നിലെ 40 വർഷങ്ങളെയും കുറിച്ചു ശാരി മനസ്സു തുറക്കുന്നു..  

 

∙കഥാപാത്രത്തെക്കുറിച്ച്?

 

‘ജനഗണമനയിൽ ഷഹാന എന്ന ശക്തമായ കഥാപാത്രമാണു ചെയ്യുന്നത്.  ഇതിനു മുൻപും പലരും അനേകം കഥകളുമായി   സമീപിച്ചിരുന്നു. കഥാപാത്രം ഇഷ്ടമാവാത്തതിനാൽ നിരസിച്ചു. ഒരിടവേളയ്ക്കു ശേഷമുള്ള മടങ്ങിവരവ് എല്ലാവരും ഓർമിക്കുന്ന ഒരു കഥാപാത്രമായി വേണമെന്ന് ആഗ്രഹിച്ചിരുന്നു.  വളരെ ബോൾഡായ അധ്യാപികയും അമ്മയുമാണു ഷഹാന.  കുടുംബ പ്രേക്ഷകരെയും യുവാക്കളെയും സിനിമ ഒരു പോലെ തൃപ്തിപ്പെടുത്തുമെന്നാണു പ്രതീക്ഷ.’

 

∙ സിനിമയുടെ ട്രെയിലർ വലിയ ചർച്ചയായി?

 

shari-actress-3

സാമൂഹികപ്രസക്തിയുള്ള സിനിമയാണ്. ശക്തമായ ഡയലോഗുകളാണു മറ്റൊരു പ്രത്യേകത. ട്രെയിലറിൽ കാണുന്നതു ജനഗണമനയുടെ രണ്ടാം ഭാഗമാണ്. ഇപ്പോൾ റിലീസ് ആകുന്ന ചിത്രത്തിൽ ആ സീൻ ഇല്ല എന്നതാണു സത്യം.

 

∙ ചോക്ലേറ്റിനു ശേഷം പൃഥ്വിരാജുമായി ഒരുമിക്കുന്നു?

 

പൃഥ്വിരാജ് എന്ന നടന്റെ മാറ്റം  അത്ഭുതപ്പെടുത്തുന്നതാണ്. ക്യാംപസിലെ ചോക്ലേറ്റ് ബോയ് ഇന്നു ശക്തമായ കഥാപാത്രങ്ങളെ അനായാസം ചെയ്യുന്ന മികച്ച നടനായി മാറിയിരിക്കുന്നു. പൃഥ്വിയുടെ സിനിമകൾ കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്.

 

∙നാലു പതിറ്റാണ്ടു കൊണ്ടു മലയാള സിനിമ എങ്ങനെയെല്ലാം മാറി?

 

സിനിമയുടെ സാങ്കേതികവിദ്യയിലും ആവിഷ്കരണത്തിലുമെല്ലാം വലിയ മാറ്റമുണ്ട്. കഥകളിലും കാലാനുസൃതമായ മാറ്റമുണ്ടായി. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണു താനും. ഞാനൊക്കെ സിനിമയിൽ വരുന്ന കാലത്ത് ഇന്നത്തെ പോലെയുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. പണ്ടു ലൊക്കേഷനിൽ ഇടവേള കിട്ടുമ്പോൾ ഞങ്ങളെല്ലാവരും കൂടി മരത്തണൽ തേടി പോകും. അവിടെയിരുന്നു കൊച്ചു വർത്തമാനം പറയും. നിലത്തൊരു ഷീറ്റ് വിരിച്ചു  കിട്ടുന്ന സ്ഥലത്ത് ഉറങ്ങും. ഇന്നു മിക്ക നടീനടൻമാർക്കു വിശ്രമിക്കാൻ കാരവനുണ്ട്.

 

എന്തിനായിരുന്നു ഈ ഇടവേള?

 

മകൾ കല്യാണിയുടെ പഠനത്തിനു വേണ്ടിയാണു ചെറിയ ബ്രേക്ക് എടുത്തത്. മകളുടെ പഠനം കഴിഞ്ഞു ജോലി ആയി. എന്റെ ഉത്തരവാദിത്തങ്ങൾ അൽപം കുറഞ്ഞു. ഇനി നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിക്കാമെന്നു കരുതുന്നു. വീട്ടിൽ ഇരിക്കുമ്പോഴും സിനിമ കാണലാണു പ്രധാന ഹോബി. ലോക്ഡൗൺ എത്തിയതോടെ ദിവസം രണ്ടും മൂന്നും സിനിമകൾ വരെ കണ്ടു.

 

∙ പത്മരാജന്റെ പ്രിയ നായിക?

 

പത്മരാജൻ സർ എന്നെ കാണാൻ ആദ്യമായി ചെന്നൈയിൽ വന്നിട്ടു പറഞ്ഞത് ഈ കണ്ണുകളാണു തന്റെ പുതിയ കഥാപാത്രത്തിന് ആവശ്യമെന്നാണ്. മലയാളത്തിൽ നടിമാർ ഇല്ലാത്തതു കൊണ്ടല്ല താൻ വന്നതെന്നും മുഖത്തെ ഭാവങ്ങൾ ജനങ്ങളിലേക്ക് വേഗമെത്താൻ കണ്ണു സഹായിക്കുമെന്നും പറഞ്ഞു. എല്ലാവരും എന്നോടു പറയാറുണ്ട് കണ്ണു ഭാഗ്യമാണെന്ന്. പദ്മരാജൻ സാറിനെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്കില്ല. ഇങ്ങനെ ഒരു ജീവിതം  തന്നത് അദ്ദേഹമാണ്.  അദ്ദേഹം പറഞ്ഞതുപോലെ ഞാൻ അഭിനയിച്ചു. അതിൽ കൂടുതൽ ഒന്നും ചെയ്തിട്ടില്ല. ഇന്നും അഭിനയിക്കുമ്പോൾ അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങൾ ഓർക്കും. ആ അനുഗ്രഹം മാത്രമാണു കൂടെയുള്ളത്.

 

∙കൂടുതൽ സിനിമകൾ മലയാളത്തിൽ?

 

എഴുപത്തിയഞ്ചോളം സിനിമകൾ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. 1982ൽ ഹിറ്റ്ലർ ഉയനാഥ് എന്ന തമിഴ് ചിത്രത്തിൽ സപ്പോർട്ടിങ് റോൾ അഭിനയിച്ചാണ് സിനിമയിലേക്കു വന്നത്. 1984ൽ ‘നെഞ്ചത്തെ അള്ളിത്താ’ എന്ന സിനിമയിൽ നായികയായി. ഒരു സ്ത്രീ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ എത്തിയത്. മലയാളത്തിൽ നിന്നാണ് കൂടുതൽ അവസരങ്ങൾ കിട്ടിയത്. സിനിമ അഭിനയിച്ച് മലയാളം സംസാരിക്കാനും പഠിച്ചു.

 

∙ ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയുടെ ക്ലൈമാക്സ് മറ്റൊന്നാകാമായിരുന്നു എന്ന് ആഗ്രഹിച്ചിട്ടുണ്ടോ?

 

സിനിമയുടെ ക്ലൈമാക്സിൽ ആ പെൺകുട്ടികൾ ജീവനൊടുക്കേണ്ടി വരുന്നത് അന്നത്തെ സാമൂഹിക ചുറ്റുപാടുകൾ കൊണ്ടാണ്. പെൺകുട്ടികളുടെ കുസൃതികളെ ഉൾക്കൊള്ളാൻ തക്ക രീതിയിൽ സമൂഹം വളർന്നിരുന്നില്ല. ഇന്നായിരുന്നു ആ സിനിമയെങ്കിൽ ക്ലൈമാക്സ് ഒരിക്കലും അങ്ങനെ ആവില്ല. ഇന്നത്തെ സമൂഹം കുറെക്കൂടി മാറിയിട്ടുണ്ട്.

∙നായകൻ ഒപ്പം പ്രാധാന്യം നായികമാർക്ക് സിനിമയിൽ കിട്ടാത്തതിനാലാണോ പലരും അഭിനയം നിർത്തുന്നത്?

 

മലയാള സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെയുള്ള ഒരു പ്രതിഭാസമാണ് ഇത്. കുടുംബവും കുട്ടികളും ആകുമ്പോൾ അഭിനയം തുടരാൻ ബുദ്ധിമുട്ടാക്കും. നായകനാണ് സിനിമയിൽ പ്രാധാന്യം കൂടുതൽ ലഭിക്കുന്നത് എന്നത് ശരിയാണ്. എന്നാൽ നായികാ പ്രാധാന്യമുള്ള സിനിമകൾ ഉണ്ടാകുന്നുണ്ട്. മലയാള സിനിമയും അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴും നായികാ പ്രാധാന്യമുള്ള സിനിമകൾ ഉണ്ടാകുന്നുണ്ട്. മഞ്ജു വാരിയർ തിരികെ എത്തിയപ്പോൾ മഞ്ജുവിന് പ്രാധാന്യമുള്ള സിനിമകൾ ഉണ്ടായി. നയൻതാര, ഉർവശി തുടങ്ങിയവർക്ക് ഒക്കെ ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട്.

 

∙ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നല്ലോ ദേശാടനകിളി കരയാറില്ല എന്നത്. കാർത്തികയുമായി ഇപ്പോഴും സൗഹൃദമുണ്ടോ?

 

കാർത്തികയുമായുള്ള സൗഹൃദം ഇന്നും തുടരുന്നുണ്ട്. ഇടയ്ക്ക് വിളിക്കാറുണ്ട്. വിശേഷങ്ങൾ പങ്കുവയ്ക്കും.

 

∙വീണ്ടും മലയാളികൾക്കൊപ്പമുണ്ടാകും എന്ന് പ്രതീക്ഷിക്കാമോ?

 

ഒടിടിയിൽ റിലീസ് ചെയ്യുന്ന വിഢികളുടെ മാഷും ഉടൻ പ്രേഷകരിൽ എത്തും. ഒന്നോ രണ്ടോ സീൻ മാത്രമാണെങ്കിലും എന്തെങ്കിലും പ്രത്യേകതയുള്ള സീൻ ആകണം എന്ന് ആഗ്രഹിക്കുന്നു. അത്തരം ചിത്രങ്ങളിൽ അവസരം കിട്ടിയാൽ അഭിനയിക്കും. മലയാളികൾ ഒരുപാട് സ്നേഹം തന്നിട്ടുണ്ട്. അത് തുടർന്നും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com