മനസ്സ് നിറഞ്ഞു സന്തോഷിച്ചാണ് മകളിൽ അഭിനയിച്ചത്: മീരാ ജാസ്മിൻ അഭിമുഖം

meera-jasmine
SHARE

നല്ല ഭംഗിയുള്ള സുന്ദരിക്കുട്ടി. പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയാണെന്നു ശത്രുക്കൾപോലും പറയില്ല. അങ്ങനെയൊരു വേഷം വേണോ എന്നു ചോദിച്ചാൽ ഒരു വിധം യുവ താരങ്ങളൊക്കെ പറയും ഇപ്പോ‍ൾ ഇത്തിരി തിരക്കുണ്ടെന്ന്. എന്നാൽ മീരാ ജാസ്മി‍ൻ വരുന്നത് അമ്മയായാണ്. പ്ലസ് ടു കുട്ടിയുടെ അമ്മ. വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചുവരവാണിത്. പൂത്തുലഞ്ഞു നിൽക്കെ പെട്ടെന്നു കർട്ടനു പുറകിക്കുപോയ ശേഷം നടത്തിയ തിരിച്ചു വരവ്.

കുറച്ചു നാളായല്ലോ കണ്ടിട്ട്. എവിടെയായിരുന്നു?

എന്റേതായ തിരക്കുകളിലായിരുന്നു. കൂടുതലും ദുബായിലാണ്. പിന്നെ യൂറോപ്പിലും, ഓസ്ട്രേലിയയിലും മറ്റുമായുള്ള ചില യാത്രകളും.

ഒരുപാടു യാത്രകൾ ചെയ്യാൻ ഈ ഇടവേള ഉപകാരപ്പെട്ടല്ലേ?

അതെ. യാത്രകൾ ഇഷ്ടമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ അതു പ്രതീക്ഷിച്ചതിലും കൂടുതലായി ആസ്വദിക്കാൻ പറ്റി. അതിന്റെ കൂടെ സ്വന്തം ബിസിനസിന്റെ ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നു. കുറച്ചു കൂടെ ഉത്തരവാദിത്തവും സ്വാതന്ത്ര്യവുമെല്ലാം പഠിപ്പിച്ചത് യാത്രകളാണ്.

സിനിമയിലുള്ളപ്പോളും പല നാടുകളിലും പോകാൻ സാധിച്ചിരുന്നില്ലേ?

തീർച്ചയായും. പക്ഷേ വ്യത്യാസമുണ്ട്. സിനിമയിൽ നമ്മളെ നോക്കാൻ ഒരുപാടാളുകളുണ്ട്. സ്വന്തം ബാഗു പോലും പിടിക്കേണ്ട. ടിക്കറ്റിനെപറ്റിയോ എവിടെ താമസിക്കണമെന്നോ എന്നൊന്നും നമ്മൾ അന്വേഷിക്കേണ്ട. സിനിമ അങ്ങനെ നമ്മളെ ഒരുപാട് ലാളിക്കും. പക്ഷേ ഇപ്പോൾ വേറൊരു റിയാലിറ്റിയിലേക്ക് മാറി. എല്ലാം തനിയെ ചെയ്യാൻ ശീലിച്ചു. അതിൽ അൽപം സന്തോഷം കൂടുതലുണ്ട്.

സിനിമ മിസ് ചെയ്തിരുന്നോ?

കുറെ വർഷങ്ങൾ സിനിമയുടെ കൂടെയായിരുന്നല്ലോ. അതുകൊണ്ടു ഓർമകൾ സ്വാഭാവികമായും വന്നു കൊണ്ടിരിക്കും. പുതിയ സിനിമകൾ എല്ലാം ശ്രദ്ധിക്കാറുമുണ്ട്. പക്ഷെ ജീവിതത്തിൽ പുതിയ കാര്യങ്ങൾ സംഭവിക്കുമ്പോൾ പതിയെ അതിലേക്കു ശ്രദ്ധ നീങ്ങും.

പുതിയ നല്ല സുഹൃത്തുക്കൾ ഉണ്ടായി. ഞാൻ ഒരു സിനിമാ നടിയാണെന്നു പോലും വളരെ വൈകി അറിഞ്ഞ ചില അടുത്ത സുഹൃത്തുക്കൾ ഉണ്ട്. പുറം രാജ്യത്തു ജീവിക്കുമ്പോൾ ഉണ്ടായ ഗുണങ്ങളിൽ ഒന്നാണ് അത്. നടി എന്നതിനു പുറമെയുള്ള ഒരു വ്യക്തിത്വം നമുക്കു കിട്ടും.

പിന്നെ എനിക്കു മിസ് ചെയ്ത ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റി. മറ്റുള്ളവരെ വല്ലാതെ ആശ്രയിക്കാതെ ജീവിക്കാൻ പഠിച്ചു. അതോടെ നമ്മുടെ സ്‌കിൽസ് എല്ലാം ബെറ്റർ ആകും. പാചകം മുതൽ ഫിനാൻഷ്യൽ പ്ലാൻസ് വരെ ഇപ്പോൾ തനിച്ച് ചെയ്യും.

സോഷ്യൽ മീഡിയയിൽ മീര വന്നു എല്ലാവരെയും ഞെട്ടിച്ചല്ലോ. കൂടുതൽ സുന്ദരിയായെന്നും, മുൻപത്തേക്കാൾ ചെറുപ്പമായെന്നുമൊക്കെയാണു കമന്റുകൾ.

സന്തോഷമുണ്ട്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്നില്ല. പക്ഷേ എല്ലാം ശ്രദ്ധിക്കാറുണ്ട്. ‘മകളിൽ’ അഭിനയിച്ച് കൊണ്ടിരിക്കെ ആണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങാൻ ആലോചിക്കുന്നത്. രസമാണ്. ഇഷ്ടപ്പെടുന്നവരെല്ലാം ഉള്ള ഒരു വലിയ ഫാമിലി ഉണ്ടായതു പോലെ. ആളുകളുടെ സ്നേഹം ഇപ്പോൾ ഇൻസ്റ്റന്റ് ആയി കിട്ടുന്നു.

സിനിമയിലെ തിരിച്ചുവരവിനു വേണ്ടി തയ്യാറെടുത്തിരുന്നോ. പ്രത്യേകിച്ചും രൂപ ഭംഗി മെച്ചപ്പെടുത്തി വന്നതെല്ലാം…

ഇല്ല. കുറെ നാളുകളായി ഹെൽത്തി ആയി ജീവിക്കാൻ ഇഷ്ടമാണ്. ഭക്ഷണത്തിൽ ശ്രദ്ധിക്കും. വ്യായാമം സ്ഥിരമായി ചെയ്യും. ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്നും, നെഗറ്റിവിറ്റിയിൽ നിന്നുമെല്ലാം മാറി നിൽക്കും. സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും.

കോവിഡു കാലത്ത് സ്ഥിരമായി വീട്ടിനകത്തു തന്നെ വ്യായാമം ചെയ്യാറുണ്ടായിരുന്നു. യോഗയുടെയും, പിലാറ്റെസ് എന്ന വർക്ഔട്ടിന്റെയും ഒരു കോമ്പിനേഷൻ. മൈൻഡ്-ബോഡി വെൽനെസ് ആണത്. ഡൾ ആകുന്ന ഒരു ദിവസം ഒന്നു നടക്കാനെങ്കിലും പോകാൻ പറ്റിയാൽ വലിയ വ്യത്യാസം ഉണ്ടാകാറുണ്ട്. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യവും സൗന്ദര്യവും ശ്രദ്ധിച്ചാൽ നമ്മൾ എല്ലാവരും സുന്ദരന്മാരും സുന്ദരികളുമാണ്.

വീണ്ടും ‘മകൾ’ എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മലയാളികളുടെ മുന്നിലേക്ക്. അച്ചുവിന്റെ അമ്മയിലെ അച്ചുവിൽ നിന്നും, ‘മകളുടെ’ അമ്മയായി വന്നപ്പോൾ എന്ത് തോന്നി. ഇമേജിനെ ഒന്നും പേടി ഇല്ലേ?

സത്യൻ അങ്കിൾ വിളിച്ചതു കൊണ്ടു പേടി തോന്നിയില്ല. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ ഒരു ഫിലിംമേക്കറാണ് അദ്ദേഹം. സ്വന്തം വീട്ടുകാരെ നോക്കുന്ന പോലെയാണു സെറ്റിലെ എല്ലാവരെയും ശ്രദ്ധിക്കുക. സേഫ് ആൻഡ് കംഫർട്ടബ്ൾ.

സത്യനങ്കിൾ പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ട് ‘അച്ചുവിന്റെ അമ്മയിലേക്ക്’ ഉർവശിചേച്ചിയെ വിളിച്ചപ്പോൾ തന്നെ അങ്കിൾ പറഞ്ഞുവത്രേ - ഈ സിനിമയിൽ മീര ജാസ്മിന്റെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടതെന്ന്. “സത്യേട്ടന്റെ സിനിമയാണെങ്കിൽ സുകുമാരിചേച്ചിയുടെ അമ്മയായിട്ടു വരെ അഭിനയിക്കാൻ ഞാൻ റെഡി” എന്നായിരുന്നു ഉർവശി ചേച്ചിയുടെ മറുപടി. അതൊരു വിശ്വാസമാണ്. അതെനിക്കും ഉള്ളതു കൊണ്ട് ഇമേജിനെ പേടിയില്ല. എനിക്കു വളരെ പ്രിയപ്പെട്ടൊരു കഥാപാത്രമാണ് മകളിലെ ‘ജൂലിയറ്റ്’.

മീര സെറ്റിൽ ജോയിൻ ചെയ്യുന്ന വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു. ഉള്ളിൽ ഇപ്പോഴും ആ പഴയ മീരയുണ്ടെന്ന് ആ ചാട്ടം കണ്ടാൽ മനസിലാകും.

ഞാൻ ഭയങ്കര നെർവസ് ആയിരുന്നു. ആദ്യ ദിവസം അഭിനയിക്കുന്നില്ല, ചുമ്മാ ഷൂട്ടിങ് കാണാൻ വന്നിരുന്നോട്ടെ എന്നു സത്യൻ അങ്കിളിനോടു പറഞ്ഞതാണ്. പക്ഷെ എന്റെ സീനിൽ തന്നെ ഷൂട്ടിംഗ് തുടങ്ങി. ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ സെറ്റിൽ കൂടുതലും എനിക്കു പരിചയമുള്ള മുഖങ്ങൾ തന്നെയാണ്. “എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ” എന്ന പാട്ടു വെച്ചിട്ടാണ് എന്നെ സെറ്റിലേക്ക് വെൽക്കം ചെയ്തത്. പെട്ടെന്ന് സന്തോഷം വന്നു. ചാടിപ്പോയി.

ഓരോ ദിവസവും നിറഞ്ഞു സന്തോഷിച്ചാണു മകളി’ൽ അഭിനയിച്ചത്. ജയറാമേട്ടന്റെയും സത്യൻ അങ്കിളിന്റെയും ഷൂട്ടിങ് സമയത്തുള്ള കഥകളും തമാശകളും കേൾക്കാൻ വേണ്ടി മാത്രം അവരുടെ അടുത്തു ചെന്നിരിക്കാറുണ്ട്. എന്നിട്ടു പറയും സിനിമയേക്കാൾ മിസ് ചെയ്തിട്ടുള്ളത് ഇതെല്ലാമാണെന്ന്.

മകൾ എന്ന സിനിമയെ പറ്റി പറയുമോ?

ഒരു ടീനേജ് മകളുടെയും അവളുടെ അച്ഛന്റെയും അമ്മയുടെയും കഥയാണിത്. നല്ല ഹ്യുമർ ഉണ്ട്. കുറച്ച് സർപ്രൈസുകൾ ഉണ്ട്. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ മാജിക് സിനിമ കാണുന്നവരുടെ ജീവിതവുമായി കഥയെ ബന്ധിപ്പിക്കുമെന്നതാണ്. ഓരോരുത്തർക്കും തോന്നു ഇതു തന്റെ കഥയാണെന്ന്. സത്യൻ അങ്കിളിന്റെ മകൻ അടക്കമുള്ള പുതിയ ടീമും കൂടെയുണ്ട്. നസ്ലിനും, ദേവികയുമെല്ലാം അടങ്ങുന്ന ന്യു ജെൻ താരങ്ങളും. മകളായി അഭിനയിക്കുന്ന ദേവികയും ഞാനും സിനിമയ്ക്കു പുറത്തു നല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു.പലരും പറഞ്ഞു കണ്ടാൽ ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്ന്.

ടീനേജുകാരി മകളുടെ അമ്മയായി അഭിനയിച്ചപ്പോൾ സ്വന്തം ടീനേജ് കാലം ഓർത്തിരുന്നോ?

അങ്ങനെ ഓർക്കേണ്ടി വന്നില്ല. ഉള്ളിൽ ഞാനിപ്പോഴും ആ പഴയ ടീനേജിക്കാരിയെ സൂക്ഷിക്കുന്നുണ്ട്.

സത്യൻ അന്തിക്കാട് പറഞ്ഞത് കേട്ടിരുന്നു. മീരയുടെ അഭിനയത്തിലും സ്വഭാവത്തിലും കൂടുതൽ പക്വത വന്നിരിക്കുന്നു എന്ന്. അത് ബോധപൂർവം കൊണ്ട് വന്ന മാറ്റമാണോ?

ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നാണല്ലോ ഒരു ആക്ടർ സ്വയം മെച്ചപ്പെടുത്തുന്നത്. പിന്നെ പഴയതിൽ നിന്നും സിനിമ കുറച്ചു കൂടി റിയൽ ലൈഫിലോട്ടു മാറി. അഭിനയിക്കുമ്പോൾ അത് ശ്രദ്ധിച്ചിരുന്നു. ഈ സിനിമയിൽ ഡബ്ബിങ് ഇല്ല. സത്യൻ അങ്കിൾ ‘ഞാൻ പ്രകാശൻ’ തൊട്ട് ‘സിങ്ക് സൗണ്ടിലേക്ക്’ മാറി. ശബ്ദം അവിടെ വച്ച് തന്നെ റിക്കാർഡ് ചെയ്യുന്നത് അഭിനേതാവിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ഒരു ശ്വാസം പോലും ആ സീനിനെ സ്വാധീനിക്കും. അതുകൊണ്ട് ഏറ്റവും ഡ്രാമ കുറച്ച് ചെയ്യാൻ ശ്രമിക്കും. സിനിമ എഡിറ്റ് ചെയ്തു കഴിഞ്ഞു സത്യൻ അങ്കിൾ വിളിച്ചിരുന്നു.ഞാൻ അഭിനയിച്ചതിലെ അങ്കിളിന് ഏറ്റവും പ്രിയപ്പെട്ട രണ്ട് സീനുകൾ ‘മകളി’ലേതാണെന്ന് പറഞ്ഞു.

ഈ തിരിച്ചു വരവിലൂടെ, മീരയെ ഇനി സ്ഥിരമായി സിനിമയിൽ കാണാൻ സാധിക്കുമോ?

സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള ജോലിയാണ്. തിരിച്ചു വരവ് എന്ന് ഇടക്കിടെ പറഞ്ഞപ്പോളാണു ഞാൻ തന്നെ കുറച്ചുകാലം ഇവിടെ ഉണ്ടായിരുന്നില്ല എന്നോർക്കുന്നത്. നല്ല സിനിമകൾ ചെയ്യാൻ ഞാൻ എപ്പോഴും ഇവിടെ തന്നെയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA